നേരിയ തോതിൽ പച്ചപിടിച്ചു വരുന്നതിനിടെ വീണ്ടും നിയന്ത്രണങ്ങൾ; തകർന്ന് ഹോടെൽ വ്യവസായം
കാസർകോട്: (www.kasargodvartha.com 28.04.2021) കോവിഡ് മഹാമാരിയിലും തുടർന്നുണ്ടായ നിയന്ത്രണങ്ങളിലും ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയ മേഖലകളിലൊന്നാണ് ഹോടെൽ വ്യവസായം. സമ്പൂർണ ലോക്ഡൗണിൽ തകർന്ന വ്യവസായം ചെറിയ തോതിൽ പച്ചപിടിച്ചു വരുന്നതിനിടയിലാണ് സംസ്ഥാനത്ത് വീണ്ടും കോവിഡ് കുതിച്ചുയർന്നത്. ഇതിനെത്തുടർന്ന് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ മുന്നിലെന്തെന്ന് അറിയാതെ വഴിമുട്ടിയിരിക്കുകയാണ് ഈ രംഗത്തെ ആശ്രയിച്ചു ജീവിക്കുന്നവർ.
വൈകീട്ട് 7:30 വരെ 50 ശതമാനം ആളുകള്‍ക്ക് മാത്രമേ ഹോടെലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുള്ളൂ. 7:30 മുതല്‍ ഒൻപത് മണി വരെ പാഴ്സലുകള്‍ മാത്രമേ അനുവദിക്കൂ. പാഴ്സലുകള്‍ നല്‍കാനായി തുറന്നു പ്രവര്‍ത്തിക്കുന്ന ഹോടെലുകളില്‍ നടക്കുന്നത് നാമമാത്ര കച്ചവടം മാത്രമാണ്. മൊത്തത്തിൽ നഷ്ടത്തിന്റെ വക്കിലാണ് ഉടമകൾ. 20 ശതമാനം കച്ചവടം മാത്രമാണ് നടക്കുന്നതെന്നാണ് പല ഉടമകളും പറയുന്നത്. ഭക്ഷണം പാഴായി പോവുന്ന അവസ്ഥയും ഉണ്ട്.
വഴിയോരങ്ങളിൽ താൽകാലിക ഷെഡുകളൊരുക്കി ദിനേന ഭക്ഷണ ശാലകൾ ഉയർന്ന് പൊങ്ങുന്നതും ഹോടെൽ വ്യവസായത്തിന് ഭീഷണി ഉയർത്തുന്നുണ്ട്. കച്ചവടം കുറഞ്ഞതിനാൽ പല ഹോടെലുകളും അടഞ്ഞു കിടക്കുകയാണ്. വാടകയും തൊഴിലാളികളുടെ ശമ്പളവുമൊക്കെ ആയി വൻ ബാധ്യതയാണ് ഏറ്റുവാങ്ങേണ്ടി വരുന്നത്.
കോവിഡിനെ പേടിച്ചു പലരും ഹോടെലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിയ സ്ഥിതിയുമുണ്ട്. റമദാൻ കാലമായത് കൊണ്ട് പല ഹോടെലുകളും തുറന്ന് പ്രവർത്തിക്കുന്നുമില്ല. ഈ സാഹചര്യത്തിൽ വഴി യാത്രക്കാർ ഉൾപെടെയുള്ളവർക്ക് ഭക്ഷണം ലഭ്യമല്ലാത്ത അവസ്ഥയിലേക്കും പ്രതിസന്ധി എത്തിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. കടബാധ്യതകളെ എങ്ങനെ മറികടക്കുമെന്ന ചിന്തയിലാണ് ഉടമകൾ.
Keywords: Kasaragod, Kerala, News, COVID-19, Hotel, Business, Lockdown, Restrictions for hotels; Hotel industry in loss.
< !- START disable copy paste -->