സാധാരണക്കാര്‍ക്ക് ഹോൾമാര്‍കില്ലാത്ത സ്വര്‍ണം വില്‍ക്കാന്‍ തടസമില്ല; പരിഭ്രാന്തി വേണ്ട
Jan 4, 2021, 13:57 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.01.2020) ജ്വല്ലറികളിലെല്ലാം പഴയ സ്വര്‍ണം വിറ്റ് പുതിയ സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. ഹോൾമാര്‍കില്ലാത്ത സ്വര്‍ണാഭരണങ്ങളുടെ വില്‍പന ഈ വര്‍ഷം മുതല്‍ രാജ്യത്ത് നിരോധിച്ചെന്നും 2021 ജൂലൈ ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതിനാല്‍ ഹോൾമാര്‍കില്ലാത്ത ആഭരണങ്ങള്‍ വില്‍ക്കാനാവില്ലെന്നുമുള്ള അഭ്യൂഹമാണ് പലരെയും അസ്വസ്ഥരാക്കുന്നത്. എന്നാല്‍, പഴയ സ്വര്‍ണാഭരണം ഉള്ളവര്‍ ഇതുകേട്ട് പരിഭ്രാന്തരാവേണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ബി ഐ എസ് മുദ്ര ഇല്ലാത്ത ആഭരണങ്ങള്‍ രാജ്യത്ത് വില്‍ക്കാനാവില്ല എന്നത് ശരിയാണ്. 2020 ജനുവരിയില്‍ കേന്ദ്ര ഉപഭോക്തൃമന്ത്രാലയം പുറത്തിറക്കിയ പുതിയ നിയമത്തിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍, ഒരു വര്‍ഷത്തെ കാലാവധിയാണ് സര്‍ക്കാര്‍ ഇതിനു നല്‍കിയത്. അതിനിടെയാണ് കോവിഡ് മഹാമാരി സാമ്പത്തിക മേഖലയാകെ താളംതെറ്റിച്ചത്.
ഇതോടെ ഡിസംബറില്‍ പലരും ജ്വല്ലറികളിലെത്തി പഴയ സ്വര്‍ണമെല്ലാം മാറ്റിയെടുക്കുന്നതും കാണാമായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഈ കാലയളവ് ജ്വല്ലറികള്‍ക്ക് കൂട്ടി നല്‍കിയിട്ടുണ്ട്. മാത്രമല്ല, പഴയ സ്വര്‍ണത്തിനു ഇനി വില കിട്ടില്ലെന്ന ആശങ്ക സാധാരണക്കാര്‍ക്കു വേണ്ടെന്നും മേഖലയിലെ വിഗദ്ധര്‍ പറയുന്നു.
ഈ നിയമം സാധാരണക്കാരായ ഉപഭോക്താക്കളെ ബാധിക്കുന്നതല്ല. പഴയ ഹോൾമാര്‍ക് ഇല്ലാത്ത ആഭരണങ്ങള്‍ വില്‍ക്കാന്‍ സാധാരണക്കാര്‍ക്ക് ഇനിയും തടസമില്ല. നിലവില്‍ ഹോൾമാര്‍ക് ഇല്ലാത്ത ആഭരണങ്ങള്‍ക്ക് അവയുടെ ശുദ്ധത പരിശോധിച്ച് അതനുസരിച്ചുള്ള വിലയാണ് ലഭിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നാലും അതേ നില തുടരും. വില്‍ക്കുന്ന സ്വര്‍ണം കാരറ്റ് അനലൈസര്‍ ഉപയോഗിച്ച് മാറ്റ് പരിശോധിച്ച് ശുദ്ധതയ്ക്ക് അനുസരിച്ചുള്ള വില ലഭിക്കുക തന്നെ ചെയ്യും.
അതേസമയം, സ്വര്‍ണാഭരണം വില്‍ക്കണമെങ്കില്‍ ജ്വല്ലറികള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സില്‍ (ബി ഐ എസ്) രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയാണ് പുതുതായി വരുന്നത്. വില്‍ക്കുന്ന ആഭരണങ്ങള്‍ ഹോൾമാര്‍ക് ചെയ്യണമെന്നും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇവയെല്ലാം സാധാരണക്കാരെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നും ജ്വല്ലറികള്‍ക്കാണ് ബാധകമെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Keywords: Kasaragod, Kerala, News, Top-Headlines, Kanhangad, gold, Jewellery, Business, Hallmark, Selling, Ordinary people are not barred from selling gold without hallmarks.