കോവിഡ്; ചെമ്മനാട് പഞ്ചായത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍
Aug 4, 2020, 21:28 IST
കാസര്‍കോട്: (www.kasargodvartha.com 04.08.2020) കോവിഡ് വ്യാപനം തടയാന്‍ ചെമ്മനാട് പഞ്ചായത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി. ചെമ്മനാട്, കോളിയടുക്കം, പെരുമ്പള ഒഴികെയുള്ള പഞ്ചായത്ത് പരിധിയിലെ വ്യാപാരസ്ഥാപനങ്ങള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 10 മണിമുതല്‍ വൈകിട്ട് അഞ്ചു മണിവരെ മാത്രമേ തുറക്കാന്‍ പാടുള്ളൂ. പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.
പാല്‍ മാത്രം വില്‍പന നടത്തുന്ന കടകള്‍ മറ്റ് ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ 10 വരെയും വൈകിട്ട് നാലു മുതല്‍ അഞ്ചു മണിവരെയും പ്രവര്‍ത്തിക്കാവുന്നതാണ്. കോളിയടുക്കം, പെരുമ്പള, ചെമ്മനാട് പ്രദേശങ്ങളിലെ എല്ലാ കടകളും ഓഗസ്ത് ഒമ്പത് വരെ അടച്ചിടണം. കടകള്‍ പ്രവര്‍ത്തിക്കുന്ന സമയങ്ങളില്‍ വ്യാപാരികള്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ലംഘിക്കുന്ന വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനും യോഗം തീരുമാനിച്ചു.
വിവാഹം, മരണാനന്തരചടങ്ങുകള്‍ എന്നിവയ്ക്ക് 20 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ പാടില്ല. ആഘോഷങ്ങള്‍ക്കും യോഗങ്ങള്‍ക്കും പഞ്ചായത്തില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് സെക്രട്ടറി പി ദേവദാസ് അറിയിച്ചു.
Keywords: Kasaragod, Kerala, News, Chemnad, Panchayath, COVID-19, Business, Top-Headlines, More restrictions on Chemmanad panchayath