എൽപിജി സിലിണ്ടർ വിതരണത്തിൽ കടുത്ത പ്രതിസന്ധി; മംഗ്ളൂരിലെ കരാർ അവസാനിച്ചു, ബുക്ക് ചെയ്ത് ആഴ്ചകൾ കഴിഞ്ഞിട്ടും ഐഒസി സിലിണ്ടറുകൾ കിട്ടുന്നില്ല
● നിലവിൽ കോഴിക്കോട് ചേളാരിയിൽ നിന്ന് മാത്രമാണ് ജില്ലയിലേക്ക് സിലിണ്ടറുകൾ വരുന്നത്
● ആവശ്യത്തിന് സിലിണ്ടറുകൾ ലഭിക്കാത്തത് വിതരണക്കാരും ഉപഭോക്താക്കളും തമ്മിൽ വാക്കേറ്റത്തിന് കാരണമാകുന്നുണ്ട്
● പ്രതിസന്ധിയെ തുടർന്ന് 1600-ലധികം ഐഒസി ഉപഭോക്താക്കൾ മറ്റ് ഏജൻസികളിലേക്ക് മാറിയതായി മാനേജർ വ്യക്തമാക്കി
● പെട്രോളിയം മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശങ്ങൾ പ്രായോഗികമായി നടപ്പിലാകുന്നില്ലെന്ന് ആക്ഷേപം
നീലേശ്വരം: (KasargodVartha) ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള കാത്തിരിപ്പ് സമയം കേന്ദ്ര സർക്കാർ 45 ദിവസത്തിൽ നിന്ന് 25 ദിവസമായി കുറച്ചെങ്കിലും സിലിണ്ടർ യഥാസമയം ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കളുടെ പരാതി. 45 ദിവസം കഴിഞ്ഞ് ബുക്ക് ചെയ്ത സിലിണ്ടർ ഏഴ് ദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പുള്ളത്.
എന്നാൽ രണ്ടാഴ്ച കഴിഞ്ഞാലും സിലിണ്ടർ ലഭിക്കുന്നില്ലെന്നാണ് പരാതി. ഇത് പലപ്പോഴും വിതരണക്കാരും ഉപഭോക്താക്കളും തമ്മിൽ വാക്കേറ്റങ്ങൾക്കുവരെ കാരണമാവുന്നു. എച്ച്പി, ഭാരത് ഏജൻസികൾ കൃത്യമായി വിതരണം നടത്തുമ്പോഴും ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) ഏജൻസികളിൽ നിന്ന് യഥാസമയം സിലിണ്ടർ ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു.
മംഗ്ളൂരിലെ കരാർ അവസാനിച്ചു
ജില്ലയിൽ കാഞ്ഞങ്ങാട്ടാണ് ഐഒസിയുടെ ഏജൻസിയുള്ളത്. ഇവിടെ നിന്ന് ഏഴ് വാഹനങ്ങളാണ് ദിവസവും സിലിണ്ടർ വിതരണം നടത്തുന്നത്. ഒരു ദിവസം 6000-ത്തോളം സിലിണ്ടർ ആവശ്യപ്പെട്ടാൽ 300 മുതൽ 400 സിലിണ്ടറുകൾ മാത്രമാണ് ലഭിക്കുന്നതെന്ന് ഏജൻസി വക്താവ് വ്യക്തമാക്കി.
കോഴിക്കോട്ടെ ചേളാരിയിൽ നിന്നും മംഗ്ളൂരിലെ സ്വകാര്യ റീഫില്ലിങ് കേന്ദ്രത്തിൽ നിന്നുമാണ് ജില്ലയിലേക്ക് സാധാരണയായി സിലിണ്ടറുകൾ എത്തിക്കുന്നത്. എന്നാൽ മംഗ്ളൂരിലെ കമ്പനിയുമായുള്ള കരാർ കാലാവധി അവസാനിച്ചതിനാൽ ഇപ്പോൾ കോഴിക്കോട്ടുനിന്ന് മാത്രമാണ് സിലിണ്ടറുകൾ വരുന്നത്.
ഇവിടെ ലഭ്യത ആവശ്യത്തിനില്ലാത്തത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നു. സിലിണ്ടർ ക്ഷാമത്തെ തുടർന്ന് 1600-ലധികം ഐഒസി ഉപഭോക്താക്കൾ മറ്റ് ഏജൻസികളിലേക്ക് മാറിയതായി കാഞ്ഞങ്ങാട്ടെ ഐഒസി ഏജൻ്റായ സൺഷൈൻ ഏജൻസിയുടെ മാനേജർ വ്യക്തമാക്കി. അതേസമയം ഉപഭോക്താക്കൾ കുറവായ കമ്പനികൾക്ക് വിതരണപ്രശ്നമില്ല.
സർക്കാർ നിർദേശം നടപ്പിലാകുന്നില്ല
പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ഗ്യാസ് ലഭ്യതയിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനെന്നു പറഞ്ഞാണ് ഈ വർഷം ആദ്യം ഗ്യാസ് ബുക്കിങ്ങിന് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. തുടർന്ന് 2026 മാർച്ചിൽ പെട്രോളിയം മന്ത്രാലയം നഗരപ്രദേശങ്ങളിലുള്ളവർക്ക് 25 ദിവസവും ഗ്രാമീണ മേഖലയിലുള്ളവർക്ക് 45 ദിവസവുമായി ബുക്കിങ് ഇടവേള നിശ്ചയിച്ചു.
രാജ്യത്ത് എൽപിജി ലഭ്യത വർധിച്ചതിനെ തുടർന്നാണ് നിയന്ത്രണം നീക്കിയത്. എന്നാൽ പൊതുമേഖലാ എണ്ണക്കമ്പനികളോട് പുതിയ മാർഗനിർദേശം നടപ്പാക്കാൻ പെട്രോളിയം മന്ത്രാലയം നിർദേശം നൽകിയെന്നു പറയുന്നതല്ലാതെ പ്രായോഗികമായി അത് നടപ്പിലാകുന്നില്ലെന്ന് ഏജൻസി അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Consumers in Kasaragod district are facing a severe LPG cylinder shortage despite the central government reducing the wait time to 25 days, as the end of IOC's refilling contract in Mangaluru has drastically cut supply, prompting over 1600 customers to switch to other agencies.
#KasargodVartha #Nileshwaram #KasaragodNews #LPGCylinder #IOC #GasShortage #KeralaNews #MalayalamNews #Kanhangad #AparnaNews






