city-gold-ad-for-blogger

അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരേ ഗുണമേന്മയുള്ള ബ്രാൻഡഡ് ഭക്ഷ്യ ഉത്പന്നങ്ങൾ സംസ്ഥാനത്തുടനീളം ലഭ്യമാക്കാൻ കുടുംബശ്രീ

H Dineshan IAS speaking at a Kudumbashree media seminar in Kasaragod
Photo: Special Arrangement

● അന്താരാഷ്ട്ര നിലവാരത്തിൽ സി.ഡി.എസുകൾക്ക് ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലക്ഷ്യമിടുന്നു.
● ഈ വർഷം അവസാനത്തോടെ അംഗസംഖ്യ 50 ലക്ഷത്തിൽ എത്തിക്കാൻ ലക്ഷ്യമിടുന്നു.
● ഓണത്തിന് ഓരോ സി.ഡി.എസിനും കീഴിൽ രണ്ട് ഓണച്ചന്തകൾ വീതം നടത്തും.
● കാസർകോട് ജില്ലയിൽ പതിനായിരം തൊഴിലുകൾ നൽകും.


കാസർകോട്: (KasargodVartha) അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരേ ഗുണമേന്മയിലുള്ള ബ്രാൻഡഡ് ഭക്ഷ്യ ഉത്പന്നങ്ങൾ സംസ്ഥാനത്തുടനീളം ലഭ്യമാക്കാൻ പദ്ധതിയുമായി കുടുംബശ്രീ. കാർഷിക ഉപജീവനമേഖലയെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം (കെ-ടാപ്പ്) എന്ന പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

വനിതാ സംരംഭകർ, ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികൾ, പ്രൊഡ്യൂസർ ഗ്രൂപ്പുകൾ എന്നിവയ്ക്ക് നൂതന ടെക്‌നോളജിയുടെ പിന്തുണ നൽകുന്നതിലൂടെ പരമ്പരാഗത കൃഷിക്കും ഭക്ഷ്യസംസ്കരണ മേഖലയ്ക്കും പുതിയ ഉണർവ് നൽകാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഇതിനായി 90 ലക്ഷം രൂപ വിലവരുന്ന 180 ടെക്നോളജികൾ വില കൊടുത്തുവാങ്ങിയതായി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ഐ.എ.എസ്. പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷൻ പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ടെക്‌നോളജികൾ ഒരുമിച്ച് വാങ്ങുന്നത്. ഇന്ത്യയിലെ പ്രധാന കാർഷിക ഗവേഷണ, സാങ്കേതിക സ്ഥാപനങ്ങളുമായി ഇതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ചതായും എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

H Dineshan IAS speaking at a Kudumbashree media seminar in Kasaragod

ഇന്ത്യക്കകത്തും പുറത്തും ഇത്തരം ഗുണമേന്മയുള്ള ബ്രാൻഡഡ് ഉത്പന്നങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുകാലത്ത് അകത്തളങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന സ്ത്രീകൾ ഇന്ന് കൈവയ്ക്കാത്ത മേഖലകളില്ല, അതിന് അവരെ പ്രാപ്തരാക്കിയത് കുടുംബശ്രീ പ്രസ്ഥാനമാണ്. നിലവിൽ 48 ലക്ഷത്തിലധികം അംഗങ്ങളാണ് കുടുംബശ്രീക്ക് കീഴിലുള്ളത്. ഈ വർഷം അവസാനത്തോടെ അത് 50 ലക്ഷത്തിന് മുകളിൽ എത്തിക്കാൻ പ്രസ്ഥാനം ലക്ഷ്യമിടുന്നു. ഓണത്തോടനുബന്ധിച്ച് ഓരോ സി.ഡി.എസിനും കീഴിൽ രണ്ട് ഓണച്ചന്തകൾ വീതം പ്രവർത്തിപ്പിക്കും. ഈ കാലയളവിൽ വിജ്ഞാന കേരളവുമായി സഹകരിച്ച് സംസ്ഥാനത്ത് ഒരു ലക്ഷം തൊഴിലുകൾ വിവിധ തൊഴിൽ മേളകളിലൂടെ നൽകും. ജില്ലയിൽ പതിനായിരം തൊഴിലുകളാണ് ഇതിന്റെ ഭാഗമായി ലഭ്യമാക്കുക.

കുടുംബശ്രീയുടെ പോക്കറ്റ് മാർട്ട് ഓൺലൈൻ ഷോപ്പിംഗ് ശൃംഖലകളിലൂടെ 2000 ഉത്പന്നങ്ങൾ ഓൺ ബോർഡ് ഉത്പന്നമായിട്ടുണ്ട്. കുടുംബശ്രീ ബസാർ, പ്രീമിയം കഫേ, കേരള ചിക്കൻ, ബഡ്‌സ് സ്കൂൾ തുടങ്ങിയ പല സംരംഭങ്ങളും കുടുംബശ്രീയുടെ പ്രശസ്തി വാനോളം ഉയർത്താൻ ഉണ്ടാകുന്നതാണെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ പറഞ്ഞു. കാസർകോട് നിന്ന് ഉടലെടുത്ത മാ കെയർ പോലുള്ള സംരംഭങ്ങൾ സംസ്ഥാനതലത്തിൽ ശ്രദ്ധ നേടിയതിൽ ജില്ലയ്ക്ക് അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ മുഴുവൻ സി.ഡി.എസുകളെയും അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബറോടെ 600 സി.ഡി.എസുകൾക്ക് ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിക്കുമെന്നും ഈ സാമ്പത്തിക വർഷാവസാനത്തോടെ എല്ലാ സി.ഡി.എസുകൾക്കും അംഗീകാരം ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ത്യാഗപൂർണ്ണമായ ജീവിതം നയിച്ച വനിതകളിലൂടെ കെട്ടിപ്പടുത്ത കുടുംബശ്രീ പ്രസ്ഥാനം ഇന്ന് വളർച്ചയുടെ പടവുകളിലാണെന്ന് കുടുംബശ്രീ ചരിത്രം വർത്തമാനം എന്ന വിഷയത്തിൽ ക്ലാസ്സെടുത്ത കുടുംബശ്രീ മുൻ ജില്ലാ കോഡിനേറ്റർ ഡോക്ടർ എം.കെ. രാജശേഖരൻ പറഞ്ഞു. കുടുംബശ്രീ നാഷണൽ റിസർച്ച് ഓർഗനൈസേഷൻ പരിശീലക മായ ശശിധരൻ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം ദീപ എസ്. നായർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ അധ്യക്ഷനായ യോഗത്തിൽ കുടുംബശ്രീ സംസ്ഥാന മിഷൻ പബ്ലിക് റിലേഷൻ ഓഫീസർ ഡോക്ടർ അഞ്ചൽ കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീവൻ, കാറെടുക്ക സി.ഡി.എസ്. ചെയർപേഴ്സൺ പി. സവിതകുമാരി, സംരംഭക പ്രതിനിധികളായ പ്രസന്ന, പത്മാവതി, തങ്കമണി, രമ്യ, പ്രസ് ക്ലബ് സെക്രട്ടറി പ്രദീപ് നാരായണൻ, എ.ഡി.എം.സി.മാരായ ഡി. ഹരിദാസ്, സി.എച്ച്. ഇക്ബാൽ, കെ.എം. കിഷോർ കുമാർ, സി.എം. സൗദ, ജില്ലാ പ്രോഗ്രാം മാനേജർമാരായ സൈജു പത്മനാഭൻ, എം. രേഷ്മ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ കെ. രതീഷ് കുമാർ സ്വാഗതവും പബ്ലിക് റിലേഷൻ അമ്പിളി നന്ദിയും പറഞ്ഞു.

കുടുംബശ്രീയുടെ ഈ പുതിയ പദ്ധതിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Kudumbashree to launch branded food products using technology.

#Kudumbashree #Kerala #Technology #WomenEmpowerment #FoodProducts #KTAP

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia