KSEB To Stop Printed Bill | വൈദ്യുതി ബില്‍ കടലാസില്‍ പ്രിന്റെടുത്ത് നല്‍കുന്ന രീതി അവസാനിപ്പിക്കാനൊരുങ്ങി കെഎസ്ഇബി; ഇനി എസ്എംഎസ് സന്ദേശമായി എത്തും
തിരുവനന്തപുരം: (www.kasargodvartha.com) വൈദ്യുതി ബില്‍ (Electricity bill) ഇനി എസ്എംഎസ് സന്ദേശമായി എത്തും. കടലാസില്‍ പ്രിന്റെടുത്ത് നല്‍കുന്ന രീതി അവസാനിപ്പിച്ച് പകരം റീഡിങ് എടുത്തശേഷം ബില്‍ ഉപയോക്താവിന്റെ മൊബൈല്‍ ഫോണില്‍ എസ്എംഎസ് സന്ദേശമായി എത്തുന്ന രീതിയാണ് ഇനി കെഎസ്ഇബി സ്വീകരിക്കാനൊരുങ്ങുന്നത്.
100 ദിവസം കൊണ്ട് കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റല്‍ വഴിയാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായാണ് ഈ തീരുമാനം. കാര്‍ഷിക കണക്ഷന്‍, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സബ്‌സിഡി ലഭിക്കുന്നവര്‍ എന്നീ വിഭാഗക്കാര്‍ ഒഴികെയുള്ള എല്ലാ ഉപയോക്താക്കളും ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ആപ് വഴിയോ മാത്രം ബിലടയ്ക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.
100 ദിവസത്തിന് ശേഷം കാഷ് കൗണ്ടര്‍ വഴി ബിലടയ്ക്കാന്‍ 1% കാഷ് ഹാന്‍ഡ്ലിങ് ഫീസ് ഈടാക്കണമെന്ന ശുപാര്‍ശയും ബോര്‍ഡിന് മുന്നിലുണ്ട്. വൈദ്യുതിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി നല്‍കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് അപേക്ഷാ ഫീസിലും ഇളവുണ്ടാകും.
കടലാസ് ഫോമുകള്‍ വഴിയുള്ള അപേക്ഷകള്‍ക്ക് 10% ഫീസും വര്‍ധിപ്പിക്കും. അതേസമയം, ബിപിഎല്‍, കാര്‍ഷിക ഉപയോക്താക്കള്‍ക്ക് ഈ വര്‍ധന ബാധകമല്ല. കണ്‍സ്യൂമര്‍ നമ്പര്‍ തന്നെ വെര്‍ച്വല്‍ അകൗണ്ട് നമ്പറായി പരിഗണിച്ച് ബാങ്കുകളില്‍ പണമടയ്ക്കാനുള്ള സംവിധാനവും ഏര്‍പെടുത്തും. ഇത് ഒരു മാസത്തിനകം നടപ്പാകും. സമ്പൂര്‍ണമായ ഇപേയ്‌മെന്റ് സംവിധാനം ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ ഏര്‍പെടുത്തുകയാണ് ലക്ഷ്യം. അതേസമയം, സബ്‌സിഡി ഉപയോക്താക്കള്‍ക്ക് ഇത് ബാധകമല്ല.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Business, Electricity, KSEB, Bill, mobile, Mobile Phone, KSEB To Stop Printed Bill; Receive SMS message on the mobile phone.