കമ്പിളിപ്പുതപ്പ് വിൽപ്പനക്കാർക്ക് കാലം തെറ്റിയ കാലവർഷം തിരിച്ചടിയായി
● കുറഞ്ഞ വിലയിലുള്ള ചൈനീസ് നിർമിത പുതപ്പുകൾക്കും ആവശ്യക്കാരുണ്ട്.
● നഗരങ്ങളിലും ഗ്രാമങ്ങളിലും വീടുകൾ കേന്ദ്രീകരിച്ചാണ് വിൽപ്പന.
● കച്ചവടം കുറഞ്ഞതിനാൽ കച്ചവടക്കാർ നാട്ടിലേക്ക് മടങ്ങാൻ തുടങ്ങി.
● മൂന്നാർ, വയനാട് പോലുള്ള സ്ഥലങ്ങളിൽ എല്ലാ സമയത്തും പുതപ്പുകൾക്ക് ആവശ്യക്കാരുണ്ട്.
കുമ്പള: (KasargodVartha) കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുമ്പോൾ തണുപ്പിനെ പ്രതിരോധിക്കാൻ കമ്പിളിപ്പുതപ്പുകളുമായി ഡൽഹി, രാജസ്ഥാൻ, കാശ്മീർ എന്നിവിടങ്ങളിൽനിന്നുള്ള കച്ചവടക്കാർ എത്താറുണ്ട്. 100 രൂപ മുതൽ 1000 രൂപ വരെ വില വരുന്ന പുതപ്പുകളാണ് ഇവർ ട്രെയിൻ മാർഗം സംസ്ഥാനത്തെത്തിക്കുന്നത്.
ജില്ലകൾ തോറും സഞ്ചരിച്ച് വീടുകൾ കേന്ദ്രീകരിച്ചും, നഗരങ്ങളിൽ കാൽനടപ്പാതകളിലും, ചെറിയ ടൗണുകളിലുമായാണ് വിൽപ്പന നടത്തുന്നത്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഇവർ കേരളത്തിൽ തമ്പടിക്കുന്നത്. ഈ സമയങ്ങളിൽ ഇവർക്ക് തരക്കേടില്ലാത്ത കച്ചവടം ലഭിക്കാറുണ്ട്.
ഇവർ കൊണ്ടുവരുന്ന പുതപ്പുകൾ മൊത്തമായി വാങ്ങുന്ന വ്യാപാരികളും ജില്ലയിലുണ്ട്. ഇവർ പിന്നീട് ഇരട്ടി വിലയ്ക്കാണ് പുതപ്പുകൾ വിൽക്കുന്നത്. ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നാണ് കൂടുതലും പുതപ്പുകൾ എത്തുന്നത്. വിലകൂടിയ കാശ്മീരി പുതപ്പുകളും വിപണിയിലെത്താറുണ്ട്.
ഇതിന് 500 രൂപ മുതൽ 1500 രൂപ വരെയാണ് വില. ഇവയ്ക്കും ആവശ്യക്കാരേറെയാണ്. വളരെ വിലക്കുറവിൽ ലഭിക്കുന്ന ചൈനീസ് നിർമിത കമ്പിളി പുതപ്പുകൾക്ക് 100 രൂപയാണ് വില.
എന്നാൽ, ഇത്തവണ മഴ വൈകിയതോടെ കച്ചവടം കുറഞ്ഞു. ഇതോടെ ബാക്കിയായ പുതപ്പുകളുമായി രാജസ്ഥാൻ സ്വദേശികളായ കച്ചവടക്കാർ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. ഇനി ഇവർക്ക് ഉത്തരേന്ത്യയിലെ തണുപ്പുകാലത്ത് ഇതേ കച്ചവടത്തിൽ ഏർപ്പെടാം.
മൂന്നാർ, വയനാട്, ഊട്ടി, കൊടൈക്കനാൽ തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാ കാലത്തും കമ്പിളിപ്പുതപ്പുകൾക്ക് ആവശ്യക്കാരുണ്ടെന്നും വിൽപ്പനക്കാർ പറയുന്നു.
ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Blanket vendors in Kerala affected by late monsoon.
#KeralaMonsoon #BlanketVendors #BusinessImpact #WeatherChanges #Kasaragod #SeasonalTrade






