വിലക്കയറ്റം തുടർന്നാൽ ഹോട്ടൽ ഭക്ഷണവില വർദ്ധിപ്പിക്കേണ്ടി വരുമെന്ന് അസോസിയേഷൻ
● പരിസ്ഥിതി ബോർഡിന്റെ പീഡനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
● അനധികൃത തട്ടുകടകൾക്കെതിരെ നടപടിയെടുക്കാനും ആവശ്യമുയർത്തി.
● കുമ്പള പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.
● അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നാരായണ പൂജാരി ധർണ ഉദ്ഘാടനം ചെയ്തു.
കാസർകോട്: (KasargodVartha) നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കാരണം ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റി അറിയിച്ചു. സർക്കാർ അടിയന്തിരമായി വിപണിയിൽ ഇടപെട്ടില്ലെങ്കിൽ ഹോട്ടൽ ഭക്ഷണവില വർദ്ധിപ്പിക്കേണ്ടിവരുമെന്ന് അസോസിയേഷൻ വ്യക്തമാക്കി. വെളിച്ചെണ്ണ, തേങ്ങ, ബിരിയാണി അരി എന്നിവയുൾപ്പെടെയുള്ള സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് കുമ്പള പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. പരിസ്ഥിതി ബോർഡിന്റെ (പി.സി.ബി.) പേരിൽ ഹോട്ടലുകൾ നേരിടുന്ന പീഡനം അവസാനിപ്പിക്കുക, ഉറവിട മാലിന്യ സംസ്കരണത്തിന് പൊതു സംവിധാനം ഏർപ്പെടുത്തുക, അനധികൃത തട്ടുകടകൾക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നാരായണ പൂജാരി ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ഗസാലി, രാജൻ കളക്കര, സത്യൻ ഇരിയണ്ണി, അജേഷ് നുള്ളിപ്പാടി, നാരായണൻ ഊട്ടുപുര എന്നിവർ സംസാരിച്ചു. രക്ഷാധികാരി അബ്ദുല്ല താജ് അധ്യക്ഷത വഹിച്ചു, മമ്മു മുമ്പാറക്ക് സ്വാഗതവും യൂണിറ്റ് സെക്രട്ടറി സവാദ് താജ് നന്ദിയും പറഞ്ഞു.
ഹോട്ടൽ ഭക്ഷണവില വർദ്ധനവിനെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Hotel association warns of price hike due to rising commodity costs.
#KeralaNews #HotelPrices #PriceHike #FoodInflation #Kasargod #KeralaRestaurants






