city-gold-ad-for-blogger

മാട്ടിറച്ചി, ആട്ടിറച്ചിക്ക് പൊള്ളുന്ന വില; മുട്ട വിലയിൽ ഇടിവ്

Fresh eggs and meat displayed in a local market
Photo: Special Arrangement

● നാടൻ കോഴിമുട്ടയ്ക്ക് ആവശ്യക്കാരേറെയാണെങ്കിലും ലഭ്യത കുറവാണ്
● കോഴിയിറച്ചി വില 175 മുതൽ 180 രൂപ വരെയായി മാറ്റമില്ലാതെ തുടരുന്നു
● മാട്ടിറച്ചി കിലോയ്ക്ക് 450 മുതൽ 550 രൂപ വരെയായി വർധിച്ചു
● ആട്ടിറച്ചി വില 700 മുതൽ 800 രൂപ വരെയായി റെക്കോർഡിലെത്തി

കാസർകോട്: (KasargodVartha) ജില്ലയിൽ 8 രൂപയിലെത്തിയിരുന്ന ചില്ലറ മുട്ട വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ കോഴിമുട്ടയ്ക്ക് 7.50 രൂപയാണ് വില. ഹോൾസെയിൽ വിപണിയിൽ 6.50 മുതൽ 7 രൂപ വരെയാണ് നിലവിലെ വില. അതേസമയം, നാടൻ കോഴിമുട്ടയ്ക്ക് ആവശ്യക്കാരേറെയാണെങ്കിലും ലഭ്യത കുറവാണ്. നാടൻ കോഴിമുട്ടയ്ക്ക് 10 മുതൽ 14 രൂപ വരെയാണ് വിപണിയിൽ ഈടാക്കുന്നത്.

തമിഴ്നാട്ടിലെ സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ മുട്ട ഉൾപ്പെടുത്തിയതോടെ കേരളത്തിലേക്കുള്ള മുട്ടയുടെ വരവ് പകുതിയോളമായി കുറഞ്ഞതാണ് വിലയിലുണ്ടായ ചാഞ്ചാട്ടത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. കേന്ദ്ര ബഡ്ജറ്റിന് ശേഷം കോഴിത്തീറ്റയുടെ വിലയിലും അടുത്തിടെ വൻ വർധനവുണ്ടായിട്ടുണ്ട്. ഇത് കോഴി വളർത്തൽ മേഖലയെയും ഉൽപാദനത്തെയും തളർത്തിയതായി തമിഴ്നാട്ടിലെ കർഷകർ പറയുന്നു. തമിഴ്നാട്ടിലെ നാമക്കലിൽ നിന്ന് മാത്രം പ്രതിദിനം 2,12,45,000 കോഴിമുട്ടകളാണ് കേരളത്തിലേക്ക് കയറ്റി അയക്കുന്നത്. ഇതിൽ കുറവ് വന്നാൽ വിലയിൽ വർധനവുണ്ടാകും.

കോഴിയിറച്ചി വിലയിൽ മാറ്റമില്ല

കോഴിയിറച്ചി വല കഴിഞ്ഞ ദിവസം ചില്ലറ വിൽപ്പന ശാലകളിൽ 175 രൂപ മുതൽ 180 രൂപ വരെയാണ് ഈടാക്കുന്നത്. വിലയിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ വലിയ മാറ്റമൊന്നും വന്നിട്ടില്ല. മത്സ്യ മാർക്കറ്റുകളിൽ മത്സ്യ ലഭ്യത കുറഞ്ഞതാണ് കോഴിയിറച്ചി വില മാറ്റമില്ലാതെ തുടരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. നിലവിൽ മത്തി, ചെമ്മീൻ, നെത്തോലി എന്നിവ മാത്രമേ ലഭിക്കാനുള്ളൂ. ഇതിന് 300 രൂപ മുതൽ 400 രൂപ വരെയാണ് വില.

മാട്ടിറച്ചി വില കുതിപ്പിൽ

മാട്ടിറച്ചി വില കുതിപ്പിൽ തന്നെയാണ്. ജില്ലയിലെ ബീഫ് സ്റ്റാളുകളിൽ കിലോയ്ക്ക് 450 മുതൽ 550 രൂപ വരെയാണ് വില. എല്ലോട് കൂടിയതാണെങ്കിൽ 450 രൂപയും, എല്ലില്ലാത്ത സ്പെഷ്യൽ ഇറച്ചിയാണെങ്കിൽ 550 രൂപയുമാണ് ഈടാക്കുന്നത്. അതേസമയം, ആട്ടിറച്ചി വില റെക്കോർഡിലാണ്. 700 രൂപ മുതൽ 800 രൂപ വരെയാണ് വില. അറവുമാടുകളെ ലഭിക്കാത്തതും, അന്യസംസ്ഥാനത്തുനിന്ന് കൊണ്ടുവരുന്നതിലുള്ള പ്രതിസന്ധികളും, സാമ്പത്തിക ബാധ്യതയുമാണ് വില കൂടാൻ കാരണമെന്ന് മാട്ടിറച്ചി വിൽപനക്കാർ പറയുന്നു.

ഈ വാർത്ത നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക. പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Egg prices in Kasaragod dropped slightly, while beef and mutton prices surged due to supply issues.

#KasaragodNews #EggPrice #MarketTrends #BeefPrice #FoodPrices #KeralaMarket #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia