Honoured | ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നടന്ന മാർക്കറ്റ് ക്ലോസ് ചടങ്ങിൽ ഐജിഎഫ് സ്ഥാപകൻ മനോജ് ലദ്‌വയെ ആദരിച്ചു
ഇന്ത്യയുടെ നിക്ഷേപ അന്തരീക്ഷത്തിന്റെ ഭാവി ആഴത്തിൽ പരിശോധിക്കുന്നതിനായാണ് ഇന്ത്യൻ, ആഗോള നിക്ഷേപകരെയും കോർപ്പറേറ്റുകളെയും ഒരുമിച്ചുകൂട്ടി പരിപാടി നടന്നത്
ലണ്ടൻ: (KasargodVartha) ഇന്ത്യ ഗ്ലോബൽ ഫോറത്തിൻ്റെ (IGF) സ്ഥാപകനും ചെയർമാനുമായ മനോജ് ലഡ്‌വയെ പ്രശസ്തമായ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നടന്ന മാർക്കറ്റ് ക്ലോസ് ചടങ്ങിൽ ആദരിച്ചു. ഐജിഎഫിൻ്റെ പ്രഥമ ആഗോള നിക്ഷേപക ഫോറത്തിനിടെയായിരുന്നു ആദരവ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ, ഇന്ത്യയുടെ നിക്ഷേപ അന്തരീക്ഷത്തിന്റെ ഭാവി ആഴത്തിൽ പരിശോധിക്കുന്നതിനായാണ് ഇന്ത്യൻ, ആഗോള നിക്ഷേപകരെയും കോർപ്പറേറ്റുകളെയും ഒരുമിച്ചുകൂട്ടി പരിപാടി നടന്നത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ വളർച്ചയുള്ള പ്രധാന സമ്പദ് വ്യവസ്ഥയായി മാറിയ ഇന്ത്യയിലേക്ക് വൻതുക നിക്ഷേപങ്ങൾ നിയന്ത്രിക്കാനും മൂലധന പ്രവാഹം സുഗമമാക്കാനും ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന് നിർണായക പങ്ക് വഹിക്കാനാകുമെന്ന് ഫോറം ഊന്നിപ്പറഞ്ഞു.
ഒരാഴ്ച നീണ്ടുനിൽക്കുന്ന ഐജിഎഫ് ലണ്ടൻ 2024 ന്റെ ഭാഗമായി നടന്ന ഈ സെഷനിൽ, ഓഹരി, കട ബന്ധിത മൂലധനശേഖരം ഇന്ത്യൻ കമ്പനികൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചയുള്ള ചർച്ചകൾ നടന്നു. അടിസ്ഥാന സൗകര്യ വികസനം, ശേഷി വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയുൾപ്പെടെ നിർണായക പദ്ധതികൾക്കായി ഈ മൂലധനം ഉപയോഗപ്പെടുത്താവുന്നതാണ്. ഐജിഎഫ് യുകെ-ഇന്ത്യ ബന്ധങ്ങൾക്കിടയിലെ ധനകാര്യ-ബിസിനസ് രംഗത്തെ നിർണായക കണ്ണിയായി മാറിയിട്ടുണ്ട്. ഇരു രാജ്യങ്ങളിലും സുസ്ഥിരവും സർവതും ഉൾക്കൊള്ളുന്നതുമായ വളർച്ചയ്ക്കായി ശക്തമായ സാമ്പത്തിക ബന്ധങ്ങളും സഹകരണ സംരംഭങ്ങളും ഐജിഎഫ് വളർത്തുന്നു.
'ലണ്ടൻ്റെ സമാനതകളില്ലാത്ത സാമ്പത്തിക വൈദഗ്ധ്യവും കരുത്തുറ്റ മൂലധന വിപണിയും ഇന്ത്യയുടെ വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകും. അടിസ്ഥാന സൗകര്യങ്ങൾ, നവീകരണം, സുസ്ഥിര വികസനം എന്നീ നിർണായക മേഖലകളിലേക്ക് വൻ തോതിലുള്ള നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള വഴികൾ തുറക്കും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെയും, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന്റെയും യാത്രയിൽ പങ്കാളിയാകുന്നതിന് ഇതിലും വലിയ അവസരമോ, മികച്ച അവസരമോ ഇല്ല. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പിന്തുണയ്ക്കും പങ്കാളിത്തത്തിനും നന്ദി അറിയിക്കുന്നു', ഇന്ത്യ ഗ്ലോബൽ ഫോറം സ്ഥാപകനും ചെയർമാനുമായ മനോജ് ലദ്‌വ പറഞ്ഞു.
ഇന്ത്യ ഗ്ലോബൽ ഫോറത്തെ ഞങ്ങൾ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ അവരുടെ ഉദ്ഘാടന ഗ്ലോബൽ നിക്ഷേപക ഫോറം നടത്തുന്നതിൽ ഞങ്ങൾ അതിയായ സന്തോഷത്തിലാണ്.
ഇന്ത്യൻ കമ്പനികൾക്ക് പിന്തുണ നൽകിക്കൊണ്ട് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള നിക്ഷേപവും സുസ്ഥിര മൂലധന പ്രവാഹവും സുഗമമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ ലണ്ടൻ തയ്യാറാണ്. കഴിഞ്ഞ 30 വർഷങ്ങളിൽ, ഏകദേശം 100 ഇന്ത്യൻ കമ്പനികളും ഫണ്ടുകളും ഞങ്ങളുടെ വിപണികൾ വഴി അവരുടെ അഭിലാഷ പദ്ധതികൾക്ക് ധനസമാഹരണം നടത്തിയിട്ടുണ്ട്, ഇന്ത്യയുടെ വളർച്ചയിൽ തുടർന്നും പിന്തുണ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു', എൽഎസ്ഇ പിഎൽസിയുടെ ഡിജിറ്റൽ ആൻഡ് സെക്യൂരിറ്റീസ് മാർക്കറ്റ്സ് ഡെപ്യൂട്ടി ഹെഡ് ഓഫ് ന്യൂ ആൻഡ് പ്രൈവറ്റ് മാർക്കറ്റ്സ് മേധാവി ഡാർക്കോ ഹജ്ദുക്കോവിക് പറഞ്ഞു.
2027-ഓടെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും 2047-ഓടെ ഒരു വികസിത രാജ്യവുമാകുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിൻ്റെ പശ്ചാത്തലത്തിൽ, പങ്കെടുത്തവർ ഉയർന്നുവരുന്ന പ്രവണതകളും സാധ്യതകളുള്ള അവസരങ്ങളും സഹകരണത്തിന് മേഖലകളും ചർച്ച ചെയ്തു.
പങ്കെടുത്തവരിൽ പ്രമുഖർ
പ്രഭു ജിതേഷ് ഗാധിയ, ഹൗസ് ഓഫ് ലോർഡ്സ് അംഗം
നിലേഷ് വേദ്, അപ്പാരൽ ഗ്രൂപ്പ് ചെയർമാൻ
സിമ വേദ്, അപ്പാരൽ ഗ്രൂപ്പിൻ്റെ സ്ഥാപകയും ചെയർമാനും
രാഹുൽ മുഞ്ജാൽ, ഹീറോ ഫ്യൂച്ചർ എനർജീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറും
ഹർജീന്ദർ കാങ്, ദക്ഷിണേഷ്യയിലെ ട്രേഡ് കമ്മീഷണറും വെസ്റ്റേൺ ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറും
ഗൗതം ഷ്രോഫ്, ഐസിജി മേധാവിയും മാനേജിംഗ് ഡയറക്‌ടറും
പ്രിയ ഗുഹ, മെറിയൻ വെഞ്ചേഴ്‌സ് പാർട്ണർ
നേഹ മനക്തല, ജെ പി മോർഗൻ ക്ലൈമറ്റ് ടെക് മേധാവി
മുറേ പോൾ, പബ്ലിക് അഫയേഴ്സ് ഡയറക്ടർ, ജാഗ്വാർ ലാൻഡ് റോവർ
അഭിമന്യു മുഞ്ജാൽ, ഹീറോ ഫിൻകോർപ്പ് മാനേജിംഗ് ഡയറക്ടറും സിഇഒയും
ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നടന്ന മാർക്കറ്റ് ക്ലോസ് ചടങ്ങിൽ ഐജിഎഫ് സ്ഥാപകനും ചെയർമാനുമായ മനോജ് ലദ്‌വയെ ആദരിച്ചതോടെ പരിപാടി സമാപിച്ചു. ലണ്ടനിലെയും വിൻഡ്‌സറിലെയും ഐതിഹാസിക വേദികളിലായി നടന്ന 15 ഇവന്റുകളിലായി 300 ലധികം പ്രഭാഷകരും 2000 പങ്കാളികളും സാന്നിധ്യമായി. സാങ്കേതികവിദ്യയും വ്യാപാരവും മുതൽ സംസ്കാരവും വാണിജ്യവും വരെയുള്ള മേഖലകൾ മാറ്റുകൂട്ടി. ഇന്ത്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലും ജൂലൈ നാലിന് നടക്കാനിരിക്കുന്ന യുകെയുടെ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടന്ന ഈ വർഷത്തെ ഫോറം പ്രത്യേകിച്ചും ശ്രദ്ധേയമാണ്.
എന്താണ് ഇന്ത്യ ഗ്ലോബൽ ഫോറം?
അന്താരാഷ്ട്ര ബിസിനസിനും ആഗോള നേതാക്കൾക്കുമുള്ള ഒരു അജണ്ട രൂപീകരണ ഫോറമാണ് ഐജിഎഫ്. തന്ത്രപരമായ പ്രാധാന്യമുള്ള മേഖലകളിലും ഭൂമിശാസ്ത്രപരമായ മേഖലകളിലും തങ്ങളുടെ പങ്കാളികളുമായി ഇടപഴകാൻ അന്താരാഷ്ട്ര കോർപ്പറേറ്റുകൾക്കും നയരൂപീകരണ നിർമ്മാതാക്കൾക്കും സഹായിക്കുന്നതിനുള്ള വിവിധ പ്ലാറ്റ്‌ഫോമുകൾ ഐജിഎഫിന്റെ ഭാഗമാണ്.