GST Raid | സംസ്ഥാന വ്യാപകമായി സ്റ്റാര്‍ ഹോടെലുകളിലും ബാറുകളിലും ജി എസ് ടി റെയ്ഡ്; 'കാസര്‍കോട്ട് രണ്ടിടങ്ങളില്‍ നികുതി വെട്ടിപ്പ് കണ്ടെത്തി'

● 'ഓപറേഷന്‍ പാം ട്രീ' എന്ന പേരില്‍ നടക്കുന്ന ജി എസ് ടി പരിശോധനകൾ പുരോഗമിക്കുന്നു.
● ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ലില്‍ മാത്രം വലിയ രീതിയിലുള്ള നികുതി കാണിക്കുന്നതായി കണ്ടെത്തൽ.
● ഡിജിറ്റല്‍ തെളിവുകളും മറ്റ് രേഖകളും ജി എസ് ടി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
● പത്തിലധികം ഉദ്യോഗസ്ഥരാണ് കാസര്‍കോട്ടെ റെയ്ഡില്‍ പങ്കെടുത്തത്.
കാസര്‍കോട്: (KasargodVartha) സംസ്ഥാന വ്യാപകമായി നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി സ്റ്റാര്‍ ഹോടെലുകളിലും ബാറുകളിലും റെയ്ഡ്. കാസര്‍കോട് ജില്ലയില്‍ രണ്ട് ഹോടെലുകളില്‍ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായാണ് വിവരം. നുള്ളിപ്പാളിയിലെ ഹൈവേ കാസ്റ്റില്‍, ഒടയഞ്ചാലിലെ ബാര്‍ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച വൈകീട്ട് ആറ് മണിമുതല്‍ ഒരേസമയം റെയ്ഡ് നടത്തിയത്
കഴിഞ്ഞയാഴ്ച കാഞ്ഞങ്ങാട്ടെയും ചെറുവത്തൂരിലെയും ബാറുകളിലും ഹോടെലുകളിലും 'ഓപറേഷന്‍ പാം ട്രീ' എന്ന പേരില്‍ റെയ്ഡ് നടത്തി നികുതി വെട്ടിപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വെള്ളിയാഴ്ചത്തെ റെയ്ഡ്. ജി എസ് ടി ഡെപ്യൂടി കമീഷണര്‍ ടി കെ പത്മനാഭന്‍, ജി എസ് ടി ഇന്റലിജന്‍സ് ഓഫീസര്‍ പി വി രത്നാകരന്‍, എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ സി ബി സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
പല ഹോടെലുകളിലും ബാറുകളിലും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ലില്‍ വലിയ രീതിയിലുള്ള നികുതി കാണിക്കുകയും സര്‍കാരിലേക്ക് നല്‍കുന്ന കണക്കില്‍ നികുതി കുറച്ച് കാണിക്കുകയും ചെയ്യുന്ന രീതിയാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ ഡിജിറ്റല്‍ തെളിവുകളും മറ്റ് രേഖകളും ജി എസ് ടി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. വിശദമായ പരിശോധനയിലൂടെ മാത്രമേ എത്ര തുകയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുള്ളതെന്ന് മനസിലാക്കാന്‍ കഴിയുകയുള്ളൂവെന്ന് ജി എസ് ടി അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു.
കാസര്‍കോട് ഹൈവേ കാസ്റ്റിലില്‍ നടന്ന റെയ്ഡ് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അവസാനിച്ചത്. റെയ്ഡ് നടക്കുന്നതിനിടെ ഉടമ പൊലീസില്‍ വിളിച്ച് കംപ്യൂടര്‍ വിഭാഗം കൈകാര്യം ചെയ്യുന്ന ജീവനക്കാരിയെ അനധികൃതമായി പൂട്ടിയിട്ടിരിക്കുകയാണെന്ന് പരാതിപ്പെട്ടിരുന്നുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഹോടെലിലെത്തി പരിശോധിച്ചെങ്കിലും അങ്ങനെയുള്ളൊരു സാഹചര്യവും കാണാത്തതിനാല്‍ തിരിച്ചുപോയി.
പരിശോധനയ്ക്ക് പൊലീസ് സുരക്ഷയും നല്‍കിയിരുന്നു. സംസ്ഥാന വ്യാപകമായി തന്നെ കോടികളുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. ബില്ലുകളില്‍ കൃത്രിമം കാട്ടിയാണ് പ്രധാനമായും തട്ടിപ്പ് നടന്നിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. പത്തിലധികം ജി എസ് ടി ഉദ്യോഗസ്ഥരാണ് കാസര്‍കോട്ടെ റെയ്ഡില്‍ പങ്കെടുത്തത്.
sp 'പരിശോധനയ്ക്കിടെ ജീവനക്കാരിയെ പൂട്ടിയിട്ടുവെന്ന പരാതിയും'
ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
Series of GST raids conducted across Kerala in hotels and bars have uncovered widespread tax evasion. In Kasaragod district alone, two establishments were found to have evaded taxes worth lakhs of rupees.