Security | സംസ്ഥാനത്ത് സ്വര്‍ണക്കവര്‍ച്ച വര്‍ധിച്ചു; വ്യാപാരികള്‍ ആശങ്കയില്‍
● നഷ്ടപ്പെട്ട സ്വര്‍ണം പൂര്‍ണമായും തിരിച്ചുകിട്ടുന്നില്ല.
● സ്വര്‍ണക്കടത്തുകാര്‍ കവര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്ന് സൂചന.
● സ്വര്‍ണാഭരണശാലകളെ കേന്ദ്രീകരിച്ച് പട്രോളിംഗ് ശക്തമാക്കണം.
കോഴിക്കോട്: (KasargodVartha) പെരിന്തല്‍മണ്ണയിലും കൊടുവള്ളിയിലുമുണ്ടായ സ്വര്‍ണക്കവര്‍ച്ചകള്‍ കേരളത്തിലെ സ്വര്‍ണ വ്യാപാരികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. അഞ്ച് കിലോയിലധികം സ്വര്‍ണം നഷ്ടപ്പെട്ട ഈ സംഭവങ്ങള്‍ വ്യാപാര മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറയുന്നത്.
നഷ്ടപ്പെട്ട സ്വര്‍ണം പൂര്‍ണമായും തിരിച്ചുകിട്ടുന്നില്ല എന്നതും പോലീസ് വീണ്ടെടുത്ത സ്വര്‍ണം ഉടമയ്ക്ക് തിരികെ നല്‍കാന്‍ വൈകുന്നതും വ്യാപാരികളെ കൂടുതല്‍ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ്. സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് കുറഞ്ഞതോടെ, ആ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ സ്വര്‍ണക്കവര്‍ച്ചാ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായി പോലീസ് സൂചന നല്‍കുന്നു.
ഈ സാഹചര്യത്തില്‍, സ്വര്‍ണാഭരണശാലകളെ കേന്ദ്രീകരിച്ച് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് അബ്ദുല്‍ നാസര്‍ ആവശ്യപ്പെട്ടു. രാത്രികാലങ്ങളില്‍ സ്വര്‍ണം വീട്ടിലേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കി കടകളില്‍ തന്നെ സൂക്ഷിക്കാനുള്ള സുരക്ഷിതമായ സംവിധാനങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കൂടാതെ, എല്ലാ സ്വര്‍ണ വ്യാപാരികളും ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
#goldrobbery, #kerala, #crime, #jewelry, #security, #safety