Gold Rate | സ്വര്‍ണവില പവന് 800 രൂപ കുറഞ്ഞ് 53840 രൂപ; വെള്ളി നിരക്കും സെഞ്ചുറിയില്‍നിന്ന് താഴേക്ക്
*ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
*18 കാരറ്റ് സ്വര്‍ണത്തിന് 44800 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
*വെള്ളി വില തുടര്‍ച്ചയായ 4 ദിവസങ്ങളിലായി 8 രൂപയാണ് വര്‍ധിച്ചത്
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി ഇടിവ് രേഖപ്പെടുത്തി. വ്യാഴാഴ്ച (23.05.2024) പവന് 800 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായ നാല് ദിവസം വര്‍ധനവുമായെത്തി സെഞ്ചുറിയടിച്ച വെള്ളി നിരക്കും ഇടിഞ്ഞു. കഴിഞ്ഞ നാല് ദിവസങ്ങളിലായി 8 രൂപയാണ് വര്‍ധിച്ചത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 കുറഞ്ഞ് 6730 രൂപയിലും പവന് 800 രൂപ കുറഞ്ഞ് 53840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 90 രൂപ കുറഞ്ഞ് 5600 രൂപയിലും പവന് 720 രൂപ കുറഞ്ഞ് 44800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 100 രൂപയില്‍നിന്ന് 03 രൂപ കുറഞ്ഞ് 97 രൂപയാണ് വിപണി വില. അതേസമയം, ദിവസങ്ങളായി ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
24 കാരറ്റിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര സ്വര്‍ണവില 2370 ഡോളറും രൂപയുടെ വിനിമയ നിരക്ക് 83.26 ലുമാണ്. വെള്ളി വില 97 രൂപയായി. 32 ഡോളറിന് അടുത്ത് വരെ പോയ വെള്ളി വില ഇപ്പോള്‍ 30.50 ആണ്.
പ്രതീക്ഷിച്ച പോലെ പണപ്പെരുപ്പം കുറയാത്തതിനാലും, ഏപ്രില്‍ മാസത്തെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലും തല്‍ക്കാലമുള്ള നിലപാട് തുടരുമെന്ന് ഫെഡ് റിസര്‍വ് മിനിറ്റ്‌സ് സൂചിപ്പിച്ചു. നിരക്ക് വീണ്ടും വര്‍ധിപ്പിക്കണമെന്നായിരുന്നു ചില അംഗങ്ങളുടെ അഭിപ്രായം. തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ഡോളര്‍ ദുര്‍ബലമാകാന്‍ സര്‍കാര്‍ ഇഷ്ടപ്പെടുന്നില്ല. വിലക്കയറ്റം കാരണം ഇന്‍ഗ്ലീഷ് പൗണ്ടും ഉയര്‍ന്നു.
യുകെയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എഛങഇ മീറ്റിംഗ് മിനിറ്റുകളുടെ പ്രഖ്യാപനത്തിന് ശേഷം ഡോളര്‍ സൂചിക ഉയര്‍ന്നു, ഇതും സ്വര്‍ണ വില കുറയാന്‍ വഴിയൊരുക്കി. നോര്‍വേ, അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ ഫലസ്തീനെ അംഗീകരിച്ചത് സ്വര്‍ണവില കുറയുന്നതിന് മറ്റൊരു കാരണമായി. പുതിയ സാഹചര്യങ്ങളില്‍ സെപ്റ്റംബറിന് പകരം ഫെഡ് നവംബറില്‍ പലിശ നിരക്ക് കുറച്ചേക്കാം.
ബുധനാഴ്ച (22.05.2024) സ്വര്‍ണവിലകളില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6830 രൂപയിലും പവന് 54640 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5690 രൂപയിലും പവന് 45520 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയില്‍നിന്ന് 01 രൂപ കൂടി 100 രൂപായിരുന്നു വിപണി വില.