Gold Price | കഴിഞ്ഞ ദിവസങ്ങളിലെ വലിയ ഇടിവിന് ശേഷം സ്വർണവിലയിൽ മാറ്റമില്ല
* പവന് 51,200 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വലിയ ഇടിവുകൾക്ക് ശേഷം വെള്ളിയാഴ്ച (26.07.2024) സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6400 രൂപയും പവന് 51,200 രൂപയും എന്ന നിലയിൽ തുടരുന്നു. ഇതുപോലെ തന്നെ, 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5310 രൂപയും പവന് 42,480 രൂപയുമാണ് നിരക്ക്. വെള്ളിയുടെ വിലയിലും കാര്യമായ മാറ്റങ്ങളൊന്നും ഇല്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയാണ് വിപണിവില.
എന്താണ് കാരണം?
കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ ഉണ്ടായ വലിയ ഇടിവിന് കാരണമായത് കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ കസ്റ്റംസ് തീരുവയിൽ കാര്യമായ കുറവ് വരുത്തിയതാണ്. സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് കുറച്ചത്. പ്ലാറ്റിനത്തിന്റെ കസ്റ്റംസ് തീരുവ 6.4 ശതമാനമായും കുറച്ചു. എന്നാൽ, അന്തർദേശീയ വിപണിയിലെ സ്വർണത്തിന്റെ വിലയിലെ ഏറ്റക്കുറച്ചിലുകളും ഇന്ത്യൻ വിപണിയെ സ്വാധീനിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിരുന്നത്. വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 95 രൂപയും 18 കാരറ്റ് സ്വർണത്തിന് 85 രൂപയും ഇടിവ് രേഖപ്പെടുത്തിയിരുന്നു. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 85 രൂപയും പവന് 680 രൂപയുമാണ് ഇടിഞ്ഞത്. വ്യാഴാഴ്ച വെള്ളി നിരക്കിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപയാണ് താഴ്ന്നത്.
കഴിഞ്ഞ ദിവസങ്ങളിലെ വില
ബുധനാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6495 രൂപയും പവന് 51,960 രൂപയുമായിരുന്നു നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 210 രൂപ കുറഞ്ഞ് ഗ്രാമിന് 5395 രൂപയിലും പവന് 1680 രൂപ ഇടിഞ്ഞ് 43,160 രൂപയിലുമാണ് വിപണനം നടന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കുറഞ്ഞ് 92 രൂപയായി താഴ്ന്നിരുന്നു.
ചൊവ്വാഴ്ച (ജൂലൈ 23) രാവിലെയും ഉച്ചയ്ക്കുമായി ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 275 രൂപയും പവന് 2200 രൂപയുമാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. ചൊവ്വാഴ്ച രാവിലെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 20 രൂപ കുറഞ്ഞ് ഗ്രാമിന് 5605 രൂപയും പവന് 160 രൂപ ഇടിഞ്ഞ് 44,840 രൂപയുമായിരുന്നു വിപണിവില. ചൊവ്വാഴ്ച രാവിലെ വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 95 രൂപയായാണ് താഴ്ന്നത്.