city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടെ ജ്വല്ലറികള്‍ക്കെതിരെ അപവാദ പ്രചരണം; പ്രതിസന്ധിയിലായ ജ്വല്ലറിയെ ചൂണ്ടിക്കാട്ടി മറ്റു ജ്വല്ലറികളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും ശ്രമം

കാസര്‍കോട്: (www.kasargodvartha.com 27.12.2017) കാസര്‍കോട് നഗരത്തിലെ ജ്വല്ലറികള്‍ക്കെതിരെ അപവാദ പ്രചരണം നടത്തുന്നതിനെതിരെ ജ്വല്ലറിയുടമകളില്‍ നിന്നും പ്രതിഷേധം ശക്തമാകുന്നു. സ്വര്‍ണ ഇടപാടില്‍ നിക്ഷേപം സ്വീകരിച്ച കാസര്‍കോട്ടെ ഒരു ജ്വല്ലറിയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് വ്യാജ പ്രചരണം നടക്കുന്നത്. പ്രശ്‌നത്തെ തുടര്‍ന്ന് ജ്വല്ലറിയുടമ ഇടപാടുകാരുടെ യോഗം വിളിക്കുകയും നിക്ഷേപകര്‍ക്ക് നല്‍കാനുള്ള പണത്തിന് ആറ് മാസത്തെ സാവകാശം ചോദിക്കുകയും പ്രശ്‌നങ്ങള്‍ താല്‍ക്കാലികമായി പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.

ജി എസ് ടിയും നോട്ടുനിരോധനവും എല്ലാ വ്യാപാര സ്ഥാപനങ്ങളെയും ബാധിച്ചത് പോലെ ജ്വല്ലറികളെയും ബാധിച്ചു എന്നത് സത്യമാണ്. താല്‍ക്കാലികമായുണ്ടായ ഇത്തരം പ്രതിസന്ധികള്‍ പരിഹരിച്ചുവരുന്നതിനിടയിലാണ് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറികളെ താറടിച്ചുകാണിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ശ്രമം നടക്കുന്നതെന്ന് ഏതാനും ജ്വല്ലറി ഉടമകള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കാസര്‍കോട്ടെ ജ്വല്ലറികള്‍ക്കെതിരെ അപവാദ പ്രചരണം; പ്രതിസന്ധിയിലായ ജ്വല്ലറിയെ ചൂണ്ടിക്കാട്ടി മറ്റു ജ്വല്ലറികളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും ശ്രമം

സ്വര്‍ണ വ്യാപാരത്തില്‍ നിരവധി പേരാണ് പങ്കാളികളാകുന്നത്. ഇവരുടെ നിക്ഷേപം സുരക്ഷിതമാക്കി കൊണ്ടാണ് ഓരോ ജ്വല്ലറിയും പ്രവര്‍ത്തിക്കുന്നത്. കൂട്ടമായി ഇടപാടുകാര്‍ പണം പിന്‍വലിച്ചാല്‍ ഏത് സ്ഥാപനവും പൂട്ടിപ്പോകേണ്ടിവരും. അത് കൊണ്ട് തന്നെ ഇപ്പോഴുണ്ടായിട്ടുള്ള സ്ഥിതിഗതികള്‍ ഇടപാടുകാര്‍ വിവേകത്തോടെ കൈകാര്യം ചെയ്യണമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭ്യര്‍ത്ഥിക്കുന്നത്.

കാസര്‍കോട്ടെ ഒട്ടുമിക്ക ജ്വല്ലറികളും വ്യാപാരത്തോടൊപ്പം തന്നെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഇടപെടല്‍ നടത്തിവന്നിരുന്നു. ഇതിന്റെ ഗുണഫലം പാവപ്പെട്ട നിരവധി പേര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന വസ്തുത ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ലെന്നും ജ്വല്ലറിയുടമകള്‍ സൂചിപ്പിക്കുന്നു. ലാഭ വിഹിതം നല്‍കുന്നതില്‍ താല്‍ക്കാലികമായ കാലതാമസം നേരിട്ടു എന്ന ഒറ്റ കാരണം കൊണ്ട് വിശ്വസ്ഥരായ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തിയത് കൊണ്ടുമാത്രമാണ് പല ജ്വല്ലറികള്‍ക്കും പ്രതിസന്ധികള്‍ക്കിടയിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. ഇതില്‍ നിന്നും കര കയറുകയും ലാഭത്തിലേക്ക് പ്രവര്‍ത്തനം നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ വ്യാജപ്രചരണം ഉണ്ടാക്കുന്ന ദുരന്തഫലം വലുതായിരിക്കും. നൂറുകണക്കിനാളുകള്‍ തൊഴില്‍ ചെയ്യുന്ന സ്വര്‍ണ വ്യാപാര മേഖലയെ തളര്‍ത്തുന്ന സമീപനത്തില്‍ നിന്നും വ്യാജപ്രചരണം നടത്തുന്നവര്‍ പിന്മാറണമെന്നാണ് ജ്വല്ലറിയുടമകള്‍ അഭ്യര്‍ത്ഥിക്കുന്നത്.

ഊരും പേരുമില്ലാത്തവര്‍ പടച്ചുണ്ടാക്കുന്ന പ്രചരണങ്ങള്‍ കൊടുമ്പിരി കൊണ്ടപ്പോഴും നിക്ഷേപകര്‍ അതില്‍ വീഴാത്തത് ജ്വല്ലറിയുടമകള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. നിരവധി കുടുംബങ്ങളുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കാന്‍ പോകുന്ന പ്രചരണങ്ങള്‍ സമൂഹത്തിലെ എല്ലാവരും തള്ളിക്കളയണമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. കാഞ്ഞങ്ങാട്ടെ ചില ജ്വല്ലറികളും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പൂട്ടിയിരുന്നു. വസ്തുത ഇതായിരിക്കെ വ്യാജപ്രചരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്നും ജ്വല്ലറിയുടമകള്‍ അറിയിച്ചു.

Keywords:  Kerala, kasaragod, news, Jewellery, fake, Social-Media, Fake messages spread against Jewelries

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia