അവശ്യസാധന വിലക്കയറ്റം: ഓണത്തിനും നബിദിനത്തിനും പായസത്തിൽ മധുരം കുറയും; പഞ്ചസാര വില 70 കടന്നു
● ഉള്ളി വില 60 രൂപയായും നേന്ത്രപ്പഴം വില 80-90 രൂപയായും ഉയർന്നു
● വിലക്കയറ്റം കാരണം ഓണത്തിനും നബിദിനത്തിനുമുള്ള വിപണി ഇതുവരെ പൂർണമായി സജീവമായിട്ടില്ല
● ആവശ്യക്കാർ കുറഞ്ഞതിനാൽ കോഴിയിറച്ചിയുടെ വില 140 രൂപയിൽ നിന്ന് 120 രൂപയായി കുറഞ്ഞു
● മത്സ്യവിപണിയിൽ ചെറിയ അയലയ്ക്ക് 100 രൂപയും അയക്കൂറയ്ക്ക് 750 രൂപയുമാണ് വില
● കാസർകോട് നഗരത്തിൽ കച്ചവടം മന്ദഗതിയിലാണെങ്കിലും കാഞ്ഞങ്ങാട് നല്ല തിരക്കുണ്ട്
കാസർകോട്: (KasargodVartha) വിപണിയിൽ പഞ്ചസാര വില കുതിച്ചുയരുന്നതോടെ ഓണനാളിലും നബിദിനത്തിനും തയാറാക്കുന്ന പായസങ്ങളിൽ മധുരം കുറയുമെന്ന ആശങ്കയിലാണ് ജനങ്ങൾ. നാല് ദിവസം മുമ്പ് വരെ 54 രൂപയുണ്ടായിരുന്ന പഞ്ചസാരയ്ക്ക് ഒറ്റയടിക്ക് 70 മുതൽ 74 രൂപ വരെയാണ് ഉയർന്നത്. അതേസമയം പഴം-പച്ചക്കറി വിലകളിലും വലിയ വർധനവുണ്ട്.
ഉള്ളിക്ക് 60 രൂപയായി ഉയർന്നത് ഓണസദ്യയുടെ രുചിയെയും ബാധിക്കും. നേന്ത്രപ്പഴത്തിനും കദളിപ്പഴത്തിനും വില 80-90 രൂപയിൽ തന്നെ നിൽക്കുന്നുണ്ട്. ഇത് സെഞ്ച്വറി അടിക്കുമെന്നും വ്യാപാരികൾ സൂചന നൽകുന്നു. നാടും നഗരവും ഓണത്തെയും നബിദിനത്തെയും വരവേൽക്കാൻ ഒരുങ്ങുമ്പോഴാണ് അവശ്യസാധനങ്ങളുടെ വില കുതിക്കുന്നത്. ഇത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റുകളെ താളം തെറ്റിക്കുന്നുമുണ്ട്. ഇനിയും വിലകൂടിയാൽ തങ്ങളുടെ ഓണാഘോഷത്തിന് മധുരം കുറയുമെന്ന് വീട്ടമ്മമാർ ആശങ്കപ്പെടുന്നു.
കോഴിയിറച്ചിക്കും മത്സ്യത്തിനും വിലക്കുറവ്
അതേസമയം ഓണനാളിൽ ആവശ്യക്കാർ കുറഞ്ഞതിനാൽ കോഴി വിലയിൽ ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം വരെ 140 രൂപയ്ക്ക് വിറ്റിരുന്ന കോഴിക്ക് നിലവിൽ 120 രൂപയാണ് വില. മത്സ്യ വിപണിയിലും ആശ്വാസകരമായ വിലക്കുറവുണ്ട്. ചെറിയ ഇനം അയലയ്ക്ക് കിലോയ്ക്ക് 100 രൂപയാണ് വില. കൊഞ്ചന് 550 രൂപയും, അയക്കൂറയ്ക്ക് (കിംഗ് ഫിഷ്) 750 രൂപയുമാണ് വില. മാഞ്ചിക്ക് (ആവോലി) വില 600 രൂപയുമാണ്.

വിപണിയിലെ വ്യത്യസ്ത കാഴ്ചകൾ
അവശ്യസാധനങ്ങളുടെ വിലക്കയറ്റം മൂലം കാസർകോട് നഗരത്തിൽ ഇനിയും ഓണം, നബിദിന വിപണി സജീവമായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. വസ്ത്ര വ്യാപാര മേഖലയിലും വലിയ ഉണർവില്ല. അതേസമയം കാഞ്ഞങ്ങാട് നഗരത്തിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇവിടെ മെച്ചപ്പെട്ട കച്ചവടവുമുണ്ടെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Due to a steep rise in essential commodity prices in Kasaragod, with sugar crossing ₹70 and onions exceeding ₹60, residents worry about reduced sweetness in Onam and Nabideenam payasam.
#KasargodVartha #KasaragodNews #PriceHike #Onam2026 #Nabideenam #KeralaMarket #EssentialCommodities #MalayalamNews #ConsumerNews #AparnaNews






