Budget | ബിസിനസ് സ്വപ്നങ്ങൾക്ക് മുദ്ര വായ്പയിലൂടെ ഇനി 20 ലക്ഷം രൂപ വരെ നേടാം! എന്താണ് ഇത്? കേന്ദ്ര സർക്കാർ പദ്ധതി വിശദമായി അറിയാം
മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റിൽ ഈ പദ്ധതിയുടെ പരിധി ഇരട്ടിയാക്കി
ന്യൂഡൽഹി: (KasargodVartha) നിർമാണം, റീട്ടെയിലിംഗ് പോലുള്ള ഏത് മേഖലയിലും ഒരു പുതിയ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നോ? അതിനായി സഹായിക്കുന്ന ഒരു പദ്ധതിയാണ് കേന്ദ്രസർക്കാരിൻ്റെ പ്രധാനമന്ത്രി മുദ്ര യോജന Pradhan Mantri MUDRA Yojana (PMMY). മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റിൽ ഈ പദ്ധതിയുടെ പരിധി ഇരട്ടിയാക്കിയിരുന്നു. ഇപ്പോൾ, മുദ്ര യോജനയിലൂടെ പുതിയ ബിസിനസ് ആരംഭിക്കുന്നതിന് 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. നേരത്തെ 50,000 രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ് അനുവദിച്ചിരുന്നത്.
പ്രധാനമന്ത്രി മുദ്ര യോജന ഇന്ത്യയിലെ യുവതലമുറയെ ശാക്തീകരിക്കാനും സ്വയംപര്യാപ്തരാക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ്. ഈ വായ്പ സഹായത്താൽ യുവാക്കൾക്ക് അവരുടെ സ്വന്തം ബിസിനസ് ആരംഭിക്കാനും അഭിവൃദ്ധിപ്പെടുത്താനും സാധിക്കും. ഇത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുദ്ര വായ്പയുടെ തരങ്ങൾ
മുദ്ര വായ്പ മൂന്ന് തരത്തിലാണ് ലഭ്യമാക്കുന്നത്:
* ശിശു: (നേരത്തെ ഇത് 50,000 രൂപ വരെയുള്ള വായ്പകൾ)
* കിഷോർ: (നേരത്തെ 50,000 മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ)
* തരുൺ: (നേരത്തെ 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയുള്ള വായ്പകൾ)
മുദ്ര വായ്പയുടെ പ്രയോജനങ്ങൾ
*എളുപ്പത്തിൽ ലഭ്യമാകുന്ന വായ്പ.
* കുറഞ്ഞ പലിശ നിരക്ക്.
* വേഗത്തിലുള്ള അംഗീകാരം.
മുദ്ര വായ്പയ്ക്ക് അപേക്ഷിക്കുന്നത് എങ്ങനെ?
മുദ്ര യോജനയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഒരു ബിസിനസ് പ്ലാൻ ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. നിങ്ങളുടെ ബിസിനസ് പ്ലാൻ സഹിതം ഏതെങ്കിലും ബാങ്കിലേക്കോ ചെറുകിട ഫിനാൻസ് ബാങ്കിലേക്കോ പോയി അപേക്ഷിക്കാം. ബിസിനസിന്റെ വിശദാംശങ്ങൾ വ്യക്തമായി നൽകേണ്ടതുണ്ട്.
എല്ലാ തരത്തിലുള്ള ബിസിനസുകൾക്കും വായ്പ ലഭിക്കും.
അപേക്ഷിക്കാവുന്ന സ്ഥലങ്ങൾ
* പൊതുമേഖല, സ്വകാര്യമേഖല വാണിജ്യ ബാങ്കുകൾ
* സഹകരണ ബാങ്കുകൾ
* പ്രാദേശിക ഗ്രാമീണ ബാങ്കുകൾ (RRBs)
* മൈക്രോ ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷനുകൾ (MFIs)
* വിദേശ ബാങ്കുകൾ
* ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ (NBFCs)
ഓൺലൈൻ അപേക്ഷ
വ്യക്തികൾക്ക് ഓൺലൈനിലും മുദ്ര വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യമി മിത്ര പോർട്ടൽ (udyamimitra(dot)in) വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാ പ്രക്രിയ
* അപേക്ഷാ ഫോം ശേഖരിക്കുക.
* ബിസിനസ് ആക്ഷൻ പ്ലാൻ സഹിതം പൂരിപ്പിച്ച അപേക്ഷാ ഫോം ബാങ്കിൽ സമർപ്പിക്കുക.
* ബാങ്ക് നിങ്ങളുടെ അപേക്ഷ പരിശോധിച്ച് വായ്പ അനുവദിക്കും.
പലിശ നിരക്ക്
മുദ്ര യോജനയിലെ വായ്പകൾക്ക് നിശ്ചിത പലിശ നിരക്ക് ഇല്ല. ഈ പദ്ധതി നടപ്പിലാക്കുന്ന ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പലിശ നിരക്ക് നിർണയിക്കാനുള്ള സ്വാതന്ത്ര്യം മുദ്ര നൽകിയിട്ടുണ്ട്.
അതിനാൽ, മുദ്ര വായ്പയ്ക്ക് അപേക്ഷിക്കുന്ന ആളുകൾ തങ്ങൾക്ക് താത്പര്യമുള്ള ബാങ്ക്, ധനകാര്യ സ്ഥാപനം എന്നിവയെ ബന്ധപ്പെട്ട് അവരുടെ പലിശ നിരക്ക് അന്വേഷിക്കേണ്ടതുണ്ട്. ഓരോ ബാങ്കിനും/ധനകാര്യ സ്ഥാപനത്തിനും പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കും. അതിനാൽ, വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള നിരക്കുകൾ താരതമ്യം ചെയ്ത് താൽപ്പര്യമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക
* അപേക്ഷകന് ഏതെങ്കിലും ബാങ്ക് അല്ലെങ്കിൽ ധനകാര്യ സ്ഥാപനത്തിൽ കുടിശ്ശികയില്ലാതിരിക്കണം. നല്ല ക്രെഡിറ്റ് റെക്കോർഡ് ഉണ്ടായിരിക്കണം.
* അപേക്ഷകന് നിർദ്ദേശിച്ച പ്രവർത്തനം നടത്താനുള്ള ആവശ്യമായ അനുഭവം, കഴിവ് അല്ലെങ്കിൽ അറിവ് ഉണ്ടായിരിക്കണം. വിദ്യാഭാസ യോഗ്യത പ്രവർത്തനത്തിന്റെ സ്വഭാവത്തെ ആശ്രയിച്ച് വ്യത്യാസപ്പെടാം.
* ഓരോ ബാങ്കിനും/ധനകാര്യ സ്ഥാപനത്തിനും അധിക യോഗ്യതാ നിബന്ധനകൾ ഉണ്ടായേക്കാം. അതിനാൽ, അപേക്ഷിക്കുന്നതിന് മുമ്പ് ബാങ്കുമായി ബന്ധപ്പെട്ട് വിശദമായ വിവരങ്ങൾ ശേഖരിക്കുക.