അദാനി ഗ്രൂപ്പ് കാസർകോടും പദ്ധതിക്ക് താൽപ്പര്യം അറിയിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട വികസനത്തിന് തുടക്കം
● വിഴിഞ്ഞം-ബാലരാമപുരം ഭൂഗർഭ റെയിൽപാത നിർമാണം ഉടൻ തുടങ്ങും.
● തുറമുഖത്തെ 80% ജീവനക്കാരും തദ്ദേശീയരായ ആളുകളാണ്.
● ചൈനയിലെ ഷാങ്ഹായ് കഴിഞ്ഞാൽ ഏഷ്യയിലെ മുൻനിര തുറമുഖമാകും.
● ചരക്കുനീക്കത്തിൽ സമയവും ചെലവും വലിയ രീതിയിൽ ലാഭിക്കാം.
കുഞ്ഞിക്കണ്ണൻ മുട്ടത്ത്
തിരുവനന്തപുരം: (Kasargodvartha) കാസർകോടും പദ്ധതി തുടങ്ങാൻ താൽപ്പര്യം അറിയിച്ച് അദാനി ഗ്രൂപ്പ്. തിരുവനന്തപുരത്ത് വിഴിഞ്ഞം പദ്ധതിപ്രദേശം സന്ദർശിച്ച കാസർകോട്ടെ മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ അദാനി ഗ്രൂപ്പ് കേരള ഹെഡ് ഡോ. അനിൽ ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.
വികസനത്തിൽ പിന്നോക്കാവസ്ഥ നേരിടുന്ന കാസർകോട്ട് പദ്ധതി തുടങ്ങാൻ സർക്കാരിന്റെ കൈവശവും അല്ലാതെയും ആവശ്യത്തിന് ഭൂമി ലഭിക്കുമെന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്. ചെയർമാന്റെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരുമെന്നും ഡോ. അനിൽ ബാലകൃഷ്ണൻ ഉറപ്പുനൽകി.

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പുറമെ കൊച്ചി കളമശ്ശേരിയിൽ ലോജിസ്റ്റിക് പാർക്ക് കൂടി യാഥാർഥ്യമാക്കാൻ കഴിഞ്ഞ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ രണ്ടും മൂന്നും ഘട്ട വികസന പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞതായും, 10 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്ന നിലയിലേക്ക് വൈകാതെ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖത്ത് കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്നത് അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ്. ക്രെയിനുകൾ ഉപയോഗിച്ചുള്ള കണ്ടെയ്‌നറുകളുടെ ഷിഫ്റ്റിങ്ങും തുറമുഖത്ത് സൂക്ഷിക്കുന്നതും സാങ്കേതികവിദ്യയുടെ കൃത്യമായ നിയന്ത്രണത്തിലാണ്. അതുകൂടതെ വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി ഇവിടെ ജോലി ചെയ്യുന്നതിൽ 80 ശതമാനം പേരും തദ്ദേശീയരായ ആളുകളാണെന്നും ഇക്കാര്യത്തിൽ അദാനി ഗ്രൂപ്പ് ഉദാര്യമായ സമീപനമാണ് സ്വീകരിച്ചതെന്നും ഡോ. അനിൽ ബാലകൃഷ്ണൻ പറഞ്ഞു.

പദ്ധതി വരുന്നതിന് മുൻ സർക്കാരും ഇപ്പോഴത്തെ സർക്കാരും എല്ലാ രീതിയിലുള്ള സഹായങ്ങളും നൽകിയത് കൊണ്ടാണ് വളരെ പെട്ടന്ന് തന്നെ വിഴിഞ്ഞത്തിന് കുതിപ്പ് തുടരാൻ കഴിഞ്ഞത്.
വിഴിഞ്ഞം ഭൂഗർഭപാതയുടെ നിർമാണം ഉടൻ
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ റെയിൽവേയുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭപാതയുടെ നിർമാണം ഉടൻ ആരംഭിക്കും. കൊങ്കൺ റെയിൽവേ തയ്യാറാക്കിയ എൻജിനീയറിങ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്‌ഷൻ (ഇപിസി) ടെൻഡർ രേഖകൾ സർക്കാർ നിയോഗിച്ച സമിതി പരിശോധിച്ചശേഷമാണ് അംഗീകാരം നൽകിയത്.

ബാലരാമപുരം റെയിൽവേ സ്റ്റേഷൻ മുതൽ വിഴിഞ്ഞം തുറമുഖം വരെ 10.76 കിലോമീറ്റർ ദൂരത്തിലാണ് തുരങ്കപാത നിർമിക്കുന്നത്. ഇതിൽ 9.5 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ്. 1,402 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ നിർമാണച്ചുമതല കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ്. ന്യൂ ഓസ്ട്രിയൻ ടണലിങ് മെത്തേഡ് (എൻഎടിഎം) ഉപയോഗിച്ചാകും ഭൂഗർഭപാതയുടെ നിർമാണം നടത്തുക.
പ്രവൃത്തി തുടങ്ങി മൂന്നര വർഷംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിർമാണവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് 343 കോടി രൂപ ദക്ഷിണ റെയിൽവേയ്ക്കും ഭൂമി ഏറ്റെടുക്കുന്നതിനായി 190 കോടി രൂപ തിരുവനന്തപുരം കളക്ടർക്കും നൽകിയിട്ടുണ്ട്.

കൊങ്കൺ റെയിൽവേയ്ക്ക് 96.2 കോടിയും കൈമാറിയിട്ടുണ്ട്. ബാലരാമപുരം സ്റ്റേഷന് സമീപത്തുനിന്ന് ടേബിൾ ടോപ്പ് രീതിയിലായിരിക്കും ഭൂഗർഭപാതയുടെ നിർമാണം. വിഴിഞ്ഞം-ബാലരാമപുരം റോഡിന്റെ ഭൂനിരപ്പിൽനിന്ന് 25-30 മീറ്റർ താഴ്ചയിലൂടെയായിരിക്കും പാത കടന്നുപോകുക. സിംഗിൾ റെയിൽവേ ലൈനാണ് നിർമിക്കുന്നത്. ഇത് വിഴിഞ്ഞം തുറമുഖത്തിന് 150 മീറ്റർ അകലെവരെയായിരിക്കും. അവിടെനിന്ന് തൂണുകളിലൂടെ 125-150 മീറ്റർ പാത നിർമിക്കും.
ചരക്കുനീക്കം താൽക്കാലിക സംവിധാനത്തിലൂടെ
തുറമുഖത്തുനിന്നുള്ള ചരക്കുനീക്കത്തിനുള്ള താൽക്കാലിക റെയിൽവേ സംവിധാനം സജ്ജമാക്കുന്നതിന്റെ ഭാഗമായി ദക്ഷിണ റെയിൽവേയുടെ ചീഫ് ട്രാഫിക് പ്ലാനിങ് മാനേജർ (സിടിപിഎം) എസ്. അരുൺകുമാർ ബാലാജിയുടെ നേതൃത്വത്തിലുള്ള സംഘം ബാലരാമപുരവും വിഴിഞ്ഞവും സന്ദർശിച്ചിരുന്നു.

ബാലരാമപുരത്തിനും നെയ്യാറ്റിൻകരയ്ക്കും ഇടയിൽ താൽക്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്. ട്രക്കുകളിൽ കണ്ടെയ്‌നർ കയറ്റി ഇവിടെയെത്തിച്ച് അവിടെനിന്ന് റെയിൽമാർഗം കൊണ്ടുപോകുകയാണ് ചെയ്യുക. വിഴിഞ്ഞത്തേക്കുള്ള കണ്ടെയ്‌നറുകൾ ട്രെയിനിലാണ് എത്തിക്കുന്നത്. കണ്ടെയ്‌നറുകൾ സൂക്ഷിക്കാനുള്ള സംവിധാനങ്ങളെല്ലാം പൂർണസജ്ജമാണ്.
വിഴിഞ്ഞം ഒമ്പത് മാസം കൊണ്ട് കൈവരിച്ചത് വിസ്മയകരമായ നേട്ടം
പ്രവർത്തനം ആരംഭിച്ച് ഒമ്പത് മാസം ആയപ്പോഴേക്കും 10 ലക്ഷം കണ്ടെയ്‌നർ കൈകാര്യം ചെയ്ത് റെക്കോർഡ് ഇട്ടിരിക്കുകയാണ് വിഴിഞ്ഞം തുറമുഖം. ലോകശ്രദ്ധയിലേക്ക് വിഴിഞ്ഞം മാറിക്കഴിഞ്ഞത് കേരളത്തിന് അഭിമാനമായി.
രണ്ട് വമ്പൻ കപ്പലുകളുടെ വരവായിരുന്നു ഈ നേട്ടത്തിൽ നിർണായകമായത്. എത്ര വലിയ കപ്പലിനെയും സ്വീകരിക്കാൻ വിഴിഞ്ഞത്തിന് കഴിയുമെന്നും തെളിയിക്കപ്പെട്ടു. ഇത് വിഴിഞ്ഞത്തിന് മാത്രം സ്വന്തമായ നേട്ടമാണ്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ എംഎസ്‌സി ഐറിന കപ്പലിനെ തുറമുഖ ബെർത്തിലേക്ക് വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കുമ്പോൾ അത് റെക്കോർഡിലേക്കുള്ള കുതിപ്പായി മാറുകയായിരുന്നു.
2024 ഡിസംബറിലാണ് ട്രയൽ റൺ പൂർത്തിയാക്കി വിഴിഞ്ഞം തുറമുഖം പ്രവർത്തന സജ്ജമായത്. ഒരു വർഷം പരമാവധി 10 ലക്ഷം കണ്ടെയ്‌നർ കൈകാര്യം ചെയ്യുക എന്നതായിരുന്നു തുറമുഖം ആരംഭിക്കുമ്പോഴുള്ള ലക്ഷ്യങ്ങളിലൊന്ന്. എന്നാൽ പ്രവർത്തനം ആരംഭിച്ച് ഒമ്പത് മാസമായപ്പോഴേക്കും 10 ലക്ഷം കണ്ടെയ്‌നർ കൈകാര്യം ചെയ്ത് വിഴിഞ്ഞം റെക്കോർഡിട്ടു കഴിഞ്ഞു, അതൊരു വിസ്മയകരമായ നേട്ടമായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 28 വരെയുള്ള കണക്കനുസരിച്ച് 460 കപ്പലുകളിലായി 10.12 ലക്ഷം കണ്ടെയ്‌നറാണ് തുറമുഖത്തെത്തിയത്. ഓരോ മാസവും കൈകാര്യം ചെയ്തത് ഒരു ലക്ഷത്തിലേറെ കണ്ടെയ്‌നറാണ്. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തെ തുറമുഖങ്ങളിൽ, കണ്ടെയ്‌നർ നീക്കത്തിൽ മുൻനിരയിലേക്ക് കുതിച്ചുകഴിഞ്ഞു വിഴിഞ്ഞം. കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം ലോക റെക്കോർഡുകൾ ഭേദിക്കുന്ന ദൂരത്തല്ല.
ചൈനയിലെ ഷാങ്ഹായ് തുറമുഖം കഴിഞ്ഞാൽ ഏഷ്യയിലെ മുൻനിര തുറമുഖങ്ങളിൽ ഒന്നായി വിഴിഞ്ഞം മാറിക്കൊണ്ടിരിക്കുകയാണ്. കൊളംബോയിലേക്കും സിംഗപ്പൂരിലേക്കും കണ്ടെയ്‌നറുകൾ എത്തിച്ചിരുന്ന പഴയ കാലത്തിൽ നിന്നുള്ള മടങ്ങിപ്പോക്കാണ് വിഴിഞ്ഞത്ത് കാണാൻ കഴിയുന്നത്.

ഇന്ത്യയുടെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുകൾ വിഴിഞ്ഞം വഴി അയക്കുന്നതുകൊണ്ട് അഞ്ചും ആറും ദിവസത്തെ സമയവും ചെലവും വലിയ രീതിയിൽ ലാഭിക്കാൻ കഴിയുമെന്നും അദാനി ഗ്രൂപ്പ് അധികൃതർ പറഞ്ഞു.
വിഴിഞ്ഞത്തിന്റെ ഈ നേട്ടത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Adani Group shows interest in Kasaragod; Vizhinjam port hits container record.
#VizhinjamPort #KeralaDevelopment #AdaniGroup #PortProject #Kasaragod #Vizhinjam






