Toyota Fortuner | ടൊയോട ഫോര്‍ച്യൂനര്‍ ഇലക്ട്രിക് പതിപ്പില്‍ വരുന്നു? കംപനി പരീക്ഷണം തുടങ്ങി
*പ്രത്യേകതകളും വിലയും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.
*തായ്‌ലന്‍ഡിന്റെ ആഭ്യന്തര വിപണിക്ക് വേണ്ടിയാണ് ഒരുങ്ങുന്നത്.
* കയറ്റുമതി ചെയ്യുന്ന കാര്യവും കംപനി പരിഗണിക്കുന്നുണ്ട്.
ന്യൂഡെല്‍ഹി: (KasargodVartha) ഇന്‍ഡ്യന്‍ വിപണിയില്‍ ടൊയോട ഫോര്‍ച്യൂനറിനെക്കുറിച്ച് ആളുകള്‍ക്ക് സമ്മിശ്ര അഭിപ്രായങ്ങളുണ്ട്. ചിലര്‍ക്ക് ജാപനീസ് വാഹന ബ്രാന്‍ഡിനെ ഇഷ്ടപ്പെടുമ്പോള്‍ ചിലര്‍ ഇഷ്ടക്കേടും കാണിക്കുന്നു. എന്നാല്‍ ഇനി വരാനിരിക്കുന്ന പുതിയ തലമുറയിലെ കിടിലന്‍ എസ്‌യുവിയായ ഫോര്‍ച്യൂനര്‍ ഉപഭോക്താക്കളെ തീര്‍ച്ചയായും ആകര്‍ഷിക്കും.
കാരണം ഫോര്‍ച്യൂനറിന്റെ ഫാന്‍സ്, ഇലക്ട്രിക് പതിപ്പിനെക്കുറിച്ച് ഏറെക്കാലമായി കേട്ടുതുടങ്ങിയിരിക്കുകയാണ്. കാത്തിരുന്നപ്പോലെ ഇത് വിപണിയില്‍ എത്തുമോ? എന്നാല്‍ ഭാവിയില്‍ അതിന്റെ സാധ്യതയെ സ്ഥിരീകരിക്കുന്ന ചില പുതിയ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.
ഇന്‍ഡ്യന്‍ വിപണിയില്‍ ടൊയോടയ്ക്ക് നിലവില്‍ ഒരു ഇലക്ട്രിക് പതിപ്പും ഇല്ല. എങ്കിലും, 2025 ന്റെ രണ്ടാം പകുതിയില്‍ ഇവി സെഗ്മെന്റിലേക്ക് പ്രവേശിക്കാന്‍ കംപനി പദ്ധതിയിടുന്നുവെന്നാണ് വിവരം. മാരുതി ഇവിഎക്സിന്റെ റീബാഡ്ജ് ചെയ്ത മോഡലായിരിക്കും ടൊയോടയുടെ പുതിയ ഇവി. ഇതിനായി അര്‍ബന്‍ എസ്യുവി കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പിലാണ് ടൊയോട പ്രവര്‍ത്തിക്കുന്നത്. ഇവിഎക്‌സ് 2025 ന്റെ ആദ്യ പകുതിയില്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന്റെ ടൊയോട പതിപ്പ് ആറ് മാസത്തിന് ശേഷം എത്തിയേക്കാം.
ടൊയോട്ട ഫോര്‍ച്യൂനര്‍ ഇലക്ട്രിക്കിനായി കംപനി പരീക്ഷണം തുടങ്ങിയിരിക്കുകയാണ്. പുതിയ ബാറ്ററി-ഇലക്ട്രിക് ഹൈലക്സ് പികപ്പ് അതിന്റെ പ്രകടനം വിലയിരുത്തുന്നതിനായി വ്യത്യസ്ത സാഹചര്യങ്ങളിലാണ് ടൊയോട പരീക്ഷിച്ചുതുടങ്ങിയത്. അടുത്തവര്‍ഷം അവസാനത്തോടെ തായ്‌ലന്‍ഡില്‍ ഹിലക്സ് ഇലക്ട്രിക് നിര്‍മാണം ആരംഭിക്കാനാണ് ടൊയോട പദ്ധതിയിടുന്നത്. ഈ വാഹനം പ്രധാനമായും തായ്ലന്‍ഡിന്റെ ആഭ്യന്തര വിപണിക്ക് വേണ്ടിയാണ് ഒരുങ്ങുന്നത്. എന്നാല്‍ തായ്‌ലന്‍ഡില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് കംപനി ഉദ്യോഗസ്ഥര്‍ പറയുന്നു.
കംപനിയുടെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നായ തായ്‌ലന്‍ഡിലെ ചൈനീസ് ഇവി നിര്‍മാതാക്കളില്‍ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങളില്‍ നിന്ന് കടുത്ത മത്സരം നേരിടുന്നതിനാലാണ് ടൊയോട ഹിലക്‌സ് ഇലക്ട്രിക് പുറത്തിറക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇതിന്റെ പ്രത്യേകതകളും വിലയും സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഹിലക്‌സ് ടൊയോടയുടെ ഒരുതരം ടെസ്റ്റിംഗ് മോഡലാണ്. അതിനാലാണ് ഫോര്‍ച്യൂനര്‍ ഇലക്ട്രികിനെപ്പറ്റി പറഞ്ഞുതുടങ്ങിയിട്ട്, ഇവിടെ ഹിലക്‌സ് ഇവിയെക്കുറിച്ചാണ് സംസാരിച്ചത്. കൂടാതെ, ഹിലക്‌സും ഫോര്‍ച്യൂനറും ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മാത്രമല്ല അവയുടെ മെകാനികല്‍ ഘടകങ്ങളില്‍ ഭൂരിഭാഗവും സമാനമാണ്. ഹിലക്‌സിന് ഒരു ഇലക്ട്രിക് പതിപ്പാണ് ലഭിക്കുന്നതെങ്കില്‍, ഭാവിയില്‍ ഫോര്‍ച്യൂനറിനും ഈ പതിപ്പ് ലഭിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്.
കഴിഞ്ഞ വര്‍ഷം കംപനി ഹിലക്‌സില്‍ ഹൈബ്രിഡ് സജ്ജീകരണം നല്‍കിയശേഷം തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ഫോര്‍ച്യൂനറിലും ഇത് അവതരിപ്പിച്ചു. അതിനാല്‍ ഈ കാര്യങ്ങള്‍ പരിഗണിക്കുകയാണെങ്കില്‍, ഹിലക്‌സിലെ മുഴുവന്‍ സജ്ജീകരണവും തീര്‍ച്ചയായും ഫോര്‍ച്യൂനറിനും കംപനി ഉപയോഗിക്കും.