Launch | 2024ല്‍ ഇന്ത്യയില്‍ പുറത്തിറക്കിയ ഏറ്റവും മികച്ച 5 കാറുകള്‍
● കര്‍വിന്റെ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ ടാറ്റ പുറത്തിറക്കി.
● മാരുതി സുസുക്കി ഡിസയര്‍ പുതിയത് അവതരിപ്പിച്ചു.
● സ്‌കോഡ കൈലാക്കിന്റെ പുതിയ മോഡല്‍.
ന്യൂഡല്‍ഹി: (KasargodVartha) 2024, ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ നിരവധി പുതിയതും ആകര്‍ഷകവുമായ മോഡലുകള്‍ അവതരിപ്പിച്ച ഒരു വര്‍ഷമായിരുന്നു. പുതിയ ഡിസൈനുകള്‍, അത്യാധുനിക സാങ്കേതികവിദ്യകള്‍, മികച്ച പ്രകടനം എന്നിവയായിരുന്നു ഈ വര്‍ഷം പുറത്തിറങ്ങിയ കാറുകളുടെ പ്രധാന ആകര്‍ഷണങ്ങള്‍. നിരവധി മോഡലുകള്‍ ഈ വര്‍ഷം വിപണിയില്‍ എത്തിയിട്ടുണ്ട്. ഈ ലേഖനത്തില്‍, 2024-ല്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ചതും താങ്ങാനാവുന്നതുമായ അഞ്ച് കാറുകള്‍ ഇതാ.
* മഹീന്ദ്ര ഥാര്‍ 5-ഡോര്‍: ഓഫ്-റോഡിംഗിന്റെ പുതിയ അധ്യായം
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 2024 ഓഗസ്റ്റ് 14-ന് കാത്തിരിപ്പിന്റെ അവസാനമായി 5-ഡോര്‍ ഥാര്‍ റോക്ക്സ് പുറത്തിറക്കി. 12.99 ലക്ഷം (എക്സ്-ഷോറൂം) മുതല്‍ 22.49 ലക്ഷം രൂപ വരെയാണ് ഈ ഓഫ്-റോഡ് എസ്യുവിയുടെ വില. 2 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമായ ഥാര്‍ 5-ഡോര്‍, അതിന്റെ ശക്തമായ പെര്‍ഫോമന്‍സും വിശാലമായ ഇന്റീരിയറും കൊണ്ട് ഓഫ്-റോഡ് പ്രേമികളെ ആകര്‍ഷിക്കുന്നു.
* ടാറ്റ കര്‍വ്: കൂപ്പെ സ്‌റ്റൈല്‍ സെഗ്മെന്റില്‍ ഒരു പുതുമ
കര്‍വിന്റെ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ ഈ വര്‍ഷം ടാറ്റ പുറത്തിറക്കി. പത്തു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 9.99 ലക്ഷം രൂപയില്‍ തുടങ്ങി 17.69 ലക്ഷം രൂപ വരെയാണ്. ടാറ്റ മോട്ടോഴ്സ് കൂപ്പെ സ്‌റ്റൈല്‍ സെഗ്മെന്റില്‍ ആദ്യമായി പ്രവേശിച്ചത് ടാറ്റ കര്‍വ് എന്ന മോഡലിലൂടെയാണ്. 120 എച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കുമുള്ള 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിന്‍, 125 ബിഎച്ച്പി കരുത്തും 225 എന്‍എം ടോര്‍ക്കുള്ള 1.2 ലീറ്റര്‍ ടര്‍ബൊ പെട്രോള്‍ ഹൈപെറോണ്‍ എന്‍ജന്‍, 118 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിങ്ങനെ മുന്ന് എന്‍ജിന്‍ ഓപ്ഷനുകളോടെയാണ് വാഹനം ലഭിക്കുന്നത്.
* മാരുതി സുസുക്കി ഡിസയര്‍: ഒരു പുതിയ അവതാരം
മാരുതി സുസുക്കി ഡിസയര്‍ 2024-ല്‍ ഒരു പുതിയ അവതാരത്തില്‍ അവതരിപ്പിച്ചു. ഈ സെഡാന്റെ എക്സ് ഷോറൂം വില 6.79 ലക്ഷം മുതല്‍ 10.14 ലക്ഷം രൂപ വരെയാണ്. മാരുതി സുസുക്കി ഡിസയറില്‍ 1.2 ലിറ്റര്‍ പെട്രോള്‍, സിഎന്‍ജി എഞ്ചിന്‍ ലഭിക്കും. 22 കിലോമീറ്റര്‍ മുതല്‍ 32 കിലോമീറ്റര്‍ വരെയാണ് ഡിസൈറിന്റെ മൈലേജ്. എല്‍.എക്സ്.ഐ, വി.എക്സ്.ഐ, ഇസഡ്.എക്സ്.ഐ, ഇസഡ്.എക്സ്. പ്ലസ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് പുത്തന്‍ ഡിസയര്‍ പുറത്തിറങ്ങിയത്.
* സ്‌കോഡ കൈലാക്ക്: വിലയും ഫീച്ചറുകളും ഒരുമിച്ച്
7.89 ലക്ഷം മുതല്‍ 14.40 ലക്ഷം വരെ എക്സ്ഷോറൂം വിലയുള്ള സ്‌കോഡ കൈലാക്ക് ഈ വര്‍ഷം പുറത്തിറങ്ങിയ മറ്റൊരു പ്രധാന മോഡലാണ്. 6 എയര്‍ബാഗുകള്‍, ടിപിഎംഎസ്, ഇബിഡിയുള്ള എബിഎസ്, ഇഎസ്സി, സെന്‍സറുകളോട് കൂടിയ റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് തുടങ്ങിയ സവിശേഷതകളോടെയാണ് സ്‌കോഡ കൈലാക്ക് വരുന്നത്. ക്ലാസിക്, സിഗ്‌നേച്ചര്‍, സിഗ്‌നേച്ചര്‍ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ലഭ്യമാകും.
* ഹോണ്ട അമേസ്: എഡിഎഎസ് ഫീച്ചറുകളോടെ
ഹോണ്ട അമേസ് ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ പുതുമയുള്ള രൂപത്തില്‍ വിപണിയില്‍ എത്തിയിരിക്കുന്നു. സിറ്റി, എലിവേറ്റ് തുടങ്ങിയ മോഡലുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഡിസൈന്‍ ചെയ്ത അമേസ് പുറമേ കൂടുതല്‍ ആകര്‍ഷകമായിരിക്കുന്നു. എന്നാല്‍ എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ എന്നിവയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.
പുതിയ അമേസില്‍ എഡിഎഎസ് ലെവല്‍ 2 സാങ്കേതിക വിദ്യയാണ് പ്രധാന ആകര്‍ഷണം. ഇത് സെഗ്മെന്റിലെ ആദ്യമായാണ് അവതരിപ്പിക്കുന്നത്. 7.99 ലക്ഷം രൂപ മുതല്‍ 10.89 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം പ്രാരംഭ വില. അടുത്ത മാസം മുതല്‍ ഷോറൂമുകളില്‍ ലഭ്യമാകുന്ന അമേസ് ഹോണ്ടയുടെ ജനപ്രിയത വീണ്ടും ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
#IndianCars #NewCars #CarReview #Auto #MahindraThar #TataCurv #MarutiSuzuki #Skoda #Honda