Cloud EV | സെപ്തംബര്‍ രണ്ടാം വാരത്തില്‍ എംജി ക്ലൗഡ് ഇവി ഇന്‍ഡ്യന്‍ വിപണിയിലെത്തും; വില വിവരങ്ങള്‍ അറിയാം
എംജി മോടോര്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ വൈദ്യുതി കാര്‍.
പ്രധാന ഫീചറുകളില്‍ സണ്‍റൂഫും.
വില 20 ലക്ഷത്തില്‍ താഴെ
കാറിന് 460 കി.മീ റേന്‍ജ് ലഭിക്കും.
മുംബൈ: (KasargodVartha) ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ എംജി മോടോര്‍ ഇന്‍ഡ്യയില്‍ തങ്ങളുടെ ഇലക്ട്രിക് വാഹന നിര വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. 2024 സെപ്റ്റംബര്‍ പകുതിയോടെ എംജി ക്ലൗഡ് ഇവിയുടെ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പുതിയ മോഡല്‍ എംജിയുടെ നിലവിലുള്ള ഓഫറുകളായ കോമറ്റ്, ഇസഡ്എസ് ഇവി എന്നിവയ്ക്കിടയില്‍ ഏതാണ്ട് ഇടം പിടിക്കും.
20 ലക്ഷം രൂപയില്‍ താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന വില. പരിസ്ഥിതി സൗഹൃദവും താങ്ങാനാവുന്ന വിലയും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് എംജി ക്ലൗഡ് ഇവി ലക്ഷ്യമിടുന്നത്. സമൂഹ മാധ്യമങ്ങളില്‍ ചോര്‍ന്ന ഇവിയുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ അതിന്റെ ഗംഭീരമായ ബാഹ്യ രൂപകല്‍പ്പനയിലും ശൈലിയിലും ആവേശം കൊള്ളിക്കുകയാണ്.
ക്രോസ് ഓവര്‍ ഡിസൈന്‍, വലിയ മുന്‍ഭാഗം, എല്‍ഇഡി ലൈറ്റ് പാക്കേജ്, ഫ്ളഷ് ഡോര്‍ ഹാന്‍ഡിലുകള്‍, ഒഴുകിയിറങ്ങുന്ന റൂഫ് ലൈന്‍ എന്നിങ്ങനെയുള്ള സവിശേഷതകള്‍ ക്ലൗഡ് ഇവിയുടെ ടെസ്റ്റ് റൈഡുകള്‍ക്കിടയിലെ ചിത്രങ്ങളില്‍ നിന്നും നേരത്തെ പുറത്തുവന്നിട്ടുണ്ട്. ഇതോടെ എംജി മോടോര്‍ ഇന്‍ഡ്യയില്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ വൈദ്യുത കാറായി ക്ലൗഡ് ഇവി മാറും.
360 ഡിഗ്രി കാമറ, ഡ്യുവല്‍ ഡിജിറ്റല്‍ സ്‌ക്രീന്‍സ്, ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്ടഡ് കാര്‍ ടെക്നോളജി, ലെവല്‍ 2 അഡാസ് സുരക്ഷ, പവേഡ് സീറ്റ്സ്, സണ്‍റൂഫ് എന്നിവയാണ് പ്രധാന ഫീചറുകള്‍. 50.6kWh ഇലക്ട്രിക് മോടോറുള്ള കാറിന് 460 കി.മീ റേന്‍ജ് ലഭിക്കും. 4.3 മീറ്റര്‍ നീളവും 2.7 മീറ്റര്‍ വീതിയുമുള്ള വാഹനമായിരിക്കും ക്ലൗഡ് ഇവി.
എംജി ഇന്‍ഡ്യയില്‍ പുറത്തിറക്കുന്ന പ്രീമിയം ഇവികളിലൊന്നായിരിക്കും എംജി ക്ലൗഡ് ഇവി. ബിവൈഡി ഇ6 ആണ് പ്രധാന എതിരാളി. എംജി ZS ഇവിക്ക് താഴെയായിട്ടാണ് ക്ലൗഡ് ഇവിയെ തങ്ങളുടെ ലൈനപ്പില്‍ എംജി അവതരിപ്പിക്കുക. 37.9kWh ബാറ്ററി പാക് 360 കിമി റേന്‍ജും 50.6kWh പാക് 460 കിമി റേന്‍ജും വാഗ്ദാനം ചെയ്യുന്നു.
ഫ്ളഷ് ഡോര്‍ ഹാന്‍ഡില്‍, ക്ലീന്‍ സര്‍ഫൈസിങ്, ഫുള്‍ വിഡ്ജ് എല്‍ഇഡി ലൈറ്റ് ബാറുകള്‍ എന്നിങ്ങനെ മിനിമലിസ്റ്റിക് ഡിസൈന്റെ സൂചനകള്‍ ക്ലൗഡ് ഇവി നല്‍കുന്നുണ്ട്. ബംപറിലേക്ക് ഇറങ്ങി സ്ഥാപിച്ചിട്ടുള്ള ഹെഡ്ലാംപുകള്‍ മുന്നിലേക്ക് തള്ളി നില്‍ക്കുന്ന ഭാവം വര്‍ധിപ്പിക്കുന്നു. സവിശേഷമായ സ്റ്റൈലിങില്‍ വലിയ ഹാച്ബാകിനും എംപിവിക്കും ഇടയിലുള്ള മോഡലായിട്ടാണ് ക്ലൗഡ് ഇവിയുടെ വരവ്.
ഉള്ളില്‍ വലിയ ഇന്‍ഫോടെയിന്‍മെന്റ് ടച്ച് സ്‌ക്രീനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും നല്‍കിയിരിക്കുന്നു. അഡാസ് സുരക്ഷാ ഫീചറുകളുടെ ഭാഗമാണ് 360 ഡിഗ്രി കാമറ. മുന്‍സീറ്റുകള്‍ 135 ഡിഗ്രി ചെരിച്ച് താഴ്ത്തി സോഫ മോഡിലേക്ക് മാറ്റാനാവും. രണ്ട് ബാറ്ററി ഓപ്ഷനുകള്‍. ഇവിക്ക് വേണ്ടിയുള്ള സവിശേഷ പ്ലാറ്റ്ഫോമും ക്ലൗഡ് ഇവിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിച്ചേക്കും. അതേസമയം, ഇന്‍ഡ്യയില്‍ ഇവിയുടെ ഏത് വകഭേദമാണ് എത്തുകയെന്ന് വ്യക്തമല്ല.
2024 രണ്ടാം പാതി മുതല്‍ ഓരോ മൂന്നു മുതല്‍ ആറ് മാസങ്ങളുടെ ഇടവേളയില്‍ പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ എംജിക്ക് പദ്ധതിയുണ്ട്. മാസങ്ങള്‍ക്കു മുമ്പ് എംജി ജെഎസ്ഡബ്ല്യു ഗ്രൂപില്‍ നിന്നും പുതിയ നിക്ഷേപം സ്വീകരിച്ചിരുന്നു. വൈദ്യുത വാഹനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും എംജി നയം വ്യക്തമാക്കിയിട്ടുണ്ട്.