Ruling | വെയിലിൽ 'കൂളായിരിക്കാം'; വാഹനത്തിനകത്ത് കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈകോടതി ഉത്തരവ്
●കേരള ഹൈക്കോടതി വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കുന്നത് നിയമമാണെന്ന് വിധിച്ചു.
●പുതിയ മോട്ടോർ വാഹന ചട്ടങ്ങൾ അനുസരിച്ച് സേഫ്റ്റി ഗ്ലേസിങ് എന്ന നിലയിൽ കൂളിങ് ഫിലിം ഉപയോഗിക്കാം.
കൊച്ചി: (KasargodVartha) മോട്ടോര്‍ വാഹനങ്ങളില്‍ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് കേരള ഹൈകോടതി (Keral High Court) വിധിച്ചു. വാഹനങ്ങളില്‍ അംഗീകൃത നിയമങ്ങള്‍ക്കനുസരിച്ച് കൂളിങ് ഫിലിം (Cooling Film) പതിപ്പിക്കുന്നത് അനുവദനീയമാണെന്നും ഇതിന്റെ പേരില്‍ നിയമ നടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതര്‍ക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എന്‍ നഗരേഷ് വ്യക്തമാക്കി.
കൂളിങ് ഫിലിം നിര്‍മ്മാതാക്കള്‍, ഫിലിം ഒട്ടിച്ചതിന് പിഴ ചുമത്തപ്പെട്ട വാഹന ഉടമ, ഈ വ്യാപാരം നടത്തുന്നതിന്റെ പേരില്‍ റജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടുമെന്ന മുന്നറിയിപ്പ് ലഭിച്ച സ്ഥാപനം എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
2021 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലെ ഭേദഗതി അനുസരിച്ച്, മോട്ടോര്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റി ഗ്ലാസുകള്‍ക്ക് പകരം 'സേഫ്റ്റി ഗ്ലേസിങ്' കൂടി ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ട്. സേഫ്റ്റി ഗ്ലാസിന്റെ ഉള്‍പ്രതലത്തില്‍ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചിട്ടുള്ളത് സേഫ്റ്റി ഗ്ലേസിങ്ങിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍പിന്‍ ഭാഗങ്ങളില്‍ 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത വേണമെന്നാണ് ഭേദഗതി ചട്ടങ്ങള്‍ പറയുന്നത്.
ഈ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിരീക്ഷണം. സുപ്രീം കോടതി ഇത്തരം ഫിലിമുകള്‍ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ടെന്ന് എതിർഭാഗം വാദിച്ചെങ്കിലും നിലവിലുള്ള സുപ്രീം കോടതി വിധികള്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് മുന്‍പുള്ളതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഗ്ലാസും ഫിലിമും ചേര്‍ന്ന സേഫ്റ്റി ഗ്ലേസിങ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് വാഹന നിര്‍മാതാവിനു മാത്രമേ അനുവാദമുള്ളൂ എന്ന വാദവും കോടതി നിരാകരിച്ചു. ചട്ടങ്ങള്‍ അനുസരിച്ചുള്ള സുതാര്യത ഉറപ്പുവരുത്തുന്ന ഗ്ലേസിങ് നിലനിര്‍ത്താന്‍ വാഹന ഉടമയ്ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ഈ വിധി വാഹന ഉടമകള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
#coolingfilm #highcourt #kerala #india #motorvehicleact #safetystandards #cars #automobiles #law