Crackdown | കാസര്‍കോട്ട് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് എംവിഡി; 10 എണ്ണം പിടികൂടി; മുന്നറിയിപ്പുമായി എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ; ലംഘിച്ചാല്‍ ശക്തമായ നടപടി
● കാസര്‍കോട് ജില്ലയില്‍ ഒരു റെന്റ് എ കാബും നിലവിലില്ല.
● ബൈക്, സ്‌കൂടര്‍ എന്നീ ഇരുചക്ര വാഹനങ്ങളും പിടികൂടും.
കാസര്‍കോട്: (KasargodVartha) ആലപ്പുഴയില്‍ വാടകയ്ക്കെടുത്ത കാറില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിക്കുമ്പോള്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചതിന് പിന്നാലെ കാസര്‍കോട്ടും മോടോര്‍ വാഹന വകുപ്പ് നടപടി ശക്തമാക്കി. വാടകയ്ക്ക് വിട്ടുകൊടുത്ത 10 വാഹനങ്ങള്‍ ഒരാഴ്ചയ്ക്കിടെ എംവിഡി പിടികൂടിയിട്ടുണ്ട്. നൂറുകണക്കിന് ആളുകള്‍ കാസര്‍കോട് ജില്ലയില്‍ നിയമം ലംഘിച്ച് കാര്‍ വാടകയ്ക്ക് കൊടുക്കുന്നുവെന്ന് വ്യക്തമായിട്ടുണ്ടെന്ന് കാസര്‍കോട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പി രാജേഷ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഒരു വാഹന ഉടമയ്ക്കും കാര്‍ വാടകയ്ക്ക് കൊടുക്കാനുള്ള അവകാശം ഇല്ലെന്നും സ്വയം ഡ്രൈവിംഗ് ചെയ്യുക, കുടുംബക്കാരെ കൊണ്ടുപോകുക എന്നിവയ്ക്ക് മാത്രമാണ് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാവൂവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഗള്‍ഫില്‍ നിന്ന് അടക്കം അവധിക്ക് നാട്ടില്‍ എത്തുന്നവര്‍ക്കും കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും നിരവധി പേര്‍ മണിക്കൂറുകളും ദിവസങ്ങളും വെച്ച് കാര്‍ വാടകയ്ക്ക് നല്‍കുന്നുണ്ട്. ഇത് കടുത്ത നിയമ ലംഘനമാണ്.
അങ്ങനെയുള്ള വാഹനങ്ങള്‍ പിടികൂടിയാല്‍ തുടക്കത്തില്‍ പിഴ ഈടാക്കുകയും നിയമ ലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും ആര്‍സി അടക്കം കാന്‍സല്‍ ചെയ്യുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പറഞ്ഞു. വാഹനം ആവശ്യമുള്ളവര്‍ ഓടോറിക്ഷകളും ടാക്സി കാറുകളും ഉപയോഗിക്കുകയാണ് വേണ്ടത്. കാര്‍ വാടകയ്ക്ക് വാങ്ങി കവര്‍ച്ചയ്ക്കും മയക്കുമരുന്ന് കടത്തിനും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുമ്പോള്‍ കാര്‍ ഉടമയാണ് ഇക്കാര്യത്തില്‍ പ്രതിസ്ഥാനത്ത് വരിക.
കേരളത്തില്‍ നിയമപ്രകാരം വാഹനം വാടകയ്ക്ക് നല്‍കുന്നതിന് 'റെന്റ് എ കാബ്' എന്ന രജിസ്റ്റേര്‍ഡ് സംവിധാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ 10ല്‍ താഴെ റെന്റ് എ കാബുകളാണ് ഉള്ളത്. കാസര്‍കോട് ജില്ലയില്‍ ഒരു റെന്റ് എ കാബും നിലവിലില്ല. 50 വാഹനങ്ങള്‍ എങ്കിലും സ്വന്തമായുള്ള, രജിസ്റ്റര്‍ ചെയ്ത്, നികുതി അടച്ച്, നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇത്തരത്തില്‍ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ കഴിയുകയുള്ളൂ. കര്‍ശന വ്യവസ്ഥയോടെയായിരിക്കും അനുമതി നല്‍കുന്നത്.
റെന്റ് എ കാബ് വാഹനങ്ങളെ തിരിച്ചറിയാന്‍ എളുപ്പമാണ് കറുത്ത പ്രതലത്തില്‍ മഞ്ഞ അക്ഷരത്തില്‍ ആയിരിക്കും ഇതിന്റെ നമ്പര്‍ പ്ലേറ്റ്. കാസര്‍കോട് ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വരെ മണിക്കൂറുകള്‍ വെച്ച് കാര്‍ വാടകയ്ക്ക് നല്‍കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കുമ്പളയില്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം നടന്ന ദിവസം ആഡംബര ജീപ് അഞ്ച് മണിക്കൂര്‍ നേരത്തേക്ക് 10000 രൂപ വാടകയ്ക്ക് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുകയും, ജീപ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ട് നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവം എംവിഡിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസ് നിലനില്‍ക്കുന്നുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പറഞ്ഞു.
ബൈക്, സ്‌കൂടര്‍ എന്നീ ഇരുചക്ര വാഹനങ്ങളും ഇത്തരത്തില്‍ വാടകയ്ക്ക് കൊടുക്കാറുണ്ട്. ഇവരെയും പിടികൂടും. വാഹനങ്ങള്‍ക്ക് രൂപ മാറ്റം വരുത്തുകയും നിരോധിത ലൈറ്റുകള്‍ പിടിപ്പിക്കുകയും, ശബ്ദമുണ്ടാക്കുന്ന സൈലന്‍സറും, വലിയ ടയറുകള്‍ ഘടിപ്പിക്കുകയും ചെയ്തുവരുന്നുണ്ട്. ഇത്തരത്തില്‍ രൂപമാറ്റം വരുത്തുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും. മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട് എന്നീ മേഖലകള്‍ തിരിച്ച് മൂന്ന് സ്‌ക്വാഡുകളാക്കിയാണ് ഇപ്പോള്‍ ഇത്തരം വാഹനങ്ങള്‍ പിടികൂടുന്നത്.
ചില ഓടോറിക്ഷകളും കല്യാണ വീട് പോലെയാക്കി നിരോധിത ലൈറ്റുകള്‍ ഘടിപ്പിച്ച് ഓടുന്നുണ്ട്. ആംബുലന്‌സിന്റേത് പോലുള്ള ഹോണുകളും എയര്‍ ഹോണുകളും ഘടിപ്പിച്ച് പോകുന്ന വാഹനങ്ങള്‍ക്കും പിടിവീഴും. എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടിയെ തുടര്‍ന്ന് ഇപ്പോള്‍ മുമ്പിലും പിറകിലും ഇരിക്കുന്ന യാത്രക്കാര്‍ ഹെല്‍മറ്റോ, സീറ്റ് ബെല്‍റ്റോ ധരിക്കാതെ പോകുന്നത് വളരെയേറെ കുറഞ്ഞിട്ടുണ്ട്. കോളജ് ഡേ, സെന്‍ഡ് ഓഫ്, കാലമേളകള്‍ എന്നിവ നടക്കുമ്പോഴാണ് പലപ്പോഴും വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ വാടകയ്ക്ക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. ഇത് തടയുന്നതിന് ഈ സമയങ്ങളില്‍ പ്രത്യേക നടപടി ഉണ്ടാകും. രാത്രി കാലങ്ങളിലുള്ള പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ചുള്ള അവബോധ ക്ലാസ് നടത്തുന്നതിനും എംവിഡി നടപടികള്‍ സ്വീകരിക്കും. ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായിരിക്കും അടുത്ത ഒരു മാസം നീണ്ടുനില്‍ക്കുന്ന പദ്ധതികളില്‍ ഇത്തരം പരിപാടികള്‍ ആവിഷ്‌കരിക്കും. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് എല്ലാ നടപടിയും സ്വീകരിച്ച് വരുന്നുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ കൂട്ടിച്ചേര്‍ത്തു.
#Kasargod #Kerala #carrental #illegal #traffic #safety #accident #lawenforcement