city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിവാഹങ്ങളും വിവാദങ്ങളും; യാഥാർത്ഥ്യമെന്ത്?

നേര്‍ക്കാഴ്ച്ചകള്‍ / പ്രതിഭാരാജന്‍

(www.kasargodvartha.com 13.06.2017) പേര് ഗീതാ ഗോപി. നാട്ടികയിലെ എം.എല്‍.എ. 250 പവന്‍ സ്വര്‍ണം കൊണ്ട് മൂടിയാണ് എം.എല്‍എയുടെ മകള്‍ കതിര്‍മണ്ഡപത്തിലെത്തിയത്. നാട്ടാചാര പ്രകാരമുള്ള വിവാഹമായിരുന്നു അത്. തെരെഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാഗ്മൂലത്തില്‍ ഒരു പവന്‍ തികച്ചും, 500 രൂപയില്‍ കൂടുതല്‍ രൂപ പണമായും കൈവശമില്ലാതെ ജയിച്ചു കയറിയ എം എല്‍ എ 250 പവന്‍ സ്വര്‍ണത്തില്‍ മൂടി മകളെ എങ്ങനെ കെട്ടിച്ചയച്ചു എന്ന ചോദ്യം ഉന്നയിച്ചത് അവരുടെ പാര്‍ട്ടി നേതൃത്വം തന്നെയാണ്.

അതേസമയമാണ് കാസര്‍കോട്ട് മുന്‍ എം എല്‍ എ സി എച്ച് കുഞ്ഞമ്പുവിന്റെ മകളുടെ വിവാഹം നടന്നത്. സ്വര്‍ണം കൊണ്ടു മുടിയോ ഹിന്ദു ആചാരപ്രകാരം പുരോഹിതനെ വച്ചു പൂജ നടത്തിയോ അല്ല കതിര്‍മണ്ഡപത്തില്‍ വെച്ച് മാല ചാര്‍ത്തിയതെന്ന തിരിച്ചറിവ് ഇവിടെ പ്രസക്തമാണ്. തികച്ചും ആചാര രഹിത സ്വഭാവമുള്ള വിവാഹമായിരുന്നു അത്.

വിവാഹങ്ങളും വിവാദങ്ങളും; യാഥാർത്ഥ്യമെന്ത്?


സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ കമ്മ്യൂണിസിറ്റുകാരനാണ് സി എച്ച് കുഞ്ഞമ്പു. സഖാവിന്റെ മകളുടെ വിവാഹം നടന്നത് ജുണ്‍ നാലിനാണ്. പരിശുദ്ധ റമദാന്‍ മാസത്തില്‍. അവര്‍ക്കു കൂടി പങ്കെടുക്കാനായി നാലു മണി മുതല്‍ രാത്രി ഏറെ വൈകും വരെയായിരുന്നു ചടങ്ങ്. ആശിര്‍വദിക്കാനും അനുഗ്രഹിക്കാനും ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കാനുമായി ഒരു പുരോഹിതനും വന്നെത്തിയിരുന്നില്ല. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരായിരുന്നു വിവാഹച്ചടങ്ങിന് സംബന്ധിച്ചത്.

നിയമസഭാ സ്പീക്കര്‍ ശ്രിരാമകൃഷ്ണന്‍, റവന്യു വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍, മുന്‍ മന്ത്രി ഇ പി. ജയരാജന്‍ തുടങ്ങി ക്ഷണിക്കപ്പെട്ട വേദിയിലേക്ക് വിവിധ രാഷ്ട്രീയ നേതാക്കളും ജനങ്ങളും ഒന്നായി മാറിയ ചടങ്ങ്. കൊട്ടും കുരവയുമുണ്ട്. മതത്തിന്റെ ലക്ഷണങ്ങളില്ലാതെ സാവേരി, അമൃത വര്‍ഷണി രാഗത്തില്‍ വാദ്യക്കാര്‍ വീണ മീട്ടി. പുറത്ത് മഴ ചാറി. അതുതന്നെയായിരുന്നു ചടങ്ങ്. മറ്റു ചിഹ്നങ്ങളൊന്നും തന്നെ ഇല്ല.  നമ്മുടെ എംപിയും നിരവധി എംഎല്‍എമാര്‍, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയാജനു പുറമെ വിവിധ മേഖലയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍, മുന്‍ ഡിസിസി അധ്യക്ഷന്മാരായ പെരിയ ഗംഗാധരന്‍ നായര്‍, സി കെ ശ്രീധരന്‍, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ തുടങ്ങിയവര്‍ വധുവരന്മാരെ ആശിര്‍വദിച്ചു.

കല്യാണമെന്നാല്‍ മംഗളകരമായതെന്ന് അര്‍ത്ഥമാക്കണം. മംഗളകരമായ സംഗതികളില്‍ സിപിഎമ്മിനു ചില കാഴ്ച്ചപ്പാടുകളുണ്ട്. അവയെ കാലോചിതമായ തിരുത്തലുകള്‍ക്കു വിധേയമാക്കുകയായിരുന്നു ഇവിടെ സഖാവ്. 15-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്തതും തുടര്‍ന്ന് കൊല്‍ക്കത്ത-പാലക്കാട് പ്ലീനം പുനപരിശോധിച്ചതുമായ തെറ്റു തിരുത്തല്‍ രേഖയില്‍ വിശദമാക്കിയത് ഇവിടെ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന ചര്‍ച്ച അങ്ങുമിങ്ങുമായി മുഴങ്ങി കേള്‍ക്കാം. അത് അപ്രസക്തമെന്നു പറയാന്‍ കാരണം അന്നത്തെ പാര്‍ട്ടിയല്ല ഇന്ന് സിപിഎം എന്ന നഗ്‌ന സത്യം തന്നെ.

1996 ഒക്‌ടോബര്‍ 29 മുതല്‍ ഒരാഴ്ച്ചക്കാലം നീണ്ടു നിന്ന കേന്ദ്ര കമ്മറ്റിയെ ഇവിടെ പുനര്‍ വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ട്. 15-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഗഹനമായി ആലോചിച്ചെടുത്ത തീരുമാനങ്ങള്‍ എങ്ങനെ ഫലവത്താക്കാം എന്ന് തീരുമാനമെടുത്ത കേന്ദ്ര കമ്മിറ്റിയായിരുന്നു അന്നു നടന്നത്. അത് ഇന്ന് അപ്രസക്തമായിയിരിക്കുകയാണ്. അന്നത്തെ പ്രമേയത്തിനെ മാധ്യമങ്ങള്‍ ഓണ്‍ റെക്റ്റിഫിക്കേഷന്‍ ക്യാമ്പയിന്‍ എന്നു പേരിട്ടു വിളിച്ചു. സാര്‍വ്വ ദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാകമാനം, ചെറുതും വലുതുമായ തിരിച്ചടി നേരിടുന്ന കാലത്തെ മുന്നില്‍ കണ്ടു കൊണ്ട് തയ്യാറാക്കപ്പെട്ടതായിരുന്നു ആ പ്രമേയം.

എല്ലാ അര്‍ത്ഥത്തിലും മാര്‍ക്‌സിസ്റ്റ് - ലെനിനിസ്റ്റ് കാഴ്ച്ചപ്പാടില്‍ ഇന്ത്യന്‍ സാഹചര്യത്തിനിണങ്ങും വിധം പ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങളുടെ ആഗ്രഹങ്ങളെ വിസ്മരിക്കാതെ വേണം പാര്‍ട്ടി നിലപാടുകള്‍ എന്ന് അന്നു തന്നെ കേന്ദ്ര കമ്മിറ്റി കണ്ടിരുന്നെങ്കിലും വിപ്ലവ കാഴ്ച്ചപ്പാടുകളില്‍ നിന്നും പ്രസ്ഥാനത്തെ കടുകിട വ്യതിചലിക്കാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോവുന്നത് അറിയാന്‍ പാര്‍ട്ടിക്ക് ബംഗാളിലെ തോല്‍വി വരെ കാത്തിരിക്കേണ്ടതായി വന്നു.

അനാചാര - അന്ധവിശ്വാസ പ്രവണതകളോട് സന്ധി ചേരരുത്, ആര്‍ഭാടങ്ങളെല്ലാം വര്‍ജ്ജിക്കണം, സമരമായിരിക്കണം വിജയ തന്ത്രം, ആര്‍ക്കു വേണ്ടിയാണോ പാര്‍ട്ടി സമരത്തിനിറങ്ങുന്നത് അവരെ അതില്‍ ഭാഗവാക്കാക്കണം, ആര്‍ഭാടം അരുത്, മിതത്വം പാലിക്കണം തുടങ്ങിയ കാര്യങ്ങള്‍ നടപ്പില്‍ വരുത്താനാണ് കീഴ്ഘടകങ്ങളോട് കേന്ദ്ര കമ്മറ്റി അന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ മാര്‍ക്‌സിയന്‍ കാഴ്ച്ചപ്പാടിന്റെ വേരോട്ടത്തിനു ഇന്ത്യന്‍ ജനതയുടെ ഹിതത്തിനു വിപരീത ദിശ രൂപപ്പെടുത്തുക അസാധ്യമാണെന്ന തിരിച്ചറിവാണ് പാര്‍ട്ടിയെ തേടിയെത്തിയത്. യേശുവാണ് ശരി എന്ന മന്ത്രത്തിലേക്ക് പാര്‍ട്ടി എത്തിച്ചേരാനും, വിവേകാന്ദ സ്വാമിയെ അംഗീകരിക്കാനും, ഗുരു ദിനം മുതല്‍ ചട്ടമ്പി ദിനം വരെ ആചരിക്കാനൂം പാര്‍ട്ടി നിര്‍ബന്ധിതമായി.

അങ്ങനെ വരാന്‍ കാരണം സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടില്‍ നിന്നും ട്രാക്ക് മാറി ജനം സഞ്ചരിക്കുന്നുവെന്ന് മനസിലായതാണ്. കേന്ദ്ര കമ്മറ്റിയുടെ ആഗ്രഹവും, ജനങ്ങളുടെ ജീവിത രീതിയും തമ്മില്‍ പൊരുത്തപ്പടാതെ വരുമ്പോള്‍ അത് വിപരീത ദിശയിലുള്ള ആശയ സംഘട്ടനങ്ങളായി മാറുന്നുവെന്ന് പാലക്കാട് പ്ലീനത്തില്‍ ചര്‍ച്ച വരാന്‍ ഇതൊക്കെയാണ് കാരണം. അതുകാരണം പാര്‍ട്ടി ആഗ്രഹിച്ചതു പോലെ ദുര്‍വ്യയം, ആഡംബര വിവാഹം, ധുര്‍ത്ത് ഇവയെയെല്ലാം സമുഹത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പ്രസ്ഥാനത്തിനോ അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ കഴിയാതെ വന്നു. ഇതൊരു സ്വയം വിമര്‍ശനം കൂടിയാണ്.

മരണാനന്തര ചടങ്ങുകള്‍ ലഘൂകരിക്കുന്ന കാര്യത്തിലെന്ന പോലെ പ്രശ്‌ന, മന്ത്രാദി ചിന്തകളില്‍ നിന്നും ഗണപതിഹോമം തുടങ്ങിയ വിശ്വാസങ്ങളില്‍ നിം പാര്‍ട്ടി അണികളെ പിന്തിരിപ്പിക്കാന്‍ പരിമിതികളുണ്ടാകുന്നുവെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞു.  ജനങ്ങളുടെ ശീലങ്ങളോടൊട്ടി നില്‍ക്കാതെ പാര്‍ട്ടി പ്രവര്‍ത്തനം അസാധ്യമാണെന്ന സ്ഥിതി വന്നു. നേതാക്കള്‍ ജനഹിതത്തിനെതിരെ അഭിപ്രായം പറയാന്‍ മടിച്ചു. പ്രത്യയശാസ്ത്ര പൂര്‍ത്തീകരണം നിര്‍വ്വഹിക്കാന്‍ നേതാക്കള്‍ക്ക് സാധിക്കാതെ വരുന്നത് ഇത്തരം സാഹചര്യങ്ങള്‍ മുന്നിലുള്ളതു കൊണ്ടാണ്. പാര്‍ട്ടിയുടെ മുഖ്യ ശത്രുവായ മതം കൊണ്ട് കളിക്കുന്ന രാഷ്ട്രീയ കക്ഷി തൊട്ടു മുമ്പില്‍ ഭീക്ഷണി ഉയര്‍ത്തി നില്‍ക്കുന്നത് എങ്ങനെ കാണാതെ പോകും.

കോണ്‍ഗ്രസിനോടൊപ്പം പോലും തരം പോലെ സഖ്യം ചേരാന്‍ പാര്‍ട്ടി ധൃതി കാണിച്ചതും ഇത്തരം വിട്ടു വീഴ്ച്ചകളുടെ ഫലമായിരുന്നുവല്ലോ. പാര്‍ട്ടിയുടെ ജീവരക്തമായ അടവു നയത്തിനു വഴിപിഴച്ചത് ഇങ്ങനെയൊക്കെയാണ്. മാറി വരുന്ന സാഹചര്യങ്ങള്‍ നന്നായി മനസിലാക്കിയ പാര്‍ട്ടി അണികളുടേയും പ്രവര്‍ത്തകരുടേയും ജീവിത രീതികളില്‍ മാര്‍ക്‌സിസം നിഷ്‌ക്കര്‍ഷിക്കും വിധം കര്‍ശനമായി ഇടപെട്ടില്ല. പകരം പാര്‍ലിമെന്ററി വ്യാമോഹം ശമിപ്പിക്കാനും, അതുവഴിയുള്ള വിഭാഗീയതയും അവസരവാദവും തടയാനുമുള്ള പ്രവര്‍ത്തനത്തില്‍ കേന്ദ്ര കമ്മറ്റി വ്യാപൃതരായി. ഇവിടുത്തേതിനേക്കാള്‍ നാറ്റം അവിടെയായിരുന്നു.

1977 ന് ശേഷം പാര്‍ട്ടി കൈ കൈകോര്‍ത്തു പിടിച്ച ഭൂര്‍ഷ്വാ പാര്‍ലിമെന്ററി അധികാര മോഹത്തിന്റെ സന്തതികളായിരുന്നു ഇത്തരം ദൗര്‍ബല്യങ്ങളെന്ന് 17ാം പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തതും തിരുത്തല്‍ ആവശ്യപ്പെട്ടതിന്റെയും പൊരുള്‍ ഇതൊക്കെയാണ്. രാഷ്ട്രീയപരവും, സംഘടനാപരവും, പ്രത്യയശാത്രപരവുമായി ഒരേ നിരക്കില്‍ പാര്‍ട്ടി ഉയര്‍ത്തെഴുന്നേല്‍ക്കണമെന്ന 1996 ഒക്‌റ്റോബറിലെ ആഗ്രഹത്തിനെ വിശേഷിപ്പിച്ചിരുന്നത് പാര്‍ട്ടിയുടെ ത്രിമാന തിരുത്തല്‍ പ്രകൃയ്യ എന്നാണ്.

തുടര്‍ന്നു പലവൂരു പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്നു. അടവു നയം രൂപപ്പെടുത്തി. ഏറ്റവും ഒടുവിലായി പാലക്കാട്ടും ബംഗാളിലും പ്ലീനം നടന്നിട്ടും പാര്‍ട്ടി വന്നുപെട്ട ദൗര്‍ബല്യം വിലയിരുത്താനല്ലാതെ ചെറുക്കാന്‍ നേതൃത്വത്തിനു കഴിഞ്ഞില്ല. കോടിയേരിക്കു വേണ്ടി നടന്ന പൂമൂടല്‍ പൂജയും, ഗണപതി ഹോമം സാര്‍വത്രികമായതും, പാര്‍ട്ടിയുടെ ഒത്താശയോടെ തിടമ്പു നൃത്തവും, ശ്രീകൃഷ്ണ ജയന്തിയും, ചാക്കു രാധാകൃഷ്ണന്മാരും, സാന്ദിയാഗോ മാര്‍ട്ടിനും മറ്റും ന്യായികരിക്കപ്പെട്ടതുമെല്ലാം അതിനുള്ള ഉദാഹരണങ്ങളാണ്.

പാലക്കാട് പ്ലീനത്തില്‍ വെച്ച് പാര്‍ട്ടി ഉറപ്പിച്ചു പറഞ്ഞ  അന്ധവിശ്വാസ - പുരോഗമന വിരുദ്ധ കാഴ്ച്ചപ്പാടുകള്‍, മുതലാളിത്ത പ്രവണതളെ സ്വന്തം ജീവിതത്തിലും സമുഹത്തില്‍ നിന്നു പോലും അകറ്റി നിര്‍ത്തുമെന്ന പ്രതിജ്ഞ, അമിത തെരെഞെടുപ്പ് വ്യാമോഹ ജ്വരം, ധൂര്‍ത്തിനെ തടഞ്ഞുള്ള ലളിത ജീവിത ശൈലി, മിതത്വം ഇവ ജീവിതത്തിലും സമൂഹത്തിലും പ്രയോഗിക്കണം തുടങ്ങിയ തത്വങ്ങള്‍ സിപിഐയിലെ എംഎല്‍എ ഗീത ഗോപിയേപ്പോലെ സഖാവിന്റെ മകളുടെ വിവാഹത്തില്‍ ലംഘിക്കപ്പെട്ടില്ലെന്നു മാത്രമല്ല, സിപിഐയുടെ മന്ത്രി ഇ ചന്ദ്രശേഖരന്‍ വരെ വധുവരന്മാരെ ആശിര്‍വദിക്കാനെത്തി. 95ല്‍ നിശ്ചയിച്ച തെറ്റു തിരുത്തല്‍ 2016ലെങ്കിലും നടപ്പിലാക്കണമെന്ന പാര്‍ട്ടി തിരുമാനം മറ്റു പല വേദികളിലും നിസാരവത്കരിക്കപ്പെട്ടത് സമകാലികത്തില്‍ നാം കണ്ടതു കൂടിയാണ്.

അല്ലെങ്കിലും ആഘോഷങ്ങളില്ലാത്ത ഒരു സമൂഹം പിന്നെന്തിനു ഈ ഭുവില്‍. കൊട്ടും കുരവയേയും ആക്ഷേപിച്ച് ഒരു ജനതക്ക് എങ്ങനെ കഴിയാന്‍ സാധിക്കും. ആഹ്ലാദവും ആഘോഷങ്ങളും ഒരുമിച്ചു ചേര്‍ന്ന് അനുഭവിക്കുന്ന പ്രതിഭാസമാണ് കല്യാണം. വിവാഹമെന്നാലും അതു തന്നെ. മനുഷ്യന്റെ മനസ്സ് സദാ ആഹ്ലാദഭരിതമാകാന്‍ എന്തെല്ലാമോ അതൊന്നും തന്നെ മുടക്കുന്ന പ്രതിഭാസമല്ല ഇന്ത്യയില്‍ നിലനില്‍ക്കേണ്ടുന്ന കമ്മ്യൂണിസം. മുന്‍ എംഎല്‍എ കൂടിയായ സി എച്ച് സമുഹം ആഗ്രഹിക്കുന്ന ഒരു രീതി അവര്‍ക്കു കൂടിയായി ഇവിടെ പ്രയോഗിക്കപ്പെട്ടു എന്നു എടുത്തു പറയുന്നതിനോടൊപ്പം ഒരു മത ചിഹ്നങ്ങളും പ്രകടമാക്കാതെ ജനപ്രതിനിധികളുടേയും രാഷ്ട്രീയക്കാരുടെയും സാന്നിധ്യത്തില്‍ ജനങ്ങളുടെ ആഘോഷമായി മാറുകയായിരുന്നു വിവാഹ ചടങ്ങ്.

വളക്കൂറുള്ള കേരളത്തിന്റെ മണ്ണില്‍ ഒരു കാലത്ത് തഴച്ചു വളര്‍ന്ന പാര്‍ട്ടിയാണ് സിപിഎം. ബ്രഹത്തിന്റെ ഒരു കവിത ഇവിടെ ഓര്‍മ്മ വരുന്നു. 'മുറ്റത്ത് വളരുന്ന മരം വെറും പാഴ്മരം. മണ്ണ് മോശമായതു കൊണ്ടാണത് പുഷ്പിക്കാതെ പോകുന്നത്. എന്നാല്‍ വഴിപോക്കര്‍ ശപിക്കുന്നത് മരത്തേയാണ്'.

വിപ്ലവ ബോധത്തിന്റെ വളം കെട്ടു പോയ തരിശു നിലത്തില്‍ വളരുന്ന പ്രസ്ഥാനമായതിനാലാണോ 1977 മുതലിങ്ങോട്ട് അടിക്കടി  ഈ പാര്‍ട്ടിയില്‍ കണ്ടു വരുന്ന വാട്ടവും ഇലകൊഴിച്ചിലും? പുതിയ രാസ സംയോഗങ്ങള്‍ നല്‍കി അതിനെ രക്ഷപ്പെടുത്തുകയാണ് വേണ്ടത്. കൃത്രിമ ഇലകള്‍ തുന്നിക്കെട്ടിയും ശാഖകളില്‍ ചായം തേച്ചു പിടിപ്പിച്ചും എത്രനാള്‍ നിലനിര്‍ത്താനൊക്കും ഈ പച്ചപ്പ്? ബ്രഹത്തിന്റെ കവിതക്കുള്ള മറുപടി സി എച്ചിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് നേരിട്ടനുഭവിച്ചറിയാന്‍ കഴിയും.

Keywords:  Article, Prathibha-Rajan, Kerala, CPM, MLA, Manjeshwaram, Political party, Politics, CH Kunhambu, Former MLA, Kasargod, Geetha Gopi MLA, Controversy, Wedding, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia