city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാമദേവനെ പ്രണയിച്ച പൂരക്കാലം

(www.kasargodvartha.com 11.04.2017) പൂരം കഴിഞ്ഞു. പൂരം പൂക്കളുടെ കൂടി ഉത്സവമാണ്. കടുത്ത വേനലിനെ അതിജീവിച്ച് ചെത്തി മുതല്‍ ചെമ്പരത്തി വരെ ചിരിച്ചുല്ലസിച്ച നാളുകള്‍. മനുഷ്യന്‍ ഇനിയും ബാക്കി വെച്ച കാടുകളില്‍ നരയമ്പൂവും ചെക്കിപ്പൂവും തേടി കുട്ടികള്‍ അവരുടെ മുത്തശ്ശിയുമൊത്ത് കാടു താണ്ടിയ വാരം. വലിഞ്ഞു കേറിയാല്‍ ഒടിയുമെന്നുറപ്പുള്ള ചെമ്പകത്തില്‍ ചാടിക്കേറി പൂപറിക്കുന്ന കുറുമ്പന്മാരുടേയും കുറുമ്പികളുടേയും കാലം.

പൂക്കളുടെ പൂരം പെണ്‍കുട്ടികളുടേതു കൂടിയാണ്. അവരുടെ ഭാവി വരന്റെ രൂപമുണ്ടാക്കി അതിനു പൂരച്ചോറും, ഓട്ടു മങ്ങണത്തില്‍ ചുട്ട അപ്പവും, ചെരങ്ങക്കറിയും വിളമ്പി ഊട്ടി വയര്‍ നിറച്ച് വരും കൊല്ലത്ത് നേരത്തെ കാലത്തെ എത്തണേ കാമാ എന്ന് ആശ്ലേഷിച്ച് അവരുടെ കാന്തനെ യാത്രയാക്കുന്ന ചടങ്ങുകള്‍. ഒരു വാരം മുഴുവനും നീണ്ടു നില്‍ക്കുന്നു വടക്കേ മലബാറിന്റെ പൂരം. സൗന്ദര്യത്തിന്റെ, പ്രണയ സാഫല്യത്തിന്റെ പ്രതിരൂപമാണ് കാമദേവന്‍. ദേവനെ വീട്ടിലേക്കെഴുന്നള്ളിക്കുന്ന പൂരം മനസിലേക്ക് ഭാവി വരനെ സ്വീകരിക്കാനൊരുങ്ങുന്ന പെണ്‍കുട്ടികള്‍ക്കുള്ളതാണ്.

മീന മാസത്തിലെ കാര്‍ത്തിക മുതല്‍ പൂരംനക്ഷത്രം വരെയുള്ള നാളുകള്‍ അവര്‍ അവരെ ഭാവി വരനു വേണ്ടി ആഘോഷിക്കുന്നു. കോപാകുലനായ ശിവന്റെ മൂന്നാം കണ്ണിനാല്‍ ഭസ്മമായിപ്പോയ സൗന്ദര്യത്തിന്റെ, പ്രണയത്തിന്റെ, ഭാവിയുടെ പ്രതിപുരുഷനായ കാമദേവനെ പുനര്‍ജീവിപ്പിക്കാന്‍ രതിദേവി നടത്തുന്ന യജ്ഞത്തെ ഓര്‍മ്മിപ്പിക്കുന്ന ഉത്സവമാണിത്.

കാമദേവനെ പ്രണയിച്ച പൂരക്കാലം

രതി തന്റെ ഇഷ്ട ദേവനോട് യാചിക്കുന്നു. എന്റെ കാന്തനെ, കാമനെ മഹാദേവന്‍ ശപിച്ച് ഭസ്മമാക്കിയിരിക്കുന്നു. തിരിച്ചു തരണം, ജീവനോടെ. ഭവാന്‍ പറഞ്ഞു. പ്രയാസപ്പെടണ്ട. രതി ഒരു കാര്യം ചെയ്യൂ. പൂക്കള്‍ കൊണ്ട് കാമവിഗ്രഹം ഉണ്ടാക്കി ധ്യാനിക്കുക. വടക്കേമലബാറിലെ പെണ്‍കുരുന്നുകള്‍ തന്റെ ഭാവി വരന് ഐശ്വര്യമുണ്ടാകുവാന്‍ പൂക്കള്‍ കൊണ്ട് രൂപമുണ്ടാക്കി ധ്യാനിക്കൂ. ആയുരാരോഗ്യ സൗഖ്യത്തിനായ് പ്രയത്നിക്കൂ. അതാണ് വടക്കന്‍ പൂരവും, പെണ്‍കുട്ടികളുടെ കാമന്‍ നിരത്തലും.

എല്ലാ വിധ പൂക്കളും അതിനായുപയോഗിക്കില്ല. വഴിയോരങ്ങളില്‍ താനേ വിരിയുന്ന ചെക്കി, കടുത്ത ചൂടില്‍ മന്ദഹസിക്കുന്ന ചെമ്പകം, പുഴക്കരയില്‍ വിരിയുന്ന മുള്ളമ്പൂ, കൂറ്റിക്കാടുകള്‍ക്കിടയില്‍ ഒറ്റപ്പെട്ടു പോയ പുലാഞ്ചി തരുന്ന നരയമ്പൂ, ശരീരം മുഴുവനും മുള്ളു നിറഞ്ഞ് കുന്നില്‍ അകറ്റി നിര്‍ത്തിയിരിക്കുന്ന മുരിക്കിന്‍പൂ ഇതൊക്കെയാണ് പഥ്യം.

പ്രണയത്തിന്റെ പ്രതിരൂപമായ കാമന് കിട്ടിയ ശിക്ഷ പൂക്കളിലെ തെരഞ്ഞെടുപ്പിലും കാണാം. പൂക്കള്‍ കൊണ്ട് കാമനെ തീര്‍ത്ത് കുട്ടികള്‍ പൂജിക്കുന്നു. പൂരക്കഞ്ഞി നേദിക്കുന്നു. പൂരയടയുണ്ടാക്കുന്നു. കാമന്‍ കഴിച്ച ഉച്ചിഷ്ടം തിന്നുന്നു. നേരത്തേക്കാലത്തേ വാ കാമാ എന്ന് ആശ്ലേഷിച്ച്് പറഞ്ഞയക്കുന്നു. തൊടിയിലെ വരിക്കപ്ലാവിന്‍ ചോട്ടിലാണ് ദേവന്റെ ശിക്ഷ കിട്ടിയ കാമനെ അടക്കം ചെയ്യുക. അതോടെ വീട്ടിലെ പൂരത്തിനു സമാപനം.

പെണ്ണിനു മാത്രമായുള്ളതല്ല പൂരം. മകം പിറന്ന മങ്കയും പൂരം പിറന്ന പുരുഷനും യോഗ്യരെന്നാണല്ലോ പഴമൊഴി. ക്ഷേത്രങ്ങളിലെ പൂരോത്സവങ്ങളില്‍ പൂരക്കളി നിര്‍ബന്ധമാണ്. ശരീരത്തിലാകമാനം എണ്ണ തേച്ച് ഷര്‍ട്ടിടാതെ ഒറ്റമുറി തോര്‍ത്തുടുത്തു യുവാക്കള്‍ അടക്കം പൂരക്കളിയില്‍ വ്യാപൃതമാവും. പെണ്‍കുട്ടികള്‍ കാണാനെത്തും. പുരുഷന്റെ നഗ്‌ന ശരീരം, അതിലടങ്ങിയിരിക്കുന്ന ഊര്‍ജ്ജം, ഓജസ്, മെയ് വഴക്കത്തിലെ സൗന്ദര്യം കണ്ടാസ്വദിക്കാനുള്ള അവസരം കൂടിയാണ് പൂരക്കളി.

വസന്തത്തിന്റെ മകനാണ് പൂരക്കളി. കാണാനെത്തുന്ന കൗമാരക്കാര്‍ അപ്പോള്‍ തന്നെ തങ്ങളുടെ കാമദേവനെ സ്വയം വരിക്കാനുള്ള അവസരം കൂടിയാണ് ഈ കല. പുരക്കളി കല മാത്രമല്ല, സൗന്ദര്യ പ്രദര്‍ശനം കൂടിയാണ്. ഇത് പ്രണയത്തിന്റെ, ഇഷ്ടപ്പെടലിന്റെ, ഭാവിയിലേക്കുള്ള കാത്തിരിപ്പിന്റെ കല കൂടിയാണ്.

നേര്‍ക്കാഴ്ച്ചകള്‍.. പ്രതിഭാരാജന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha-Rajan, Kerala, Childrens, Temple, Love, Flowers, Pu ram and festival.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia