city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാത്തിരിക്കാം... പ്രതീക്ഷയുടെ സൂര്യോദയങ്ങള്‍ക്ക്

സ്വഫ്‌വാന്‍ ചെടേക്കാല്‍

(www.kasargodvartha.com 01.01.2019) ഒരു വര്‍ഷം കൂടി നമ്മോട് യാത്ര പറഞ്ഞു. മാറ്റാന്‍ ദുശ്ശീലങ്ങളോ പുതിയ പദ്ധതികളോ ഇല്ലാതെയും നമുക്ക് ഇനി വരുന്ന വര്‍ഷങ്ങളേയും സ്വീകരിക്കാം. എങ്കിലും അറിയാതെ ആഗ്രിഹിച്ചു പോവുന്നില്ലെ, ജിവിതത്തില്‍ എന്തെങ്കിലും മാറ്റം വേണമെന്ന്?

കഴിഞ്ഞ് പോയതിനെ ഓര്‍ത്ത് വിലപിക്കുന്നതില്‍ കാര്യമില്ല, വരാന്‍ പോകുന്ന ദിവസങ്ങളെ വ്യക്തമായ മുന്‍വിധിയോടെ കാണാന്‍ ശ്രമിച്ചാല്‍ ഇനിയൊരിക്കലും ദുഖിക്കേണ്ടി വരില്ല. വര്‍ഷങ്ങള്‍ ഓരോന്നും കഴിയുന്തോറും നമുക്ക് മാത്രമെ മാറ്റമില്ലാതെയുള്ളു.. കാലവും കാലചക്രവും ദേശങ്ങളും ചുറ്റുപാടുകളും നമ്മളറിയാതെ തന്നെ മാറിയിരിക്കുന്നു, അവസാനം ഇതിനെല്ലാം മൂകസാക്ഷിയായി നാം പറയും, കാലം വല്ലാത്തെ മാറിയിരിക്കുന്നുവെന്ന്.
കാത്തിരിക്കാം... പ്രതീക്ഷയുടെ സൂര്യോദയങ്ങള്‍ക്ക്

ചുമരുകളില്‍ തൂക്കിയിട്ട കലണ്ടറുകള്‍ ലാഘവത്തോടെ എടുത്തുമാറ്റുമ്പോള്‍ നമ്മുടെ ആയുസ്സിന്റെ പുസ്തകത്തില്‍ നിന്നും ഒരേട് കുറയുന്നത് നമ്മളറിയുന്നില്ല. ജന്മദിനങ്ങള്‍ വരുമ്പോള്‍ തീയ്യതികള്‍ കുറിച്ചിടുന്ന നമ്മള്‍ കലണ്ടറിന്റെ ഏതോ ഒരു പേജില്‍ മരണത്തിന്റെ തിയ്യതിയും കുറിക്കപ്പെട്ടിട്ടുണ്ടെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

കൊഴിഞ്ഞുപോയ ദിവസങ്ങളോട് നന്ദി പറയാം... ഒരുപാട് തിരിച്ചറിവുകള്‍ സമ്മാനിച്ചതിന്, സ്‌നേഹിച്ചവരോട്, സഹായിച്ചവരോട്, അറിവ് പകര്‍ന്നവരോട്, തിരിച്ചറിവ് നല്‍കിയവരോട്, താങ്ങും തണലുമായി നിന്നവരോട്, വെറുത്തവരോട്, കാപട്യം കാണിച്ചവരോട്, തളര്‍ന്ന് പോയ നിമിഷത്തില്‍ കൈനീട്ടി വിളിച്ചവര്‍, തളര്‍ച്ചയില്‍ നിന്ന് കരകയറാന്‍ അവസരങ്ങളുണ്ടായിട്ടും വിശ്വസിച്ചതിന്റെ പേരില്‍ മാത്രം നഷ്ടങ്ങള്‍ സമ്മാനിച്ചവരോട്. ആരോടും പരാതിയില്ലാതെ പരിഭവമില്ലാതെ പുതുവര്‍ഷം ഐശ്വര്യപൂര്‍ണമാകാന്‍ പ്രാര്‍ത്ഥിക്കാം.

പ്രതീക്ഷയുടെ സെക്കന്റുകള്‍, ശ്വാസമടക്കിപ്പിടിച്ച മിനിറ്റുകള്‍, എണ്ണിതീര്‍ത്ത ദിവസങ്ങള്‍, ആഹ്ലാദത്തിന്റെ ആഴ്ച്ചകള്‍, കാത്തിരിപ്പിന്റെ മാസങ്ങള്‍ എല്ലാം ഒരു പാഠമായിരുന്നു. ഒര്‍മകള്‍ക്ക് മീതെ ചിതലരിക്കാതിരിക്കാനുള്ള വെറും നേരംപോക്കുകള്‍..., അപസര്‍പ്പക കഥകളിലെ കഥാപാത്രങ്ങളുടെ റോള്‍ മാത്രമാണ് ചിലര്‍ക്കീ ജീവിതം. എത്ര കണ്ടാലും പഠിക്കാത്തവന്റെ രോധനങ്ങള്‍ക്കെന്തുവില? വര്‍ഷങ്ങള്‍ മാറിമാറി വരുമ്പോള്‍ മാത്രം എടുക്കുന്ന തീരുമാനങ്ങള്‍ എന്നും പാതിവഴിയിലുപേക്ഷിക്കുന്നവരല്ലെ നമ്മള്‍?

ചെയ്തുപോയ തെറ്റുകള്‍ തിരുത്താനാവില്ല.., പക്ഷേ, അവയില്‍ നിന്നു പാഠം ഉള്‍ക്കൊള്ളാനാകും... വ്യക്തിയില്‍ നിന്നാണ് സമൂഹം ഉണ്ടാകുന്നതും രാഷ്ട്രം ജനിക്കുന്നതും.. വ്യക്തിമനസ്സ് വൃത്തിയായാല്‍ മാത്രമേ ലോകത്തിന്റെ സ്വഭാവം മാറുകയുള്ളൂ... എല്ലാവരും ചിന്തിക്കുന്നത് ലോകത്തെ മാറ്റുന്നതിനെ കുറിച്ചാണ്.., ആരും തന്നെ സ്വയം മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നേയില്ല... ലോകത്തെ സമൂലം മാറ്റിമറിക്കാന്‍ നമുക്കു കഴിയില്ലായിരിക്കാം.. എന്നാല്‍ നമ്മളില്‍ മാറ്റം വരുത്താന്‍ നമുക്കു സാധിക്കും...

ദൃശ്യശ്രാവ്യ മാധ്യമങ്ങളിലെ തലകെട്ടുകളില്‍ സ്ഥാനം പിടിച്ചിരുന്ന ന്യൂസുകളൊക്കെ ആഴ്ചകളുടെയോ മാസങ്ങളുടെയോ വ്യത്യാസത്തില്‍ അപ്രസക്തമാവുന്നു. ചര്‍ച്ചകളും സമരങ്ങളും പ്രക്ഷോഭങ്ങള്‍ വരെ നടന്ന സംഭവങ്ങള്‍ക്കിന്ന് നമ്മുടെ ഓര്‍മയില്‍ പോലും സ്ഥാനം നഷ്ടപ്പെട്ടിരിക്കുന്നു. അക്രമങ്ങള്‍, കൊലപാതകങ്ങള്‍, പീഢനങ്ങള്‍, ദുരന്തങ്ങള്‍ ഇങ്ങനെ പോവുന്ന ഒരുവര്‍ഷത്തെ സംഭവവികാസങ്ങള്‍ പോലും നമുക്ക് ഗുണപാഠം നല്‍ക്കുന്നില്ല. മറക്കുന്നവരോ മറവി അഭിനയിക്കുന്നവരോ ആയി നാം മാറിയിരിക്കുന്നെന്ന സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു.

ദുരന്തമുഖത്ത് പേമാരിയും പ്രളയവും ഒന്നിച്ച് വന്നപ്പോള്‍ പകച്ച് നിന്നവരാണ് നമ്മള്‍, സഹായവും സഹകരണവും കരുതലും സ്‌നേഹവും തലോടലും കൊണ്ട് ലോകത്തിന് മുന്നില്‍ നട്ടെല്ല് നിവര്‍ത്തി നിന്നവരാണ് നാം മലയാളികള്‍. മരണസംഖ്യ വര്‍ധിക്കാതെ നോക്കാന്‍ നമ്മള്‍ അക്ഷീണ പ്രയത്‌നം നടത്തി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ളവര്‍ ഒരു മെയ്യും മനസ്സുമായി പ്രവര്‍ത്തിച്ച ആ നല്ല കാലം. രോഗം മൂര്‍ച്ചിച്ചില്ല, ഭക്ഷണത്തിനോ വസത്രത്തിനോ മരുന്നിനോ ചികിത്സക്കോ ബുദ്ധിമുട്ടേണ്ടി വന്നില്ല, എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിച്ചതിന്റെ പരിണിത ഫലമായിരുന്നു അത്.

കാരുണ്യത്തിന്റെ കരങ്ങളുമായി കടലിനക്കരെ നിന്നും കരുതലിന്റെ കൈത്താങ്ങുകള്‍ നേരിട്ടിറങ്ങിയ ദൈവത്തിന്റെ സ്വന്തം മണ്ണാണ് ഈ കൊച്ചു കേരളം. ഇതര സംസ്ഥാനങ്ങളില്‍ മാത്രം കണ്ടിരുന്ന പ്രളയവും ദുരിതാശ്വാസ ക്യമ്പുകളും നമുക്ക് ചുറ്റും സംഭവിച്ചപ്പോള്‍ ഒന്ന് പകച്ച് പോയവരാണ് നാം. ദുരന്ത മുഖത്ത് നിഷ്‌ക്രിയനായി കൈയ്യും കെട്ടി നില്‍കാതെ തോളോടുതോള്‍ ചേര്‍ന്ന് പ്രതിസന്ധികളെ തരണം ചെയ്തവരാണ് നാം, ദേശീയ മാധ്യമങ്ങളും അന്തര്‍ദേശീയ മാധ്യമങ്ങള്‍ വരെ കേരളത്തിന്റെ ഒത്തൊരുമയും മനക്കരുത്തും സഹവര്‍തിത്വവും വാനോളം പുകഴ്ത്തിപ്പറഞ്ഞിരിക്കുന്നു.

മതതിന്റെ പേരിലോ വര്‍ഗ്ഗീയതയുടെ പേരിലോ ഒരു ക്രമിനല്‍ കേസ് പോലും രേഖപ്പെടുത്താത്ത കാലമായിരുന്നു പ്രളയം നമുക്ക് സമ്മാനിച്ചത്. അയല്‍ വീടുകളില്‍ അഭയം പ്രാപിച്ചവന് തന്റെ സഹായം തേടിവരുന്നവന്റെ മതവും വര്‍ഗവും നിറവും നോക്കാന്‍ സമയമുണ്ടായില്ല, പള്ളിയും അമ്പലവും ചര്‍ച്ചുമെല്ലാം ദുരിതാശ്വാസ ക്യാമ്പായി മാറാന്‍ അധിക ദിവസമൊന്നും വേണ്ടിവന്നില്ല.

മഴവെള്ളമിറങ്ങി ദിവസങ്ങള്‍ക്കകം നാം വീണ്ടും പഴയ സ്വാഭവത്തിലേക്കുതന്നെ തിരിച്ച് പോയിരിക്കുന്നു, വര്‍ഗീയതയും മതഭ്രാന്തും കാമവെറിയും കൊണ്ട് ദൈവത്തിന്റെ നാട് വീണ്ടും മലീമസമായിരിക്കുന്നു. പ്രളയം കൊണ്ട് ശുദ്ധികലശം നടത്തിയിട്ടൊന്നും മനുഷ്യന്റെ മനസ്സിലെ അഴുക്കും കറയും മായ്ക്കാന്‍ പറ്റുന്നില്ല. ഉണരണം നമ്മള്‍.. ദുരിതാശ്വസ ക്യമ്പുകളില്‍ ഉറക്കമൊഴിച്ച് പ്രവര്‍ത്തിച്ചവര്‍ക്കിന്നെന്തുപറ്റി? സഹായഹസ്തങ്ങളുമായി പ്രളയഭൂമിയിലേക്ക് ഘോഷയാത്ര നടത്തിയവര്‍ ഇന്നെവിടെയാണ്?

മനുഷ്യമനസ്സിന്റെ ചിന്തകളില്‍ അഴുക്ക് കെട്ടിനിന്നപ്പോള്‍ പ്രകൃതി ദുരന്തത്തിന്റെ രൂപേണ ദൈവം നമ്മളെ പരീക്ഷിച്ചു. ചുറ്റുപാടിലും ഒലിച്ചുപോവുന്ന വീടും കൃഷിയിടങ്ങളും കണ്ടപ്പോള്‍, മണ്ണിടിച്ചില്‍ നാടും വീടും ഇല്ലതായപ്പോള്‍, മരണത്തിന്റെ മാലാഖമാര്‍ കൂടെപിറപ്പിനേയും കൊണ്ടുപോയപ്പോള്‍ ദൈവഭയം നമ്മളെ വേട്ടയാടിയിരുന്നു. അതുകൊണ്ടാണല്ലോ കുറച്ച് ദിസത്തേക്കെങ്കിലും നാമെല്ലാം ഒന്നായത്.

ഇന്നത്തെ സ്ഥിതിവിശേഷമെന്താണ്.. ദുരന്തമുഖത്തുനിന്നും അത്രയൊന്നും ദൂരെ നാം സഞ്ചരിച്ചിട്ടില്ല, അപ്പോഴേക്കും നാം പഴയ സ്വഭാവശുദ്ധിയിലേക്കുതന്നെ തിരിച്ച് പോയിരിക്കുന്നു,. കൊലയും കൊള്ളയും പീഢനവും വര്‍ഗ്ഗീയതയുമായി പത്രമാധ്യമങ്ങള്‍ വീണ്ടും കഥരചിക്കാന്‍ തുടങ്ങിയില്ലെ?

പ്രതീക്ഷയുടേയും വിശ്വാസത്തിന്റെയും പുത്തന്‍പുലരി സമ്മാനിച്ച് പുതുവര്‍ഷം നമ്മിലേക്ക് സമാഗതമായിക്കഴിഞ്ഞു. പുതുവത്സരത്തില്‍ നമ്മളും പുത്തനാവണം, ചിന്തയിലും വിശ്വാസത്തിലും പ്രവര്‍ത്തിയിലും പുതുമ കൊണ്ടുവരാന്‍ ശ്രമിക്കണം. മനസിനെയും ശരീരത്തെയും ആത്മവിശ്വാസം കൊണ്ട് ഉണര്‍ത്തിയെടുക്കാനാണ് ശ്രമിക്കേണ്ടത്. സഹകരണത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഒരാണ്ടിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia