city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആവുമോ ചെറുപ്പക്കാരേ പ്രകാശനെ മാതൃകയാക്കാന്‍ ?

കൂക്കാനം റഹ്മാന്‍

(www.kasargodvartha.com 13.04.2014) ആത്മവിശ്വാസവും, ശുഭാപ്തി വിശ്വാസവും സമഞ്ജസമായി സമ്മേളിച്ച വ്യക്തിത്വത്തിന്റെ ഉടമയാണ് നീലേശ്വരത്തെ പരിപ്പുവട പ്രകാശന്‍. ആശയങ്ങളും ആഗ്രഹങ്ങളും മനസില്‍ കൊണ്ടുനടന്ന് സ്വപ്നങ്ങള്‍ കണ്ട് അവ സാക്ഷാല്‍ക്കരിക്കാനുളള തീവ്രശ്രമം നടത്തുന്ന വ്യക്തി. വിജയത്തിലെത്തുമെന്ന ഉറപ്പുളള വ്യക്തി.

പ്രകാശന്‍ ജീവിതത്തില്‍ ഒരുപാട് പരീക്ഷണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. കൊടും ദാരിദ്ര്യം എന്താണെന്ന് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. പട്ടിണി മാറ്റാനുളള വഴി തേടി ഒരുപാട് അലഞ്ഞിട്ടുണ്ട്. ഇതിനൊക്കെ ഒറ്റപരിഹാരമേയുളളൂ വെന്ന് പതിനാലുവയസുകാരന്റെ മനസ് മന്ത്രിച്ചു. അധ്വാനം മാത്രം. കഠിനമായ അധ്വാനം. സത്യസന്ധമായ പ്രവര്‍ത്തനം. വിജയത്തിലെത്താന്‍ കഴിയുമെന്ന് പ്രകാശന്‍ കാണിച്ചു തരുന്നു.

അതിനുളള മകുടോദാഹരണമാണ് നീലേശ്വരത്തിന്റെ ഹൃദയഭാഗത്ത് ആരാലും ആകര്‍ഷിക്കപ്പെട്ടു കൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്ന ഹൗസ് ബോട്ട് മാതൃകയില്‍ നിര്‍മിച്ച 'പരിപ്പുവട വിഭവശാല'. പ്രസ്തുത കെട്ടിട നിര്‍മാണത്തിന്റെ തറയ്ക്കുവേണ്ടി കുഴിയെടുക്കുന്നതു മുതല്‍ തൊട്ടടുത്ത പാന്‍ടെക്ക് ഓഫീസിലിരുന്നു ഞാനത് വീക്ഷിക്കുകയായിരുന്നു. തറ പൂര്‍ത്തിയായതു ശ്രദ്ധിച്ചു. ഗ്രൗണ്ട് ഫ്‌ളോറില്‍ അവസാനിക്കുമെന്നു കരുതി. അതും പൂര്‍ത്തിയായി. വീണ്ടും കെട്ടിടമുയര്‍ന്നു. ഒന്നാം നിലയിലെത്തി. അപ്പോഴേക്കും ആഴ്ചകളും മാസങ്ങളും കടന്നു പോയി. നോക്കിയിരിക്കേ അത് രണ്ടാംനിലയിലേക്ക് കടന്നു. പക്ഷേ അവിടെ ചുമരുകണ്ടില്ല. രണ്ടാംനിലയിലെത്തിയപ്പോള്‍ ഒരു ബോട്ടിന്റെ ആകൃതി കൈവരുന്നതായി തോന്നി.
ആവുമോ ചെറുപ്പക്കാരേ പ്രകാശനെ മാതൃകയാക്കാന്‍ ?
അതാ ടൗണില്‍ ഒരു 'ഹൗസ് ബോട്ട്' വന്ന് നില്‍ക്കുന്നു. യഥാര്‍ത്ഥ ഹൗസ് ബോട്ട്. പഴയ റാന്തല്‍ വിളക്കുപോലും ഘടിപ്പിച്ചിരിച്ചിരുന്നു. റോഡിലൂടെ കടന്നു പോകുന്നവരുടെ ശ്രദ്ധാകേന്ദ്രമായി മാറി പ്രസ്തുത ഹൗസ് ബോട്ട് കെട്ടിടം. ഉദ്ഘാടനവും കെങ്കേമമായി. സാധാരണ സിനിമാ നടീനടന്‍മാരെ കൊണ്ടാണ് സ്വകാര്യ മുതലാളിമാര്‍ തങ്ങളുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനം നടത്താറ്. പക്ഷേ പ്രകാശനെന്ന തൊഴിലാളി ടൂറിസം മന്ത്രി എ.പി അനില്‍ കുമാറിനെ കൊണ്ടുതന്നെ പരിപ്പുവട വിഭവശാലയ്ക്ക് വേണ്ടി പണിത ഹൗസ് ബോട്ട് മാതൃകയിലുളള കെട്ടിടം ഉദ്ഘാടനം ചെയ്യിച്ചിരിക്കുന്നു.

പ്രകാശന് തന്റെ സ്വപ്നം പൂവണിയാന്‍ ക്ഷമയോടെ കാത്തിരിക്കേണ്ടി വന്നു, മാസങ്ങളോളം. ദിവസേന പത്തും ഇരുപതും വിദഗ്ധ തൊഴിലാളികള്‍ പുതുമയുളള ഒരു സൗധത്തിന്റെ നിര്‍മിതിക്കു വേണ്ടി വിയര്‍പ്പൊഴുക്കി. പഴയ പരിപ്പുവട ഹാള്‍ നീലേശ്വരക്കാരുടെയും സമീപവാസികളായ നാട്ടുകാരുടെയും സൗഹൃദ സന്ദര്‍ശന കേന്ദ്രമായിരുന്നു. പ്രകാശന്റെ ഹൃദ്യമായ ചിരിയും ജ്യേഷ്ഠന്‍ പ്രസന്നന്റെ കൈവിരുതില്‍ രൂപപ്പെടുന്ന പരിപ്പുവടയും ഗുണഭോക്താക്കളുടെ അഭിരുചി കണ്ടറിഞ്ഞ് നല്‍കുന്ന വിവിധ തരം ചായയും ഇവിടേക്ക് ആരെയും ആകര്‍ഷിക്കപ്പെടും. സൗഹൃദം പൂക്കുന്ന മനസും, നിശ്ചയദാര്‍ഢ്യത്തോടെയുളള കഠിന ശ്രമവുമാണ് പ്രകാശനെ പുതിയ പുതിയ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുന്നത്.

തന്റെ 14-ാം വയസില്‍ തുടങ്ങിയതാണ് സ്വന്തം കാലില്‍ നില്‍ക്കാനുളള പ്രയത്‌നം. അത് നാല്‍പതിലും തുടരുന്നു. കേവലം 10 ലക്ഷം രൂപയാണ് ഇക്കാലയളവില്‍ മിച്ചം വെക്കാന്‍ കഴിഞ്ഞത്. ധൈര്യം അവലംബിച്ച് കടം വാങ്ങിയാണ് പ്രകാശന്റെ സ്വപ്ന സൗധം പൂര്‍ത്തീകരിച്ചത്.

ശീതീകരിച്ച രണ്ടാം നില കൂള്‍ബാറിനു വേണ്ടിയും ഒന്നാം നില കോണ്‍ഫറന്‍സ് ഹാളായും ഗ്രൗണ്ട് ഫ്‌ളോര്‍ വിഭവശാലയ്ക്ക് വേണ്ടിയും ഒരുക്കിയിരിക്കുന്നു. വിഭവശാലയിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ ഹൗസ് ബോട്ട് വെളളത്തിലാണ് നില്‍ക്കുന്നതെന്നേ തോന്നൂ. ചുറ്റും വെളളമൊഴുകുന്നു. മത്സ്യങ്ങള്‍ തിമിര്‍ത്ത് കളിക്കുന്നു. ആകെ മനോഹരമായ കാഴ്ച.

യുവാക്കള്‍ പ്രകാശനെന്ന ചുറുചുറുക്കുളള ചെറുപ്പക്കാരനെ കണ്ടുപഠിക്കണം. ദുഃസ്വഭാവങ്ങളൊന്നുമില്ല. ഇക്കാലത്തെ അപൂര്‍വ കാഴ്ചയാണത്. പ്രകാശന്റെ ദിവസം ആരംഭിക്കുന്നത് രാവിലെ നാല് മണിക്കും, അവസാനിക്കുന്നത് അര്‍ധരാത്രിക്കടുത്തും. ആവുമോ ചെറുപ്പക്കാരേ പ്രകാശനെ പിന്‍പറ്റാന്‍? മാതൃകയാക്കാന്‍?

യുവാക്കളോട് ഒരുപദേശം കൂടി പ്രകാശന്‍ പറയുന്നു. സ്വന്തം ദുഃഖം പറഞ്ഞു കൊണ്ട് സമയം കളയരുത്. ദു:ഖം മറക്കാന്‍ കൂട്ടുകൂടി സ്വയം നശിക്കരുത്. വരുന്നതു വരട്ടെ എന്നു കരുതി പ്രവര്‍ത്തിച്ചു കാണിക്കണം. അലസത കൈവെടിഞ്ഞേ പറ്റു. സ്വന്തം പ്രശ്‌നങ്ങളും പ്രയാസങ്ങളും പുറത്തു കാണിക്കാനേ പാടില്ല. ഇത് പ്രകാശന്റെ തത്വങ്ങളല്ല ജീവിതത്തില്‍ പകര്‍ത്തി ചെയ്തു കാണിച്ചു തരുന്ന അനുഭവ പാഠമാണ്.

കെട്ടിടം പൂര്‍ത്തിയായപ്പോള്‍ ഉപകരണങ്ങളടക്കം 82 ലക്ഷം രൂപ കവിഞ്ഞു.  പക്ഷേ വിഭവശാലയിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചതിന്റെ ഇരട്ടിയാണ് ആളുകള്‍ വന്നു കയറുന്നത്. എല്ലാം ഭംഗിയായി പരിഹരിക്കാന്‍ കഴിയുമെന്ന് തിരക്കിനിടയിലും പ്രകാശന്‍ ആത്മ വിശ്വാസത്തോടെ പറയുന്നു. സെല്‍ഫ് സര്‍വ്വീസാണ്. വിഭവങ്ങള്‍ നിരവധിയുണ്ട്. ഓര്‍ഡര്‍ പ്രകാരം എടുത്തുതരും. ഇരുന്നോ നിന്നോ കഴിക്കാം. ബില്ലില്ല. പ്രകാശന്റെ അടുത്തു ചെന്ന് എന്തൊക്കെ കഴിച്ചു എന്ന് പറഞ്ഞാല്‍ മതി. നിമിഷങ്ങള്‍ക്കകം തുക പറഞ്ഞുതരും. എത്രതിരക്കായാലും ചിരിച്ചു കൊണ്ട് ഒരോരുത്തരും പറയുന്നത് കേള്‍ക്കും. ക്യാഷ് സ്വീകരിക്കും. പുതിയതായി കടന്നു വരുന്നവരെ ചെറുചിരിയോടെ സ്വാഗതം ചെയ്യും. ഒരു അത്ഭുത സിദ്ധിയെന്ന് തോന്നിപ്പോയി  അല്‍പസമയം വിഭവശാലയില്‍ ചെലവഴിച്ചപ്പോള്‍.

കലാഹൃദയമുളള വ്യക്തിയാണ് പ്രകാശന്‍. കെട്ടിട പ്ലാന്‍ സ്വന്തമായി വരച്ചുണ്ടാക്കി. എഞ്ചിനീയര്‍മാരെ പലരെയും കണ്ടു. അവസാനം കാഞ്ഞങ്ങാട്ടെ എഞ്ചിനിയര്‍ ദമോദരനെ കണ്ടു. അദ്ദേഹമാണ് സാങ്കേതിക സഹായം നല്‍കിയതെന്ന് പ്രകാശന്‍ പറയുന്നു. ഇവിടെ മുതലാളി തൊഴിലാളിയില്ല. സൗഹൃദത്തോടെ, കൂട്ടായ്മയോടെ എല്ലാവരും പരസ്പരം സഹായിച്ചും സഹകരിച്ചും പ്രവൃത്തിക്കുന്നു. പുതിയ കെട്ടിടത്തിലേക്ക് വരുന്നതിന് മുമ്പേ ഉച്ചകഴിഞ്ഞു മാത്രം പ്രവൃത്തിച്ചിരുന്ന പരിപ്പുവട തട്ടുകട ഇപ്പോള്‍ മുഴുവന്‍ സമയവും പ്രവൃത്തിക്കുന്നു. ആളൊഴിഞ്ഞ നേരമില്ല. വഴിയാത്രക്കാരും, ടൂറിസ്റ്റുകളും കൗതുകത്തോടെ ഇവിടേക്ക് കടന്നു ചെല്ലുന്നു. നിറചിരിയോടെ സന്തോഷത്തോടെ പുറത്തിറങ്ങുന്നതും കണാം.

ആവുമോ ചെറുപ്പക്കാരേ പ്രകാശനെ മാതൃകയാക്കാന്‍ ?
Kookkanam Rahman
(Writer)
പ്രകാശനെ അറിയാത്തവര്‍ പലതും പറഞ്ഞു പരത്തുന്നു. ലോട്ടറി അടിച്ചുവെന്നും സ്വര്‍ണ്ണക്കട്ടി കിട്ടിയെന്നുമൊക്കെ. പക്ഷെ അതിലൊന്നും പ്രകാശന്‍ പതറുന്നില്ല. പറയുന്നവര്‍ക്ക് എന്തും പറയാമല്ലോ എന്ന് നിസാരവല്‍ക്കരിച്ചു പ്രകാശന്‍ തളളിക്കളയുന്നു. അടിപതറാതെ ആത്മവിശ്വാസത്തോടെ അധ്വാനം മാത്രമാണ് സുഹൃത്തുക്കളെ എന്റെ നേട്ടമെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തുന്നു.

പ്രകാശം പരത്തുന്ന പരിപ്പുവട വിഭവശാല കൗതുകമെന്ന പോലെ ആത്മവിശ്വാസത്തിന്റെയും ആത്മധൈര്യത്തിന്റെയും പ്രതീകമായി നീലേശ്വരത്ത് തലയുയര്‍ത്തി നില്‍ക്കുന്നു, സര്‍വരേയും ആകര്‍ഷിച്ചു കൊണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Article, Kookanam-Rahman, Business, Prakashan, Parippuvada, Building, Cool Bar, House Boat, Tourism, Inauguration, Building. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia