city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു കുളിര്‍ത്തെന്നലായ് ആ ഓര്‍മകള്‍

ഒരു കുളിര്‍ത്തെന്നലായ് ആ ഓര്‍മകള്‍
മനസ് പൊള്ളുമ്പോള്‍ ചില ഓര്‍മ്മകള്‍ കുളിര്‍ത്തെന്നലായി വീശാറുണ്ട്. മനസ് പിടയ്ക്കുന്ന നേരങ്ങളില്‍ ചിലരുമായി ഒരിത്തിരി സംസാരിക്കുന്നതും വല്ലാത്തൊരു കുളിരാണ്.
അഹ്മദ് മാഷ് എന്നെ സംബന്ധിച്ചിടത്തോളം നനുത്ത ഒരു കാറ്റായിരുന്നു എപ്പോഴും. സുഹൃത്തിനെപ്പോലെയല്ല, അനുജനെപ്പോലെ തന്നെയായിരുന്നു അഹ്മദ് മാഷ് എന്നും എന്നെ കണ്ടിരുന്നത്. സ്‌നേഹത്തിന്റെ ചരടില്‍ അദ്ദേഹത്തോടൊപ്പം എന്നെ കൂട്ടിക്കെട്ടാനായിരുന്നു മാഷെന്നും ഉത്സാഹിച്ചിരുന്നതും.
കാസര്‍കോടിന്റെ സാംസ്‌കാരിക ഭൂമികയില്‍ നിറഞ്ഞ ഒരു സാന്നിധ്യമായിരുന്ന മാഷിന്റെ പ്രഭാഷണം തന്നെയാണ് എന്നും എന്നെ ആകര്‍ഷിച്ചിരുന്നത്. പ്രഭാഷണത്തിന്റെ ആ മധുരക്കടലില്‍ ഒന്ന് മുങ്ങിനിവരാന്‍ വേണ്ടി മാത്രം പലപ്പോഴും ഞങ്ങള്‍ അദ്ദേഹത്തെ ദുബായിലേക്ക് വിളിച്ചുവരുത്തുമായിരുന്നു. പ്രസംഗമെന്നാല്‍ വാചകക്കസര്‍ത്തല്ല, ആശയസംവേദങ്ങളുടെ ഒരു ചാലാണെന്ന് ഞങ്ങളെ അനുഭവിപ്പിച്ചതും അഹ്മദ് മാഷാണ്.
ദുബായില്‍ വരുമ്പോഴൊക്കെ സ്‌നേഹത്തിന്റെ ഒരു പച്ചപ്പുതപ്പുകൊണ്ട് ഞങ്ങളെയൊക്കെ പുതപ്പിക്കുമായിരുന്നു മാഷ്. നാട്ടിലെപ്പോലെയല്ല വിദേശത്ത് വരുമ്പോള്‍ അദ്ദേഹം. നാട്ടില്‍ മാഷോട് ഞങ്ങളെല്ലാം ആദരവിന്റെ ഒരു അകല്‍ച്ച പാലിച്ചിരുന്നുവെങ്കില്‍ ഗള്‍ഫിലെത്തുമ്പോള്‍ മാഷ് തന്നെ ആ അകല്‍ച്ചയുടെ ചരട് മുറിക്കും.
മാഷില്ലാത്ത ഒരു വര്‍ഷം. കഴിഞ്ഞ ഡിസംബറിലെ ആ കറുത്ത ദിനങ്ങള്‍ എനിക്കോര്‍മ്മയുണ്ട്. ടി.എ. ഷാഫിയുടെ മെസേജായിരുന്നു മാഷിന്റെ അസുഖ വിവരമറിയിച്ചുകൊണ്ട് എനിക്ക് കിട്ടിയ ആദ്യത്തെ സന്ദേശം. ഞാന്‍ ചൈനയിലായിരുന്നു. ഷാഫിയെ തിരികെ വിളിച്ചപ്പോള്‍ കിട്ടുന്നില്ല. വീണ്ടും വീണ്ടും വിളിച്ചു. ഇടറുന്ന ഒരു ശബ്ദത്തോടെയാണ് മാഷിന്റെ രോഗവിവരം അറിയിച്ചത്. മംഗലാപുരം എ.ജെ. ആസ്പത്രിയിലെ വെന്റിലേറ്ററില്‍ മാഷ് അത്യാസന്ന നിലയില്‍ കിടക്കുകയാണെന്ന് പറഞ്ഞു. അത് കേട്ടതോടെ മനസ് വല്ലാണ്ട് പിടയാന്‍ തുടങ്ങി.
ചിലരുടെ സാന്നിധ്യം എപ്പോഴും ഉണ്ടാവണമെന്ന് വല്ലാണ്ട് ആഗ്രഹിച്ചുപോവാറുണ്ട്. മാഷിന്റെ ആയുരാരോഗ്യത്തിനായി ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ചൈനയില്‍ ഒരിത്തിരി കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായി ഞാന്‍. രാവേറെ വൈകുവോളം ഷാഫിയെ വീണ്ടും വീണ്ടും വിളിച്ചു. മാഷ്‌ക്ക് അല്‍പം ആശ്വാസമുണ്ടെന്നും പ്രാര്‍ത്ഥിക്കണമെന്നും ഷാഫി പറഞ്ഞപ്പോള്‍ മനസിന് നേരിയൊരു തണുപ്പനുഭവപ്പെട്ടു. പക്ഷേ, പിറ്റേന്ന് സന്ധ്യയോടെ മരണ വിവരമറിയിച്ചുകൊണ്ടുള്ള എസ്.എം.എസ്. സന്ദേശം കിട്ടിയപ്പോള്‍ കൈകാലുകള്‍ തളരുന്നതുപോലെ തോന്നി. മാഷില്ലാത്ത കാസര്‍കോട് എങ്ങനെയായിരിക്കും- ഞാനതാണ് ചിന്തിച്ചത്. കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം പക്വമതിയായ ഒരു ഉപദേശകനും താങ്ങുമായിരുന്നു മാഷ്.
ഇല്ല, മാഷ് പോയിട്ടില്ല. സ്‌നേഹത്തിന്റെയും തലോടലിന്റെയും ആ പ്രഭാഷണം ഇപ്പോഴും എവിടെയൊക്കെയോ അലയടിക്കുന്നത് ഞാന്‍ കേള്‍ക്കുന്നു.

- യഹ്‌യ തളങ്കര
ഒരു കുളിര്‍ത്തെന്നലായ് ആ ഓര്‍മകള്‍
Yahya-Thalangara







Keywords: Yahya-Thalangara, K.M.Ahmed, Remembrance, kasaragod, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia