city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bus Stand | കാസർകോട് പുതിയ ബസ് സ്റ്റാൻഡിനെ കാലിത്തൊഴുത്താക്കിയതാര്?

/ ബി എ ലത്തീഫ് ആദൂർ

(www.kasargodvartha.com) വെള്ളിയാഴ്ച യാദൃശ്ചികമായി കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ കയറേണ്ട സാഹചര്യമുണ്ടായി. കാസർകോട് സാഹിത്യ വേദി സംഘടിപ്പിച്ച, റഹ്‌മാൻ തായലങ്ങാടി രചിച്ച 'വാക്കിന്റെ വടക്കൻ വഴികൾ' എന്ന പുസ്തകത്തിന്റെ ചർച്ച സംഗമം ഹോട്ടൽ സിറ്റി ടവറിൽ നടക്കുന്നതിൽ പങ്കെടുക്കാൻ വേണ്ടിയാണ് കാസർകോട് എത്തിയത്. അവിടന്ന് തിരിച്ചു പോകാൻ നേരം ബസ് സ്റ്റാൻഡിൽ കണ്ട സങ്കടകരമായ കാഴ്ചകൾ ഒരു പൗരന്റെ ഉത്തരവാദിത്തമെന്ന നിലയിൽ നിങ്ങളിലെത്തിക്കുകയാണ്.

Bus Stand | കാസർകോട് പുതിയ ബസ് സ്റ്റാൻഡിനെ കാലിത്തൊഴുത്താക്കിയതാര്?

സാധാരണ കാസർകോട് ടൗണിലേക്കുള്ള യാത്ര വളരെ അത്യാവശ്യമെങ്കിൽ മാത്രമാണ് ഇപ്പോൾ നടത്താറുള്ളത്. ദേശീയപാത പണി നടക്കുന്നതിനാലും അശാസ്ത്രീയമായ ഗതാഗത നിയന്ത്രണവും, പാർക്കിങ്ങും എല്ലാം ഇതിന് കാരണമാണ്. ചെർക്കള വഴി വന്നാൽ നായന്മാർമൂല മുതൽ ടൗൺ വരെയും കുമ്പള വഴി വന്നാൽ താളിപ്പടുപ്പ് മുതൽ കറന്തക്കാട് തുടങ്ങി എല്ലാ സ്ഥലങ്ങളിലും ഭീമമായ സമയം റോഡിൽ ചിലവഴിക്കേണ്ടി വരുന്നു. അത് കൊണ്ട് തന്നെ അത്യാവശ്യ കാര്യങ്ങൾക്ക് പോലും മറ്റുള്ള സ്ഥലങ്ങളും റോഡുകളുമാണ് ഉപയോഗിക്കാറുള്ളത്. പറഞ്ഞു വന്നത് കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ കണ്ട അതിദയനീയമായ കാഴ്ചകളെപ്പറ്റിയാണ്.

കാസർകോട് പുതിയ ബസ് സ്റ്റാൻഡിനെ ഇങ്ങനെ കാലിത്തൊഴുത്തിന് സമാനമാക്കിയതിന്റെ ഉത്തരവാദികൾ ആരാണ്? ഒന്നാമത്തെ ഉത്തരവാദി പൊതുസമൂഹമാണ്, പിന്നീട് മാത്രമാണ് മറ്റുള്ള ഭരണ സംവിധാനങ്ങൾക്ക് നേരെ നമുക്ക് വിരൽ ചൂണ്ടാൻ സാധിക്കുകയുള്ളൂ. ബസ് സ്റ്റാൻഡിലേക്കും പൊതുസ്ഥലങ്ങളിലേക്കും കന്നുകാലികളെ ഇറക്കി വിടുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളാത്തിടത്തോളം ഒരു മാറ്റം ഇവിടെ സാധ്യമല്ല.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവയും പൊതുജനങ്ങളാണ് കൃത്യമായി ചവറ്റുകൊട്ടയിൽ നിക്ഷേപിക്കാതെ അലക്ഷ്യമായി വലിച്ചെറിയുന്നത്. ബസ് സ്റ്റാൻഡിനകത്തെ കടകളിലേക്ക് വന്ന സാധനങ്ങളുടെ അവശിഷ്ടങ്ങളും അവിടെ മുഴുവനായും കാണാൻ സാധിക്കുന്നുണ്ട്. ഓരോ ദിവസവും ഒഴുകിയെത്തുന്ന അനേകായിരം അതിഥികളെയും ടൂറിസ്റ്റുകളെയും സ്വീകരിക്കുന്ന ഒരു ബസ് സ്റ്റാൻഡിന്റെ അവസ്ഥയാണിത്. ഓരോ നഗരത്തിന്റെയും മുഖച്ഛായ എന്ന് പറയുന്നത് അവിടത്തെ ബസ് സ്റ്റാൻഡാണ്. എന്നാൽ കാസർകോട്ടെ ബസ് സ്റ്റാൻഡ് കാലിത്തൊഴുത്തിനെയും അതിശയിപ്പിക്കുന്ന തരത്തിലാണ് നിലവിലുള്ളത്. ഇപ്പോൾ മിക്ക കാലിത്തൊഴുത്തുകളും ആധുനീക രീതിയിൽ സജ്ജീകരിച്ചതായത് കൊണ്ട് അതിനോട് ഈ ബസ് സ്റ്റാൻഡിനെ ഉപമിച്ചാൽ കന്നുകാലികളോട് ചെയ്യുന്ന ക്രൂരതയാവും.

നമ്മുടെ വീടുകളിൽ സന്ദർശനത്തിനെത്തുന്ന അതിഥികളെ ഇതുപോലെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണോ നാം സ്വീകരിക്കാറുള്ളത്? ശരീര ശുചിത്വത്തിലും ക്രീമുകൾ വാരിത്തേച്ചും മറ്റും സൗന്ദര്യവത്കരണത്തിലും ഏറെ ശ്രദ്ധ പുലർത്തുന്നവർ പരിസര ശുചീകരണത്തിൽ എന്തുമാത്രം ശ്രദ്ധിക്കാറുണ്ട്? ഏറ്റവും പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കം സ്വന്തമാക്കാൻ മത്സരിക്കുമ്പോഴും സാംസ്‌കാരികമായി മനുഷ്യർ പിന്നോട്ട് തന്നെയാണ് സഞ്ചരിക്കുന്നത്. ചാണകവും മറ്റും ചവിട്ടിയും വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ചും ഹോട്ടലുകളിലും ബസുകളിലും കയറുന്നു. കന്നുകാലികളുടെ ചാണകത്തിന് സമീപം തന്നെ ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യുന്നത് കാണാം. ഇതിൽ നിന്നുള്ള അണുക്കൾ ഈ ഭക്ഷണം കഴിക്കുന്നതിലൂടെ ആരോഗ്യത്തെ തന്നെ ബാധിക്കുമെന്ന് നാം ഇനിയും മനസിലാക്കിയിട്ടില്ല.

എത്ര മോശപ്പെട്ട രീതിയിലാണ് ഇവിടെത്തെ പ്രവർത്തനങ്ങളെല്ലാം നടക്കുന്നത്. ബസ് സ്റ്റാൻഡിനകത്തെ ഹോട്ടലുകളുടെയും മറ്റും അവസ്ഥ അതിലും പരിതാപകരമാണ്. തുറന്നിട്ട നിലയിൽ ലൈവായി പാകം ചെയ്യുന്ന ഭക്ഷണ പദാർത്ഥങ്ങൾ, അത് ആസ്വദിച്ചു കഴിക്കുന്ന പൊതുജനം. എണ്ണക്കടികൾ ഉൾപ്പെടെ തുറന്നിട്ട നിലയിലാണ് പലയിടത്തും കച്ചവടത്തിനായി വെച്ചിരിക്കുന്നത്. പാകം ചെയ്യുന്നതും അങ്ങനെ തന്നെ. കൈ തുടക്കാൻ കൊടുക്കുന്നതോ പ്രിന്റ് ചെയ്ത പേപ്പറുകളും പത്രത്തിന്റെ കഷ്ണങ്ങളും. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ. ബസ് സ്റ്റാൻഡിന്റെ നാല് ഭാഗത്തും തമ്പടിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇതൊന്നും കാണുന്നില്ലേ?

Bus Stand | കാസർകോട് പുതിയ ബസ് സ്റ്റാൻഡിനെ കാലിത്തൊഴുത്താക്കിയതാര്?

അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ലെങ്കിൽ പോലും അധികാരപ്പെട്ടവർക്ക് ഇതൊക്കെ അറിയിച്ചു കൊടുക്കാമല്ലോ. നാടുനീളെ മാരകമായ പകർച്ച വ്യാധികൾ പെരുകുമ്പോൾ ഇത്തരം വൃത്തിഹീനമായ സാഹചര്യങ്ങൾക്കെതിരെ എന്താണ് എല്ലാവരും നിശബ്ദമായിരിക്കുന്നത്? ബസ് സ്റ്റാൻഡിന്റെ ദയനീയാവസ്ഥ പകർത്താനായി നേരാം വണ്ണം ഫോട്ടോ എടുക്കാനോ വീഡിയോ ചെയ്യാനോ കഴിയാത്ത അത്രയും പേർ ഇതിനകത്ത് ഉണ്ടായിരുന്നു. എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി, പാവപ്പെട്ടവരും കുട്ടികളും വിദ്യാർത്ഥികളുമാണ് ഏറെയും, പിന്നെ ദീർഘ ദൂര യാത്ര ചെയ്യുന്നവരും.

ചാണകവും, അവിടെ ഉള്ള സർവ വൃത്തികെട്ട സാധനങ്ങളും ചവിട്ടിത്തേച്ച് ഹോട്ടലുകളിൽ കയറുന്നു. അവിടന്ന് വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഒട്ടും ഹൈജീനക്കല്ലാത്ത തുറന്ന് വെച്ച പാത്രങ്ങളിലുള്ള ഭക്ഷണം കഴിക്കുന്നു. ഭക്ഷ്യവിഷബാധയേറ്റ് ആരെങ്കിലും മരിക്കുന്നത് വരെ കാത്തിരിക്കാതെ ഉത്തരവാദിത്തപ്പെട്ടവർ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ നിയമ നടപടികളുമായി മുന്നോട്ട് പോകണം. എന്ന് വെച്ച് പെട്ടെന്ന് പിഴയടപ്പിച്ച് സർക്കാരിനെ കൊഴുപ്പിക്കാനല്ല. കൃത്യമായ ബോധവത്കരണവും, അവബോധവും സൃഷ്ടിച്ചെടുക്കാൻ സാധിക്കണം. തുടർന്നുള്ള ഫോളോ അപ്പുകളും കൃത്യമായിരിക്കണം.



പ്ലാസ്റ്റിക് കവറുകൾ കടകളിൽ ഉപയോഗിക്കുന്നത് കണ്ടാൽ ഭീമമായ തുകയാണ് കടയുടമകളിൽ നിന്നും ഇപ്പോൾ ഈടാക്കുന്നത്. ഇതേ പോലെ പൊതുഇടങ്ങളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കും പൊതുഇടങ്ങളിലേക്ക് കന്നുകാലികളെ പറഞ്ഞു വിടുന്നവർക്കും പിഴയിട്ട് തുടങ്ങണം എന്നാണഭിപ്രായം. കാരണം നിയമത്തെ പേടിച്ചെങ്കിലും പരിസരം ശുദ്ധമാവട്ടെ.

വൃത്തിയുള്ള ആഹാരം കഴിക്കുക എന്നത് ഒരു മനുഷ്യന്റെ അവകാശമാണ്. ആ അവകാശത്തിന് മേൽ ആണിക്കല്ലടിച്ച കാഴ്ചയാണ് കാസർകോട് നഗരത്തിലെ പുതിയ ബസ് സ്റ്റാൻഡിനകത്തുള്ളത്. മനുഷ്യരുടെ ആ അവകാശം സംരക്ഷിക്കുക എന്നുള്ളത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കിഡ്നി, കരൾ, കുടൽ തുടങ്ങിയ അനേകം ആന്തരീകാവയവങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾ നിലച്ച് പോകാൻ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാകം ചെയ്ത് വിളമ്പുന്ന ഈ ഭക്ഷണ പദാർത്ഥങ്ങളും അവിടെ വന്ന് പോകുന്നവരിൽ നിന്നും പകരുന്ന മാരകമായ പകർച്ച വ്യാധികളും ധാരാളമാണ്. വർധിച്ചു വരുന്ന ക്യാൻസർ സെന്ററുകൾക്കും ഇത് തന്നെയല്ലേ വഴിവെക്കുന്നത്?

ബസും, ബസ് സ്റ്റാൻഡും, അനിയന്ത്രിതമായ ജനത്തിരക്കുമെല്ലാം അവിടെയെത്തുന്നവരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ബസ് സ്റ്റാൻഡിനകത്തെ ശൗചാലയത്തിന്റെ കാര്യം പറയാതിരിക്കൽ നല്ലത്. അതും പണമടച്ച് ഉപയോഗിക്കുന്നതാണെന്ന് ആരെ പറഞ്ഞു മനസിലാക്കാൻ. കാസർകോടിന് ഇത്രയും മതി എന്ന അധികൃതരുടെ ചിന്തയാണോ ഇതിന് പിന്നിലെന്ന് സംശയിക്കാം. സമൂഹവും നയിക്കുന്ന ഭരണകർത്താക്കളും ഒത്തൊരുമിച്ചാലേ ഇതിനൊരു മാറ്റമുണ്ടാവുകയുള്ളൂ. അതിനുള്ള നടപടികളാണ് ജനങ്ങൾക്ക് ആവശ്യം.

Bus Stand | കാസർകോട് പുതിയ ബസ് സ്റ്റാൻഡിനെ കാലിത്തൊഴുത്താക്കിയതാര്?

Keywords:  Bus Stand, Kasaragod, Development, Article, BA Lateef Adhur, Who made Kasaragod new bus stand as cattle stable?.
 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia