city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഴനൂലുകള്‍ക്കിടയിലൂടെ സനമോള്‍ എങ്ങോട്ടാണ് മറഞ്ഞുപോയത്

ടി കെ പ്രഭാകരന്‍

(www.kasargodvartha.com 06.08.2017) കണ്‍മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് ശ്രദ്ധയൊന്നുപാളുമ്പോള്‍ കാണാതാവുക. ആ കുഞ്ഞിനെ ഒരിക്കലും തിരിച്ചുകിട്ടാതിരിക്കുക. നൊന്തുപ്രസവിച്ച കുഞ്ഞിനെ തിരിച്ചുകിട്ടാത്തതില്‍ ഒരു മാതാവിനുള്ള തീവ്രവേദനയുടെ ആഴം ഒരു പക്ഷേ പേറ്റുനോവിനെക്കാള്‍ വലുതായിരിക്കാം. അങ്ങനെ നീറി നീറി ജീവിക്കുന്ന നിരവധി മാതാപിതാക്കള്‍ കേരളത്തിലുണ്ട്. രാഹുല്‍ എന്ന കുട്ടിയെ കാണാതായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്നും രാഹുല്‍ എവിടെയുണ്ടെന്ന് ആര്‍ക്കുമറിയില്ല. അവന്റെ അച്ഛനമ്മമാര്‍ കരഞ്ഞുതളര്‍ന്ന് വീട്ടിനകത്ത് ഒതുങ്ങിക്കഴിയുകയാണെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ല. അവര്‍ വിശ്വസിക്കുന്നു. തങ്ങളുടെ പൊന്നോമനയായ മകന്‍ എന്നെങ്കിലും തിരിച്ചുവരുമെന്ന്. അമ്മേ എന്നും അഛാ എന്നും ഉള്ള അവന്റെ വിളി കാതില്‍ ഇപ്പോഴും അലയടിക്കുന്ന മാതൃഹൃദയത്തിനും പിതൃഹൃദയത്തിനും ഇതുവരെ ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഉമ്മറപ്പടിയില്‍ കേള്‍ക്കുന്ന പാദപതന ശബ്ദം തങ്ങള്‍ താലോലിച്ചുവളര്‍ത്തിയ രാഹുലിന്റേതാണോ എന്നവര്‍ കാതുകൂര്‍പ്പിക്കുന്നു.    www.kasargodvartha.com

രാഹുലിന്റെ മാതാപിതാക്കള്‍ അടക്കം കാണാതായ കുരുന്നുകളെ ഓര്‍ത്ത് മാനസികവ്യഥ അനുഭവിക്കുന്നവരുടെ കൂട്ടത്തിലേക്ക് പാണത്തൂര്‍ ബാപ്പുങ്കയത്തെ ഇബ്രാഹിമും ഹസീനയും എത്തിപ്പെടാതിരിക്കട്ടെയെന്ന് ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥിക്കുകയാണിപ്പോള്‍. ഇവരുടെ പിഞ്ചോമനയായ സന ഫാത്വിമ എന്ന മൂന്നരവയസുള്ള മകളെ കാണാതായിട്ട് ഇന്നേക്ക് മൂന്നുദിവസം പിന്നിട്ടിരിക്കുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം കനത്ത മഴയുള്ള സമയത്ത് വീടിന് വെളിയിലിറങ്ങിയതായിരുന്നു ആ പെണ്‍കുരുന്ന്. ഉമ്മ ഹസീന അവളെ അംഗണ്‍വാടിയില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതായിരുന്നു. മാതാപിതാക്കള്‍ അടക്കം എല്ലാവരും വീട്ടിലുണ്ടായിരുന്നിട്ടും ഇവരുടെ ശ്രദ്ധ പതിയായിരുന്ന ഏതോ ഒരുനിമിഷത്തിലാണ് സന മഴയിലേക്കിറങ്ങിയത്. വീടിന് സമീപത്തെ ഓവുചാലിനടുത്ത് സനയുടെ കുട കണ്ട് അടുത്ത വീട്ടിലെ കുട്ടി വിവരം പറഞ്ഞപ്പോള്‍ മാത്രമാണ് കുഞ്ഞിനെ കാണാനില്ലെന്ന് വീട്ടുകാര്‍ അറിഞ്ഞത്. നിറയെ വെള്ളമുള്ള ഓവുചാലിന് സമീപം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുഞ്ഞ് അപകടത്തില്‍പെട്ടതാണെന്ന സംശയം ഇതോടെ ഉയര്‍ന്നു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ഓവുചാലിന്റെ സ്ലാബ് നീക്കി തിരച്ചില്‍ നടത്തി. അടുത്തുള്ള പുഴയിലേക്ക് സന ഒലിച്ചുപോയതായിരിക്കാമെന്ന നിഗമനത്തില്‍ പുഴയില്‍ ആരംഭിച്ച തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. പുഴയില്‍ അടിയൊഴുക്കുള്ളതിനാല്‍ സന അതില്‍ അകപ്പെട്ടുവോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ സനയെ നാടോടിസംഘത്തില്‍പെട്ട ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന പ്രചരണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആ വഴിക്കും പോലീസിന്റെ അന്വേഷണം നീങ്ങുന്നുണ്ട്.   www.kasargodvartha.com

മരണവീടുപോലെ സനയുടെ വസതി ശോകമൂകമാണ്. ഉമ്മ ഹസീന ഭക്ഷണം പോലും കഴിക്കാതെ കരഞ്ഞുതളര്‍ന്ന് വീട്ടിനകത്തെ മുറിയില്‍ കഴിയുന്നു. ആശ്വസിപ്പിക്കാന്‍ വീട്ടിലെത്തുന്നവര്‍ സനയുടെ കാര്യം പറഞ്ഞ് കരയുന്ന ആ മാതാവിനെ എങ്ങനെ സാന്ത്വനിപ്പിക്കുമെന്നറിയാതെ വിഷമിക്കുകയാണ്. പിതാവ് ഇബ്രാഹിം വീട്ടിനകത്ത് തന്നെ കഴിയാതെ പുറത്തിറങ്ങി കുഞ്ഞിനെകുറിച്ച് കാണുന്നവരോടെല്ലാം അന്വേഷിക്കുന്നു.   www.kasargodvartha.com

സനയുടെ തിരോധാനത്തെക്കുറിച്ച് ദിവസങ്ങള്‍ പിന്നിടുന്തോറും ദുരൂഹത വര്‍ധിക്കുന്നു. ഇതിനിടയില്‍ മനുഷ്യത്വത്തിന് നിരക്കാത്ത വ്യാജപ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുകയാണ്. അധമമനസുകള്‍ക്ക് മാത്രമേ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനാവുകയുള്ളൂ. കാണാതായ പിഞ്ചുകുഞ്ഞിനെ ജീവനോടെ കിട്ടാന്‍ നാടും നിയമപാലകരും ഒരുപോലെ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ മനസാക്ഷി കൈമോശം വന്നവര്‍ പ്രചരിപ്പിക്കുന്ന തെറ്റായ സന്ദേശങ്ങള്‍ ആ കുഞ്ഞിന്റെ വീട്ടുകാരില്‍ ഉണ്ടാക്കുന്ന മാനസികാഘാതം വിവരണാതീതമായിരിക്കും. അതുകൊണ്ട് വ്യാജപ്രചാരകരെ കണ്ടെത്തി നിയമപരമായ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.    www.kasargodvartha.com

കുഞ്ഞുങ്ങളുടെ കാര്യത്തില്‍ കുടുംബങ്ങള്‍ കാണിക്കുന്ന തികഞ്ഞ അശ്രദ്ധ ചില സന്ദര്‍ഭങ്ങളിലെങ്കിലും ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുണ്ട്. തിരിച്ചറിവുണ്ടാകുന്നതുവരെ കുട്ടികളുടെ കാര്യത്തില്‍ അതീവശ്രദ്ധയും പരിചരണവും അനിവാര്യമാണ്. ഇതില്‍ വീഴ്ചവരുമ്പോഴാണ് കുട്ടികള്‍ അപകടത്തില്‍പെടാനുള്ള സാഹചര്യമുണ്ടാകുന്നത്. ഈയിടെ കാസര്‍കോട്ടെ അതിര്‍ത്തിപ്രദേശത്ത് മൂന്നുകുട്ടികള്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച സംഭവം നമ്മുടെയൊന്നും മനസില്‍ നിന്നും മാഞ്ഞുപോയിട്ടില്ല. ഈ കുട്ടികളെ ആരും ശ്രദ്ധിച്ചില്ല. അങ്ങനെ ലഭിച്ച അരക്ഷിതമായ സ്വാതന്ത്ര്യം കുട്ടികള്‍ക്കിടയിലേക്ക് മരണത്തെ ക്ഷണിച്ചുവരുത്തുകയായിരുന്നു. വീടിന് സമീപം പുഴകളും തോടുകളും കിണറുകളും കുളങ്ങളും ഉള്ള കുടുംബങ്ങള്‍ കുഞ്ഞുങ്ങളുടെ സുരക്ഷയില്‍ കൂടുതല്‍ ജാഗ്രത പാലിച്ചേ മതിയാകൂ. ആള്‍മറയില്ലാത്ത കിണറുകളുള്ള ഒട്ടനവധി കുടുംബങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുന്നാട്ട് കൃഷ്ണേന്ദു എന്ന കുട്ടി രാത്രി വീട്ടുമുറ്റത്തെ ആള്‍മറിയില്ലാത്ത കിണറില്‍ അബദ്ധത്തില്‍ കാല്‍ വഴുതി വീണ് മരിച്ച സംഭവം നടന്ന് ഒരാഴ്ചയായിട്ടില്ല. ഇങ്ങനെയുള്ള കിണറുകളില്‍ കുട്ടികള്‍ വീണ് മരണപ്പെടുന്ന സംഭവങ്ങള്‍ അനേകമാണ്‌.    www.kasargodvartha.com

മഴയും വെള്ളവും കാണുമ്പോള്‍ കുരുന്നുകള്‍ അവര്‍ അറിയാതെ തന്നെ അതിന്റെ പ്രലോഭനങ്ങളില്‍ അകപ്പെടും. തങ്ങളുടെ ജീവന്‍ അപകടത്തിലാകുമെന്ന ബോധം അതേക്കുറിച്ചു ധാരണയുള്ള പ്രായമല്ലാത്തതിനാല്‍ കുട്ടികള്‍ക്കുണ്ടാകില്ല. ഇവിടെ കുട്ടികള്‍ രക്ഷിതാക്കളുടെ സജീവനിരീക്ഷണത്തില്‍ തന്നെയാകണം. വീട് വിട്ട് കുട്ടികള്‍ എങ്ങോട്ടുപോകുന്നുവെന്ന് ശ്രദ്ധിക്കണം. കാണുന്നില്ലെങ്കില്‍ ഒരുനിമിഷം പോലും പാഴാക്കാതെ അന്വേഷിക്കണം. നമ്മുടെ അശ്രദ്ധ ഒരു കുഞ്ഞിന്റെയും ജീവന്‍ നഷ്ടമാകാന്‍ കാരണമാകരുത്. സനക്ക് എന്ത് സംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ല. അവളെ കൊതിപ്പിച്ച മഴ എവിടെയോ അവളെ മറച്ചുപിടിക്കുന്നുണ്ട്. ഉറ്റവരുടെ മനസ് പ്രളയജലം പോലെ ഇരമ്പിയൊഴുകുകയാണ്. അവരുടെ ആന്തലകറ്റാന്‍ ആശ്വാസത്തിന്റെ ഇളംകാറ്റായി സന വരുമോ... വരണം,.. വന്നേ തീരൂ... മഴയൊഴിഞ്ഞ ആകാശം പോലെ അവളെ സ്നേഹിക്കുന്നവരുടെ മനസ് ശാന്തമാകാന്‍ സനയുടെ സാന്നിധ്യം ഉണ്ടാകണം.


സന ഫാത്വിമയ്ക്ക് വേണ്ടി മൂന്നാം ദിവസവും തെരച്ചില്‍ ഊര്‍ജിതം, കലക്ടര്‍ നേരിട്ടെത്തി ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി, പ്രാര്‍ത്ഥനയോടെ നാട്

ഒഴുക്കില്‍പെട്ട് കാണാതായ കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥനയോടെ നാട്; പുഴയില്‍ വെള്ളിയാഴ്ചയും തിരച്ചില്‍ തുടരുന്നു

പുഴയ്ക്ക് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസുകാരിയെ ഒഴുക്കില്‍ പെട്ട് കാണാതായി

സന ഫാത്വിമയ്ക്ക് വേണ്ടി നാട് പ്രാര്‍ത്ഥനയില്‍ കഴിയുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണങ്ങള്‍; കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളികളാകുന്നതിന് പകരം വ്യാജ പ്രചരണം നടത്തുന്നത് മനസാക്ഷിയില്ലാത്തവരാണെന്ന് കലക്ടര്‍, നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്



മഴനൂലുകള്‍ക്കിടയിലൂടെ സനമോള്‍ എങ്ങോട്ടാണ് മറഞ്ഞുപോയത്

Keywords:  Kasaragod, Kerala, Article, Missing, Police, Investigation, River, Where is Sana Fathima?

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia