city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പതിറ്റാണ്ടുകള്‍ക്ക് ശേഷം ജില്ലാ സ്‌കൂള്‍ കലോത്സവം ചെമ്മനാട്ട് വിരുന്നെത്തുമ്പോള്‍..

നിഷ്ത്തര്‍ മുഹമ്മദ്

(www.kasargodvartha.com 25.09.2017)
കാസര്‍കോടിന്റെ നാഡീഞരമ്പുകളെ ആര്‍ദ്രമാക്കി ഒഴുകുന്ന ചന്ദ്രഗിരിപ്പുഴയുടെ ചാരത്ത് സ്ഥിതി ചെയ്യുന്ന സുന്ദരഗ്രാമമാണ് ചെമ്മനാട്. സാമൂഹിക സാംസ്‌കാരിക വൈവിധ്യങ്ങളെ മാറോടണച്ച ദേശം. ചെമ്മനാടിന്റെ സ്വകീയമായ അഹങ്കാരമാണ് നാടിന്റെ അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്ന ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. കാസര്‍കോട് ജില്ലയുടെ നാനാഭാഗങ്ങളില്‍നിന്നുമുള്ള കുട്ടികള്‍ ഉന്നത നിലവാരത്തിലുള്ള പഠനത്തിനായി ആശ്രയിക്കുന്ന വിദ്യാലയമാണ് ചെമ്മനാട് സ്‌കൂള്‍. മാനവരെ ഭിന്നിപ്പിക്കുന്ന വെറികളൊന്നുമില്ലാതെ വിദ്യാര്‍ത്ഥികള്‍ സോദരത്വേന വാഴുന്ന കലാലയം.

പതിറ്റാണ്ടുകള്‍ക്ക് ശേഷം ജില്ലാ സ്‌കൂള്‍ കലോത്സവം ചെമ്മനാട്ട് വിരുന്നെത്തുമ്പോള്‍..

1982ലാണ് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്ഥാപിതമായത്. ചെമ്മനാട് കടവത്തെ വൈ എം എം എ ഹാളില്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌കൂള്‍ വൈകാതെ ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറി. 1985ല്‍ മികച്ച വിജയത്തോടെ ചെമ്മനാട് സ്‌കൂളിലെ ആദ്യത്തെ എസ് എസ് എല്‍ സി ബാച്ച് പുറത്തിറങ്ങി.

ജില്ലയിലെത്തന്നെ ഏറ്റവുംകൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള ഹയര്‍ സെക്കന്‍ഡറിയാണ് ചെമ്മനാട് സ്‌കൂളിലേത്. പഠന വിഷയങ്ങളോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ചെമ്മനാട്ടെ കുട്ടികള്‍ കാലാകാലങ്ങളായി വിജയങ്ങള്‍ കരഗതമാക്കുന്നു. സ്‌പോര്‍ട്‌സിലും ഗെയിംസിലും സംസ്ഥാന തലങ്ങളിലടക്കം ചെമ്മനാട്ടെ കുട്ടികള്‍ വിജയം കൊയ്യുന്നു. വോളിബോളില്‍ ജില്ലയ്ക്ക് ഒരുപിടി ഉശിരന്‍ താരങ്ങളെ ചെമ്മനാട് സ്‌കൂള്‍ സമ്മാനിച്ചു. ഉപജില്ലാ - ജില്ലാ - സംസ്ഥാന കലോത്സവങ്ങളില്‍ വിജയത്തിന്റെ വെന്നിക്കൊടി പറപ്പിച്ച് ഇവിടുത്തെ കുട്ടികള്‍ നാടിന് അഭിമാനമായി.

വിദ്യാലയത്തിന്റെ അച്ചടക്കിലൂന്നിയ അഭിവൃദ്ധിക്കുവേണ്ടി എസ് പി സി, എന്‍ സി സി, ജൂനിയര്‍ റെഡ്‌ക്രോസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എന്‍ എസ് എസ് എന്നിങ്ങനെയുള്ള വിദ്യാര്‍ത്ഥി സന്നദ്ധ സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പകര്‍ന്നുകൊടുക്കാന്‍ മികച്ച അധ്യാപക വൃന്ദവും ചെമ്മനാട് സ്‌കൂളില്‍ സദാ ജാഗരൂകരായിട്ടുണ്ട്.

നീണ്ട 12 വര്‍ഷകാലത്തെ ഇടവേളക്കുശേഷമാണ് ചെമ്മനാട് സ്‌കൂളിലേക്ക് കലോത്സവം വിരുന്നെത്തുന്നത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി കലോത്സവങ്ങള്‍ വേവ്വേറെ സംഘടിപ്പിച്ചിരുന്ന മുന്‍ കാലങ്ങളില്‍, രണ്ടു കലോത്സവങ്ങളും ഒരുമിച്ചേറ്റെടുത്തു നടത്തിയ ചരിത്രങ്ങള്‍ പോലും ചെമ്മനാട് സ്‌കൂളിന് പറയാനുണ്ട്.

കലകളെ നെഞ്ചേറ്റിയ പാരമ്പര്യമുള്ള ചെമ്മനാട്ടേക്ക് ജില്ലാ കലോത്സവം വിരുന്നെത്തുമ്പോള്‍ അത് നാടിന്റെ ഉത്സവമായി മാറുമെന്ന കാര്യം തീര്‍ച്ചയാണ്. ഉത്സവ പ്രതീതിയോടെ കലോത്സവത്തെ വരവേല്‍ക്കാനൊരുങ്ങുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും അരങ്ങുണരാന്‍പോവുന്ന കലാമാമാങ്കത്തിന്റെ കാഹളമുഴക്കത്തിനായി കാതോര്‍ക്കുകയാണ്. കെട്ടിയുണ്ടാക്കിയ 16 വേദികളടക്കം 20നടുത്ത് വേദികളാണ് കലോത്സവത്തിനായി ഒരുക്കേണ്ടത്. ഇതിനായി സമീപത്തെ ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ചെമ്മനാട് വെസ്റ്റ് യു പി സ്‌കൂള്‍ തുടങ്ങിയ വിദ്യാലയങ്ങളെയും പ്രദേശത്തെ പൊതുസ്ഥലങ്ങളെയും ആശ്രയിക്കേണ്ടിവരും എന്നതുകൊണ്ടുതന്നെ കലോത്സവം നാടിന്റെ മേളമായി മാറുമെന്ന കാര്യത്തില്‍ സംശയമേതുമില്ല.

മൂന്നു കിലോമീറ്റര്‍ ചുറ്റളവിലെ ഉത്സവനഗരിയിലേക്ക് കലോത്സവദിനങ്ങളില്‍ ചന്ദ്രഗിരിപ്പുഴയിലെ കുത്തൊഴുക്കിനെ വെല്ലുന്ന ജനപ്രവാഹമായിരിക്കും. പ്രത്യേകിച്ച്, ജില്ലാ കലോത്സവങ്ങളില്‍ ചെമ്മനാടിന്റെ കുത്തകയായ വട്ടപ്പാട്ടും ഒപ്പനയും പോലുള്ള ഗ്ലാമര്‍ ഇനങ്ങളില്‍ ജനസാഗരമായിരിക്കും സദസ്സില്‍. കലോത്സവത്തിന്റെ അവസാന ദിവസങ്ങളിലായിരിക്കും ഇത്തരം ഇനങ്ങള്‍ക്ക് അരങ്ങൊരുങ്ങുക. നാടകം പോലുള്ള ജനപ്രിയ കലാപരിപാടികള്‍ക്കും സദസ്സ് നിറഞ്ഞുകവിയും.

കഴിഞ്ഞ തവണ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഹൊസ്ദുര്‍ഗ് ഉപജില്ലയാണ് ജേതാക്കളായത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാസര്‍കോട് ഉപജില്ലയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ചെറുവത്തൂര്‍ ഉപജില്ലയുമായിരുന്നു രണ്ടാം സ്ഥാനത്ത്. യു പി വിഭാഗത്തില്‍ ബേക്കല്‍ ഉപജില്ലയും ഹൊസ്ദുര്‍ഗ് ഉപജില്ലയും യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. അറബിക് കലോത്സവത്തില്‍ യു പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ ബേക്കല്‍ ഉപജില്ലയും സംസ്‌കൃതോത്സവത്തില്‍ യു പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ യഥാക്രമം ചെറുവത്തൂര്‍, ഹൊസ്ദുര്‍ഗ് ഉപജില്ലയും ജേതാക്കളായി.

കുറച്ചുകാലങ്ങളായി വഴുതിപ്പോവുന്ന കലോത്സവ കിരീടം ലക്ഷ്യമിട്ട് ആതിഥേയരായ കാസര്‍കോട് ഉപജില്ല പ്രതീക്ഷകളോടെയാണ് മേളയില്‍ മാറ്റുരക്കുന്നത്. എന്തു തന്നെയായാലും ദശാബ്ദങ്ങള്‍ക്ക്‌ശേഷം കടന്നുവരുന്ന ജില്ലാ കലോത്സവം ചെമ്മനാടിന്റെ ചരിത്രപുസ്തകത്തിലെ പുത്തനേടായി മാറുമെന്ന കാര്യത്തില്‍ തര്‍ക്കവിതര്‍ക്കങ്ങളില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, school, School-Kalolsavam, Chemnad, Arts, Oppana, Vattappaatu, Victory, Championship, Festival, NSS, SPC, NCC, JRC, Kasaragod, Higher Secondary, High School, UP, Bekal, Cheruvathur. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia