city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാതാപിതാക്കൾ എങ്ങനെയായിരിക്കണം? ഒരു മുഴം കയറിൽ നിന്നും അവരെ രക്ഷിക്കാൻ

ആര്യൻ

(www.kasargodvartha.com 01.10.2020) ഇന്ന് തന്റെ മാതാപിതാക്കളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന എത്ര മക്കളുണ്ട്? ഈ ചോദ്യത്തോടെ തന്നെ ആരംഭിക്കാം. സ്വാഭാവികമായും ഓരൊരുത്തരുടേയും ഉത്തരം മാതാപിതാക്കളെ സ്നേഹിക്കാത്ത മക്കളുണ്ടോ എന്നായിരിക്കും. എന്നാൽ ഇതേ ചോദ്യം നിങ്ങൾ ഇന്നത്തെ പുതു തലമുറയോട് ചോദിച്ച് നോക്കുക. ഇതേ യുഗത്തിൽ ജനിച്ച യുവാവാണെന്ന നിലയിൽ എന്റെ ഉത്തരം 80 ഓ അതിലധികമോ ശതമാനം പേരും മാതാപിതാക്കളെ സ്നേഹിക്കുന്നില്ല എന്നാണ്. എന്തുകൊണ്ടെന്ന് ചോദിച്ചാൽ ഇന്നത്തെ കുട്ടികൾക്ക് അല്ലെങ്കിൽ യുവാക്കൾക്ക് അവർ ഇഷ്ടപ്പെടുന്ന, അവർ ആഗ്രഹിക്കുന്ന മാതാപിതാക്കളാവാൻ സാധിക്കുന്നില്ല എന്നതാണ്. മാതാപിതാക്കൾ  എങ്ങനെയായിരിക്കണം? ഒരു മുഴം കയറിൽ നിന്നും അവരെ രക്ഷിക്കാൻ

ഓരോ മാതാപിതാക്കളും അവരുടെ മക്കളെ വളരെ തീവ്രമായി സ്നേഹിക്കുന്നുണ്ട്, ഇല്ലെന്ന് ഞാൻ ഒരിക്കലും പറയില്ല. എന്നാൽ ആ സ്നേഹം അത് നിങ്ങളുടെ മക്കൾ ആഗ്രഹിക്കുന്ന വിധത്തിലാവുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

നിങ്ങൾ ഒന്നാലോചിച്ചു നോക്കുക. എല്ലാ കാര്യങ്ങളും മാതാപിതാക്കളോട് തുറന്നു പറയുന്ന, അവരുടെ പ്രശ്നങ്ങൾ ഷെയർ ചെയ്യുന്ന മനസ്സിലാക്കുന്ന എത്ര മക്കളുണ്ട്. വളരെ അപൂർവമാണ്.

നിങ്ങൾ മക്കൾക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുന്നു. മൊബൈലും ബൈക്കും, പെൺമക്കളാണെങ്കിൽ ആഭരണങ്ങളും വില കൂടിയ വസ്ത്രങ്ങളും എന്നിങ്ങനെ എല്ലാം അവർ ചോദിക്കുമ്പോൾ ചെയ്തു കൊടുക്കുന്നു. എന്നിട്ടും എന്ത് കൊണ്ട് ഇവർ മറ്റൊരാളുടെ പ്രണയം തേടി പോവുന്നു. എന്ത് കൊണ്ട് കാമുകിക്കോ കാമുകനോ വേണ്ടി മാതാപിതാക്കളെ ഒഴിവാക്കുന്നു? അതുമല്ലെങ്കിൽ എന്തിന് ഒരു മുഴം കയറിൽ അവർ ജീവിതം അവസാനിപ്പിക്കുന്നു?

കാരണം അവർ അവരുടെ ലോകമെന്ന് കരുതുന്നത് തന്റെ കാമുകനെയോ കാമുകിയെയോ ആണ്. അവർ ആഗ്രഹിക്കുന്ന സ്നേഹം നൽകാൻ മാതാപിതാക്കൾക്ക് കഴിയാത്തതിനാലാണ് അവർ സ്നേഹം തേടി പുറത്തു പോകുന്നത്.

നിങ്ങൾ ഓരോ ചെറിയ കാര്യത്തിനും മക്കളെ അടിക്കുന്നില്ലേ, വഴക്കു പറയുന്നില്ലേ, മറ്റുള്ളവരുടെ മുമ്പിൽ വെച്ച് പരിഹസിക്കുന്നില്ലേ. നിങ്ങൾ ഇതെല്ലാം ചെയുന്നത് നിങ്ങളുടെ മക്കൾ നന്നാവണം എന്ന് വിചാരിച്ച് മാത്രമായിരിക്കാം.

എന്നാൽ ആ സമയത്തെ മക്കളുടെ മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കണം. നിങ്ങളോട് സ്നേഹത്തിന് പകരം വാശിയും പ്രതികാര ബുദ്ധിയുമാണ് അവരിൽ അപ്പോൾ വർധിക്കുന്നത്. ഒരു കാര്യം കൂടി പറയട്ടെ, അഡോൾഫ് ഹിറ്റ്ലറെ അയാളുടെ അച്ഛൻ വളർത്തിയത്ഓമനിച്ചല്ല പകരം അടിച്ചും വഴക്കു പറഞ്ഞുമാണ്. ഹിറ്റ്ലർ ലോക പ്രശസ്തനായെങ്കിലും അത് 'ലോകത്തെ ഏറ്റവും ക്രൂരൻ' എന്ന പേരിലാണ്. അടിച്ചു വളർത്തി നന്നായവർ വളരെ ചുരുക്കമാണ്. ഓമനിച്ചില്ലെങ്കിലും നല്ല സ്നേഹം നൽകി വളർത്തിയവർ ഉന്നത നിലയിലെത്തിയവരാണ് കൂടുതലും.

പരീക്ഷകളിൽ 100ൽ 101 മാർക്കു നേടിയാലും അതിന് പ്രശംസിക്കാതെ അവരെക്കുറിച്ച് നെഗറ്റീവായി സംസാരിക്കുന്നവരില്ലേ. അവർ ഇനിയും ഉന്നതയിലെത്തണം എന്നാഗ്രഹത്തോടെയാണ് അത് പറയുന്നതെങ്കിലും അത് അവരിലെ ആത്മവിശ്വാസം തകർക്കുകയാണ് ചെയ്യുന്നത്.

ചില മാതാപിതാക്കൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് എന്റെ മകൻ/മകൾ വീട്ടിൽ ആരോടും നന്നായി സംസാരിക്കാറില്ല, എന്നാൽ അവരുടെ കൂട്ടുകാരോട് നന്നായി സംസാരിക്കും എന്ന്. ഇതിനും കാരണം നിങ്ങൾ മാതാപിതാക്കൾ തന്നെയാണ്. നിങ്ങൾക്ക് തന്നെ ഇതിനുള്ള പ്രതിവിധി കണ്ടെത്താനാകും. നിങ്ങളുടെ മക്കളുടെ സ്നേഹവും വിശ്വാസവും നിങ്ങൾ നേടിയെടുക്കുക. ഏത് സങ്കടത്തിലും കൂട്ടുണ്ടാവും എന്നും ഏതൊരു വീഴ്ചയിലും പരിഹസിക്കാതെ ഉയർത്തെഴുനേൽപ്പിക്കാൻ സഹായിക്കുമെന്നുമുള്ള വിശ്വാസം അവരിലുണ്ടാക്കുക.

ഈ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് അവർ പ്രണയത്തെയും ചിലർ ലഹരിയും തേടിപോകുന്നത്. അവസാനം ജീവനു തുല്യം പ്രണയിച്ച കാമുകൻ/കാമുകി വിട്ടുപോകുമ്പോൾ ആത്മഹത്യയെ തേടിപ്പോകുന്നതും ഇത് കൊണ്ട് തന്നെയാണ്.

ആരും കൂടെയുണ്ടാവില്ലെന്ന ഇതേ തോന്നലാണ് പരീക്ഷകളിൽ മാർക്ക് കുറഞ്ഞതിനോ മറ്റോ ഉള്ള ചെറിയ കാര്യങ്ങൾക്ക് പോലും ആത്മഹത്യ ചെയ്യാൻ കൊച്ചു കുട്ടികളെപ്പോലും പ്രേരിപ്പിക്കുന്നത്. ഇതിനും കാരണം മാതാപിതാക്കളാണ്. പരീക്ഷയിൽ തോറ്റത്തിന്റെ പേരിൽ അവരെ നിങ്ങൾ അടിക്കും വഴക്ക് പറയും മറ്റുള്ളവരുടെ മുന്നിൽ ഒന്നിനും കൊള്ളാത്തവരെന്ന് മുദ്രകുത്തും. ഇതൊക്കെ മുന്നിൽ കണ്ടാണ് അവർ ജീവനൊടുക്കാൻ തീരുമാനിക്കുന്നത്.

 പരീക്ഷയിൽ തോൽക്കുന്നവൻ തോൽക്കട്ടെ. അവരവർക്ക് പറ്റുന്നതല്ലേ ചെയ്യാൻ സാധിക്കു എന്ന ചിന്ത ഉണ്ടാകണം. ക്രിക്കറ്റ് ആണ് അവൻ  ഇഷ്ടമെങ്കിൽ അതിന് വിടുക അല്ലാതെ ഡോക്ടറോ എഞ്ചിനീയറോ ആകാൻ നിര്ബന്ധിക്കുകയല്ല ചെയ്യേണ്ടത്.

ഇതുപോലെ തന്നെയാണ് പെണ്കുട്ടികളിൽ ആത്മഹത്യ പ്രവണത വാർദ്ധിക്കുന്നത്. അവർക്കിഷ്ടമല്ലാത്ത ആളുടെ കൂടെ മാതാപിതാക്കൾ കല്യാണം കഴിച്ചു വിടും.  അതല്ലങ്കിൽ അവർക്കിഷ്ടമല്ലാത്ത വയസ്സിൽ കെട്ടിച്ചു നൽകും. പല മാതാപിതാക്കളും തന്റെ മകൾക്ക് 18 വയസ്സാവാൻ കാത്തിരിക്കുകയാണ് കല്യാണം കഴിച്ചു കൊടുക്കാൻ.

എന്തിന് ഇത്രയും നേരത്തെ അല്ലെങ്കിൽ അവർക്കിഷ്ടമല്ലാതെ കല്യാണം കഴിച്ചു കൊടുക്കുന്നു. അവർ നിങ്ങൾക്ക് ഒരു ബാധ്യതയായി മാറുന്നുവോ?...

മക്കൾക്ക് അവരുടേതായ സ്വാതന്ത്ര്യം നൽകുക. കൂട്ടിലടക്കപ്പെട്ട തത്തയെപോലെയാക്കാതെ തുറന്നു വിടുക. എങ്കിലേ അവർക്ക് അവരുടെ ആഗ്രഹത്തിനനുസരിച്ച് പഠിച്ച് ഉയരങ്ങൾ കീഴടക്കാനാകൂ.

കുരുവിയോട് ഗരുഡനെപോലെയാവാൻ ആജ്ഞാപിക്കാതെ, അവനോളം എത്താൻ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടത്.

നിങ്ങളുടെ മക്കൾ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങൾ അങ്ങോട്ട് പെരുമാറുക. നിങ്ങൾ ആഗ്രഹിക്കുന്ന മക്കളെ തന്നെ കിട്ടും തീർച്ച.

Keywords:  Article, Parents, Youth, Children's, What should parents be like? To save them from an inch of rope

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia