city-gold-ad-for-blogger

എസ്ഐആർ മാറിമായങ്ങൾ: വോട്ടർ പട്ടികാ ഫോം പൂരിപ്പിച്ചപ്പോൾ

voter list form confusion election commission sir details
Representational Image generated by Gemini

● ഭാഷാ ന്യൂനപക്ഷ പ്രദേശങ്ങളിൽ അവരുടെ ഭാഷയിൽ കൂടി ഫോമുകൾ നൽകണമെന്ന കേന്ദ്ര വിജ്ഞാപനം ലംഘിച്ചു.
● 'പിതാവിൻ്റെ/രക്ഷിതാവിൻ്റെ പേര്' എന്ന ഫീൽഡ് ആശയക്കുഴപ്പമുണ്ടാക്കുന്നു.
● ബന്ധുവിൻ്റെ വിവരങ്ങൾ രേഖപ്പെടുത്തുന്നിടത്ത് ഒരേ പേര് രണ്ടുതവണ ചോദിക്കുന്നത് ആശയക്കുഴപ്പത്തിന് കാരണമാകുന്നു.
● കോടിക്കണക്കിന് ആളുകളെ ബാധിക്കുന്ന പ്രക്രിയ ലാഘവത്തോടെ കൈകാര്യം ചെയ്തു എന്ന് ആക്ഷേപം.

നിസാർ പെറുവാഡ്

(KasargodVartha) ഇലക്ടറൽ റോൾ എൻലിസ്റ്റ്മെൻ്റ് അഥവാ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം പൂരിപ്പിക്കാൻ ഇരുന്നപ്പോൾ അനുഭവപ്പെട്ട രസകരവും എന്നാൽ ആശയക്കുഴപ്പം നിറഞ്ഞതുമായ ചില കാര്യങ്ങൾ ഇവിടെ പങ്കുവെക്കാം.

ഈ ഫോം രൂപകൽപ്പന ചെയ്ത ഉദ്യോഗസ്ഥന് കോമൺ സെൻസ് തീരെയില്ലെന്ന് തോന്നിപ്പോയി. ഇംഗ്ലീഷിലുള്ള ഫോമിനെ യാന്ത്രികമായി തർജ്ജമ ചെയ്ത് മലയാളത്തിൽ പ്രിൻ്റ് ചെയ്തതാകാനാണ് സാധ്യത.

ഭാഷാപരമായ പ്രശ്നങ്ങൾ

ഞങ്ങളുടെ നാട്ടിൽ മലയാളം എഴുതാനും വായിക്കാനും അറിയാത്ത ധാരാളം പേരുണ്ട്. ഈ പ്രദേശത്തെ ബൂത്ത് ലെവൽ ഓഫീസർക്കും (BLO) മലയാളം അറിയില്ല. നന്നേ ചുരുങ്ങിയത് ഇംഗ്ലീഷിൽ എങ്കിലും വിവരങ്ങൾ നൽകേണ്ടിയിരുന്നു.

20 ശതമാനത്തിൽ കൂടുതൽ ഭാഷാ ന്യൂനപക്ഷങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ അവരുടെ ഭാഷയിൽ കൂടി എല്ലാ അറിയിപ്പുകളും ഫോമുകളും നൽകണമെന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. പഴയ കാസർകോട് താലൂക്ക് മുഴുവൻ ഇത്തരത്തിൽ കന്നഡ ഭാഷാ ന്യൂനപക്ഷ പ്രദേശമായി വിജ്ഞാപനം വന്നതുമാണ്.

പക്ഷേ, ഇവിടെ വിതരണം ചെയ്ത ഫോമുകൾ മുഴുവൻ മലയാളത്തിൽ മാത്രമാണ്. ബിഎൽഒയ്ക്ക് ലഭിച്ച നിർദ്ദേശം ഏത് ഭാഷയിലും പൂരിപ്പിക്കാം എന്നത്രേ. എങ്കിൽ, ആദ്യം അതിൽ എന്താണ് ചോദിക്കുന്നത് എന്ന് വായിച്ച് മനസ്സിലാക്കണ്ടേ?

പരാതി ഉയർന്നതിന് ശേഷം ഇപ്പോൾ കുറച്ച് കന്നഡ ഫോമുകൾ അയച്ചു കിട്ടിയിട്ടുണ്ടത്രേ. അത് ആവശ്യക്കാർക്ക് മതിയാവില്ല. മാത്രമല്ല, എല്ലാ വീട്ടിലും മലയാളത്തിലുള്ള ഫോം വിതരണം ചെയ്തു കഴിയുകയും ചെയ്തു.

voter list form confusion election commission sir details

ഫോമിലെ ആശയക്കുഴപ്പങ്ങൾ

ഇനി ഫോമിൻ്റെ രൂപകൽപ്പനയിലേക്ക് വരാം. എത്ര വിദ്യാഭ്യാസം ഉള്ളവർക്കും ഒറ്റനോട്ടത്തിൽ മനസ്സിലാകാത്ത വിധമാണ് അത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഏറ്റവും മുകളിൽ വോട്ടറുടെ ഇപ്പോഴത്തെ അടിസ്ഥാന വിവരങ്ങൾ കൊടുത്തിട്ടുണ്ട്. അതിനു താഴെയായി രണ്ട് നിലകളിലായി മൂന്ന് വലിയ കോളങ്ങൾ കാണാം.

വോട്ടറുടെ വിവരങ്ങൾ

ആദ്യത്തെ നിലയിൽ വോട്ടറുടെ വിവരങ്ങൾ ലഭ്യമാക്കാനായി 9 ഫീൽഡുകൾ പൂരിപ്പിച്ചു നൽകേണ്ടതുണ്ട്. അതിൽ വോട്ടറുടെ പേര് കാണുന്നില്ല. പേര് മുകളിൽ പ്രിൻ്റ് ചെയ്തിട്ടുണ്ട് എന്നാണെങ്കിൽ, അതിൽ അക്ഷരത്തെറ്റുകൾ (അത് ധാരാളമായി ഉണ്ട് താനും) ഉണ്ടെങ്കിൽ തിരുത്തിയെഴുതാൻ സൗകര്യം നൽകേണ്ടതായിരുന്നു. (പുതിയ ഫോട്ടോ ഒട്ടിക്കാൻ സ്ഥലം നൽകിയിട്ടുണ്ട്).

നാലാമത്തെ ഫീൽഡ് പിതാവിൻ്റെ/രക്ഷിതാവിൻ്റെ പേര് കൊടുക്കാനാണ്. ഇവിടെയാണ് ആശയക്കുഴപ്പം. ഉദാഹരണത്തിന്, എൻ്റെ ഭാര്യ എൻ്റെ കൂടെ കൂടിയിട്ട് 39 വർഷമായി. അവളുടെ മരിച്ചുപോയ പിതാവിൻ്റെ പേരാണോ അതോ ജീവനോടെയുള്ള 'രക്ഷിതാവായ' എൻ്റെ പേരാണോ ചേർക്കേണ്ടത്? അവിടെ 'പിതാവ്' എന്ന് മാത്രം മതിയായിരുന്നില്ലേ?

എൻ്റെ സുഹൃത്തും മാസ്റ്റർ ട്രെയിനറുമായ ബിഎൽഒ അദ്ദേഹത്തിൻ്റെ ഭാര്യയുടെ ഫോമിൽ അവരുടെ പിതാവിൻ്റെ പേര് കൊടുത്തപ്പോൾ, ഞാൻ 'രക്ഷിതാവായ' എൻ്റെ പേര് തന്നെ കൊടുത്തു. അപ്പോൾ രണ്ടും ശരിയാകുന്നു. സത്യത്തിൽ, വിവാഹം കഴിഞ്ഞവരുടെ കാര്യത്തിൽ ഭർത്താവിൻ്റെ പേരാണല്ലോ വോട്ടർ പട്ടികയിൽ സാധാരണ ചേർക്കാറ്. പങ്കാളിയുടെ പേര് നൽകാൻ താഴെ വേറെയും ഫീൽഡ് ചോദിക്കുന്നുമുണ്ട് താനും.

എസ്ഐആർ വിവരങ്ങൾ (പഴയ വോട്ടർ പട്ടിക)

താഴത്തെ നിലയിൽ ഇടതും വലതുമായി രണ്ട് വലിയ കോളങ്ങൾ ഉണ്ട്. ഇതിൽ ഏതെങ്കിലും ഒന്ന് മാത്രമേ പൂരിപ്പിക്കേണ്ടതുള്ളൂ. എന്നാൽ ഈ കാര്യം എവിടെയും വ്യക്തമായി സൂചിപ്പിച്ചിട്ടില്ല.

ഇടത്തെ കോളത്തിൽ 'അവസാന SIR-ലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട വോട്ടറുടെ വിവരങ്ങൾ' ആണ് നൽകേണ്ടത് എന്ന് കൊടുത്തിട്ടുണ്ട്. അത് ഏത് വർഷത്തേത് എന്നും എവിടെ നിന്ന് കിട്ടും എന്നും കൊടുത്തിട്ടില്ല. 2002 വർഷത്തെ വോട്ടർ പട്ടികയുടെ വിവരമാണ് ചോദിക്കുന്നതെങ്കിൽ, അത് ലഭിക്കുന്ന വെബ്സൈറ്റ് വിലാസം കൊടുത്തിരുന്നെങ്കിൽ എത്ര സഹായകരമായേനെ?

ഇപ്പോഴത്തെ EPIC നമ്പറും വിലാസവും വോട്ടർ പട്ടികയിലെ ക്രമനമ്പറും ഒക്കെ പ്രിൻ്റ് ചെയ്തു തന്ന ഇലക്ഷൻ കമ്മീഷന്, ഇതിൽ ആവശ്യപ്പെടുന്ന വിവരങ്ങളും പഴയ EPIC നമ്പർ വെച്ച് സെർച്ച് ചെയ്ത് ഫോമിൽ താഴെ കോളത്തിൽ പ്രിൻ്റ് ചെയ്ത് തരാമായിരുന്നില്ലേ?

2002-ലെ വോട്ടർ പട്ടികയിൽ പേരില്ലാത്തവർ മാത്രമാണ് വലത്തെ കോളത്തിൽ വിവരങ്ങൾ നൽകേണ്ടത്. അങ്ങനെ വ്യക്തമായി തൊട്ട് മുകളിൽ എഴുതാൻ എന്തായിരുന്നു തടസ്സം? മനുഷ്യരെ ബുദ്ധിമുട്ടിക്കുക എന്നത് തന്നെയാണോ ലക്ഷ്യം?

ബന്ധുവിൻ്റെ വിവരങ്ങളിലെ ആശയക്കുഴപ്പം

അവസാന SIR-ൽ പേര് നൽകിയിരിക്കുന്ന ബന്ധുവിൻ്റെ വിശദാംശങ്ങളാണ് വലത് കോളത്തിൽ ചോദിക്കുന്നത്.

ആദ്യത്തെ ഫീൽഡിൽ 'പേര്' എന്ന് മാത്രം കാണുന്നു.

മൂന്നാമത്തെ ഫീൽഡിൽ 'ബന്ധുവിൻ്റെ പേര്' എന്നും.

ഇതാണ് ഏറ്റവും കൂടുതൽ ആളുകളെ ബുദ്ധിമുട്ടിച്ച ഭാഗം. ഒന്നാമത്തെ ഫീൽഡിൽ പേര് കഴിഞ്ഞു വീണ്ടും 'ബന്ധുവിൻ്റെ പേര്' ചോദിക്കുമ്പോൾ ആശയക്കുഴപ്പമുണ്ടാകുന്നു.

ശരിക്കും ഇത് ബന്ധുവിൻ്റെ പേരിനൊപ്പം അന്നത്തെ പട്ടികയിൽ കൊടുത്തിട്ടുള്ള അയാളുടെ രക്ഷിതാവായ ബന്ധുവിൻ്റെ പേരാണ് ഉദ്ദേശിക്കുന്നത്. അത് എവിടെയും വ്യക്തമായി പരാമർശിച്ചിട്ടില്ലാത്തതുകൊണ്ട് ജനം ശരിക്കും വട്ടം കറങ്ങുന്നു.

ഇവിടെ ഒന്നാമത്തെയും മൂന്നാമത്തെയും ഫീൽഡുകൾക്ക് പകരം, 'SIR-ൽ ഉള്ള ബന്ധുവിൻ്റെ പേര്' എന്നും, 'SIR-ൽ രേഖപ്പെടുത്തിയിട്ടുള്ള ബന്ധുവിൻ്റെ പിതാവിൻ്റെ/ഭർത്താവിൻ്റെ പേര്' എന്നും വ്യക്തമായി ലേബൽ ചെയ്താൽ ഈ കൺഫ്യൂഷൻ ഒഴിവാക്കാമായിരുന്നു.

മാത്രമല്ല, ആദ്യം പേര് ചോദിക്കുന്ന ബന്ധു പിതാവ്/മാതാവ്/വല്യച്ചൻ/വല്യമ്മ എന്നിവർ മാത്രമേ ആകാവൂ എന്നും ഉണ്ടത്രേ. അല്ലെങ്കിൽ അത് അപ്‌ലോഡ് ചെയ്യാൻ ബിഎൽഒയ്ക്ക് പറ്റില്ല. പാവം വോട്ടർക്ക് ഇതറിയുകയും ഇല്ല.

കോടിക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു പ്രക്രിയയെ എത്രമാത്രം ലാഘവത്തോടെയാണ് ഒരു ഭരണഘടനാ സ്ഥാപനം കൈകാര്യം ചെയ്തിരിക്കുന്നത് എന്നതിൻ്റെ നേർസാക്ഷ്യമാണ് ഇലക്ഷൻ കമ്മീഷൻ്റെ ഈ വട്ടം കറക്കൽ യോജന!

വോട്ടർ പട്ടികാ ഫോം പൂരിപ്പിക്കാൻ നിങ്ങൾ ബുദ്ധിമുട്ടിയോ? ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ. ഈ വാർത്ത ഷെയർ ചെയ്യൂ.

Article Summary: Electoral roll enrollment form in Kerala causes major confusion due to flawed design and ignoring linguistic minority rules.

#VoterList #ElectionCommission #FormConfusion #KeralaNews #Kasaragod #LinguisticMinority

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia