city-gold-ad-for-blogger

വിഷു അഥവാ വിഷുവം: ആഘോഷത്തിന് പിന്നിലെ ഐതിഹ്യങ്ങളും ശാസ്ത്രീയതയും

A descriptive illustration of Earth's position during the Equinox and a beautiful traditional Vishukkani arrangement with yellow flowers and Krishna idol.
Representational Image generated by Gemini

● സംഘകാല കൃതിയായ 'പതിറ്റുപത്തിൽ' വിഷുവത്തെക്കുറിച്ചുള്ള ആധികാരിക പരാമർശങ്ങൾ ദർശിക്കാം.
● ഭാരതീയ കലണ്ടർ പ്രകാരം ഒരു വർഷത്തെ വസന്തം മുതൽ ശിശിരം വരെയുള്ള ആറ് ഋതുക്കളായി തിരിച്ചിരിക്കുന്നു.
● സർവ്വവ്യാപി ആയ പ്രകൃതിശക്തി എന്ന നിലയിലാണ് വിഷുവിൽ മഹാവിഷ്ണു ആരാധനയ്ക്ക് പ്രാധാന്യം ലഭിച്ചത്.
● കർഷകർക്ക് കാലനിർണ്ണയത്തിനും കൃഷി ഇറക്കാനും ഞാറ്റുവേലകളും വിഷുവങ്ങളും അത്യന്താപേക്ഷിതമാണ്.
● സമൃദ്ധിയുടെ സന്ദേശവുമായി വിഷുക്കണി കാണുന്നതും കൈനീട്ടം നൽകുന്നതും മലയാളിക്ക് ഐശ്വര്യത്തിൻ്റെ തുടക്കമാണ്.

കിണാവൂർ പുതുമന ഗണേഷ് പ്രസാദ് 

(KasargodVartha) എന്താണ് വിഷു? അഥവാ എന്തിനാണ് വിഷു ആഘോഷിക്കുന്നത് എന്നത് ഇക്കാലത്തിൽ പലരും ചിന്തിച്ചിട്ടുള്ള കാര്യമാണ്.

വിഷു ഭാരതത്തിൽ കാലങ്ങളായി അനുഷ്ഠിച്ചുവരുന്ന ഒരു ആചാരമാണ്. അത് സംഘകാലത്ത് രചിക്കപ്പെട്ട നിരവധി ഗ്രന്ഥങ്ങളിൽ വരെ ഇത്തരത്തിലുള്ള വിഷു ആഘോഷങ്ങളെപ്പറ്റി പറയുന്നുണ്ട്. പ്രധാനമായും 'പതിറ്റുപത്ത്' എന്ന സംഘകാലകൃതിയിലാണ് വിഷുവത്തെപ്പറ്റി പറയുന്നത്.

രണ്ടുതരത്തിലുള്ള വിഷുക്കൾ

മേഷാദി വിഷു, തുലാദി വിഷു എന്നിങ്ങനെ രണ്ട് തരത്തിലുള്ള വിഷുക്കൾ ഒരു ആണ്ടിൽ ഉണ്ട്.

മേഷാദി വിഷു (Vernal Equinox): സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് പ്രവേശിക്കുന്ന ഈ ദിവസമാണ് മേടവിഷു. ഇത് കാർഷിക വർഷത്തിന്റെ തുടക്കമായും കണക്കാക്കപ്പെടുന്നു.

തുലാദി വിഷു (Autumnal Equinox): സൂര്യൻ കന്നി രാശിയിൽ നിന്നും തുലാം രാശിയിലേക്ക് മാറുന്ന ഈ ദിവസം, ഏതാണ്ട് സെപ്റ്റംബർ 23-ഓടെ, അപരവിഷുവം അല്ലെങ്കിൽ തുലാവിഷുവം എന്നറിയപ്പെടുന്നു.

അതായത് വസന്തവിഷുവം, ശരത് വിഷുവം എന്നിങ്ങനെ വർഷത്തിലെ ദിനരാത്രങ്ങൾ തുല്യമായ അളവിൽ വരുന്ന ദിവസങ്ങളാണ് വിഷുവം എന്നറിയപ്പെടുന്നത്. എന്നാൽ ഇപ്പോൾ നമ്മൾ ആചരിക്കുന്ന മേടവിഷുവിന് 24 ദിവസങ്ങൾക്ക് മുൻപ് മീനമാസത്തിലാണ് ശരിക്കുമുള്ള വസന്ത വിഷുവം. അതായത് മേഷാദി വിഷു ശരിക്കും മീനം രാശിയിലാണ്, എങ്കിലും ആചരണം മേടത്തിലാണ് പഴയപോലെ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. പണ്ടുകാലത്ത് വിഷു മേടമാസത്തിൽ ആയിരുന്നു. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം കാരണം ചെറിയ തോതിലുള്ള വ്യത്യാസങ്ങൾ ഉണ്ടായതുകൊണ്ട് ക്രമേണ അധിവർഷങ്ങൾ ഉണ്ടാകുകയും, തന്മൂലം ഉണ്ടായ മാറ്റത്തിന്റെ ഫലമായി വിഷുവിന്റെ ആചരണം മേടത്തിലായി നിലനിൽക്കുകയും ശരിക്കുള്ള വിഷുവം 24 ദിവസത്തിന് പിറകിലാവുകയും ചെയ്തു. അതുപോലെ തുലാവിഷുവം ആയിരിക്കാം ഒരുപക്ഷേ പിന്നീട് ഓണാഘോഷമായത് എന്ന് ചില വാദങ്ങളും ഉണ്ടത്രേ. എന്തായാലും ഋതുകാലങ്ങളുടെ രണ്ട് ധ്രുവങ്ങളുടെ സൂചകങ്ങൾ കൂടിയാണ് ഈ വിഷുവങ്ങൾ.

എല്ലാ നാടുകളിലും ഇത്തരത്തിലുള്ള പുതുവർഷാചരണം സൗരമാന കാലഗണനയുടെ ഭാഗമായിട്ടുള്ള കാലാന്തര പഞ്ചാംഗങ്ങളിൽ നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്. വടക്കേ ഇന്ത്യയിൽ ഈ സമയം യുഗാദിയായും ബൈശാഖി അഥവാ ബൈസഖിയായും, ആസാമിൽ ബിഹുവായും, തമിഴ്നാട്ടിൽ പുത്താണ്ടായും ആചരിക്കുന്നു.

ഭാരതീയ കലണ്ടറിലെ ആറ് ഋതുക്കൾ

ഭാരതീയ കലണ്ടർ പ്രകാരം വർഷത്തിൽ ആറ് ഋതുക്കളാണുള്ളത്. വസന്തം, ഗ്രീഷ്മം, വർഷം, ശരത്, ഹേമന്തം, ശിശിരം എന്നിവയാണ് അവ. രണ്ട് മാസങ്ങൾ കൂടിച്ചേർന്നതാണ് ഓരോ ഋതുവും.

vishu festival science mythology significance

• വസന്തം (Spring): മാഘം, ഫാൽഗുനം (ഫെബ്രുവരി-ഏപ്രിൽ). • ഗ്രീഷ്മം (Summer): ചൈത്രം, വൈശാഖം (ഏപ്രിൽ-ജൂൺ). • വർഷം (Monsoon): ജ്യേഷ്ഠം, ആഷാഢം (ജൂൺ-ഓഗസ്റ്റ്). • ശരത് (Autumn): ശ്രാവണം, ഭാദ്രപഥം (ഓഗസ്റ്റ്-ഒക്ടോബർ). • ഹേമന്തം (Early Winter): ആശ്വിനം, കാർത്തികം (ഒക്ടോബർ-ഡിസംബർ). • ശിശിരം (Winter): മാർ‌ഗശീർഷം, പൗഷം (ഡിസംബർ-ഫെബ്രുവരി).

ഈ വ്യത്യസ്ത ഋതുക്കൾ പ്രകൃതിയിലെ താപനിലയിലും കാലാവസ്ഥയിലും മാറ്റങ്ങൾ വരുമ്പോഴാണ് ഉണ്ടാകുന്നത്.

ഞാറ്റുവേലകൾ അനുസരിച്ച് കൃഷികൾ ഇറക്കുന്ന കർഷകർക്ക് കാലഗണനയുടെ കൃത്യമായ രേഖപ്പെടുത്തലുകൾ അനിവാര്യമായതിനാൽ അവർ പകലും രാത്രിയും തുല്യമായ ദിനം (Equinox) കണക്കാക്കി കാലനിർണ്ണയം നടത്തിവന്നു. ഭൂമധ്യരേഖയ്ക്ക് മുകളിലായി സൂര്യൻ കൃത്യമായി വരുന്ന, പകലും രാത്രിയും തുല്യ ദൈർഘ്യമുള്ള, അതായത് ഏകദേശം 12 മണിക്കൂർ വീതം, വർഷത്തിലെ രണ്ട് ദിവസങ്ങളാണ് ഇങ്ങനെ വിഷുവങ്ങൾ (Equinoxes) ആയിട്ടുള്ളത്. ആദ്യം മാർച്ച് 21-നും (വസന്ത വിഷുവം - Vernal Equinox), പിന്നീട് സെപ്റ്റംബർ 23-നും (Autumnal Equinox) എന്നിങ്ങനെയാണ് ഇവ സാധാരണയായി സംഭവിക്കുന്നത്. കാലവ്യത്യാസം മൂലം ഒന്ന് രണ്ട് ദിനവ്യത്യാസങ്ങൾ വാർഷികമായി വരാറുമുണ്ട്. വിഷുവം എന്നാൽ 'തുല്യമായത്' (Equal) എന്നാണ് ഈ വാക്കിന്റെ അർത്ഥം.

വിഷുവത്തിന്റെ പ്രധാന സവിശേഷതകൾ

സമരാത്രദിനം: ഭൂമിയിലുടനീളം പകലും രാത്രിയും തുല്യമായി അനുഭവപ്പെടുന്നു. സൂര്യന്റെ സ്ഥാനമാറ്റം: വിഷുവത്തിൽ സൂര്യൻ ക്രാന്തിവൃത്തത്തിൽ (Ecliptic) നിന്നും ഭൂമധ്യരേഖയെ (Celestial Equator) മുറിച്ചുകടക്കുന്നു.

വസന്തകാലത്തിന്റെ ആരംഭം കുറിക്കുന്ന വസന്ത വിഷുവം പല സംസ്കാരങ്ങളിലും പ്രധാനപ്പെട്ടതാണ്. സൂര്യൻ തെക്ക് നിന്ന് വടക്കോട്ട് ഭൂമധ്യരേഖ കടക്കുന്ന സമയത്തെ മേടവിഷുവം അല്ലെങ്കിൽ മഹാവിഷുവം എന്ന് വിളിക്കുന്നു. ആയതിനാൽ അന്ന് തൊട്ട് സൗരമാന കാലഗണന ആരംഭിക്കുവാൻ തീരുമാനിക്കുകയും അങ്ങനെ വിഷുവം എന്നത് പുതുവർഷ ആരംഭം എന്ന രീതിയിൽ യുഗാദി അഥവാ വിഷു എന്ന പേരിൽ ആചരിച്ചുവരികയും ചെയ്തു.

ഭാരതീയ ധർമ്മ വ്യവസ്ഥയിൽ കാലാന്തര പഞ്ചാംഗങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. അത് ഋതുക്കളുടെ മാനങ്ങളും സമയപരിധികളും മണ്ഡലങ്ങളും ഞാറ്റുവേലകളും മറ്റുള്ള ഗ്രഹചാര ഗതികളും അറിയുവാനും ഋതുകാലങ്ങളിൽ നടത്തേണ്ട കൃഷികളെപ്പറ്റി നിർണ്ണയം നടത്തുവാനും അനിവാര്യമാണ്.

വിഷുവും വിഷ്ണുവും

വിഷു എന്ന ആഘോഷത്തിന് എല്ലാകാലത്തും വിഷ്ണുവിന് ഹൈന്ദവ ആചാരപ്രകാരം പ്രാധാന്യം കൽപ്പിച്ചുകാണുന്നത് എന്താണ് എന്നുള്ളതാണ് ഒരു ചോദ്യം. എന്റെ ഒരു സുഹൃത്ത് ഒരിക്കൽ എന്നോട് ചോദിക്കുകയുണ്ടായി.

അതിന് വ്യക്തമായ ഒരു ഉത്തരം നമുക്ക് വേദങ്ങളിൽ വരെ ദർശിക്കാനായിട്ട് സാധിക്കും. ഋഗ്വേദത്തിലെ വിഷ്ണുസൂക്തത്തിൽ വിഷ്ണു എന്ന് പറഞ്ഞാൽ അന്തരീക്ഷത്തിൽ മുഴുവൻ വ്യാപിച്ചിരിക്കുന്ന അഥവാ സർവ്വവ്യാപി ആയിരിക്കുന്ന പ്രകൃതിശക്തിയാണ് എന്ന രീതിയിൽ പറയുന്നുണ്ട്, 'യതോ വിഷ്ണു വിചിക്രമേ'. അങ്ങനെയുള്ള വിശ്വാവസു ആയിട്ടുള്ള വിരാട് പുരുഷൻ അഥവാ വിശ്വപ്രകൃതിയാണ് മഹാവിഷ്ണു എന്നാണ് സങ്കല്പം. അതായത് പ്രകൃതിശക്തിയുടെ പൂർണ്ണരൂപമാണ് വിഷ്ണു എന്ന അർത്ഥത്തിൽ വൈഷ്ണവർ ആരാധിക്കുന്നു. നരന്റെ അയനത്തെ ഗതികമായി മുന്നോട്ടുനയിക്കുന്ന മൂർത്തി എന്ന അർത്ഥത്തിൽ വിഷ്ണുവിനെ നാരായണൻ എന്ന് വിളിക്കുന്നു. സൂര്യനാണ് കാലഗണനയുടെ നാഥൻ എന്ന അർത്ഥത്തിൽ സൗരമാന ഗണനാ സമ്പ്രദായങ്ങൾ വന്നപ്പോൾ സൂര്യനാരായണൻ ആയിട്ടുള്ള മഹാവിഷ്ണുവിന് പ്രാധാന്യം വന്നത്, സ്ഥിതി പരിപാലക മൂർത്തിയാണ് കാലത്തിന്റെ നിയാമകൻ അഥവാ സൂര്യൻ എന്നുള്ള ആ ഒരു സങ്കല്പത്തിന്റെ തുടർച്ചയായിട്ടാണ്. സൂര്യൻ നാഥൻ ആയിട്ടുള്ള അഹോരാത്രത്തിന് തുല്യത വരുന്ന കാലം പ്രകൃതിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾക്ക് നാഥത്വം സൂര്യനാരായണനിൽ അഥവാ വിഷ്ണുവിൽ നിക്ഷിപ്തമായതിനാൽ വിഷു ആരാധനകൾക്ക് വിഷ്ണുവിന് സ്വാഭാവികമായും പ്രാധാന്യം കൈവന്നു.

മുൻപ് പറഞ്ഞപോലെ സംവത്സരത്തെ കാലാവസ്ഥയെ അടിസ്ഥാനമാക്കി വിഭജിക്കുമ്പോൾ കുറിക്കുന്ന വ്യത്യസ്ത ഋതുഭേദങ്ങൾ, ഭാരതീയ കാലാന്തര ഗണന പ്രകാരം രണ്ട് മാസം നീണ്ടുനിൽക്കുന്ന ആറ് ഋതുക്കളായിട്ടാണല്ലോ വിഭജിക്കപ്പെട്ടിട്ടുള്ളത്.

അതിൽ ശകവർഷ പ്രകാരമുള്ള കണക്കു നോക്കുകയാണെങ്കിൽ ചൈത്ര-വൈശാഖ മാസങ്ങളാണ് പൂക്കളുടെയും ഫലങ്ങളുടെയും സമൃദ്ധിയുടെയും പ്രതീകമായിട്ടുള്ള വസന്തകാലമായി കണക്കാക്കിയിട്ടുള്ളത്. ഈ വസന്തകാലത്തിന്റെ ഒരു കാല പരിണാമത്തെ സൂചിപ്പിക്കാനായിട്ടുള്ള വസന്ത വിഷു അഥവാ യുഗാദി എന്നത് മീന സംക്രമം കഴിഞ്ഞ് മേഷ രാശിയിലേക്ക് സൂര്യൻ പ്രവേശിക്കുന്ന സന്ദർഭം കൂടിയാണ്.

കാലഗണനയുടെ വ്യത്യാസംകൊണ്ട് മുൻപ് പറഞ്ഞതുപോലെ കാലഗണനയിൽ ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും സൗരമാന വർഷഗണനയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള കാലാന്തർ അഥവാ കലണ്ടർ പ്രകാരമുള്ള ദിനനിർണ്ണയം തന്നെയാണ് ഇപ്പോഴും വിഷു ആചരണ ദിനത്തെ കുറിക്കുന്നതിന്റെ സൂചകമായിട്ടുളളത്.

വസന്തകാലത്തിന്റെ മനോഹാരിതകൾ സമൃദ്ധിയുടെ കാലമായി കണക്കാക്കുമ്പോൾത്തന്നെ, സമൃദ്ധിയുടെ പ്രതീകമായ ശ്രീകൃഷ്ണൻ അഥവാ മഹാവിഷ്ണു, ഐശ്വര്യത്തിന്റെ മൂർത്തിയായ പത്നി മഹാലക്ഷ്മി ദേവിയുടെ കൂടെ ആ ഒരു പുതിയ കാലത്തെ വരവേൽക്കാനായി കണിയാവണം എന്ന ഒരു ഇച്ഛയുടെ പ്രേരകം എന്നതും കൊണ്ടാവണം ഒരുപക്ഷേ വൈഷ്ണവാരാധനയ്ക്ക് വിഷുവിൽ പ്രാമുഖ്യം ലഭിച്ചിട്ടുണ്ടാവുക.

കേരളത്തിലെ വിഷു ആഘോഷങ്ങളും വിഷുക്കണിയും

കേരളത്തിൽ എല്ലാ ക്ഷേത്രങ്ങളിലും മേടവിഷു ആഘോഷിക്കുന്നുണ്ട്.

അതത് ക്ഷേത്രങ്ങളുടെ നടയിൽത്തന്നെ പ്രതിഷ്ഠാമൂർത്തിക്ക് പ്രഭാതത്തിൽ കണികാണുന്ന രീതിയിൽ കണി ഒരുക്കുക എന്നുള്ളത് മേഷ സംക്രമദിവസം വൈകുന്നേരം ഒരുക്കേണ്ട ഒരു ക്രമമാണ്. മേടമാസം ഒന്നാം തീയതി അതിരാവിലെ തന്നെ വിഷുക്കണി കാണുക എന്നുള്ളത് മലയാളിക്ക് ഗൃഹാതുരത്വമായിക്കൊണ്ടിരിക്കുന്ന ഒരു പ്രാചീന സങ്കല്പത്തിന്റെ തുടർച്ചയാണ്. കൃഷിയെ മുൻനിർത്തി ജീവിച്ചുവന്നിരുന്ന കേരളീയ ജനതയ്ക്ക് അവരുടെ കൃഷിയിൽ നിന്നും ലഭിച്ചിട്ടുള്ള ഫല-മൂല-പുഷ്പങ്ങൾ തങ്ങൾ ആരാധിക്കുന്ന അവരവരുടെ കുലദൈവങ്ങളുടെയും ഗ്രാമദേവതമാരുടെയും ധർമ്മദൈവങ്ങളുടെയും മുൻപിൽ കണിയായി സമർപ്പിച്ച്, ആ കണി താനും കണ്ട് മക്കളെയും കൊച്ചുമക്കളെയും കാണിച്ച് സമൃദ്ധിയുടെ നിറവ് മനസ്സിലേക്ക് ഏറ്റാനുള്ള ഒരു സന്ദേശമാണ് വിഷു. പ്രഭാതത്തെ ആഘോഷമാക്കി പുതിയ ഒരു തുടക്കത്തെ വരവേൽക്കാനായി ധനവും ധാന്യവും കൈനീട്ടമായി നൽകി, പുതുവസ്ത്രം ധരിച്ച് ഐശ്വര്യപൂർണ്ണമായ ഒരു പുതിയ കാലത്തേക്ക് ആഘോഷപൂർവ്വം ഒരുമിച്ച് മുന്നോട്ട് നീങ്ങാൻ ആചാരപൂർവ്വമായ ഒരു സന്ദേശമാണ് വിഷു എന്നും മലയാളികൾക്ക് നൽകിയിട്ടുള്ളത്.

വിഷുക്കണി ഒരുക്കാനായി ചില പദ്ധതികളുണ്ട്. അത് ഓരോ നാട്ടിലും ദേശാചാരങ്ങൾക്കനുസരിച്ച് പലതരത്തിലും കാണപ്പെടുന്നുണ്ട്.

മുഖ്യമായും ചൈത്ര-വൈശാഖ മാസങ്ങളിൽ കായ്ക്കുന്ന മാങ്ങ, ചക്ക മുതലായിട്ടുള്ള ഫലങ്ങൾ കേരളത്തിലെ എല്ലാ നാടുകളിലും മുഖ്യകണിയായി വയ്ക്കാറുണ്ട്.

ഈ കാലഘട്ടത്തിൽ പുഷ്പിക്കുന്ന കണിക്കൊന്ന എന്നറിയപ്പെടുന്ന പൂവ് വിഷുക്കണിയുടെ മറ്റൊരു മുഖ്യ ആകർഷണമാണ്. ഈ കൊന്നപ്പൂവ് ശ്രീകൃഷ്ണന്റെ അഥവാ ഉണ്ണിക്കണ്ണന്റെ പാദസ്വരങ്ങളാണ് എന്നൊക്കെ ചില ഐതിഹ്യങ്ങളുണ്ട്. എങ്കിലും വിഷുവിന്റെ വരവ് കുറിക്കുന്ന ഒരു വസന്തകാല ഉല്ലാസത്തിന്റെ പ്രതീകമായാണ് എന്നും കണിക്കൊന്ന പൊതുവിൽ പരിഗണിക്കപ്പെട്ടിട്ടുള്ളത്.

ക്ഷേത്രങ്ങളിൽ കണി വയ്ക്കുമ്പോൾ ക്ഷേത്രനടയിൽ മുഖമണ്ഡപത്തിൽ നിറദീപം കൊളുത്തി അതിന് ചുറ്റും നവധാന്യങ്ങൾ അഥവാ നെല്ല്, അരി, ഗോതമ്പ്, ചെറുപയർ, കടല, ഉഴുന്ന്, എള്ള്, മുതിര എന്നിവയും, ഇരതേങ്ങാ അതായത് രണ്ട് തേങ്ങകൾ കൂട്ടിക്കെട്ടിയത്, നിറപറനെല്ല്, പൂക്കതിര്, ഉണ്ണി മാങ്ങാക്കുല, ചക്ക, അടക്കാകുല, തേങ്ങാക്കുല, പച്ചമാങ്ങാ, മറ്റു ഫലങ്ങൾ നിരത്തി, ചമ്പകപ്പൂ, കണിക്കൊന്നപ്പൂ, ദശപുഷ്പം, താംബൂലം, അഷ്ടമംഗല്യം അതായത് ഒരു ഇലയിൽ അല്ലെങ്കിൽ വലിയ തട്ടത്തിൽ ധനം, ധാന്യം, ഫലം, താംബൂലം, ഗ്രന്ഥം, വസ്ത്രം, വാൽക്കണ്ണാടി, മഞ്ഞൾ, കുങ്കുമം, പുഷ്പം എന്നിവ ചേർത്തുവച്ച് കണി ഒരുക്കുന്നു.

മാവില, കുരുത്തോല, ചെമ്പകപ്പൂ മുതലായവ മാങ്ങ, വെള്ളരിക്ക ഒക്കെ ചേർത്ത് തോരണം വിതാനിച്ച് തൂക്കിക്കെട്ടി ക്ഷേത്രനടകൾ അലങ്കരിക്കുന്നു.

ഭക്തജനങ്ങൾ വിഷുക്കോടി വസ്ത്രം ധരിച്ച് ഗ്രാമക്ഷേത്രങ്ങളിൽ അതിരാവിലെ ദർശനം നടത്തുന്നു. കണികണ്ട് കൈനീട്ടം വാങ്ങി മടങ്ങുന്നു. ക്ഷേത്രങ്ങളിൽ വിശേഷാൽ നിവേദ്യങ്ങളായി ത്രിമധുരം, പാൽപ്പായസം, ഉണ്ണിയപ്പം, അരവണ, കടുംമധുര പായസം മുതലായവയും പതിവുണ്ട്.

വീടുകളിൽ ഇതുപോലെ ലഭ്യമായ വസ്തുക്കൾ വച്ച് വിഷുക്കണി ഒരുക്കുകയും, തോരണവും മറ്റ് ചെടി, ചിത്ര അലങ്കാരങ്ങളും തലേന്ന് തന്നെ ഒരുക്കിവെച്ച് പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് മുതിർന്നവർ വിളക്ക് കൊളുത്തി കണി കണ്ട് കുട്ടികളെ കണി കാണിച്ച് കുട്ടികൾ അനുഗ്രഹം വാങ്ങിക്കുമ്പോൾ മുതിർന്നവർ കുട്ടികൾക്ക് സന്തോഷമായി വിഷുക്കൈനീട്ടം കൊടുക്കുന്നു. മംഗളകരമായ ഒരു പുതുവർഷത്തിലേക്ക് ഒരു നവഐശ്വര്യം പകരുക എന്നുള്ള ഉദ്ദേശത്തിലാണ് കൈനീട്ടമായി നാണയങ്ങൾ അല്ലെങ്കിൽ പണം കൊടുക്കുന്നത്.

വിഷുക്കണി സമയത്ത് പടക്കവും പൂത്തിരി, കമ്പിത്തിരി മുതലായവയും ഉത്തര കേരളത്തിൽ വിശേഷമായി പതിവുണ്ട്. പോക്കറ്റ് മണി എന്ന വിദേശ രീതിക്ക് തുടക്കം വിഷുക്കൈനീട്ടമാവാം എന്നും ചിലർ ഫലിതമായി പറയാറുണ്ട്.

ഉച്ചയ്ക്ക് ഈ വസന്തകാലത്ത് ലഭ്യമായ വിവിധ ഭക്ഷ്യവസ്തുക്കൾ ചേർത്ത് വിഷുസദ്യ ഒരുക്കുന്നു.

വൈകുന്നേരം ക്ഷേത്രദർശനത്തോടെ വിഷുദിനം സമാപിക്കുന്നു.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഈ മനോഹരമായ ബന്ധത്തെക്കുറിച്ചും വിഷുവിന്റെ പാരമ്പര്യത്തെക്കുറിച്ചുമുള്ള ഈ വിവരം നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സന്ദേശങ്ങൾ കൈമാറാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക. നിങ്ങളുടെ വിഷു ഓർമ്മകൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്.

Article Summary: A comprehensive report on the historical, scientific, and cultural significance of Vishu, the equinox-based festival of Kerala.

#Vishu2026 #VishuSpecial #KeralaCulture #Vishuvam #MalayalamTradition #VishuFestival

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia