city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വി ശിവൻ കുട്ടി; വിദ്യാഭ്യാസ വകുപ്പിൽ തിരുത്തൽ തേടുന്ന അദ്ധ്യായം

- സൂപ്പി വാണിമേൽ

(www.kasargodvartha.com 20.05.2021) വിദ്യാനഗർ എന്ന ദേശം 1957ന് മുമ്പ് ഉണ്ടായിരുന്നില്ല. ഇന്ന് അതാണ് അത്യുത്തര കേരള ആസ്ഥാനം. കാസർകോട് കളക്ടറേറ്റും ജില്ല പഞ്ചായത്ത് കാര്യാലയവും കോടതി സമുച്ചയം ഉൾപ്പെടെ പ്രധാന സ്ഥാപനങ്ങളും വിദ്യാനഗറിൽ പ്രവർത്തിക്കുന്നു. കേരളത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശേരിയാണ് ആ പേരിന്റെ പിതാവ്. കുഞ്ഞിമാവിന്റടി എന്ന് അറിയപ്പെട്ട സ്ഥലത്ത് സ്ഥാപിച്ച കാസർകോട് ഗവ.കോളജ് സമർപ്പണം നിർവ്വഹിച്ച ധന്യ നിമിഷത്തിലായിരുന്നു മുണ്ടശേരി മാഷുടെ നാമകരണം.


വി ശിവൻ കുട്ടി; വിദ്യാഭ്യാസ വകുപ്പിൽ തിരുത്തൽ തേടുന്ന അദ്ധ്യായം



പ്രഥമ ഇഎംഎസ് സർക്കാർ മലബാറിന്റെ ആതുര സേവന മേഖലക്ക് നൽകിയ എക്കാലത്തേയും വലിയ സംഭാവനയാണ് കോഴിക്കോട് ഗവ.മെഡിക്കൽ കോളജെങ്കിൽ കാസർകോടിന്റെ വിദ്യാഭ്യാസ,സാംസ്കാരിക മേഖലയിൽ വിവരണാതീത സ്വാധീന ഘടകമാണ് ഗവ.കോളജ്. കാസർക്കോട് ജില്ലയിൽ നിന്ന് മുസ്ലിം ലീഗിന് ബിരുദധാരിയായ ആദ്യ എംഎൽഎയുണ്ടായത് 2011ൽ എൻ എ നെല്ലിക്കുന്നിലൂടെ. 1960ൽ കോഴിക്കാട് ജില്ലയിലെ നാദാപുരം എംഎൽഎയായ കാസർകോട്ടുകാരൻ ഹമീദലി ശംനാട് ബിരുദ, നിയമ ബിരുദ ധാരിയായത് മംഗലാപുരത്തും മദിരാശിയിലും വിദ്യാഭ്യാസം നേടാൻ സൗകര്യമുണ്ടായിരുന്ന കുടുംബങ്ങളുടെ പുരാണം. ഇ ചന്ദ്രശേഖരൻ, സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലൻ എന്നീ എംഎൽഎമാരും കാസർകോട് ഗവ. കോളജ് കാമ്പസ് രാഷ്ട്രീയ സംഭാവനകൾ. തന്റെ വിദ്യാഭ്യാസ കാലം മഞ്ചേശ്വരം ഗവ.ഗോവിന്ദ പൈ കോളജ് സ്ഥാപിതമായത് എകെഎം അഷറഫിന് തുണ.

ഇഎംഎസിനും ഇകെ നായനാർക്കും പഠിക്കുന്ന പിണറായി വിജയന് ചേരാത്ത അദ്ധ്യായം മുഖ്യമന്ത്രി തുന്നിച്ചേർത്തതിലുള്ള പരിഭവം പകർത്താനാണ് ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ നിന്ന് തുടങ്ങിയത്. വി ശിവൻ കുട്ടി വിദ്യാഭ്യാസ വകുപ്പിൽ തുറന്നുവെക്കാൻ കൊള്ളാത്ത ആഭാസ അശ്ലീല അദ്ധ്യായമാണെന്ന ആക്ഷേപം ഉയരാമെന്ന് ബഹു.മുഖ്യമന്ത്രിയെ ബോധിപ്പിക്കുന്നു. ജനാധിപത്യ ശ്രീകോവിലിൽ മുണ്ടുരിഞ്ഞ കോലത്തിൽ ലോകത്തിന് കാഴ്ച വസ്തുവായി ശിവൻകുട്ടി സമൂഹ മാധ്യമങ്ങളിൽ ഉണ്ട്. കേരളത്തിലെ പൈതങ്ങൾ മുതൽ പന്ത്രണ്ടാം തരക്കാർ വരേയുള്ള പൊതുവിദ്യാഭ്യാസ അധിപനായാണ് മുണ്ടശേരി മാഷുടെ പിൻഗാമി എത്തുന്നത്. അതിന് ചേർന്ന സംസ്കരണ പാഠങ്ങൾ അനിവാര്യം.

പി പി ഉമ്മർ കോയ, ആർ ശങ്കർ, സി എച്ച് മുഹമ്മദ് കോയ, ബേബി ജോൺ, ചാക്കീരി അഹ്മദ് കുട്ടി, യു എ ബീരാൻ, പി ജെ ജോസഫ്, കെ ചന്ദ്രശേഖരൻ, ടി എം ജേക്കബ്, ഇ ടി മുഹമ്മദ് ബഷീർ, നാലകത്ത് സൂപ്പി, എം എ ബേബി, പി കെ അബ്ദുറബ്ബ്, പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവരാണല്ലോ ഇതുവരെ വിവിധ കാലങ്ങളിൽ ഭിന്ന മുന്നണി മന്ത്രിസഭകളിൽ വിദ്യാഭ്യാസ വകുപ്പ് കൈയാളിയത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മുണ്ടശേരിക്ക് ശേഷം വകുപ്പിന്റെ ചുമതല വഹിച്ച സി രവീന്ദ്രനാഥിനെ രണ്ടാമത്തെ സി പി എം വിദ്യാഭ്യാസ മന്ത്രി എന്ന് പറയാം. എം എ ബേബിയുടെ താത്വിക ഭാഷയേക്കാൾ മാഷന്മാർക്കും കുട്ടികൾക്കും ഒരുപോലെ മനസ്സിലായ സംസാരവും ശൈലിയും രവീന്ദ്രൻ മാഷിന്റേതായിരുന്നുവെന്നാണ് പൊതുവിദ്യാഭ്യാസ ധാരണ. ആ സൗമ്യത്തുടർച്ചയാണല്ലോ ശിവൻ കുട്ടിയിലും വിദ്യാർത്ഥി, അദ്ധ്യാപക, രക്ഷാകർതൃ സമൂഹം പ്രതീക്ഷിക്കുക.

നിയമസഭയിൽ 2015 മാർച്ച് 13ന് സംഭവിച്ച അഭിശപ്ത കൈയാങ്കളിയിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി കട്ടായം പറഞ്ഞ പ്രതികളിൽ ഒരാളാണ് വി ശിവൻ കുട്ടി എംഎൽഎ മന്ത്രിസഭയിൽ അദ്ദേഹത്തിന്റെ പുതുമുഖം ഐശ്വര്യമാവുന്ന സമുദായങ്ങളുടെ സംതൃപ്തിയേക്കാൾ കുട്ടികളുടെ തല താണുപോകാതിരിക്കാനുള്ള വഴിയാണ് മുഖ്യമന്ത്രിയും മുന്നണിയും മുന്നിൽകാണേണ്ടത്. കേരളത്തിൽ ബിജെപി തുറന്ന ഏക അക്കൗണ്ട് പൂട്ടിച്ചു എന്ന ബഹുമതി നേമം മണ്ഡലത്തിൽ വിജയിച്ച വി ശിവൻ കുട്ടിക്ക് തീർച്ചയായും നൽകേണ്ടതുതന്നെ. അതിന് ഉചിതം മന്ത്രി പദവിയല്ലാതെ മറ്റൊന്നില്ല. തെരഞ്ഞെടുപ്പു ഫലം വന്ന ദിവസം ശിവൻ കുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന് പുറത്തേക്ക് പോയ കോൾ, മെസ്സേജ് ലിസ്റ്റുകൾ മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും പരിശോധിച്ചാലും.

മുഖാവരണം ധരിച്ചും അകലം പാലിച്ചും തിരുവനന്തപുരം വഴുതക്കാട് ജുമാമസ്ജിദിൽ പ്രാർത്ഥനാ നിർവ്വഹണത്തിനായി മൊബൈൽ ഫോണുകൾ നിശ്ശബ്ദമാക്കി വെച്ചവരുടെ ഫോണുകളിലേക്കാണ് അദ്ദേഹം ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്നത്. വിവിധ മുസ്ലിം സംഘടനാ നേതാക്കളുടെ നമ്പറുകളിലേക്ക് വേറേയും നേമത്തിന്റെ ജനപ്രതിനിധി ബന്ധപ്പെടുന്നുണ്ടായിരുന്നു. നന്ദി പറയാനായിരുന്നു എല്ലാം. അങ്ങിനെയൊരു ആർദ്ര മനസ്സിന് നന്ദി. ഒപ്പം ഒരുകാര്യം കൂടി. ഔറത്ത് എന്നൊരു പ്രയോഗമുണ്ട് മുസ്ലിംകളിൽ. മതപഠനത്തുടക്കം മുതൽ അതറിയും. നഗ്നത എന്ന് അർത്ഥമാവാം. മുട്ടിനും പൊക്കിളിനും ഇടയിലെ ശരീര ഭാഗമാണ് പുരുഷന്റെ ഔറത്ത്. നിയുക്ത വിദ്യാഭ്യാസ മന്ത്രിയുടെ ആ ഭാഗങ്ങൾ പല ആംഗിളുകളിൽ വിരൽത്തുമ്പിൽ ലഭ്യമാണ്.

കാലം വല്ലാതെയങ്ങ് മാറിപ്പോയി. ഊരിപ്പിടിച്ച ആയുധങ്ങൾക്കിടയിലൂടെയാണ് താൻ ബ്രണ്ണൻ കോളജിൽ നിന്ന് ബിരുദം നേടിയ ശേഷം കടന്നുവന്നതെന്ന് മുഖ്യമന്ത്രി പറയുന്നത് മുഖവിലക്കെടുത്താണ് ജനങ്ങൾ വിശ്വസിക്കുന്നത്. എന്നാൽ വൈകുന്നേര വാർത്താസമ്മേളന ഡയസിൽ വരുത്തിയ ക്രമീകരണം കാരണം താൻ കുറിപ്പുകൾ മാറിമാറി എടുക്കുന്നത് അവിടെ (സ്ക്രീനിൽ) കാണുന്നു എന്ന് മുഖ്യമന്ത്രി ജീവനക്കാരനോട് പറഞ്ഞത് തത്സമയം ലോകം കാണുകയും കേൾക്കുകയും ചെയ്തു. ഓൺലൈൻ ക്ലാസാണ് പുതിയ അധ്യയന വർഷവും എന്നാണ് പറയുന്നത്. കുട്ടികളുടെ വിരലുകൾ അപ്പുറവും ഇപ്പുറവും പോവും. അയ്യേ.. എന്ന് ചില രംഗങ്ങൾ കണ്ട് കണ്ണുകൾ പൊത്തുന്ന ആ കുരുന്നുകൾക്ക് മതിപ്പുളവാക്കുന്ന മുഖവും അനുഭവവും പകരാൻ മന്ത്രിക്ക് കഴിയുമെന്ന് കരുതാം.

ഈ കുറിപ്പ് മറ്റേതെങ്കിലും കൂട്ടരെ ചുമരിൽ വെള്ളവലിക്കലായി കാണേണ്ടതില്ല. പാനൂർ കുറുപ്പാളുടെ ശൈലി നിയമസഭയിൽ കൊണ്ടുവന്ന് കെ പി മോഹനൻ മുട്ടുകാൽ പൊക്കിയത് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരിക്കെയാണ്. ഓരോ നാടിന്റേയും രീതി മാറ്റണമെന്ന് ഇപ്പോൾ ഇടതുപക്ഷത്തുള്ള ആ സുഹൃത്തിനോട് പറയുന്നുമില്ല. പേടിപ്പിക്കാനുള്ള അത്തരം ഏർപ്പാടുകൾ നിയമനിർമ്മാണ സഭയിലും അരങ്ങേറിയ സംഭവത്തിലാണ് ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്, കെ കുഞ്ഞു മുഹമ്മദ്, സി കെ സദാശിവൻ, വി ശിവൻ കുട്ടി എന്നിവർ പ്രതികളായി തുടരുന്നത്.

കള്ളുകുടിച്ചാൽ വയറ്റിൽ കിടക്കണം എന്ന് മഹാറാലിയിൽ ഉച്ചഭാഷിണിയിൽ ശാസിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയാണ് വീണ്ടും മുഖ്യമന്ത്രിക്കസേരയിൽ. അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ പരിസരം മറന്നുപോവുന്ന ഒരാളായി തുടരാൻ ശിവൻ കുട്ടിക്കും കഴിയില്ലെന്നതിന് അനുഭവങ്ങൾ സാക്ഷി. ന്യൂനപക്ഷ വിഭാഗങ്ങളുടെ വലിയ പിന്തുണ ഇടതുമുന്നണിക്ക് ലഭിച്ചതിന്റെ കൂടി ഫലമാണ് 99 അംഗബലം. ആ വിഭാഗത്തോട് പ്രത്യേകം നന്ദിയുണ്ടാവുമെന്ന് വിജയാനന്തരം ശിവൻ കുട്ടി പറഞ്ഞത് വെറുംവാക്കായിപ്പോകരുതെന്ന ഓർമ്മപ്പെടുത്തലോടെ വിദ്യാഭ്യാസ മന്ത്രിക്ക് ആശംസകൾ.

Keywords: Kasaragod, Kerala, News, Vidya Nagar, Article, Education, Minister, Govt.College, MLA, Manjeshwaram, N.A.Nellikunnu, Pinarayi-Vijayan, Thiruvananthapuram, V Shivan Kutty; Correction seeking chapter in Education Department.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia