city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ട് നടന്ന കവർച്ചകളുടെയും കൊലക്കേസുകളുടെയും അകം പൊരുൾ; അറസ്റ്റിനു വഴി തെളിയാതെ പൊലീസ്

പ്രതിഭാരാജന്‍


(www.kasargodvartha.com 24.01.2021) സുമംഗലി ജ്വല്ലറിയിലെ സ്വര്‍ണം, കളക്ഷന്‍ ഏജന്റ് സൗമ്യയുടെ കൈയ്യില്‍ നിന്നും തട്ടിപ്പറിച്ച രണ്ടര ലക്ഷം, പൊയ്‌നാച്ചിയിലെ മലഞ്ചരക്കുകാരന്റെ കുരുമുളകും അടക്കയും, നാട്ടിലുടനീളം നടന്ന നിരവധി കവര്‍ച്ചകള്‍... ഇവയെല്ലാം തിരിച്ചു കിട്ടുമോ ഇനിയെങ്കിലുമെന്ന ചോദ്യവുമായി പൊലീസ് സേനക്ക് ഇരിക്കപ്പൊറുതിയില്ലാതായിരിക്കുന്നു. അതില്‍ ചിലര്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയിരിക്കുന്നു. എന്നെങ്കിലും പരിഹാരമാവുമോ ഇതിനൊക്കെയെന്ന് ജനം ഒച്ച വച്ചു തുടങ്ങിയിരിക്കുന്നു.

കളവും, കവര്‍ച്ചയും അനുദിനം പെരുകുകയാണ്. കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറി 2017ല്‍ കുത്തിത്തുറന്ന് സ്വര്‍ണം മോഷണം നടന്നതടക്കം സുമംഗലിയുടെ ബ്രാഞ്ച് ഷോറുമായി പ്രവര്‍ത്തിക്കുന്ന ബന്തടുക്കയിലെ കടയില്‍ നിന്നു 2019ല്‍ രണ്ടാം തവണയും കവര്‍ച്ച നടന്നു. മറ്റൊരു ഞെട്ടിപ്പിക്കുന്ന പിടിച്ചുപറിയായിരുന്നു ചെമ്മനാട്ടേത്. പെന്‍ഷന്‍ വിതരണത്തിനായി സ്‌കൂട്ടറില്‍ പോവുകയായിരുന്ന ബാങ്ക് കളക്ഷന്‍ എജന്റ് സൗമ്യയെ തടഞ്ഞിട്ടു വീഴ്ത്തി കൈയ്യിലെ ബാഗുമായി കള്ളന്‍ കടന്നു കളഞ്ഞത് പട്ടാപ്പകലാണ്. രണ്ടര ലക്ഷമാണ് പോയികിട്ടിയത്. 2020 പുതുവര്‍ഷപ്പിറവി ദിനത്തിലായിരുന്നു സംഭവം. ഇതുപോലുള്ള വന്‍ കവര്‍ചകള്‍ക്കു ശേഷം മോഷണത്തില്‍ നിന്നും രക്ഷപ്പെടാനാകാതെ നടുങ്ങി നില്‍ക്കുകയാണ് കാസര്‍കോടിന്റെ ഗ്രാമങ്ങള്‍. ഓരോ ദിനം പിറക്കുന്നതും പുതിയ കവര്‍ചയുടെ വാര്‍ത്തയുമായി. അതിലൊന്നു മാത്രമാണ് കഴിഞ്ഞ ആഴ്ച്ച പൊയിനാച്ചിയില്‍ നടന്നത്.

കാസർകോട്ട് നടന്ന കവർച്ചകളുടെയും കൊലക്കേസുകളുടെയും അകം പൊരുൾ; അറസ്റ്റിനു വഴി തെളിയാതെ പൊലീസ്

സുമംഗലിയില്‍ നിന്നും സ്വര്‍ണമെന്നതു പോലെ പൊയിനാച്ചില്‍ നിന്നും കുരുമുളക്. ഒരേ കടയില്‍ നിന്ന് രണ്ടാം തവണത്തെ കളവാണിത്. ആദ്യം അടക്കയാണെങ്കില്‍ ഇത്തവണ കുരുമുളകെന്ന വ്യത്യാസം മാത്രം. ചോദിച്ചപ്പോള്‍ അന്യേഷണോദ്യോഗസ്ഥന്‍ തറപ്പിച്ചു പറയുന്നു.

'തീവ്രമായ ആസൂത്രണം ഇതിനു പിന്നിലുണ്ട്. പൊലീസ് വാഹനത്തിന്റെ നീക്കം മനസിലാക്കാന്‍ രാത്രിയിലും അവര്‍ക്കു സംവിധാനങ്ങളുണ്ട്. പാര്‍ക്കിങ്ങ് സൗകര്യവും, രാത്രിയുടെ മറയും കവര്‍ച്ചക്കാര്‍ മുതലാക്കി. സംശയമുള്ളവരെയും അല്ലാത്തവരേയും ചോദ്യം ചെയ്യുന്നുണ്ട്. സി സി. ടി വിയുടെ പരിശോധന ശക്തമായി നടക്കുന്നുണ്ട്. സൈബര്‍ പൊലീസും സജീവമായുണ്ട്.' ഒട്ടും വൈകാതെ പിടികൂടാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പോലീസ്.

2018 ജൂണിലായിരുന്നു പഴയങ്ങാടിയിലെ ജുവല്ലറി കവര്‍ച. പഴുതടച്ചുള്ള അന്യേഷണവുമായി പോലീസ് നീങ്ങി. 17ാം നാള്‍ പ്രതികള്‍ക്ക് വിലങ്ങു വീണു. കാസര്‍കോട് ജില്ലയില്‍ പയറ്റിത്തെളിഞ്ഞ പന്നീട് തളിപ്പറമ്പിലേക്ക് സ്ഥലം മാറിപ്പോയ ഡി വൈ എസ് പി കെ വി. വേണുഗോപാലിന്റെ കിരീടത്തില്‍ അംഗീകാരത്തിന്റെ മുദ്ര പതിപ്പിക്കലായി മാറിയിരുന്നു, ഈ കേസ് പിടുത്തം.

ഹൊസങ്കടി ടൗണില്‍ നിന്നും ഒരേ നില്‍പ്പില്‍ 3 കടകളില്‍ ഒരുമിച്ചായിരുന്നു മോഷണം. പോലീസ് ബീറ്റിന്റെ കാര്യക്ഷമത പോരെന്ന് ആരോപണം വന്നു. സുരക്ഷ ഒന്നു കൂടി ഊട്ടിയുറപ്പിച്ചുവെങ്കിലും ചെര്‍ക്കളയില്‍ നിന്നും നിര്‍ത്തിയിട്ട ലോറിയുടെ എട്ടു ടയറുകള്‍ ഒരുമിച്ച് തട്ടിച്ചാണ് കള്ളന്മാര്‍ പോലീസിനോട് പകരം വീട്ടിയത്. കളവു മാത്രമല്ല, അത് പോലീസിനെതിരെയുള്ള ഒരുതരം പരിഹാസമായി മാറുകയായിരുന്നു. കവര്‍ച്ച തടഞ്ഞേ മതിയാകു എന്ന ബദിയടുക്ക പോലീന്റെ നിര്‍ബന്ധബുദ്ധിക്കിടയിലാണ് ബെദിരംപള്ളത്തെ മൊബൈല്‍ കട കുത്തിത്തുറന്ന് 12 ഫോണുകളും, 13,000 രൂപയും കൊണ്ടു പോയത്. തൊട്ടടുത്തു കിടന്നിരുന്ന പെട്ടിക്കടകളുടെ പൂട്ടും തല്ലിത്തകര്‍ത്തിരുന്നു. 2018 മെയ് 24നാണ് കാസര്‍കോട്ടെ ബജാജ് ഷോറുമിന്റെ പൂട്ടു തകര്‍ത്ത് കള്ളന്മാര്‍ പുത്തന്‍ ബൈക്കുകളുമായി കടന്നുകളഞ്ഞതെങ്കില്‍ അല്‍പ്പ മാസത്തിനിടയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നും നിര്‍ത്തിയിട്ട ബൈക്ക് രേഖകള്‍ സഹിതം എടുത്തോണ്ടു പോയി. ഇപ്പോൾ കാസര്‍കോട്ടെ വാഹന മോഷണം പതിവു സംഭവങ്ങളാണ്. അസഹ്യമായ മോഷണ ശല്യം കൊണ്ട് പോലീസ് വീര്‍പ്പു മുട്ടുന്നതിനിടെ പൈവളിക കയര്‍ക്കട്ടയിലെ അബ്ദുല്‍റഹ്മാന്റെ വീട് കുത്തിത്തുറന്ന് പണ്ടവും പണവും കൊണ്ടു പോയി. ഇതിനിടയില്‍ തന്നെയാണ് 03-11-2019ന് തൃക്കരിപ്പൂരിലെ റിട്ട. എസ് ഐ ടി കുഞ്ഞികൃഷ്ണന്റെ മകള്‍ ദീപയുടെ മുന്നര ലക്ഷത്തില്‍പ്പരം അന്നു വിലയുള്ള സ്വര്‍ണം കവര്‍ന്നത്. അതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലൂടെയാണ് വാശിമൂത്ത കള്ളന്മാര്‍ നീലേശ്വരത്തെ സുപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിക്കുന്നത്.

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ മുതിയക്കാലിലെ സുനില്‍ കുമാറിന്റെ വീട്ടില്‍ കയറി പണ്ടവും, പണവും, ഡോളറും കൈക്കലാക്കിയത് 2018ലാണ്. പാലക്കുന്ന് കഴകം ക്ഷേത്രത്തിലെ ഒരു മറുപുത്തരി നാളിലായിരുന്നു സംഭവം. പപ്പടക്കച്ചവടക്കാരാണ് പ്രതികളെന്ന് ഏതാണ്ട് ഉറപ്പിച്ചുവെങ്കിലും തെളിവുകളുടെ അപര്യാപ്ത കൊണ്ട് ആരെയും അറസ്റ്റ് ചെയ്യാനായില്ല. ഇപ്പോള്‍ അന്വേഷവും ഉപേക്ഷിച്ച മട്ടാണ്.

സമാനമാണ് കവര്‍ച്ചയുടേയും, മോഷണത്തിന്റേയും ഏതാണ്ട് എല്ലാ അവസ്ഥകളും. കള്ളന്മാര്‍ക്കാണ് ഇന്ന് നല്ല കാലം. പ്രകാശമാനമായ അന്തരീക്ഷത്തെ വിട്ട് ധനമോഹികള്‍ തമസ്സിനെ പ്രണയിക്കാന്‍ തുടങ്ങിയിരിക്കുന്നു. പോലീസിനെ പേടിയില്ലാതായിരിക്കുന്നു. വെളിച്ചവും ഇരുട്ടും ഒരു പോലെ കൈകാര്യം ചെയ്യാനറിയാവുന്ന പോലീസധികാരികളെ അവര്‍ വട്ടം കറക്കി വിടുന്നു. കവര്‍ച്ചാ പരമ്പരകള്‍ അരങ്ങേറുന്നു. പോലീസിനെ നാണം കെടുത്തുന്നു. കുറ്റവാളികളെ കണ്ടെത്താന്‍ കഴിയുന്ന വേളകളില്‍ പോലും തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാതെ പോലീസ് ഉഴറുയാണ്. സി സി ടി വിയും, മൊബൈല്‍ ഫോണ്‍ കോള്‍ വിവരങ്ങള്‍ ചോര്‍ത്തിയും വേണം തെളിവു ശേഖരിക്കാന്‍. തോക്കുണ്ട്, അത് പ്രതാപം കാണിക്കാന്‍ മാത്രം. ഇതൊക്കെയാണ് പോലീസിന്റെ പരിമിതിയെങ്കിലും കാര്യമറിയാതെ ജനം പോലീസിനെ പഴിക്കുന്നു. എല്ലാം ഒത്തു കളിയാണെന്ന് ആരോപിക്കുന്നു. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരില്ലാത്തതല്ല, ഈ സംവിധാനത്തില്‍ വന്നു ചേര്‍ന്നിരിക്കുന്ന പരിഹരിക്കാത്ത പോരായ്മകളാണ് കേസു തെളിയിക്കാന്‍ കഴിയാതിരിക്കുന്നതിനു കാരണമെന്ന് പോലീസ് സ്വയം പഴിയേല്‍ക്കുന്നു.

നുള്ളിപ്പാടിയിലെ ഐ എന്‍ എല്‍ ജില്ലാ കമ്മറ്റി ഓഫീസിനു മുമ്പില്‍ പാര്‍ക്ക് ചെയ്ത സ്‌കൂട്ടറടക്കം കോണ്‍ഗ്രസ് നേതാവിന്റെ അടക്കം വാഹനങ്ങള്‍ മാറ്റുന്നു. രാഷ്ട്രീയക്കാര്‍ പോട്ടെ, മാതൃഭൂമി ഫോട്ടോഗ്രാഫറും, കെ യു ഡബ്ല്യൂ ജെ ജില്ലാ കമ്മറ്റി അംഗവുമായ രാമനാഥ പൈ എന്ന മാധ്യപ്രവര്‍ത്തകന്റെ ബൈക്കിനടക്കം രക്ഷയില്ലാതാകുന്നു.

ലോകമാന്യ തിലക് കാസര്‍കോടു വഴി കടന്നു ചെന്നപ്പോഴാണല്ലോ, യാത്രക്കാരിയുടെ പതിനൊന്നരപ്പവന്റെ മാല പോയത്. കഴിഞ്ഞ ആഴ്ച പാലക്കുന്നില്‍ അടക്കം മുന്നിടങ്ങളില്‍ സ്‌കൂട്ടറില്‍ വന്ന് മാല തട്ടിപ്പറിച്ച് കടന്നു കളഞ്ഞ വിരുതന്മാരുണ്ടായി. ആരേയും പിടികൂടിയിട്ടില്ല. മാല മാത്രമല്ല, കാഞ്ഞങ്ങാട് കുന്നുമ്മലിലെ ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ ഓട്ടുമണിക്കു പോലും രക്ഷയില്ല. നേരത്തെ ഇവിടെ നിന്നും മോഷണം പോയ ആരാധനാ വിഗ്രഹം തിരിച്ചെടുക്കാന്‍ പോലീസിനു കഴിഞ്ഞുവെങ്കിലും 2020 ജൂലൈ 19ന് നായിക്കരവളപ്പിലെ മല്ലികാര്‍ജ്ജുന ക്ഷേത്ര ശ്രീകോവിലിലെ വിഗ്രഹം തിരിച്ചെടുക്കാനായിട്ടില്ല. കൂട്ടത്തില്‍ ഓഫീസിലെ ഷെല്‍ഫും തകര്‍ത്തു. ഒടയഞ്ചാലിലെ ഓലക്കര ധര്‍മ്മശാസ്താ ക്ഷേത്രം അടക്കം മിക്ക ആരാധനാലയങ്ങള്‍ക്കും രക്ഷയുണ്ടാകുന്നില്ല.

മോഷണങ്ങളുടെ പരമ്പരകള്‍ അരങ്ങു തകര്‍ക്കുകയാണ്. ഇരട്ടപ്പൂട്ടിട്ടു പൂട്ടിയാലും രക്ഷയില്ലാതാവുന്നു. കുറ്റകൃത്യങ്ങളില്‍ സമാനതകള്‍ ബോധ്യപ്പെടുന്നുണ്ടെങ്കിലും ഒരാള്‍ തന്നെയാണ് പല കുറ്റകൃത്യങ്ങള്‍ക്കും പിന്നിലെന്നും പോലീസിന്‌ബോധ്യമുണ്ടെങ്കിലും തെളിവുകള്‍ ശേഖരിക്കാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ മതിയാകാതെ വരുന്നു. സമാനതകളുണ്ടെങ്കിലും തെളിവുകളെ കൂട്ടിയോചിപ്പിക്കാനുള്ള സാധ്യതകള്‍ മതിയാകാതെ വരുന്നു.

കാഞ്ഞങ്ങാട് ചെരുപ്പു കട നടത്തുന്ന പുതിയവളപ്പില്‍ മാത്യുവിൻ്റെ അടക്കം പല കേസുകളും തെളിഞ്ഞും തെളിയാതെയും നിരങ്ങി നീങ്ങുകയാണ്. തെളിഞ്ഞ കേസുകളില്‍ പോലും ശിക്ഷവാങ്ങിച്ചു കൊടുക്കാന്‍ പോലീസിനു ഏറെ പാടുപെടേണ്ടി വരുന്നു. കാഞ്ഞങ്ങാട്ടെ സര്‍ക്കാര്‍ ജീവനക്കാരിയായ യുവതിയുടെ മാല പൊട്ടിച്ചോടിയ മോഷ്ടാവിനെ ഒരു മാസം കഴിഞ്ഞെങ്കിലും പിടികൂടിയ സംഭവം പോലെ അല്‍ഭുതങ്ങള്‍ ഇപ്പോള്‍ സംഭവിക്കുന്നില്ല. 2019 ഡിസംബര്‍ 2ന് ആദൂരില്‍ വെച്ച് മാല പൊട്ടിച്ചവരെ നാട്ടുകാര്‍ ഒത്തു കൂടി പിടികൂടിയിരുന്നു. വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബഷീറായിരുന്നു അന്ന് കള്ളന്മാരിലെ താരം. കാഞ്ഞങ്ങാട്ടെ ഭാരത് മെഡിക്കല്‍ ഷോപ്പ് കുത്തിത്തുറക്കാന്‍ ശ്രമിച്ച വീരനേയും നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പെരുമാറിയിട്ടുണ്ട്.

കാസര്‍കോട് ഫര്‍ണിച്ചര്‍ കടയിലെ രണ്ടു മെഷീനുകളും, ഉരുപ്പടികളും മറ്റും കടത്തിയ കേസിലെ പ്രതി സാവന്തൂരിലെ റസാഖ് അടക്കം നിരവധി പ്രതികളെ പോലീസ് നിയമത്തിന്റെ മുന്നിലെത്തിച്ചിട്ടുണ്ടെങ്കിലും കവര്‍ച്ചക്ക് കുറവുണ്ടാകുന്നില്ല. കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറി കുത്തിത്തുറന്ന് പൊന്നും വെള്ളിയും കടത്തിയ ഉത്തര്‍പ്രദേശുകാരെ അടക്കം പിടികൂടി കാസര്‍കോടിന്റെ അഭിമാനം സംരക്ഷിച്ച, ഏറെ പണിപ്പെട്ടു പിടികൂടിയ അന്നത്തെ സി ഐ സാബു തോമസിനെ അടക്കമുള്ള ഉദ്യോഗസ്ഥരെ ഡിപ്പാര്‍ട്ട്‌മെന്റ് വേണ്ടത്ര പരിഗണിച്ചിട്ടില്ലെന്ന മുറുമുറുപ്പും പോലീസ് സേനക്കകമുണ്ട്. സാഹസികമായി പിടിക്കപ്പെട്ട രാജധാനി ജ്വല്ലറി കവര്‍ച്ച, ചെര്‍ക്കള ബേര്‍ക്കയിലെ ആളൊഴിഞ്ഞ പൊട്ടക്കിണറില്‍ നിന്നും ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെടുത്ത ചെറുവത്തൂര്‍ വിജയബാങ്കിലെ പണ്ടവും മുതലും, പെരിയയിലെ ബാങ്കു കവര്‍ച്ച തുടങ്ങിയവ ഉയര്‍ത്തിവിട്ട ആര്‍ജ്ജവം ഇപ്പോള്‍ തണുത്തുറഞ്ഞിരിക്കുകയാണ്. പുതിയ പോലീസ് മേധാവിയുടെ വിട്ടുവീഴ്ചയില്ലാത്ത ഇടപെടലിലൂടെ സേനക്കു പുതുവീര്യം ആര്‍ജ്ജിക്കേണ്ടതുണ്ട്.

ഇത്തരം വിമ്മിഷ്ടങ്ങള്‍ നിയമപരിരക്ഷാ രംഗത്ത് പുഴുക്കുത്തായി നിലനില്‍ക്കുന്നതിനു ഇടയിലാണ് കേരള കോ-ഒപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സമരത്തിനിറങ്ങുന്നത്. സൗമ്യയുടെ കൈയ്യില്‍ നിന്നും തട്ടിപ്പറിച്ച രണ്ടരലക്ഷം രൂപ പിടിച്ചെടുക്കണമെന്നാണ് ആവശ്യം. ജനു 23ന് ചട്ടഞ്ചാളിലെ മേൽപറമ്പ പോലീസ് സ്‌റ്റേഷന്‍ കേന്ദ്രത്തില്‍ അവര്‍ ധര്‍ണയിരിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉല്‍ഘാടനം ചെയ്യും. ഒരു വര്‍ഷം മുമ്പ് കവര്‍ച്ച ചെയ്യപ്പെട്ട പണം വേണ്ടത്ര തെളിവുകളുണ്ടായിട്ടു പോലും അറസ്റ്റു നടക്കാത്തതില്‍ അവര്‍ക്കുള്ള നീരസം അവിടെ പ്രകടമാകും. സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് സംഘടനയുള്ളതിനാല്‍ അവര്‍ സമരത്തിനിറങ്ങുന്നു. ബന്തടുക്കയിലെ ജ്വല്ലറിയുടമയും, പൊയ്‌നിച്ചിയിലെ മലഞ്ചരക്കുകാരനും അതുപോലുള്ള നൂറുകണക്കിനു ഹതഭാഗ്യരും മേലോട്ടു കൈകൂപ്പിയിരിക്കാന്‍ മാത്രം വിധിച്ചവരാണ്.

ഇന്നല്ലെങ്കില്‍ നാളെ ഞങ്ങളുടെ സമ്പാദ്യം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ കൈവിടാതെ ബാക്കി കാലം ജീവിച്ചു തീര്‍ക്കുകയാണ് അവര്‍. പെരിയയിലെ സുബൈദയെ കവർച്ചയ്ക്കിടെ കൊലപ്പെടുത്തിയ കേസിൽ രക്ഷപ്പെട്ട ഒരു പ്രതിയെ ഇനിയും പിടികൂടാനായില്ല. പനയാലിലെ ദേവകി വധത്തിലും തുമ്പായിട്ടില്ല.

Keywords:  Kerala, Kasaragod, Bike-Robbery, Auto-Robbery, Robbery, Jweller-robbery, House-robbery, Article, Police, Prathibha-Rajan, The inner meaning of the robberies and murders at Kasargod; Police do not know the way to the arrest.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia