Friendship | എന്ത് മനോഹരമീ സൗഹൃദം; വേണം തളരുമ്പോൾ ചായാനൊരു തോൾ
വീട്ടിലും വേണം സൗഹൃദം. രക്ഷിതാക്കൾ നല്ല കൂട്ടുകാരാവാം. മാതാപിതാക്കളുമായി മക്കൾക്കും സൗഹൃദം സൂക്ഷിക്കാൻ കഴിയണം. പരസ്പരം മറയില്ലാതെ തുറന്ന് സംസാരിക്കാൻ കഴിയണം
ബസരിയ ആദൂർ
(KasargodVartha) ജനിച്ചു വീണത് മുതൽ പലരും നമ്മുടെ ജീവിതത്തിൽ കടന്ന് വരുന്നു. ചിലരൊക്കെ നമ്മളെ ഇഷ്ടപ്പെടുന്നു. ചിലരെ നമ്മള്‍ ഒത്തിരി ഇഷ്ടപ്പെട്ടു. കളി ചിരി പ്രായത്തിന്റെ ബാല്യ കാലം മുതൽ കൂട്ടുകാർ ഓരോന്നായി വന്ന് പോകുന്നു. പള്ളിക്കുടവും സൗഹൃദ മധുരത്തിന്റെ ലഹരി പകരുന്നൊരോർമ്മയാണ്. അവിടം മുതൽ വേരുറച്ച ബന്ധങ്ങൾ മനസ്സിന്റെ ആഴങ്ങളിലേക്ക് പതിയുന്നു.
കൈ പിടിച്ചു നടക്കാൻ മാത്രമല്ല, മനസ്സൊന്നു തളർന്നാൽ ചേർത്ത് പിടിക്കാൻ കൂടെയൊരാൾ വേണം. അതൊരു കൂട്ടുകാരനോ കൂട്ടുകാരിയോ ആകുമ്പോൾ കൂടുതൽ മനോഹരമാകുന്നു. ആഴമേറിയ ബന്ധത്തിന്റെ വേരുകണ്ണികൾ പരസ്പരം പടർന്ന് പിടിക്കുന്നു. നല്ലൊരു സൗഹൃദത്തിന് പരസ്പരം വിശ്വാസം നില നിർത്താൻ കഴിയണം. നിൻറെ സങ്കടങ്ങൾ എന്റേത് കൂടിയാവണം. എല്ലാ സന്തോഷങ്ങൾക്കും കൂടെ വേണം. സൗഹൃദത്തിന്റെ മനോഹരിതയെ ഒരു പ്രണയത്തിനും തോൽപ്പിക്കാൻ കഴിയരുത്.
പരസ്പര താങ്ങും തണലുമായി നല്ലൊരു മുതൽ കൂട്ടാവണം കൂട്ടുകാർ. വീട്ടിലും വേണം സൗഹൃദം. രക്ഷിതാക്കൾ നല്ല കൂട്ടുകാരാവാം. മാതാപിതാക്കളുമായി മക്കൾക്കും സൗഹൃദം സൂക്ഷിക്കാൻ കഴിയണം. പരസ്പരം മറയില്ലാതെ തുറന്ന് സംസാരിക്കാൻ കഴിയണം. സ്കൂളിൽ സഹപാഠികളും നല്ല സൗഹൃദങ്ങളാവാം. അവിടെ മതമോ നിറമോ സമ്പത്തോ ഒന്നുമല്ല, ഒരേ വൈബുള്ള രണ്ടാളുകളോ അതിലധികമോ എങ്ങനെയോ ഒന്നിക്കുന്നു.
രക്തബന്ധം മാത്രമല്ല സ്നേഹ ബന്ധവും മരണം വരെ കൊണ്ട് നടക്കാം. അതിന്റെ വിശ്വാസ്യതയെ നില നിർത്തുന്നിടത്ത് ബന്ധം വളരുന്നു. നില നിൽക്കുന്നു. ‘എനിക്കെന്തും തുറന്ന് പറയാൻ ഈ ലോകത്തു നീ മാത്രമേ ഉള്ളുവെന്ന്’ പറഞ്ഞു കൊണ്ട് എല്ലാ ഗൂഢ രഹസ്യങ്ങളും പങ്ക് വെക്കുന്ന കൂട്ടുകാരുണ്ടോ? അതൊരു ഭാഗ്യമല്ലേ? ആണ്. ശരിക്കും ഭാഗ്യമാണ് നല്ല സൗഹൃദങ്ങൾ.
നല്ല സൗഹൃദ ബന്ധങ്ങൾ സന്തോഷം തരും. സമാധാനം തരും. നല്ല വഴികാട്ടിയാവും. എന്തിനും കൂടെയുണ്ടാകും. അതെ. സൗഹൃദങ്ങൾ ഭാഗ്യമാണ്. ദൈവം കനിഞ്ഞേകുന്ന മഹാഭാഗ്യം. നല്ലൊരു സൗഹൃദം ലഭ്യമാകാൻ ആദ്യം നമ്മള്‍ നല്ലൊരു സുഹൃത്താവുക. കൂടെയുള്ളവന്റെ ഏത് ഉയർച്ചയിലും തളർച്ചയിലും ഏറ്റക്കുറച്ചിലില്ലാതെ കൂടെ നിക്കാൻ കഴിയുന്ന കറ തീർന്നൊരു മനസ്സും ഉണ്ടാകണം. അതിലൂടെ വളരട്ടെ നല്ല സൗഹൃദങ്ങൾ.