തിരയടങ്ങാത്ത ആ നോവ്
Dec 17, 2011, 18:43 IST
KM Ahmed |
വിലപ്പെട്ടതെന്തൊക്കെയോ കണ്‍മുമ്പില്‍ നിന്നടര്‍ന്നുപോവുന്നതിന്റെ കരിഞ്ഞ മണമുള്ളൊരു മാസം. മഞ്ഞുപെയ്യുന്ന മാസത്തിന് കണ്ണുനീര്‍ പെയ്യിക്കാനുള്ള വിരൂപ മുഖവുമുണ്ടെന്ന് ഞാനറിഞ്ഞത് കഴിഞ്ഞ ഡിസംബറിലാണ്.
കഴിഞ്ഞ ഡിസംബറിന്റെ ഒത്ത മധ്യത്തില്‍, ക്രിസ്തുമസും പുതുവര്‍ഷപ്പിറവിയും കാത്തിരിക്കുന്നതിനിടയിലായിരുന്ന ഹൃദയത്തില്‍ തീ കോരിയിട്ട ആ നഷ്ടം. ഭൂമിക്ക് നൊന്തുപോവരുതെന്ന് പേടിച്ച് പതുക്കെ മാത്രം നടക്കുകയും ഒരു വാക്കുപോലും എവിടെയെങ്കിലും തറക്കുന്ന മുള്ളായിപ്പോവരുതെന്ന് പേടിച്ച് നല്ലതുമാത്രം സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്ന അഹ്മദ് മാഷ് വിടപറഞ്ഞുപോയത് കഴിഞ്ഞ ഡിസംബര്‍ 16നാണ്.
പേന പോലും കൈവിരലുകള്‍ക്കിടയില്‍ ഒതുങ്ങാതിരുന്ന എന്നെപ്പോലെ അനേകംപേര്‍ക്കാണ് അഹ്മദ് മാഷ് എഴുതിപ്പഠിക്കാനുള്ള ചുമര് തീര്‍ത്തുതന്നത്.
അക്ഷരങ്ങള്‍ തെറ്റുമ്പോള്‍, വാചകങ്ങളുടെ ദിശ മാറുമ്പോള്‍, ആശയങ്ങള്‍ മല കയറുമ്പോള്‍... തിരുത്താനും ശാസിക്കാനും മാഷുണ്ടായിരുന്നു.
എഴുതുന്നതെന്തും കാണാനും അഭിപ്രായം പറയാനും മാഷുണ്ടല്ലോ എന്ന ചിന്തയായിരുന്നു കഴിഞ്ഞ ഡിസംബര്‍ വരെ ഞാനടക്കമുള്ള കാസര്‍കോട്ടെ എഴുത്തുവിദ്യാര്‍ത്ഥികളുടെ ധൈര്യം.
എന്തെഴുതാന്‍ തുടങ്ങുമ്പോഴും മുമ്പില്‍ അഹ്മദ് മാഷിന്റെ മുഖം തെളിയും. ചൂരല്‍ പിടിച്ചുനില്‍ക്കുന്ന വാദ്യാരുടെ ചിത്രമായിരിക്കും മാഷെക്കുറിച്ച് മനസ്സിലെത്തുക. അക്ഷരങ്ങളെ വികലമാക്കുന്നത് മാഷിന് സഹിക്കാറില്ല. വാചകങ്ങളെ അലക്ഷ്യമായി ഉപയോഗിക്കുന്നതും മാഷിനിഷ്ടമല്ല.
മാഷിന്റെ ഭാഷക്കും എഴുത്തിനും ഒരുതരം മധുരമുണ്ടായിരുന്നു; അഴകാര്‍ന്നൊരു ഒഴുക്കും.
എഴുതാനിരുന്നാല്‍ മാഷിന്റെ പേനത്തുമ്പത്തു നിന്നുതിര്‍ന്നുവീഴുന്ന വരികള്‍ കണ്ട് അത്ഭുതം കൂറിയിട്ടുണ്ട് ഞങ്ങള്‍. എന്തൊരു ഒഴുക്കായിരുന്നു അത്. ഒറ്റ ഇരിപ്പിന് മാഷെഴുതിത്തീര്‍ക്കും. ഒരാവര്‍ത്തി വായിക്കേണ്ടിവരികപോലുമില്ല.
'ഉത്തരദേശ'ത്തില്‍ മാഷ് മുഖക്കുറിപ്പെഴുതിയാല്‍ അത് തിരിച്ചറിയാന്‍ ഏതുതരം വായനക്കാരനും കഴിഞ്ഞിരുന്നുവെന്നതാണ് മാഷിന്റെ എഴുത്തിന്റെ വലിയ പ്രത്യേകതകളിലൊന്നായി എനിക്ക് തോന്നിയിട്ടുള്ളത്. മാഷെഴുതുന്ന ഒരു ആര്‍ട്ടിക്കിളിന് ബൈലൈന്‍ വെക്കേണ്ട കാര്യമില്ല. മാഷാണ് എഴുതിയതെന്ന് ഏത് വായനക്കാരനും തിരിച്ചറിയും.
കോളം നിറയ്ക്കാന്‍ വേണ്ടി എഴുതുന്ന രീതിയായിരുന്നില്ല മാഷിന്റേത്. ഏതൊരു സൃഷ്ടിയിലും മാഷിന്റെതായ ഒരു ടച്ചുണ്ടാവും. എഴുത്തിന്റെ ആ ശക്തി തന്നെയായിരുന്നു ഉത്തരദേശത്തിന്റെ ബലവും വിജയവും.
കാസര്‍കോടിന്റെ സാഹിത്യ-സാംസ്‌കാരിക രംഗം അന്നും ഇന്നും ശുഷ്‌കമാണ്. എടുത്തുകാണിക്കാന്‍ എണ്ണിച്ചുട്ടപ്പം പോലെ ചില പ്രതിഭകള്‍...
വളര്‍ന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ ഒരു വേദിപോലുമില്ലാതിരുന്ന കാസര്‍കോട്ട് വളര്‍ന്നുവരുന്ന അനേകംപേര്‍ക്ക് എഴുതാനുള്ള ചുമരുണ്ടാക്കിക്കൊടുത്തുവെന്നതാണ് കാസര്‍കോടിന് മാഷ് നല്‍കിയ വലിയ സംഭാവനയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
മാതൃഭൂമിയുടെ ബ്യൂറോ ചീഫായിരിക്കെ തന്നെ ഉത്തരദേശത്തിന്റെ സ്ഥാപകനാവാന്‍ കഴിഞ്ഞ അഹ്മദ് മാഷിന്റെ എഴുത്തുരീതി രണ്ടിടത്തും രണ്ടുതരത്തിലായിരുന്നു. എടുപ്പുള്ള ഒരു പ്രഭാതപത്രമെന്ന നിലയില്‍ മാതൃഭൂമിയിലുപയോഗിച്ചിരുന്ന കടുകട്ടി ഭാഷയല്ല ഉത്തരദേശത്തിന്റെ സാധാരണ വായനക്കാര്‍ക്ക് മുമ്പില്‍ മാഷ് അവതരിപ്പിക്കാറുണ്ടായിരുന്നത്. അതേസമയം രണ്ടിലും എഴുത്തിന്റെ സൗന്ദര്യം ഒട്ടും ചോര്‍ന്നുപോവാതെ സൂക്ഷിക്കാന്‍ കഴിഞ്ഞുവെന്നത് മാഷിന്റെ മറ്റൊരു പ്രത്യേകത.
സാഹിത്യത്തിന്റെ കുതിരപ്പുറത്ത് കയറിനിന്ന് അഹങ്കാരത്തോടെ കടിച്ചാല്‍പൊട്ടാത്ത ഭാഷകള്‍ പ്രയോഗിക്കുമ്പോള്‍ മാഷിന്റെ ശാസന വരും: 'ഷാഫി ഈ ശൈലി വേണ്ട. സാധാരണ വായനക്കാരന് മനസ്സിലാവുന്ന സാധാരണ ഭാഷ മതി നമുക്ക്. അവര്‍ വായിച്ച് എന്തെങ്കിലും മനസ്സിലാക്കികൊള്ളട്ടെ...'
പത്രപ്രവര്‍ത്തനത്തെ നാട്ടുകാരോട് വര്‍ത്തമാനം പറയുന്നത് പോലെയാണ് മാഷ് കണ്ടത്. സംഭവങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാവുന്ന തരത്തില്‍ അവതരിപ്പിക്കണം. വാര്‍ത്ത വായിക്കുന്നവര്‍ക്ക് അതുമായി ബന്ധപ്പെട്ട് പിന്നെയൊരു സംശയവും ഉണ്ടാവരുത്. ലളിതമായ ഭാഷയും ചുരുക്കിയുള്ള അവതരണവും മാഷെപ്പോഴും ഓര്‍മ്മിപ്പിക്കും.
ആവേശം മൂത്ത് ചിലപ്പോള്‍ ഞങ്ങളറിയാതെ നീട്ടിവലിച്ച് എഴുതിക്കളയാറുണ്ട്. അപ്പോഴൊക്കെ മാഷിന്റെ പേനയ്ക്ക് മുടിവെട്ടുകാരന്റെ കത്രികയേക്കാള്‍ മൂര്‍ച്ചയും വേഗതയും ഞങ്ങള്‍ കണ്ടിട്ടുണ്ട്.
എഡിറ്റിങ്ങ് അഹ്മദ് മാഷിനെ സംബന്ധിച്ചിടത്തോളം ഒരു കലയായിരുന്നു. മാഷിന്റെ മേശപ്പുറത്തെത്തുന്ന വാര്‍ത്തകളുടെ കുടവയറും മേദസും കൊഴുപ്പുമൊക്കെ വെട്ടിമാറ്റി നല്ല സ്ലിംബ്യൂട്ടിയാക്കി നിമിഷങ്ങള്‍ക്കകം മാഷ് കയ്യില്‍ തരും. മാഷ് എഡിറ്റ് ചെയ്യുന്ന വാര്‍ത്തകള്‍ വായിക്കുമ്പോഴൊക്കെ ആനന്ദകരമായി തോന്നിയിട്ടുണ്ട്. പത്രപ്രവര്‍ത്തനം പഠിക്കുന്നവര്‍ക്ക് ഒരു സര്‍വകലാശാലയായിരുന്നു അഹ്മദ് മാഷെന്ന് ആ ഗുരുവിന് കീഴില്‍ അക്ഷരങ്ങളെ അരുചേര്‍ത്തുവെക്കാന്‍ പഠിച്ച ഏതൊരു ശിഷ്യനും സമ്മതിക്കും.
മാഷ് പകര്‍ന്ന പാഠം തന്നെയാണ് പത്രപ്രവര്‍ത്തന ജീവിതത്തില്‍ എനിക്ക് മുമ്പിലെപ്പോഴും നിറഞ്ഞുനില്‍ക്കുന്ന പ്രകാശവും. ഓര്‍മ്മകളുടെ ആ നക്ഷത്ര വിളക്കിന് മുമ്പില്‍ പ്രാര്‍ത്ഥനയോടെ നില്‍ക്കുന്നു.
ടി.എ. ഷാഫി
T.A.Shafi |
Keywords: T.A.Shafi, K.M.Ahmed, Remembrance, kasaragod, Article,
Also Read
ഇവനെന്റെ പ്രിയ മാഷ്........
ഒഴുകി അകന്ന കുളിര്‍ലോല പോലെ
Also Read
ഇവനെന്റെ പ്രിയ മാഷ്........
ഒഴുകി അകന്ന കുളിര്‍ലോല പോലെ