city-gold-ad-for-blogger

കാസർകോടിന്റെ കലാ-സാഹിത്യ പ്രതിഭകളെ പരിചയപ്പെടുത്തി സുറാബിന്റെ 'ഇങ്ങ് വടക്ക്'

Book cover of Surab's Iññu Vaṭakk
Photo: Special Arrangement

● ഒലീവ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് അവതാരിക എഴുതിയത് ഡോ. സി. ബാലൻ.
● പ്രൊഫ. എം. എ. റഹ്മാൻ, ഡോ. അംബികാസുതൻ മാങ്ങാട്, സി. വി. ബാലകൃഷ്ണൻ എന്നിവർ ഉൾപ്പെടെയുള്ളവരുടെ വിവരണം.
● എഴുത്തുകാരന്റെ മുഖപുസ്തകത്തിൽ (ഫേസ്ബുക്കിൽ) വന്ന കുറിപ്പുകളാണ് പുസ്തകമായി മാറിയത്.
● കവിത, കഥ, നോവൽ, നാടകം തുടങ്ങിയ മേഖലകളിലെ പ്രതിഭകളെ പരിചയപ്പെടുത്തുന്നു.

കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(KasargodVartha) പ്രമുഖ എഴുത്തുകാരൻ സുറാബിന്റെ 'ഇങ്ങ് വടക്ക്' എന്ന പുസ്തകം ബെള്ളിപ്പാടി മധു വാഹിനി വായനശാലയിലെ പുസ്തക ചർച്ചയിൽ വെച്ച് രചയിതാവിന്റെ എഴുത്തനുഭവം കേട്ടപ്പോഴാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.

മഹാകവി പി കുഞ്ഞിരാമൻ നായർ, ഉബൈദ് മാഷ്, മഞ്ചേശ്വരം ഗോവിന്ദപൈ, കുട്ടമത്ത് തുടങ്ങിയ ചുരുക്കം ചില കവികൾ മാത്രമായിരുന്നു ഒരു കാലത്ത് കാസർകോടിന്റെ സാഹിത്യകാരന്മാരായി ഉണ്ടായിരുന്നത്. 

'ഇങ്ങ് വടക്ക്' നിന്ന് പി കുഞ്ഞിരാമൻ നായർ കുറേ കവിതകൾ എഴുതിയിരുന്നെങ്കിലും ഒരു കവി എന്ന പട്ടം ചാർത്തിക്കിട്ടിയത് പാലക്കാട്ടെ കൊല്ലംകോട് എത്തിയതിന് ശേഷമായിരുന്നു. ഇന്ന് ധാരാളം കവികളും സാഹിത്യകാരന്മാരും ജില്ലയിലുണ്ട് എന്ന യാഥാർഥ്യം അധികമാളുകൾക്കും അറിയില്ല എന്നതാണ് സത്യം.

കാസർകോടിന്റെ വരണ്ട മണ്ണ് കലയ്ക്കും സാഹിത്യത്തിനും വളക്കൂറുള്ളതല്ല എന്ന ചിലരുടെ വാക്കുകളെ പാടെ തെറ്റിച്ചുകൊണ്ട് പിന്നീട് കാറ്റ് മാറി വീശി. എഴുത്തുകാരും സാഹിത്യകാരും മാത്രമല്ല, കലാ സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവരും പുസ്തകം പ്രസിദ്ധീകരിക്കുന്നവരും ഏറ്റവും കൂടുതലുള്ള ജില്ലയായി ഇന്ന് കാസർകോട് മാറിയിരിക്കുന്നു.

സുറാബ് ഒരു കോളേജിലെ സാഹിത്യ ശില്പശാലയിൽ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുമ്പോൾ നമ്മുടെ ജില്ലയിലെ എഴുത്തുകാരെക്കുറിച്ച് ചോദിച്ചപ്പോൾ, മറുപടി പറയാതെ നിന്ന വിദ്യാർത്ഥികളുടെ മൗനത്തിൽ നിന്നാണ് ഈ വടക്കൻ ദേശത്ത് കലാ സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവരെ കുറിച്ച് എഴുതണമെന്ന ചിന്ത അദ്ദേഹത്തിന് ഉദിച്ചത്.

Book cover of Surab's Iññu Vaṭakk

അതിപ്രശസ്തരും, അറിയപ്പെടുന്നവരും അധികമൊന്നും അറിയാൻ ആഗ്രഹിക്കാത്തവരുമായ കലാസാഹിത്യ മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുപ്പത്തിമൂന്ന് പ്രതിഭകളെക്കുറിച്ചുള്ള ഒരു ലഘുവിവരണം, തന്റേതായ ശൈലിയിൽ നർമ്മത്തിൽ ചാലിച്ച അക്ഷരങ്ങളിലൂടെ സുറാബ് തന്റെ മുഖപുസ്തകത്തിൽ (ഫേസ്ബുക്കിൽ) പുറത്തുവിട്ട കുറിപ്പുകളാണ്, പ്രമുഖ ചരിത്രകാരനായ ഡോ സി ബാലന്റെ അവതാരികയോടെ 'ഇങ്ങ് വടക്ക്' എന്ന പേരിൽ ഒലീവ് ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജില്ലയിലെ എഴുത്തുകാരെയും കലാകാരന്മാരെയും ഒരു വടക്കൻ ചരിത്ര പുസ്തകം പോലെ വായനക്കാർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതാണ് 'ഇങ്ങ് വടക്ക്'. കവിത, ഗാനരചയിതാവ്, കഥ, തിരക്കഥ, നോവൽ എന്നിങ്ങനെ എഴുത്തിന്റെ സകല മേഖലകളിലും കൈവെച്ചിട്ടുള്ള സുറാബ് അറുപതിൽപരം പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.

പുസ്തകത്തിലെ ഒന്നാം അദ്ധ്യായം കേരളത്തിലും പുറത്തും നാടക പ്രവർത്തന രംഗത്തും എഴുത്തിലും ഗ്രന്ഥലോകം മാസികയുടെ എഡിറ്ററായും വായന പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച കർമ്മയോഗിയുമായ പി വി കെ പനയാൽ മാഷിനെ കുറിച്ചാണ്.

surab ingu vadakk kasaragod art literature book review

കാസർകോടിന്റെ അഭിമാനമായ സി വി ബാലകൃഷ്ണൻ എഴുത്തിലും സിനിമാരംഗത്തും പ്രവർത്തിക്കുന്ന പ്രമുഖനാണ്. എഴുത്തിലും ഡോക്യുമെന്ററിയിലും എൻഡോസൾഫാൻ വിരുദ്ധ സമരങ്ങളിലുമൊക്കെയായി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച പ്രൊഫ എം എ റഹ്മാൻ, ബഹുഭാഷാ സംഗമ ഭൂമിയിലെ ബഹുഭാഷാ പണ്ഡിതനും സഞ്ചരിക്കുന്ന വിജ്ഞാന സാഗരവുമായ ഡോ എ എം ശ്രീധരൻ മാഷ്, ഏത് വിഷയങ്ങളെക്കുറിച്ചും വാചാലമായി സംസാരിക്കുന്ന പ്രഭാഷകനും, നിരൂപകനും എഴുത്തുകാരനുമായ ഇ പി രാജഗോപാലൻ മാഷ്, എൻഡോസൾഫാൻ ദുരിതം വിതച്ച 'എൻമകജെ' എന്ന നോവലിലൂടെ കാസർകോടിന്റെ നൊമ്പരങ്ങളും, തെയ്യങ്ങളെയും കുറിച്ച് ധാരാളം എഴുതിയിട്ടുള്ള ഡോ അംബികാസുതൻ മാങ്ങാട്, മുതിർന്ന പത്രപ്രവർത്തകനും ഏതൊരാളെയും പിടിച്ചിരുത്തുന്ന ഭാഷാവൈഭവത്തോടെ പ്രഭാഷണം നടത്തുന്ന കാസർകോട്ടുകാരുടെ പ്രിയങ്കരനായ റഹ്മാൻ തായലങ്ങാടി, നാടക രംഗത്ത് പകരം വെക്കാനില്ലാത്ത പേരിന്റെ ഉടമ രാജ്മോഹൻ നീലേശ്വരം, സാഹിത്യ ലോകത്ത് ഏറെ അറിയപ്പെടുന്ന എഴുത്തുകാരൻ എ എസ് മുഹമ്മദ് കുഞ്ഞി എന്നിവരെക്കുറിച്ചും പുസ്തകത്തിൽ പറയുന്നുണ്ട്.

ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതി വരുന്ന എ എസ് മുഹമ്മദ് കുഞ്ഞിക്ക് ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ചും ഗസൽ സംഗീതത്തെക്കുറിച്ചും നന്നായി അറിയാം. ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഹിന്ദി സിനിമയിലെ ഗായകരെയും വാദ്യ സംഗീത വിദഗ്ധരെയും മലയാളത്തിന് പരിചയപ്പെടുത്തുന്നു. 

അതുപോലെ ഹിന്ദുസ്ഥാനി സംഗീതത്തെയും ഗസലിനെയും പ്രത്യേകിച്ച് സംഗീത സാമ്രാട്ട് മുഹമ്മദ് റാഫിയെയും നെഞ്ചിലേറ്റി നടക്കുന്ന ജാബിർ പാട്ടില്ലം റാഫി സാഹിബിനെ കുറിച്ച് 'സൗ സാൽപെഹലെ' എന്ന കൃതിയുടെ കർത്താവിനെക്കുറിച്ചും പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്.

ഗോവയിൽ വർഷംതോറും നടത്തിവരാറുള്ള സാഹിത്യ സംഗമത്തിൽ പങ്കെടുക്കാൻ പോകുന്ന യാത്രയിൽ വെച്ച് കണ്ടു പരിചയപ്പെട്ട എഴുത്തുകാരനും സർവീസ് സഹകരണ ബാങ്കിന്റെ അമരക്കാരനും ലൈബ്രറി പ്രസ്ഥാനത്തിന്റെ സജീവ സാന്നിധ്യവും മധു വാഹിനി ലൈബ്രറിയുടെ ജീവനാഡിയുമായ കവി രാഘൻ ബെള്ളിപ്പാടി, അഹമ്മദ് മാഷ് തുടക്കം കുറിച്ച ഉത്തരദേശം പത്രത്തിലൂടെ എഴുതി വളർന്ന് ഗൾഫ് സിറാജിന്റെ പത്രാധിപരും ഗ്രന്ഥകാരനുമായ കെ എം അബ്ബാസ്, ഉബൈദ് മാഷിന് ശേഷം കാസർകോട് സംഭാവന ചെയ്ത ശ്രദ്ധേയനായ കവി പി എസ് ഹമീദ് എന്നിവരെക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്. ഇദ്ദേഹം മലയാളത്തിലെ മുൻനിര പത്രമാസികകളിൽ നിരന്തരം എഴുതി വരുന്നു. മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ വി വി പ്രഭാകരൻ ഏതാനും പുസ്തകങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

'വൈദ്യ മുറിയിലെ വായനശാല' എന്ന പേരിൽ കാസർകോട്ടെ ശ്വാസകോശ ചികിത്സാ രംഗത്തെ വിദഗ്ധനായ ഡോ സത്താറിനെ വിവരിക്കുന്നു. കാസർകോട് താലൂക്ക് ആശുപത്രിയിൽ ഏറെക്കാലത്തെ സേവനത്തിന് ശേഷം വിരമിച്ച് എഴുത്തും വായനയും ചികിത്സയും ഒരുപോലെ കൊണ്ടുനടക്കുന്നുവെന്നത് ഡോ സത്താറിന്റെ പ്രത്യേകതയാണ്. സർവീസിനിടയിലെ രസകരമായ അനുഭവങ്ങളെഴുതി അഞ്ചോളം പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.

പാഴ് വസ്തുക്കൾ കൊണ്ട് ശില്പങ്ങൾ ഉണ്ടാക്കുന്നത് ഹോബിയാക്കി മാറ്റിയ, കലാമൂല്യമുള്ള മികവുറ്റ വർണ്ണ മനോഹരമായ സൃഷ്ടികളിലൂടെ ജീവിത സായാഹ്നത്തെ ധന്യമാക്കിയ കോടോത്ത് ലക്ഷ്മി അമ്മയെയും, പ്രൊഫ പി സി അഷ്റഫ്, സചീന്ദ്രൻ കാറഡുക്ക, ബാലഗോപാലൻ കാഞ്ഞങ്ങാട്, സന്ദീപ് കൃഷ്ണൻ, നാരായണൻ അമ്പലത്തറ, എൻ ഗംഗാധരൻ, കെ രതീഷ് കുമാർ, ഉണ്ണിമായ, സന്തോഷ്, പി കൃഷ്ണദാസ്, നാരായണൻ മേലത്ത്, ഗോപാലൻ മാങ്ങാട് തുടങ്ങി മറ്റ് നിരവധി പ്രതിഭകളെയും പുസ്തകം പരിചയപ്പെടുത്തുന്നു.

ഇങ്ങനെ 'ഇങ്ങ് വടക്കുള്ള' കലാ-സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവരെ പരിചയപ്പെടുത്തുക എന്ന എഴുത്തുകാരന്റെ ദൗത്യം വിജയിച്ചിട്ടുണ്ട് എന്നു പറയാം. കലാ സാഹിത്യ രംഗങ്ങളിൽ തന്റേതായ ഇടം കണ്ടെത്തിയ വടക്കിന്റെ മുത്തുമണികളെ പെറുക്കിയെടുത്ത് ഒരേ ചരടിൽ കോർത്ത് തയ്യാറാക്കിയ സുറാബിന്റെ ഈ പുസ്തകം ചരിത്രവിദ്യാർത്ഥികൾക്കും കാസർകോടൻ കഥകൾ അറിയാൻ ആഗ്രഹിക്കുന്നവർക്കും ഏറെ ഉപകാരപ്പെടും.

കാസർകോടിന്റെ കലാ പ്രതിഭകളെക്കുറിച്ചുള്ള ഈ അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. 

Article Summary: Surab's book 'Ingu Vadakk' profiles 33 artists and writers from Kasaragod, correcting the perception of a 'barren' literary land.

#KasaragodLiterature #InguVadakk #Surab #MalayalamBooks #KeralaCulture #Kasargod

 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia