city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം 2)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 27.05.2017) രാവിലെ സുലൈമാനിച്ച പീടികയിലേക്ക് വരാന്‍ ഏറെ വൈകും. എനിക്കാണെങ്കില്‍ എട്ടരമണിക്കെങ്കിലും പീടികയില്‍ നിന്നൊഴിവായാലേ സ്‌കൂളിലെത്താന്‍ പറ്റൂ. മൂപ്പര്‍ പൊരയിലെ മീത്തലെ കൊട്ടിലില്‍ പത്തായത്തിന്റെ മേലെ അമ്മായിയെ കെട്ടിപ്പിടിച്ച് സുഖമായി ഉറക്കമായിരിക്കും. മൂന്നാം ക്ലാസിലെത്തിയപ്പോള്‍ തന്നെ ഞാന്‍ മിടുക്കനായി. കാരണം രണ്ടാം ക്ലാസുകാരനായ ഇച്ഛയെക്കാള്‍ പഠിപ്പുള്ളവനായി ഞാന്‍ മാറിയല്ലോ. ആ അഹങ്കാരം എന്റെ മനസ്സിലുണ്ടായിരുന്നു.

ഇപ്പോള്‍ സ്‌കൂളിലെ 8ാം ക്ലാസുകാരനാണ് ഞാന്‍. എന്നോട് മൂപ്പര്‍ക്ക് അസൂയ ഉണ്ടാകും തീര്‍ച്ച. പീടിക തുറക്കുന്ന വലിയ താക്കോല്‍ ദ്വാരത്തിലൂടെ വിസില്‍ അടിച്ച് വീട്ടുകാരെ അറിയിക്കലാണ് എന്റെ അടുത്ത പണി. ഒരു വിസില്‍ കൊണ്ടൊന്നും ആള്‍ അനങ്ങില്ല. കുറെ തവണ ഇത് ആവര്‍ത്തിക്കണം. എങ്കിലേ മൂപ്പര്‍ മെല്ലെ എഴുന്നേറ്റ് പീടിയയിലെത്തും. അപ്പോഴേക്കും ചായ
റെഡിയാക്കി മേശപ്പുറത്തുവച്ചിരിക്കണം.

എന്റെ സൈക്കിള്‍ എടുത്ത് വീട്ടിലേക്ക് ചെന്ന് കുളിച്ച് റെഡിയായി 10 മണിക്ക് മുമ്പേ സ്‌കൂളില്‍ എത്തും. ഉച്ച ഭക്ഷണം നരിയന്‍ രാമേട്ടന്റെ ചായപ്പീടികയില്‍ നിന്നാണ്. വക്കുകളൊക്കെ ഒടിഞ്ഞ കുഴിഞ്ഞ അലുമിനിയ പ്ലെയിറ്റില്‍ രണ്ട് ചൂടുള്ള പുട്ടും അതിന്റെ മേലെ ചൂടുള്ള പയറുകറിയും ഹൊ! എന്തൊരു രുചിയായിരുന്നു ആ ചായയ്ക്ക്. അതുമതി ഉച്ചയ്ക്കുള്ള വയര്‍ നിറയാന്‍. ഇതിന് 25 പൈസയാണ് കൊടുക്കേണ്ടത്. ഇത് സുലൈമാനിച്ചാന്റെ പീടിയേന്ന് ഞാന്‍ തട്ടിയിട്ടുണ്ടാവും. മേശ വലിപ്പില്‍ നിന്ന് 4 അണ തുട്ടെടുത്ത് ലുങ്കിയുടെ കോന്തലക്ക് കെട്ടും. ആ ഭാഗം കുത്തിയുടുക്കും. ആര്‍ക്കും ഒരു സംശയവുമില്ലാതെ.

ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം


ഓലാട്ട് സ്‌കൂളിലെ ഒന്നാം ക്ലാസില്‍ ചേര്‍ന്നത് ഇന്നും ഓര്‍മ്മയുണ്ട്. 1956 ജൂണിലാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നത്. അതിനും അമ്മാവന്‍മാര്‍ തന്നെയാണ് മുന്‍കൈ എടുത്തത്. സ്‌കൂള്‍ എന്ന് കേള്‍ക്കുമ്പോള്‍ ഭയമായിരുന്നു. അവിടത്തെ മാഷന്മാരെ കുറിച്ച് വളിയന്‍ നാരായണനും വട്ട്യന്‍ രവീന്ദ്രനും, കോയ്യന്‍ ഗോവിന്ദനും എന്നെ പറഞ്ഞ് പേടിപ്പിച്ചിട്ടുണ്ട്.

സ്‌കൂള്‍ തുറക്കുന്ന ദിവസം എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ കാനാകുഞ്ഞിരാമന്‍ മാഷ് വന്നു. ജുബ്ബാഷര്‍ട്ടും ഖാദിമുണ്ടും ചുമലില്‍ ഒരു വേഷ്ടിയും, ഷര്‍ട്ടിന്റെ കോളറില്‍ തൂക്കിയിട്ട വളഞ്ഞകാലന്‍ കുടയും പിത്തള ചോറ്റുപാത്രത്തില്‍ ഉച്ചഭക്ഷണവും കൈയ്യിലേന്തിയാണ് അങ്ങേരുടെ
വരവ്. 'വാ നമുക്ക് പോകാം' ആ സബ്ദം കേട്ടപ്പോള്‍ തന്നെ ഞാന്‍ കരയാന്‍ തുടങ്ങി. എന്റെ കരച്ചില്‍ കേട്ടപ്പോള്‍ കൂടെ സ്‌കൂളിലേക്ക് പുറപ്പെട്ട കൂട്ടുകാര്‍ സുയിപ്പാക്കാന്‍ തുടങ്ങി. 'മടിയന്‍ മടിയന്‍ മലവെള്ളം കുടിയന്‍.

ഈ പാട്ടും പാടി കൈകൊട്ടി വഷളാക്കുമ്പോള്‍ എന്റെ കരച്ചില്‍ ഉച്ചത്തിലായി. അപ്പോള്‍ മാഷ് അടവ് മാറ്റി. അദ്ദേഹത്തിന്റെ ജുബ്ബയുടെ പോക്കറ്റില്‍ നിന്ന് പച്ച നിറമുള്ള പ്ലാസ്റ്റിക്ക്ത ത്തയെടുത്തു. അതിനെ അമര്‍ത്തി കീ, കീ ശബ്ദമുണ്ടാക്കി. 'ഇത് നിനക്കാണ്. എന്റെ കൂടെ വാ.' ജീവിതത്തില്‍ ആദ്യമായി കണ്ട കളിപ്പാട്ടം കിട്ടുമെന്ന് മോഹിച്ച് അദ്ദേഹത്തിന്റെ പിറകെ നടക്കാന്‍ തുടങ്ങി.

തെയ്യം കല്ലായിമറിഞ്ഞ ഉച്ചന്‍വളപ്പും, മോട്ടുമ്മല്‍ പറമ്പും കടന്ന് കണ്ടത്തിലെ വരമ്പിലൂടെ തത്ത കിട്ടുമെന്ന് പ്രതീക്ഷിച്ച് മാഷെ പിന്നാലെ ഞാനും നടക്കാന്‍ തുടങ്ങി. ഇടയ്ക്ക് എന്റെ കരച്ചില്‍ നിര്‍ത്തിയപ്പോള്‍ മാഷ് വീണ്ടും തത്തയെ ജുബ്ബയുടെ കീശയിലിട്ടു. എന്റെ പ്രതീക്ഷ നഷ്ടപ്പെട്ടു. ഞാന്‍ നടത്തവും നിര്‍ത്തി. വീണ്ടും അതിനെ കീശയില്‍ നിന്ന് പൊക്കി കാണിച്ചപ്പോള്‍ ഞാന്‍ വീണ്ടും പിറകെ നടന്നു. സ്‌കൂളില്‍ എത്തും വരെ തത്ത കിട്ടുമെന്ന പ്രതീക്ഷയായിരുന്നു.

സ്‌കൂളില്‍ എത്തിയപ്പോള്‍ മാഷിന്റെ രൂപവും ഭാവവും മാറി. കണ്ണുരുട്ടി പേടിപ്പിച്ച് ഒന്നാം ക്ലാസില്‍ കൊണ്ടിരുത്തി. അവിടെ എത്തിയപ്പോഴാണ് മനസ്സിലായത്. എന്നെപ്പോലെ തന്നെ എല്ലാവരും കരച്ചിലോടു കരച്ചില്‍. നാരായണനും, ജനാര്‍ദ്ദനനും ആയിരുന്നു ഞാന്‍ ഇഷ്ടപ്പെട്ട എന്റെ ക്ലാസ്‌മേറ്റ്‌സ്. ഞങ്ങള്‍ തമ്മില്‍ ലോഹ്യം കൂടി. കേപ്പു ഉണിത്തിരിമാഷാണ് ഒന്നാം ക്ലാസിലെ അധ്യാപകന്‍.

ഉച്ചയാകുമ്പോള്‍ വിശക്കാന്‍ തുടങ്ങി. ഉമ്മ തന്ന ഒരു കാലണ ട്രൗസറിന്റെ കീശയിലുണ്ട്. ജനാര്‍ദ്ദനന്‍ ഉച്ചയ്ക്ക് കഞ്ഞി കുടിക്കാന്‍ പോകും. ഞാനും നാരായണനും സ്‌കൂളിനടുത്തുള്ള മൊയ്തുക്കാന്റെ പീടികയില്‍ പോയി കാലണയ്ക്ക് വെല്ലം വാങ്ങും. വെല്ലം രണ്ടാളും ഷെയര്‍ ചെയ്ത് തിന്നും. വെള്ളം കുടിക്കാന്‍ ഹെഡ്മാഷിന്റെ വീട്ടില്‍ പോണം. അദ്ദേഹത്തിന്റെ അമ്മ തൈത്തടത്തില്‍ പാനിയില്‍ വെള്ളം കോരിവെച്ചിട്ടുണ്ടാകും. ഒരു ഗ്ലാസും അതിനടുത്ത് വെക്കും. തൈത്തടത്തിലെ വെള്ളത്തില്‍ രണ്ട് മൂന്ന് താറാവ് നീന്തി തുടിക്കുന്നത് ഞങ്ങള്‍ നോക്കിയിരിക്കും.

വിശപ്പ് മാറ്റാന്‍ കിട്ടിയ വെല്ലവും പച്ച വെള്ളവും എന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നുണ്ട്. മൂത്രമൊഴിക്കാന്‍ വിടുന്ന സമയമാണ് പിന്നെയൊരു രസം. വിശാലമായ പാറയാണ് സ്‌കൂളിന് ചുറ്റും. ഓരോ ആള്‍ക്കും ഓരോ പ്രത്യേക സ്ഥലമുണ്ട്. അവിടെ മൂത്രമൊഴിച്ച് കുഴി ആക്കണം. ദിവസേന മൂത്രക്കുഴി ആരുടേതാണ് വലുത് എന്ന് നോക്കലാണ് മത്സരം. അതില്‍ പച്ചിഗോപാലന്റെ കുഴിയാണ് വലുത്.

ഇന്ന് പിലിക്കോട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി മെമ്പറും കൊടക്കാട് സി. പി. എം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായ എന്റെ ഒന്നാം ക്ലാസ് സുഹൃത്ത് സി. വി നാരായണനും, ഞാനും ഒന്നാം ക്ലാസ്സില്‍ ചെയ്ത വിഡ്ഢിത്തം ഇപ്പോഴും പരസ്പരം കണ്ടാല്‍ പറയുകയും, ചിരിക്കുകയും ചെയ്യാറുണ്ട്. കാര്യം മറ്റൊന്നുമല്ല. ഒന്നാം ക്ലാസ്സിന്റെ ഒരു ഭാഗത്തെ ചുമര്‍ ചെറിയ മണ്‍മതില്‍ ആണ്. അതിലെ മണ്ണ് ഇളക്കി ചെണ്ടുമല്ലികപ്പൂവിന്റെ വിത്തിടും. വളരെ നന്നായി മുളച്ച് വളരണം എന്ന കൊതിയോടെ വിത്തിട്ടസ്ഥലം അടിച്ച് മിനുസമാക്കി ഉറപ്പിക്കും.

ഒന്നാം ക്ലാസ്സിലെ ഇത്തരം വിഡ്ഢിത്തമോര്‍ക്കുമ്പോള്‍ ഒരു രസമാണിന്നും. മൂന്നാം ക്ലാസ് മുതലാണ് ഞങ്ങള്‍ക്ക് അമേരിക്കക്കാരന്റെ പാല്‍പ്പൊടി കലക്കിയ പാല് കിട്ടാന്‍ തുടങ്ങിയത്. അത് വിശപ്പിന് അല്പം പൊറുതിയായി. ഉച്ചയാകുമ്പോള്‍ പാല് കാച്ചിയമണം മൂക്കില്‍ കയറും. അപ്പോഴേ വായില്‍ കപ്പലോടും. ബെല്ലടിച്ചാല്‍ ഓട്ടമാണ് ഒന്നാമതായി വറാന്തയിലിരിക്കാന്‍. പക്ഷേ കയ്യുക്കുള്ളവര്‍ ആദ്യത്തെ സീറ്റ് പിടിച്ചിരിക്കും.

പാല് കുടിക്കാന്‍ ഗ്ലാസോ, പാട്ടയോ, ചോറ്റുപാത്രമോ ആണ് ഞങ്ങള്‍ കൊണ്ടുപോകാറ്. പാത്രം മുന്നില്‍ വെച്ച് നിരന്നിരിക്കണം. വലിയൊരു ചെമ്പില്‍ പാലുമായി ഉണിത്തിരിമാഷോ, നമ്പൂരിമാഷോ വന്ന് ചിരട്ട കയ്‌ല് ഉപയോഗിച്ച് വിളമ്പി ഒഴിക്കും. എന്റെയും, ചെരുപ്പുകുത്തികൃഷ്ണന്റെയും പാത്രത്തിലേക്ക് പാലൊഴിച്ച് തരുമ്പോള്‍ കയ്‌ല് ഞങ്ങളുടെ പാത്രത്തിനുമുട്ടാതെ ഉയര്‍ത്തിപ്പിടിച്ച് ഒഴിച്ചുതരും. കുറേ കാലം കഴിഞ്ഞപ്പോളാണ് അതിന്റെ കാരണം തിരിച്ചറിഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, School, Bicycle, Milk, Tea, Hunger, Pocket, Parrot, Class mates, Glass, Toy, Crying, Ducks, Story of my foot steps- PART 2.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia