city-gold-ad-for-blogger
Aster MIMS 10/10/2023

മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം 12)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 01.08.2017) എന്റെ ചെറുപ്പകാലത്ത് അയല്‍പക്കത്തുള്ള ഒരമ്മ ഇടക്കിടെ വീട്ടിലേക്കുവരും. എന്റെ ഉമ്മയെ കാണാനാണ് വരുന്നത്. അമ്മയുടെ കയ്യില്‍ കുറച്ച് കാന്താരിമുളകും ഉപ്പും ഉണ്ടാവും. 'ഇതൊന്നു മന്ത്രിച്ചു തരണം. ഇന്നലെ തുടങ്ങിയതാണ് വയറ്റിനുള്ളില്‍ ഒരു സ്തംഭനം. കൊതികൂടിയതാണ്.' ഉമ്മ മുളകും ഉപ്പും വാങ്ങി ഇലയില്‍ വെച്ച് അകത്തുകൊണ്ടുപോവും. അല്പം കഴിഞ്ഞ് അവര്‍ക്കത് തിരികെ കൊടുക്കും. ഭക്തിയാദരപൂര്‍വ്വം അതും വാങ്ങി അവര്‍ പോകും. കുറച്ചു കഴിഞ്ഞു വീണ്ടും ആ അമ്മ വരും. മുഖത്ത് പൂര്‍ണ്ണതൃപ്തി. 'എല്ലാം സുഖായിട്വാ' അവര്‍ പറയും. ഉമ്മയുടെ മന്ത്രം കൊണ്ടാണ് കക്ഷിയുടെ വയറിലെ ഗ്യാസ് ട്രബിള്‍ മാറിയതെന്നാണ് വിശ്വാസം. കാന്താരിമുളകും ഉപ്പും തിന്നാല്‍ ഗ്യാസ് ട്രബിളിന് ( കൊതിക്ക്) ശമനം കിട്ടുമെന്ന ശാസ്ത്ര ബോധം അവര്‍ക്കില്ലായിരുന്നു. ഇപ്രകാരം മന്ത്രം ബിസിനസ് ആക്കിമാറ്റായിരുന്നു ഉമ്മയ്ക്ക് കുട്ടിക്കാലത്ത് എനിക്ക് പനി വന്നാല്‍ ഉമ്മ പറയും 'എന്റെ കുഞ്ഞിന് കണ്ണേറ് കൊണ്ടതാണ്. പോകുമ്പോഴും വരുമ്പോഴും ഞാന്‍ ശ്രദ്ധിക്കണമെന്ന് പറയാരുണ്ട്. ചില ആളുകളുടെ മുമ്പില്‍ പെട്ടാല്‍ മതി. കണ്ണേറ് കൊള്ളും. പനി വരുന്നത് കണ്ണേറ് കൊണ്ടാണെന്ന് ഞാനും അന്ന് വിശ്വസിച്ചിരുന്നു.

കണ്ണേറിനുള്ള മന്ത്രം ഉമ്മ നടത്തില്ല. അതിനു പ്രഗല്‍ഭയായ ഒരു സ്ത്രീ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. അവരുടെ അടുത്ത് കൂട്ടിക്കൊണ്ടുപോവും. ആകെ പുതപ്പിച്ച് ഇരുത്തും. ആ സ്ത്രീ എന്റെ മുമ്പിലിരുന്നു എന്തൊക്കെയോ ജപിക്കും. മൂര്‍ദ്ധാവില്‍ നിന്ന് താഴോട്ട് ഊതും. നാലും അഞ്ചും തവണ ഇതാവര്‍ത്തിക്കും. ഊതുമ്പോഴുള്ള വായ്‌നാറ്റം സഹിക്കാതെ ഞാന്‍ മൂക്കുപ്പൊത്തും. ഊതിക്കഴിഞ്ഞ് അവരുടെ വിരല്‍ ഒടിക്കും. വിരല്‍ ശക്തിയായി ഒടിയും. എല്ലാം മാറി എന്ന് അവര്‍ പ്രഖ്യാപിക്കും. ഉമ്മ എന്നെയും കൂട്ടി തൃപ്തിയോടെ വീട്ടിലേക്ക് തിരിക്കും. കണ്ണേറ് പോകാന്‍ വേറൊരു മന്ത്രവും കൂടി ഉണ്ട്. അരി അളന്നെടുക്കുന്ന അളവുപാത്രത്തില്‍ കുറച്ച് ഉപ്പ്, ഉണങ്ങിയ പറങ്കി, തുളസി ഇല, അരി, നെല്ല് എന്നിവ ഇടും. ആ പാത്രം പനിച്ച് കിടക്കുന്ന എന്നെ എഴുന്നേറ്റിരുത്തിച്ച്, തലയ്ക്കുമുകളിലൂടെ രണ്ട് മൂന്നു വട്ടം കറക്കും. ഇത് സന്ധ്യാസമയത്താണ് ചെയ്യുക. തല ഉഴിഞ്ഞ് പാത്രത്തിലുള്ള വസ്തുക്കള്‍ തീ കത്തുന്ന അടുപ്പിലേക്ക് കളയും. അടുപ്പില്‍ നിന്ന് ഉപ്പും പറങ്കിയും പൊട്ടിത്തെറിക്കും. ഇത് കേള്‍ക്കുമ്പോള്‍ ഉമ്മ പറയും കണ്ണേറൊക്കെ പൊട്ടിത്തെറിച്ചു പോയെന്ന്.

മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

അവര്‍ക്കതാശ്വസമാവും. ഉപ്പ് തീയിലിട്ടാല്‍ പൊട്ടിത്തെറിക്കുമെന്ന സത്യം അന്ന് അറിയില്ലായിരുന്നു എനിക്ക്. അന്ന് ആശുപത്രിയിലൊന്നും പോകാറില്ല. പനിയും മറ്റും വന്നാല്‍ ഇങ്ങിനെയൊക്കെയാണ് ചികിത്സ. ആയുസ്സിന്റെ നീളം കൊണ്ട് അന്ന് ഇത്തരം രോഗങ്ങളില്‍ നിന്ന് മുക്തി നേടുകയും ചെയ്യും. മന്ത്രം കൊണ്ടാണ് മാറിയതെന്ന് അവര്‍ വിശ്വസിക്കുകയും ചെയ്യും. ഞങ്ങളുടെ നാട്ടില്‍ അക്കാലത്ത് എവിടെ നിന്നോ വന്ന ഒരാള്‍ കല്യാണം കഴിച്ചു. അയാള്‍ നാട്ടില്‍ താമസക്കാരനായി മാറി. അദ്ദേഹത്തിന്റെ പേര് കൂളിമൊയ്‌ലാറ് എന്നായിരുന്നു. കക്ഷിയും ഒരു മന്ത്രവാദിയാണ്. കൂളി കൂടിയത് ഒഴിപ്പിക്കാന്‍ വിദഗ്ധനാണിദ്ദേഹം ( മരണപ്പെട്ടവരുടെ ആത്മാവ് ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ശരീരത്തിലേക്ക് പ്രവേശിക്കുക ഇതാണ് കൂളികൂടല്‍) പല വീടുകളിലും ചെന്ന് കൂളി ബാധ ഒഴിപ്പിക്കാന്‍ മന്ത്രം നടത്തിയിരുന്ന വ്യക്തിയാണിദ്ദേഹം. അക്കാലത്ത് എന്റെ ഉമ്മയ്ക്ക് അപസ്മാരത്തിന്റെ അസുഖമുണ്ടായിരുന്നു. രോഗം ബാധിച്ചാല്‍ എന്തൊക്കെയോ വിളിച്ചു പറയും. ചില ശരീരഗോഷ്ഠികള്‍ കാണിക്കും.

കൂളിമൊയ്‌ലാറ് വീട്ടില്‍ വന്നപ്പോള്‍ ഈ അസുഖം കണ്ടു. കക്ഷി വിധിച്ചു ഇത് റുഹാനി കൂടിയത് തന്നെ ഉടനെ മന്ത്രം തുടങ്ങി. വെള്ളം മന്ത്രിച്ചു കൊടുത്തു. അരമണിക്കൂര്‍ കഴിയുമ്പോള്‍ ഉമ്മ സ്വബോധത്തിലേക്കു വന്നു. കൂളിമൊയ്‌ലാറ് പറഞ്ഞത് എല്ലാം ഒഴിഞ്ഞു പോയി എന്നാണ്. ഇന്നത്തെ വ്യാജസിദ്ധന്മാരായ മന്ത്രവാദികളെക്കുറിച്ച് പത്രമാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞപ്പോള്‍ എന്റെ കുട്ടിക്കാലത്തെ ഈ മന്ത്ര തട്ടിപ്പുകളെ കുറിച്ചോര്‍ത്തു പോയി. മുകളില്‍ പറഞ്ഞ മന്ത്രവാദികള്‍ക്ക് ആള്‍ബലവും മറ്റും ഉണ്ടായിരുന്നെങ്കില്‍ അവരും ഒരുപാട് സമ്പാദിക്കുമായിരുന്നു. ഇതിനെക്കൊണ്ടൊന്നും രോഗം മാറിയില്ലെങ്കില്‍ അടുത്തപടി പള്ളികളിലേക്ക് നേര്‍ച്ച നേരുകയാണ്. ചെറിയ ചെറിയ പ്രാര്‍ത്ഥന അടുത്ത പള്ളിയിലേക്കായിരിക്കും. രോഗം 'ശിഫ' ആവാന്‍ പള്ളിയില്‍ പണം വെക്കാനാണ് നേര്‍ച്ച.

അക്കാലത്ത് പെണ്ണുങ്ങള്‍ പള്ളിയുടെ മുന്‍ഭാഗത്ത് കൂടി പോകാന്‍ പാടില്ല പിന്‍ഭാഗത്തേ പോകണം. അസുഖത്തിന്റെ കാര്യം പ്രാര്‍ത്ഥന നടത്തുന്ന ആളോട് പറയും അദ്ദേഹം പ്രാര്‍ത്ഥിക്കും. പ്രാര്‍ത്ഥനയ്ക്കു ശേഷം കൈകൊണ്ട് പണം വെപ്പിക്കും. ഈ പണം അദ്ദേഹം എടുക്കും. അത് അദ്ദേഹത്തിനുള്ളതാവാം. രോഗത്തിന്റെ കാഠിന്യമനുസരിച്ച് പ്രാര്‍ത്ഥനയുടെ അളവും, ദൂരവും ഒക്കെ കൂടും, ദൂരെയുള്ള മഖാമിലും പ്രാര്‍ത്ഥനയ്ക്കായി ചെല്ലാറുണ്ട്. അവിടെ വെളിച്ചെണ്ണ, പണം എന്നിവയൊക്കെ നല്‍കാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്. വെളിച്ചെണ്ണ നിലവിളക്ക് കത്തിക്കാനാണെന്നും അറിയാം. മഖാമിലേക്ക് വീട്ടിലുള്ള എല്ലാവരും ഒരുമിച്ചാണ് പോവുക. ഉപ്പാപ്പ അവിടെയെത്തിയാല്‍ ഉറക്കെ കരയുന്നതും എന്തൊക്കെയോ വിളിച്ചു പറയുന്നതും ഓര്‍മ്മയുണ്ട്. അദ്ദേഹത്തിന്റെ തറവാടില്‍ പെട്ട ഒരാള്‍ അവിടെ ഷഹീദായവരില്‍ ഉണ്ടെന്നാണ് അറിഞ്ഞത്.

തിരുവനന്തപുരത്തേക്ക് പഠനയാത്ര സംഘടിപ്പിച്ചാല്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ബീമാപ്പള്ളിയും ഉള്‍പ്പെടുത്തും. അവിടെ ജാതി- മത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ചെല്ലാം എന്നൊരു പ്രത്യേകതയുണ്ട്. അവിടെ കാണുന്ന ചില വിശ്വാസാചാരങ്ങളും അംഗീകരിക്കാന്‍ പറ്റാത്തതാണ്. അവിടം സന്ദര്‍ശിക്കുന്നവര്‍ക്കെല്ലാം കയ്യില്‍ തീര്‍ത്ഥ ജലം കൊടുക്കും. അവിടെ സ്ഥാപിച്ച വലിയ ഭണ്ഡാരത്തില്‍ പണം നിക്ഷേപിക്കാം. മാനസിക വിഭ്രാന്തിയുള്ളവരാണ് ഇവിടെ ചികിത്സയ്‌ക്കെത്താറ്. അവിടെയുള്ള കിണറില്‍ നിന്ന് വെള്ളമെടുത്തു കുളിച്ചാല്‍ അസുഖം മാറുമെന്നാണ് പറയപ്പെടുന്നത്.

ഈ പ്രാര്‍ത്ഥനകളും, മന്ത്രങ്ങളും, എല്ലാം സാധാരണ ഗ്രാമീണരില്‍ വിശ്വാസം ജനിപ്പിച്ചതാണ്. ആ വിശ്വാസങ്ങള്‍ പുതിയ തലമുറയില്‍ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയും ചെയ്യുന്നു. പക്ഷെ ഹൈടെക്‌നോളജി യുഗത്തിലെ മന്ത്രങ്ങളും നേര്‍ച്ചകളും പഠിപ്പുള്ള, യോഗ്യതയുള്ള, സമ്പത്തുള്ളവരെ ആകര്‍ഷിക്കുകയാണ്. വെറും കൃത്രിമത്വം നിറഞ്ഞ കപടവേഷധാരികളാണ് അവിടങ്ങളിലെ മുഖ്യ സ്വാമിയോ, സിദ്ധനോ. ഇവരൊക്കെ കള്ളന്മാരാണെന്നും, ചെയ്യുന്ന പ്രവര്‍ത്തനങ്ങളൊക്കെ കള്ളത്തരമാണെന്നും തിരിച്ചറിയാതെ പോവുന്നത് എന്തുകൊണ്ടാണെന്നാണ് നാം മനസ്സിലാക്കേണ്ടത്. പഴയകാലത്തെ മന്ത്രവാദികള്‍ക്ക് വേഷഭൂഷാധികളില്ല. കൊട്ടാര സദൃശമായ ബംഗ്ലാവുകളില്ല. പരിചരണത്തിനു, പാദസേവക്കും തരുണിമണികളില്ല, പക്ഷെ അതൊക്കെ ആധുനിക കാലത്തെ വ്യാജ സിദ്ധരിലും, വ്യാജ സ്വാമികളിലും കാണുന്നു. ആധുനിക ശാസ്ത്രയുഗത്തില്‍ ഈ കപടന്മാരെ ആശ്രയിക്കുന്ന അവരെ വിശ്വസിക്കുന്ന മനുഷ്യരെ കുറിച്ചെന്തുപറയാന്‍? സ്വാമി നിത്യ ചൈതന്യയതി പറഞ്ഞൊരു വാചകം ഓര്‍മ്മ വരുന്നു. നമ്മുടെ നാട്ടില്‍ ശാസ്ത്രവും സാങ്കേതിക വിദ്യയും കാള വണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍ അന്ധവിശ്വാസം റോക്കറ്റിലാണ് സഞ്ചരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Fever, Hospital, Treatment, Prayer, Story of my foot steps part-12.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL