city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Sahityotsav | എസ്എസ്എഫ് സാഹിത്യോത്സവത്തിൽ വിരിയുന്ന സർഗ്ഗശക്തി; സമൂഹത്തിനൊരു വെളിച്ചവും

Sahityotsav
Photo Credit: Facebook / SSF Kerala

സാഹിത്യോത്സവിന്റെ പ്രാഥമിക ലക്ഷ്യം  കുട്ടികളിലെ സർഗ്ഗശക്തി വളർത്തുക എന്നതാണ്. പാഠപുസ്തകങ്ങളുടെ പരിധികൾക്കപ്പുറത്ത് ചിന്തിക്കാനും എഴുതാനും വരയ്ക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ഇതിനപ്പുറം സമൂഹത്തിലെ വിവിധ പ്രശ്നങ്ങളെ ചർച്ച ചെയ്യാനും പരിഹാരങ്ങൾ തേടാനുമുള്ള ഒരു വേദിയാണ് സാഹിത്യോത്സവ്.

അബൂബക്കർ മൊഗ്രാൽ 

(KasaragodVartha) കേരളത്തിലെ ധാർമിക സുന്നീ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എസ്എഫ് സംഘടിപ്പിക്കുന്ന സാഹിത്യോത്സവ് കേവലമൊരു കലാമേളയല്ല. അത് ഒരു സമൂഹത്തിന്റെ സാംസ്കാരിക പരിണാമത്തിന്റെ സാക്ഷിയാണ്, ഒരു തലമുറയുടെ ആശയങ്ങളുടെ ആയുധശാലയാണ്. എസ്എസ്എഫ് അതിന്റെ മഹോന്നതമായ സാഹിത്യോത്സവ് കാലത്തിലൂടെ കടന്നു പോകുന്ന നേരമാണിത്. തുടർച്ചയായി മൂന്നു പതിറ്റാണ്ടു പിന്നിട്ട് അഭംഗുരം സഞ്ചരിക്കുകയാണത്. വിദ്യാർത്ഥികളിലെ വിസ്മയങ്ങൾ വിരിയിക്കാൻ വേറിട്ടൊരു വർണക്കൂട്ടുകളാണ് സാഹിത്യോത്സവ്.

Sahityotsav

1993-ൽ ഒരു ചെറിയ തുടക്കമായിരുന്നു സാഹിത്യോത്സവ്. ഇന്നിത് വളർന്ന്  ദേശീയ തലത്തിൽ ഒരു സാംസ്കാരിക പ്രതിഭാസമായി മാറിയിരിക്കുന്നു. കേരളത്തിലെ ഒരു കോണിൽ തുടങ്ങിയ പരിപാടി ഇന്ന് ഇന്ത്യയുടെ ഇരുപത്തിയാറ് സംസ്ഥാനങ്ങളിലും തരംഗമായി മാറിയതിന്റെ പിന്നിൽ ഒരു തലമുറയുടെ ആത്മാർഥതയുണ്ട്.
സാഹിത്യോത്സവിന്റെ പ്രാഥമിക ലക്ഷ്യം  കുട്ടികളിലെ സർഗ്ഗശക്തി വളർത്തുക എന്നതാണ്. പാഠപുസ്തകങ്ങളുടെ പരിധികൾക്കപ്പുറത്ത് ചിന്തിക്കാനും എഴുതാനും വരയ്ക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ഇതിനപ്പുറം സമൂഹത്തിലെ വിവിധ പ്രശ്നങ്ങളെ ചർച്ച ചെയ്യാനും പരിഹാരങ്ങൾ തേടാനുമുള്ള ഒരു വേദിയാണ് സാഹിത്യോത്സവ്.

സാഹിത്യോത്സവ് എന്നത് കേവലം ഒരു സാഹിത്യ മത്സരം മാത്രമല്ല. അത് ഒരു ചിന്തയുടെ ഉത്സവമാണ്. സമൂഹത്തിലെ തിന്മകളെ ചോദ്യം ചെയ്യാനും, പുതിയൊരു ലോകം സൃഷ്ടിക്കാനുമുള്ള ആശയങ്ങളുടെ വിത്ത് പാകുന്ന തോട്ടമാണ്. എഴുത്ത്, വായന, ചിത്രകല, തുടങ്ങിയ കലാരൂപങ്ങളിലൂടെ കുട്ടികൾ തങ്ങളുടെ ആശങ്കകളും ആഗ്രഹങ്ങളും പങ്കുവെക്കുന്നു. സാഹിത്യോത്സവ് ഇന്ന് ഒരു ജനകീയ പ്രസ്ഥാനമായി മാറിയിരിക്കുന്നു. അതിന്റെ സ്വാധീനം  സാമൂഹിക മണ്ഡലത്തിലും വ്യാപകമാണ്.

കല കലപിലകളും കലഹങ്ങളും തീർക്കാനുള്ളതല്ലെന്നും കാലത്തിന്റെ കാവ്യാത്മകതയെ കൈവരികൾ തകർത്ത് കറപുരളാത്തതാക്കാൻ കാവൽ കരുതലുകളാണെന്നും സാഹിത്യോത്സവിലൂടെ എസ്എസ്എഫ് തെളിയിക്കുകയായിരുന്നു. വീറും വാശിയുമുണ്ടിവിടെ, വാക്കും വാക്പയറ്റുകളുമുണ്ടിവിടെ, കമന്റുകളും കുറിപ്പുകളുമുണ്ടിവിടെ, ഒന്നും അപരനെ അപകീത്തിപ്പെടുത്താനല്ല. അഹമഹമികയിലൂടെ അവരെയും അകം ചേർക്കാനുള്ളതാണതെല്ലാം.

വാക്കുകൾക്ക് വീര്യമുള്ളൊരു പ്രസംഗ പീഠമാണവിടെ പ്രത്ഘോഷിക്കുന്നത്, ചിത്രച്ചേലുകൾ നയനങ്ങളിൽ ചന്തമേകുമ്പോഴും ചിന്തോദ്ദീപകമായ ഒരു കൊത്തിവെപ്പുണ്ടതിൽ. വരിയിൽ വീറും വരയിൽ വർണ്ണങ്ങളും കൊണ്ട് സമ്പന്നമാണ് സാഹിത്യോത്സവ്. ആദരവുകളിൽ ആനന്ദം ചേർത്ത് ആലാപനങ്ങളാൽ ആസ്വാദനമേകുന്ന പാരമ്പര്യവും പൈതൃകവും വേദികളിലെ അന്തരീക്ഷത്തെ അർത്ഥവത്താക്കുന്നു. 

കാസർകോട് ജില്ലാ സാഹിത്യോത്സവ് 

കുടുംബത്തിന്റെ കുടിൽ മുറ്റത്തു നിന്നും തുടങ്ങി ബ്ലോക്കുകളും യൂനിറ്റുകളും വഴിവെട്ടി തെളിയിച്ച വീര്യത്തോടെ സെക്ടർ തലവും ഡിവിഷൻ തലവും  പിന്നിട്ടിരിക്കുന്നു. ഇനി ജില്ലാ സാഹിത്യോത്സവിന്റെ ആരവങ്ങളിലേക്കാണ്. ഓഗസ്റ്റ്  ഒന്ന്, രണ്ട്, മൂന്ന്, നാല് തിയ്യതികളിലായി കാസർകോട് ജില്ലാ സാഹിത്യോത്സവ് അരങ്ങുണരുകയാണ്, ഉപ്പള ഡിവിഷൻ ആതിഥേയത്വത്താൽ പൈവളികെയിൽ. 

മഞ്ചേശ്വരം മുതൽ തൃക്കരിപ്പൂർ വരെ വിദ്യാർത്ഥി മാറ്റുരക്കലുകൾക്കുള്ള മറ്റൊരു മിനുസപ്പെടുത്തലുകളാണിനി, മറ്റൊരു ഭാഷയുടെ സംസ്ഥാനവുമായി അതിര് പങ്കിടുമ്പോഴും മലയാള സാഹിത്യ മാമാങ്കത്തിൽ ഞങ്ങൾക്ക് തെല്ലും ഭയമില്ലെന്ന് പ്രകടനം കൊണ്ട് തെളിയിച്ച മഞ്ചേശ്വരം ഡിവിഷനും ഉയർച്ച താണ്ടാൻ  ഒരുങ്ങിയെന്ന ഉറപ്പോടെ ഉപ്പളയും, കപ്പിലേക്കുള്ള കുതിപ്പിൽ കുത്തക കൈവിടാത്ത കുമ്പളയും കാസറഗോഡിന്റെ കിഴക്കൻ ഹരിത സൗന്ദര്യം കലാ മൽസരത്തിൽ കറുത്ത കുതിരകളാവാൻ മുള്ളേരിയയും, വീറും വാശിയും കൊണ്ട് വമ്പന്മാരെ വിറപ്പിക്കാൻ ബദിയടുക്കയും, കിട്ടിയ അവസരങ്ങളിൽ നെറ്റിപ്പട്ടം ചാർത്തി കൊമ്പു കുലുക്കിയ കാസറഗോഡും, പതിറ്റാണ്ടു മുന്നേ ജേതാക്കളുടെ പട്ടികയിൽ പേരുചേർത്ത പെരുമ പൊടിതട്ടിയെടുക്കാൻ ഉദുമയും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും. 

ഒമ്പത് ദിക്കുകളിൽ നിന്നെത്തുന്ന ഡിവിഷൻ ടീമുകൾ. കാസറഗോഡിന്റെ കലാമാമാങ്ക കിരീടത്തിനായി പോരു മുറുക്കുകയാണ് പൈവളികെയിലെ പ്രകൃതി രമണീയമായ പരിസരത്ത്. സ്ക്രീനിലെ സ്പർശന സൗകുമാര്യം സമകാലീന സൗന്ദര്യമാണ്. വീര്യം വീറോടെ വിളിക്കുന്ന മുദ്രാവാക്യങ്ങളാണ് വിദ്യാർത്ഥികളിൽ വിപ്ലവമായി വിരിയുന്നത്, സാഹിത്യോത്സവിന്റെ മണ്ണിൽ വിളയിച്ചെടുത്ത ധീര സമര മുദ്രാവാക്യങ്ങൾ അധികാര കേന്ദ്രങ്ങളിലെ അരമനയിലും അർത്ഥം കണ്ടെത്തിയിട്ടുണ്ട്.

എല്ലാത്തരം വിഭവങ്ങൾ കൊണ്ടും സമ്പുഷ്ടമാക്കുന്നുണ്ട് സാഹിത്യോത്സവുകൾ.
ആണ്ടുകളോരോന്നും പിന്നിടും തോറും പുതുമയുടെ പുത്തൻ പുലരിയും പഴമയുടെ പാവനതയും പിന്തുടർന്ന് കൊണ്ടേയിരിക്കുന്നു സാഹിത്യോത്സവ്. വിശാലമായ ഇന്ത്യയെന്ന ഉദ്യാനത്തിൽ കലാ ആസ്വാദനത്തിന്റെ വൈവിധ്യങ്ങൾ വിതറി വർണ്ണപൂക്കളായി സുഗന്ധം പരത്തുകയുമാണിപ്പോൾ.

ഓരോ വർഷവും സാഹിത്യോത്സവം ഒരു പുത്തൻ തുടക്കമാണ്. കലയുടെയും സാഹിത്യത്തിന്റെയും വൈവിധ്യമാർന്ന ലോകത്തേക്ക് വിദ്യാർത്ഥികളെ കൈപിടിച്ച് നടത്തുന്ന ഈ ഉത്സവം, അവരുടെ സർഗ്ഗശക്തിയെ ഉണർത്തുകയും ആത്മവിശ്വാസം വളർത്തുകയും ചെയ്യുന്നു. കലപിലകളും കലഹങ്ങളും തീർക്കാനുള്ള മാധ്യമമായി കലയെ കാണുന്നതിൽ നിന്ന് മാറി, ജീവിതത്തെ കൂടുതൽ സുന്ദരമാക്കാനുള്ള ഒരു ഉപാധിയായി കലയെ കാണാൻ സാഹിത്യോത്സവം പഠിപ്പിക്കുന്നു.

സാഹിത്യോത്സവം ഭാവിയിലേക്കുള്ള പ്രതീക്ഷ നൽകുന്നു. കലയുടെയും സാഹിത്യത്തിന്റെയും മാന്ത്രിക ലോകത്ത് അഭയം തേടുന്ന വിദ്യാർത്ഥികൾ നാളെ നമ്മുടെ സമൂഹത്തിന്റെ നേതൃത്വം വഹിക്കുന്നവരായിരിക്കും. അവരുടെ ഹൃദയങ്ങളിൽ കലയുടെ വിത്ത് പാകിയ സാഹിത്യോത്സവം നമ്മുടെ സമൂഹത്തെ കൂടുതൽ സുന്ദരമാക്കാൻ സഹായിക്കും. എസ്എസ്എഫ് സാഹിത്യോത്സവം വിദ്യാർത്ഥികളുടെ ഒരു വലിയ ആഘോഷമാണ്. കലയുടെയും സാഹിത്യത്തിന്റെയും പ്രാധാന്യം ഉണർത്തുന്ന ഈ ഉത്സവം നമ്മുടെ സമൂഹത്തിന്റെ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു. ഈ ഉത്സവം നമ്മുടെ ഭാവി തലമുറയ്ക്ക് ഒരു പ്രചോദനമായിരിക്കും.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia