Shaykh Ismail | മദീനയിൽ പുഞ്ചിരി തൂകി ചായയും ഈന്തപ്പഴങ്ങളുമൊക്കെ വിളമ്പി തരാൻ ഇനി 'അബു അൽ സബ' ഇല്ല
* മദീന സന്ദർശിക്കുന്ന എല്ലാവർക്കും, വർഷം മുഴുവനും പള്ളിയുടെ പരിസരത്ത് അദ്ദേഹത്തെ കണ്ടെത്താനാകുമായിരുന്നു
നൗഷാദ് കളനാട്
(KasargodVartha) മദീന സമ്പന്നമായ ചരിത്രവും സംസ്കാരവും ഉള്ള നഗരമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനത്തിന്റെയും ആത്മീയതയുടെയും ഉറവിടമാണ് ഈ നഗരം. വിശ്വാസി ഹൃദയങ്ങളില്‍ പ്രഥമ സ്ഥാനമര്‍ഹിക്കുന്ന ഒരു ഇടമാണ് മദീന. പ്രവാചകൻ മുഹമ്മദ് നബിയുടെ സാന്നിധ്യമാണ് മദീനയെ ഇത്രമാത്രം പവിത്രതയുള്ള ഭൂമിയാക്കി മാറിയത്. ആ മദീനയിലെത്താൻ കൊതിക്കാത്ത വിശ്വാസികളാരുണ്ട്?
പവിത്രമായ മദീനയിലെ പ്രവാചക പള്ളിയിലെത്തുന്ന വിശ്വാസികൾക്ക് നാലു പതിറ്റാണ്ടായി ചായയും, അറബികാപ്പിയുമൊക്കെ സമ്മാനിച്ച് സ്‌നേഹം ചൊരിഞ്ഞിരുന്ന വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം വിടവാങ്ങിയ ഷെയ്ഖ് ഇസ്മായിൽ അൽ സൈം അബു അൽ സബാ (96) എന്ന സിറിയൻ പൗരൻ. ഇടയ്ക്കിടെ തീർഥാടകർക്ക് തൻ്റെ നാട്ടിലെ സാധാരണ പലതരം മധുരപലഹാരങ്ങളും അദ്ദേഹം നൽകുമായിരുന്നു.
മദീന സന്ദർശിക്കുന്ന എല്ലാവർക്കും, വർഷം മുഴുവനും പള്ളിയുടെ പരിസരത്ത് അദ്ദേഹത്തെ കണ്ടെത്താനാകും. ഈ മനുഷ്യ സ്‌നേഹി നൽകുന്ന ചായയും, അറബികാപ്പിയുമൊക്കെ കുടിക്കാത്തവർ വിരളമായിരിക്കും. പുറത്ത് നിന്ന് നോക്കുമ്പോൾ ഈ കർമ്മം വളരെ ചെറുതാണെന്ന് തോന്നുമെങ്കിലും, മുഖത്ത് പുഞ്ചിരി തൂകിക്കൊണ്ട് പ്രായമായ ഒരു മനുഷ്യൻ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയമാണ് കവർന്നത്. ഉംറയ്ക്ക് പോയ സമയത്ത് എനിക്കും അദ്ദേഹത്തിന്റെ ചായയുടെ രുചിയറിയാൻ അവസരമുണ്ടായി.
ഓരോ വിശ്വാസിയുടെയും ആശാകേന്ദ്രമാണ് മദീന. അവിടെയെത്താന്‍ ആഗ്രഹിക്കാത്ത ഒരു വിശ്വാസിയുമുണ്ടാവില്ല. പ്രവാചകന്റെ പാദം പതിഞ്ഞ മണ്ണിനേക്കാള്‍ പരിശുദ്ധമായ മണ്ണ് വേറെയില്ലല്ലോ? ആ മണ്ണിൽ മനുഷ്യ സ്നേഹത്തിന്റെ പ്രവാചക മാതൃക പകർന്നുതന്ന 'അബു അൽ സബയെ' കാലം എങ്ങനെ മറക്കും. നിരവധി ഫ്ലാസ്കുകളിൽ നിറയെ കരുതിവെച്ചിരിക്കുന്ന കാപ്പിയും, സൗദി ഗഹ് വയും, ചായയും പാലും, ഈന്തപ്പഴങ്ങളുമൊക്കെയായി പുഞ്ചിരി തൂകി ശെയ്ഖ് ഇസ്മായിൽ അൽ സൈം അബു അൽ സബ ഇനിയുണ്ടാവില്ലയോ എന്നോർക്കുമ്പോൾ സങ്കടം മാത്രം.