city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അത്ഭുതപ്പെടുത്തുന്ന ഉള്‍ക്കാഴ്ച പകര്‍ന്ന് സാന്‍ ഷൈന്‍ എന്ന ബാല കവി

ഫയാസ് അഹ്‌മദ്

(www.kasargodvartha.com 16.08.2014) വാക്കിലും ചിന്തയിലും പ്രായത്തില്‍ കവിഞ്ഞ പക്വത കാണിക്കുന്ന കവിയാണ് സാന്‍ ഷൈന്‍. എഴുത്ത് തുടങ്ങിയത് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍. മഴയായിരുന്നു വിഷയം. മഴ പെയ്തു കൊണ്ടിരിക്കെ അറിയാവുന്ന വാക്കുകളില്‍ ഏഴു വരി കുറിച്ചിട്ടു, മഴക്കാഴ്ചകള്‍ എന്ന തലക്കെട്ടില്‍.

പ്രകൃതിയും പച്ചപ്പും തോടും പുഴയും പാടവും മറ്റുമായിരുന്നു സാനിന്റെ തുടക്കത്തിലുള്ള കവിതകളിലെ പ്രമേയങ്ങള്‍ . അവയൊക്കെ കാണക്കാണെ നശിച്ചുകൊണ്ടിരിക്കുകയോ, ഇല്ലാതാവുകയോ ചെയ്യുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സാന്‍ അത് തന്റെ തൂലിക്ക് വിഷയമാക്കുകയായിരുന്നു. അതിന്റെ കാരണക്കാരെ കണ്ടെത്തിയപ്പോള്‍ പിന്നീട് സാനിന്റെ ശ്രദ്ധ അവയ്ക്കുമപ്പുറമായി. മനുഷ്യന്‍ തന്റെ കരങ്ങള്‍ കൊണ്ടു വരുത്തി വെക്കുന്ന ദുഷ്ട ചെയ്തികളെയും കൊടും ദ്രോഹങ്ങളെയും കുറിച്ചായി പിന്നീട് അവന്റെ എഴുത്ത്. കവിത കൊണ്ട് പറഞ്ഞു ഫലിപ്പിക്കാന്‍ പറ്റാത്തതാകട്ടെ, സാന്‍ കഥകളായി എഴുതി. അതും കവിത തുളുമ്പുന്ന അക്ഷരങ്ങളില്‍. ആറ്റിക്കുറുക്കി, പിശുക്കിപ്പിശുക്കി കുറഞ്ഞ വാക്കുകളില്‍. ചുരുങ്ങിയ വരികളില്‍.

എട്ടാം ക്ലാസില്‍ എത്തുമ്പോഴേക്കും എന്തെഴുതണമെന്നും എന്തെഴുതേണ്ടെന്നും സാന്‍ ഷൈന്‍ സ്വയം തീരുമാനിച്ചു കഴിഞ്ഞിരുന്നു. ''കയ്പ്'' പ്രകാശന ചടങ്ങില്‍ സാന്‍ എഴുതിത്തയ്യാറാക്കി വായിച്ച പ്രൗഢഗംഭീപ്രസംഗത്തില്‍ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. (പ്രസംഗം സാനിന്റെ ബ്ലാഗിലുണ്ട്). പേനയും കടലാസും എപ്പോഴാണ് തനിക്ക് അത്ഭുത വസ്തുക്കളായി മാറുന്നതെന്നും എങ്ങിനെയാണ് താന്‍ കവിതക്ക് കോപ്പൊരുക്കുന്നതെന്നും ആ പ്രസംഗത്തിലുണ്ട്.

അറിയാവുന്ന വിഷയത്തെ കുറിച്ചു സാനിനു വ്യക്തമായ കാഴ്ചപ്പാടുണ്ട്. അറിഞ്ഞുകൂടാത്തതില്‍ കൈ വെച്ച് സ്വയം ആളാകുന്നുമില്ല. ''കയ്പും'' ബ്ലോഗും ഒരാവര്‍ത്തി വായിച്ചപ്പോള്‍ എനിക്ക് ഇങ്ങിനെ തോന്നി വിദൂരമല്ലാത്ത ഭാവിയില്‍ അപകടകാരിയായ ഒരു കവിയെ കൈരളിക്ക് പ്രതീക്ഷിക്കാമെന്ന്!

കവിതയുടെ ചതുരവടിവുകള്‍ ലംഘിക്കാന്‍ തുടക്കം മുതല്‍ തന്നെ ശ്രമിക്കുന്ന കവിയെയാണ് സാനില്‍ കാണുന്നത്. പുതിയ തലമുറക്ക് വായിക്കാന്‍ പാകത്തിലുള്ള എഴുത്ത് രീതി അവലംബിക്കുന്നതാണ് ബുദ്ധിയെന്നു ചെറുപ്പത്തിലേ സാനിനു തോന്നിയത് ചെറിയ സംഭവമല്ല.

വര്‍ത്തമാന കാലത്തെയും വരുംകാലത്തെയും വായനക്കാരെ തേടുന്ന സാന്‍ ബ്ലോഗില്‍ കൂടിയാണ് തന്റെ രചനകള്‍ വായനക്കാര്‍ക്കു പരിചയപ്പെടുത്തിയത്. തുടര്‍ന്ന് ഫെയിസ് ബുക്കില്‍ കൂടി വായനക്കാരെ തെരഞ്ഞു പിടിച്ചു. കത്തുന്ന വിഷയങ്ങള്‍ കവിതാവിഷയമാക്കി. സാനിന്റെ ഈയിടെയുള്ള മിക്ക കവിതകളിലും സാമൂഹിക പശ്ചാത്തലമുള്ള സംഭവങ്ങളാണ് വിഷയീഭവിച്ചത്. അതൊന്നും യാദൃച്ഛികമല്ല താനും. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ കോളിളക്കമുണ്ടാക്കിയ കൂട്ടബലാത്സംഗം വരെ സാന്‍ കവിതയില്‍ ഒരു മറയുമില്ലാതെ എഴുതി തന്റെ ഭാഗം ഭംഗിയായി വായനക്കാരെ കേള്‍പ്പിച്ചിട്ടുണ്ട്. തന്റെ പ്രസംഗത്തില്‍ സാന്‍ പറയുന്നുണ്ട്, താന്‍ സമൂഹത്തിന്റെ കവിയെന്ന്! പതിനാലാം വയസില്‍ ഒരു എഴുത്തുകാരന് സധൈര്യം അങ്ങിനെ പറയാനും എഴുതാനും തോന്നുന്നത് കൗതുകത്തോടെ മാത്രം കേള്‍ക്കേണ്ടതോ, വായിച്ച് തള്ളേണ്ടതോ ആയ സാധാരണ കാര്യമല്ല.

വര്‍ത്തമാന കാലത്തെ കെട്ടുകലങ്ങിയ വിഷയങ്ങള്‍ സാനിനു പ്രമേയമാക്കാന്‍ തോന്നിയതിലും വലിയ അത്ഭുതമില്ല. ചുറ്റുവട്ടത്തുള്ള ഇലയനക്കം പോലും എത്ര മാത്രം കുഞ്ഞുമനസുകളെ വ്യാകുലപ്പെടുത്തുവെന്നതിന്റെ നേര്‍ ഉദാഹരണമാണ് സാന്‍ ഷൈനെന്ന കവിയും അവന്റെ കവിതാലോകവും. അവന്റെ വ്യഥകളും വ്യാകുലതകളും അങ്ങിനെ തള്ളിക്കളയാവുന്നതുമല്ല. സാന്‍ തന്റെ ബ്ലോഗിനു പേരിട്ടിരിക്കുന്നത് എന്റെ സങ്കടങ്ങളും സ്വപ്നങ്ങളും എന്നാണ്. സാനിന്റെ ഒട്ടുമിക്ക കവിതകളിലും ഇത് വപ്രതിഫലിക്കുന്നു.

വിണ്ണും മണ്ണും മലീമസമാക്കുന്ന ആധുനിക മനുഷ്യന്റെ ആര്‍ത്തിയില്‍ സാന്‍ ഷൈന്‍ ഏറെ ആശങ്കപ്പെടുന്നുണ്ട്. വളരെ ഉത്കണ്ഠയോടു കൂടിയാണ് കവി ഈ വിഷയം വായനക്കാരുമായി പങ്ക് വെക്കുന്നത്. പുഴയെ കുറിച്ച് എഴുതാത്ത കവികള്‍ തന്നെ കേരളത്തില്‍ ഇല്ലല്ലോ. വറ്റുന്ന പുഴയെ കുറിച്ചും വിണ്ടു കീറുന്ന വയലുകളെ കുറിച്ചും സാനിന്റെ നൊമ്പരം പുതുമയുള്ളതാണ്. മരിക്കുന്ന പുഴ, കാത്തിരിപ്പ് തുടങ്ങിയ കവിതകള്‍ ഉദാഹരണം.

സമപ്രായക്കാരും അതിലും താഴെയുള്ളവരും (കൈക്കുഞ്ഞടക്കം) ബലിയാടാവുന്ന രണാങ്കണവും സംഘര്‍ഷഭൂമിയും ഹൃദയസ്പൃക്കായിട്ടാണ് സാന്‍ എഴുതിയിട്ടുള്ളത്. അരഡസനിലധികം കവിതകളില്‍ ഈ ദുഃഖം മറയില്ലാതെ വായനക്കാരുമായി പങ്ക് വെക്കുന്നുണ്ട്. എല്ലാവര്‍ക്കും തട്ടിക്കളിക്കാന്‍ മാത്രം കുരുന്നുകള്‍ ഉറ്റവരുടെയും ആരാന്റെയും കയ്യിലെ കളിപ്പന്തായി മാറിയ വര്‍ത്തമാനകാലത്ത് എന്ത് നടന്നാലും നഷ്ടപ്പെടുന്നത് കളിച്ചും കഥ പറഞ്ഞും തീര്‍ക്കേണ്ട കുഞ്ഞുങ്ങളുടെ ബാല്യകാലമെന്ന സത്യം കവി ഇടയ്ക്കിടയ്ക്ക് നമ്മെ ബോധ്യപ്പെടുത്തുന്നത് ഒരു ഋഷിയുടെ ഗൗരവത്തോടെയാണ്. അമ്പിളി മാമനോട് കൈകൊട്ടി കളിക്കുന്ന കുഞ്ഞിക്കൈകളും അപരിചിതന് പോലും മുത്തം നല്‍കാന്‍ മടികാണിക്കാത്ത ചെഞ്ചുണ്ടുകളും തിരിച്ചറിയാനാവാത്ത വിധം ഭീകരരംഗങ്ങളായി തീരുന്നത് ആരുടെ കുറ്റമെന്ന് കവി ചോദിക്കുന്നുണ്ട് പലയിടത്തും.

സ്‌നേഹബന്ധവും പരസ്പരവിശ്വാസവും പാടേ വിപാടനം ചെയ്യുന്ന ജാതീയതയും വര്‍ഗീയതയും ഭീകരതയും തീവ്രവാദവും മനുഷ്യമനസുകള്‍ക്കിടയില്‍ തീര്‍ക്കുന്ന ഭീതിതമായ മതിലുകളെ കുറിച്ച് സാനെന്ന പതിനാലുകാരന്‍ എഴുതുമ്പോള്‍ അതിലെ ആത്മാര്‍ത്ഥ നൂറ്റൊന്ന് ശതമാനമാണ്. ഹിന്ദുവും മുസല്‍മാനും െ്രെകസ്തവനും ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം ഒരു ഹൃദയത്തിന്റെ മൂന്ന് അവിഭാജ്യഭാഗങ്ങളെന്ന തിരിച്ചറിവിലേക്കാണ് തിരിച്ചറിയാന്‍ വൈകുന്നതെന്ന കവിത നമ്മെ കൊണ്ട് പോകുന്നത്. ദുഷ്ട കൈകള്‍ ചെയ്ത് തീര്‍ത്ത ആ മൂന്നു പരിശുദ്ധ ജഡങ്ങള്‍ കാപട്യമില്ലാത്ത ചുമലും കളങ്കമേല്‍ക്കാത്ത മണ്ണും തേടി കാത്തിരിക്കുന്ന ദൃശ്യം എത്ര തന്മയത്വത്തോടെയാണ് സാന്‍ എഴുതിയിട്ടുള്ളത്! മാനവിക മതേതര കാഴ്ചപ്പാടു വേണ്ടതിലധികം രൂഢമൂലമായ ഒരു മനസിന്റെ ഉടമകൂടിയായ സാന്‍ ഷൈന്‍ വരും തലമുറക്ക് അസൂയപ്പെടാവുന്ന മാതൃക തന്നെയാണ്.

എല്ലാവരെയും ഒരേ കണ്ണു കൊണ്ട് കാണുവാനും ഒരേ മനസുകൊണ്ട് സ്വീകരിക്കുവാനും ആവശ്യപ്പെടുന്ന കാവല്‍ക്കാര്‍ എന്ന കവിത നമുക്ക് നൂറു വട്ടം വായിച്ചാലും കൊതി തീരില്ല. തപ്പിത്തടയുന്ന ഇന്നത്തെ തലമുറയിലെ കൂരിരുട്ടിലും ഇത്തരം മിന്നാമിനുങ്ങുകള്‍ ഉണ്ടാകുന്നത് തന്നെ തലമുറക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കുന്ന ഒന്നാണ്. കയ്‌പോടെ വായിച്ച് മധുരത്തിന്റെ രസം ആവോളം ആസ്വദിച്ചു ഉപ്പുരസത്തിലവസാനിക്കുന്ന കവിതയാണ് നെല്ലിക്ക. ജീവിതത്തിന്റെ വിവിധ ദശാസന്ധികളെകുറിച്ച് വാചാലമാകാന്‍ ഈ കുഞ്ഞു കവി തെരഞ്ഞെടുത്ത ഫലം നെല്ലിക്ക! അതിലെ കുരുവാകട്ടെ കവി തന്റെ ആത്മാവായി കാണുന്നു. അതിനെ വിദൂരതയിലെവിടെയോ എറിയുകയും ചെയ്തു. കയ്പ്പിന്റെ മുഴുവന്‍ സത്തയും ഉള്‍ക്കൊണ്ട നെല്ലിക്കക്കുരു പിന്നിടുന്ന ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ വളരെ മനോഹരമായാണ് കവി നെല്ലിക്കയില്‍ അവതരിപ്പിക്കുന്നത്. ആര്ത്തിരമ്പുന്ന കടലില്‍ ആഴങ്ങളിലേക്ക് ആപതിക്കുന്ന കുരുവെന്ന തന്റെ ആത്മാവിനു കടലോളമുപ്പുരസമെന്നു പറഞ്ഞാണ് പ്രസ്തുത കവിത അവസാനിക്കുന്നത്. ഇപ്പോഴല്ലെങ്കിലും ഏതെങ്കിലുമൊരു സന്ദര്‍ഭത്തില്‍ പുതു തലമുറയിലെ ഇരുത്തം വന്ന വായനക്കാര്‍ ഈ കവിതയെ അവരുടെ സാഹിത്യ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

ഒരു ചെറിയ കുട്ടി തന്റെ മൂന്നാം തലമുറയെകുറിച്ചു നമ്മുടെ കണക്ക് കൂട്ടലുകള്‍ക്കപ്പുറം എഴുതുകയും വ്യാകുലപ്പെടുകയും ചെയ്യുമെന്ന് സാന്റെ കവിത വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് ബോധ്യമാകും. വൃദ്ധ സദനങ്ങളെ നരകത്തോടു സമം ചേര്‍ത്ത് പറയുന്ന കവി, സ്‌നേഹത്തെകുറിച്ചു വാതോരാതെ സംസാരിക്കുന്ന കപടന്മാരെ കുറിച്ചു അവരുടെ നെഞ്ചില്‍ ചൂട്ടു വെച്ച് പൊള്ളിക്കുന്നുണ്ട,് പ്രത്യാഘാതങ്ങള്‍ എന്ന കവിതയില്‍. ച്യുതി എന്ന നാല് വരി കവിതയിലും സമാനമായ ആശയം കാണാം.

എല്ലാവരും ഏക സ്വരത്തില്‍ പറയുകയും പറഞ്ഞും പറഞ്ഞും തീരാത്തതുമായ കുഞ്ഞു കവിതയാണ് നേര്. അതിങ്ങനെ:
ഞാനൊരു കടലാസില്‍
വയലും മലയും പുഴയും
കാടും വരച്ചു.
അച്ഛനതു മായ്ചു,
ഫാക്ടറിയും കെട്ടിടങ്ങളും വരച്ചു.

ഇങ്ങനെയും സംഭവിക്കുമോ? പുതു തലമുറ പഴമയിലെക്കും പാരമ്പര്യത്തിലേക്കും തിരിച്ച് നടക്കാന്‍ തയ്യാറെന്നും പക്ഷെ അതിന്റെ വഴിമുടക്കികള്‍ കുഞ്ഞുമനസ് വായിക്കാന്‍ കൂട്ടാക്കാത്ത മുതിര്‍ന്ന തലമുറയാണെന്ന കവിയുടെ ആശയവും ആശങ്കയും ഒരു പാട് തലങ്ങളില്‍ വായന അര്‍ഹിക്കുന്നു. ഫെയിസ് ബുക്കില്‍ ഈ കവിത വന്നപ്പോള്‍ കേരളത്തിലെ ഇരുത്തം വന്ന എഴുത്തുകാരില്‍ ചിലര്‍ അത് വായിച്ചു, ഒരുപാടു അഭിപ്രായം എഴുതിയതും വെറും വാക്കുകളല്ലെന്നു നമുക്ക് കരുതാം.

കയ്പ് പ്രസിദ്ധീകരിച്ച ശേഷം സാന്‍ പത്തോളം മനോഹരങ്ങളായ കവിതകളും ഏതാനും കഥകളും തന്റെ ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ കയ്യൊതുക്കത്തോടെ തന്മയത്വത്തോടെയാണ് കവി ഈ രചന നിര്‍വഹിച്ചിട്ടുള്ളത്. അവയില്‍ നക്ഷത്ര കുഞ്ഞുങ്ങള്‍, കുന്നിറങ്ങുന്ന മണ്ണ്, സാക്ഷി, കണ്ണട, പൊന്‍പു ലരി, ഈ ശവക്കല്ലറ, വരണ്ട കാഴ്ചകള്‍, ഗസ്സ തുടങ്ങിയവ മികച്ചു നില്ക്കുന്നു. ഭൂമിമലയാളത്തില്‍ ഇല്ലാതായികൊണ്ടിരിക്കുന്ന കുന്നും കുന്നിലെ മണ്ണുമാണ് കുന്നിറങ്ങുന്ന മണ്ണിലെ വിഷയം. ഒരല്‍പം നീണ്ട കവിത കൂടിയാണിത്. വേണമെങ്കില്‍ സ്ത്രീപക്ഷ വായനകൂടി ഈ കവിതയില്‍ കാണാന്‍ സാധിക്കും. സാന്‍ കവിതയെ കൂടുതല്‍ ഗൗരവത്തോടെ കാണുന്നുവെന്നതിന്റെ ഉദാഹരങ്ങളാണ് പുതിയ കവിതകള്‍.

പ്രോത്സാഹനങ്ങള്‍ അര്‍ഹിക്കുന്ന കവിയാണ് സാന്‍. പല ഓണ്‍ലൈന്‍ മാഗസിനുകളിലും ഈ ബാലകവിയുടെ കവിതകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ഫെയിസ്ബുക്കിലും സാനിനു നിരവധി വായനക്കാരാണുള്ളത്. സിംഗപ്പൂരിലെ ഒരു മലയാളി വായനക്കാരി സാനിന്റെ കവിതകള്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്ത് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്.

പട്‌ല സ്വദേശിയായ സാന്‍ അവിടുത്തെ ഗവ. ജി.എച്ച്. എച്ച്. സ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. പിതാവ് അസ്ലം സൗദിയില്‍ ജോലി ചെയ്യുന്നു. ഉമ്മ സബിത സാനിന്റെ വായനക്കുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നു.

അത്ഭുതപ്പെടുത്തുന്ന ഉള്‍ക്കാഴ്ച പകര്‍ന്ന് സാന്‍ ഷൈന്‍ എന്ന ബാല കവി

അത്ഭുതപ്പെടുത്തുന്ന ഉള്‍ക്കാഴ്ച പകര്‍ന്ന് സാന്‍ ഷൈന്‍ എന്ന ബാല കവി

അത്ഭുതപ്പെടുത്തുന്ന ഉള്‍ക്കാഴ്ച പകര്‍ന്ന് സാന്‍ ഷൈന്‍ എന്ന ബാല കവി

അത്ഭുതപ്പെടുത്തുന്ന ഉള്‍ക്കാഴ്ച പകര്‍ന്ന് സാന്‍ ഷൈന്‍ എന്ന ബാല കവി

അത്ഭുതപ്പെടുത്തുന്ന ഉള്‍ക്കാഴ്ച പകര്‍ന്ന് സാന്‍ ഷൈന്‍ എന്ന ബാല കവി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia