city-gold-ad-for-blogger
Aster MIMS 10/10/2023

Book | ഓര്‍മ്മകള്‍ കാത്തുവെച്ച ഉടുപ്പുപെട്ടി: ജീവിത ഗന്ധിയായ അനുഭവങ്ങളുടെ ആത്മകഥനം

പുസ്തക പരിചയം 

-ദേവിക ഗംഗന്‍

(www.kasargodvartha.com) 'Nothing is ever really lost to us as long as we remember it', കനേഡിയന്‍ സാഹിത്യകാരിയായ എന്‍എ മോണ്ടിഗോമറിയുടെ വാക്കുകളാണിവ. ഓര്‍മ്മകളുടെ പ്രാധാന്യത്തെക്കുറിച്ചാണ് ഈ വരികള്‍ പറയുന്നത്. നമുക്ക് ഓര്‍മ്മയുളളതൊന്നും നമ്മുടെ കൈകളില്‍ നിന്ന് നഷ്ടപ്പെട്ടിട്ടില്ല എന്നും അത് നമ്മുടെ കൂടെ തന്നെയുണ്ട് എന്നുമാണ് ഈ വരികള്‍ പറയുന്നത്. നാം ജീവിക്കുന്ന കാലത്തേയും സമൂഹത്തേയും ദീപ്തമാക്കുന്ന മധുരോദാരമായ ഓര്‍മ്മകളെല്ലാം കൈമോശം വരുന്ന വല്ലാത്തൊരു പൊഞ്ഞാറിന്റെ മാനസികാവസ്ഥയിലൂടെയാണ് അടിസ്ഥാനപരമായി ഓരോ മലയാളിയും കടന്നുപോകുന്നത്.
                
Book | ഓര്‍മ്മകള്‍ കാത്തുവെച്ച ഉടുപ്പുപെട്ടി: ജീവിത ഗന്ധിയായ അനുഭവങ്ങളുടെ ആത്മകഥനം

ഇവിടെയാണ് 'ഓര്‍മ്മകള്‍ കാത്തുവെച്ച ഉടുപ്പുപെട്ടി' എന്ന പുസ്തകം പ്രസക്തമാകുന്നത്. ഓര്‍മ്മകള്‍ ഉടുപ്പുപെട്ടി എന്നീ രണ്ടു വാക്കുകളുടെ ആഴങ്ങളിലേക്ക് ചെന്നാല്‍ തന്നെ, ഈ പുസ്തകം വഹിക്കുന്ന ഗൃഹാതുരത എത്രത്തോളമാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. വര്‍ത്തമാനത്തിലിരിക്കുന്ന നമ്മുടെ ചിന്തകളില്‍ ഏറിയകൂറും ഇന്നലകളെക്കുറിച്ചായിരിക്കും. നാളെ എന്ത് സംഭവിക്കും എന്ന ചിന്തയെക്കാളേറെ ഇന്നലെ എന്ത് സംഭവിച്ചു എന്ന ചിന്തയാണ് നമ്മുടെ മനസ്സില്‍ നിറയെ ഉണ്ടാകുക. ഓര്‍മ്മകള്‍ കാത്തുവെച്ച ഉടുപ്പുപെട്ടി എന്ന കൂക്കാനം റഹ്മാന്‍ മാസ്റ്ററുടെ പുസ്തകം ഓര്‍മ്മകളുടെ സഞ്ചയമാണ്

തന്നെ താനാക്കിയ, തന്നെ സ്വാധീനിച്ച, തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയ ഓരോ സംഭവങ്ങളെയും അദ്ദേഹം ഇവിടെ വിശദീകരിക്കുന്നു. ഓര്‍മ്മകളുണ്ടായിരിക്കുന്ന മനുഷ്യന്‍ എന്നും ഒരു പാഠപുസ്തകമായിരിക്കും. സര്‍ഗ്ഗാത്മകതകൊണ്ട് അനുഗ്രഹീതമായ ഈ അധ്യാപകന്‍ കൈവെച്ച മണ്ഡലങ്ങളിലെല്ലാം നിസ്തൂല സംഭാവനകളാണ് അര്‍പ്പിച്ചിട്ടുളളത്. സത്യസന്ധതയും ആത്മാര്‍ത്ഥതയും കൈമുതലായ ഒരു മികച്ച അധ്യാപകന്‍ അളവറ്റ മാനവീകതയും സാമൂഹികബോധവുമുളള ആളായിരിക്കുമ്പോള്‍ ഇമ്മട്ടില്‍ പൊതു സമൂഹത്തിന് അത്രമേല്‍ സ്വീകാര്യന്‍ ആവാതെ തരമില്ലല്ലോ? അതെ ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇത്രയുമാണ് കൂക്കാനം റഹ്മാന്‍ മാഷ്.
    
Book | ഓര്‍മ്മകള്‍ കാത്തുവെച്ച ഉടുപ്പുപെട്ടി: ജീവിത ഗന്ധിയായ അനുഭവങ്ങളുടെ ആത്മകഥനം

അടുത്തത് ഉടുപ്പുപെട്ടി എന്ന വാക്കാണ്. ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന ഒരു വാക്കാണ് ഉടപ്പുപെട്ടി. ഉടുപ്പുകള്‍ സൂക്ഷിക്കുന്ന ഒരു പെട്ടി മാത്രമല്ല അത്. ഏറെ ഭദ്രമായി സൂക്ഷിക്കുന്ന, ഏറ്റവും വിലപിടിപ്പുളള ഒന്നുകൂടിയാണ്. ഓര്‍മ്മകളെ ഇവിടെയൊരു ഉടുപ്പുപെട്ടിയിലാണ് സൂക്ഷിച്ചുവെച്ചിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ഏറ്റവും ഭദ്രമായി, ഏറ്റവും വിലപിടിപ്പുളള ഒന്നായിട്ടാണ് കൂക്കാനം റഹ്മാന്‍ മാസ്റ്റര്‍ ഓര്‍മ്മകളെ കാണുന്നത്. ഈ മഹത് വ്യക്തിയെ രൂപപ്പെടുത്തിയത് ഈ ഓര്‍മ്മകള്‍ തന്നെയാണ്.

പൊതുവെ ആത്മ കഥകളെ കുറിച്ച് പറയുമ്പോള്‍ അത് ഒരു വ്യക്തിയുടെ കഥ മാത്രമല്ല, ഒരു പ്രദേശത്തിന്റെ കഥ കൂടിയാണ് എന്ന് നാം പറയാറുണ്ട്. അത് തന്നെയാണ് ഇവിടേയും കാണാനാകുന്നത്. വര്‍ഷങ്ങള്‍ മുമ്പേയുണ്ടായിരുന്ന കൂക്കാനം, കരിവെളളൂര്‍, പയ്യന്നൂര്‍ എന്നീ പ്രദേശങ്ങളുടെ ചിത്രം ഈ പുസ്തകത്തിന്റെ വരികളില്‍ നമുക്ക് കാണാനാകും. ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെക്കുറിച്ചും, സാംസ്‌കാരിക തലത്തെക്കുറിച്ചുമുളള ധാരാളം സ്മരണകള്‍ ഈ കൃതിയിലുണ്ട്. മറ്റൊന്ന് ഉമ്മയെക്കുറിച്ചുളള ഓര്‍മ്മകളാണ്. കുട്ടിക്കാലത്ത് ഉമ്മ പറഞ്ഞു തന്ന കഥകളും, അനുഭവങ്ങളും , ഉപദേശങ്ങളും തന്നെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്നദ്ദേഹം പറയുന്നത് കാണാം. തന്റെ ജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ സ്നേഹമയിയായ ഉമ്മയെ കുറിച്ചുളള കുറിപ്പുകള്‍ വായിക്കുമ്പോള്‍ ആരുടേയും കണ്ണു നിറയും.

മുപ്പത്തിയൊന്ന് അധ്യായങ്ങളാണ് ഓര്‍മ്മകള്‍ കാത്തുവെച്ച ഉടുപ്പു പെട്ടി എന്ന ഈ പുസ്തകത്തിനുളളത്. ബാല്യകാലം മുതല്‍ക്കുളള അനുഭവങ്ങളാണ് ഇതിന്റെ കാതല്‍. മികച്ച അധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനും, സാക്ഷരതാ പ്രവര്‍ത്തകനുമായ ഒരു മഹത്വ്യക്തിയുടെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ അനുഭവകുറിപ്പില്‍ കാണാം. ഒരു സാഹിത്യകാരന്‍ കൂടിയാണ് താന്‍ എന്ന് തെളിയിക്കുകയാണ് കൂക്കാനം റഹ്മാന്‍ മാസ്റ്റര്‍ ഇവിടെ ചെയ്തത്.

ലളിതമായ എന്നാല്‍ അര്‍ത്ഥഗര്‍ഭമായ വാക്കുകളാല്‍ സമ്പന്നമാണ് ഈ പുസ്തകം. വിദ്യാര്‍ത്ഥി ജീവിതത്തിനിടയിലും, അധ്യാപനത്തിനിടയിലും സാമൂഹ്യ പ്രവര്‍ത്തനത്തിനിടയിലും തന്നെ തേടിയെത്തിയ അനുഭവങ്ങളാണ് ഈ പുസ്തകത്തിലുളളത്. ആദ്യം പരാമര്‍ശിച്ച പോലെ ജീവിത ഗന്ധിയായ അനുഭവങ്ങളുടെ അടരുകളില്‍ നിന്ന് ഒരുക്കിയെടുത്ത മനോഹരമായ ഈ ഓര്‍മ്മ പുസ്തകത്തിന് വര്‍ത്തമാനകാലത്തില്‍ വലിയ പ്രസക്തിയുണ്ടെന്നത് അവിതര്‍ക്കിതമായ കാര്യമാണ്.

Keywords: Kerala, Malayalam, Kookkanam Rahman Book, Book Review, Article, Malayalam Article, Editor's-Pick, Kookkanam Rahman, Review of Kookkanam Rahman's book.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL