city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മന്ത്രിയുടെ മിന്നല്‍ പരിശോധന: ഉദ്യോഗസ്ഥര്‍ക്കെതിരെ അനന്തര നടപടികള്‍ വൈകുന്നു

നേര്‍ക്കാഴ്ച്ചകള്‍/പ്രതിഭാരാജന്‍

(www.kasargodvartha.com 07.07.2017) ചിത്താരി, കളനാട് എന്നീ വില്ലേജ് ഓഫീസുകളില്‍ ഇന്നലെ മന്ത്രിയും, കലക്ടറും നടത്തിയ മിന്നല്‍ പരിശോധനയുടെ അനന്തര നടപടികള്‍ വൈകുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് മന്ത്രി ഇ ചന്ദ്രശേഖരനും, കലക്ടര്‍ ജീവന്‍ ബാബുവും മിന്നല്‍ പരിശോധന നടത്തിയത്. മന്ത്രിക്ക് നേരിട്ട് കിട്ടിയ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് തഹസില്‍ദാര്‍ക്ക് പരാതി കൈമാറുകയും അവിടുന്ന് കളനാട് വില്ലേജ് ഓഫീസിലേക്ക് റിപ്പോര്‍ട്ടിനായി അയക്കുകയുമായിരുന്നു.

മാസങ്ങളോളം കാത്ത് നിന്നിട്ടും പല തവണ ആവശ്യപ്പെട്ടിട്ടും മന്ത്രിക്ക് വില്ലേജില്‍ നിന്നും മറുപടി ലഭിക്കാതായതിന്റെ പേരിലാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍ കലക്ടറേയും കൂട്ടി കളനാട് വില്ലേജ് ഓഫീസ് സന്ദര്‍ശിച്ചത്. അവിടെയുള്ളവര്‍ കൈമലര്‍ത്തുകയായിരുന്നു. മറുപടി ഇല്ലാ എന്നു മാത്രമല്ല, മന്ത്രി ഒപ്പിട്ട ഫയല്‍ പോലും വില്ലേജ് ഓഫീസില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. ഇത് കൈക്കൂലിയുടെ ഹുങ്കാണ്. ഫയല്‍ നമ്പര്‍ പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പുറത്തു വിടാതായപ്പോള്‍ മന്ത്രി തന്റെ പക്കലുള്ള നമ്പര്‍ തെരഞ്ഞു പിടിച്ച് ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചപ്പോഴാണ് മന്ത്രിയുടെ കത്ത് രജിസ്റ്ററില്‍ പോലും ചേര്‍ത്തിട്ടില്ലെന്ന കാര്യം പുറത്തു വരുന്നത്.

24 മണിക്കൂറിനകം ഫയല്‍ കണ്ടെത്തിയിരിക്കണമെന്നും സത്വര നടപടികള്‍ ആരംഭിക്കണമെന്നും ഉത്തരവിട്ടാണ് മന്ത്രിയും കലക്ടറും പോയത്. സമയം ഏറെ കഴിഞ്ഞുവെങ്കിലും കലക്ട്രേറ്റില്‍ അന്വേഷിച്ചപ്പോള്‍ ഇതുവരെ വിശദീകരണം ഒന്നും തന്നെ കിട്ടിയിട്ടില്ലെന്നായിരുന്നു മറുപടി. താലൂക്ക് ഓഫീസിലേക്ക് ഫയല്‍ എത്തിച്ചിട്ടുണ്ടെന്നും അല്‍പ്പം വൈകിപ്പോയെന്നുമായിരുന്നു കളനാട് വില്ലേജ് ഓഫീസര്‍ പറഞ്ഞത്.

കളനാട് വില്ലേജിലെ കോളിയാട് പുഴ പുറമ്പോക്ക് കയ്യേറി മതില്‍കെട്ടി റോഡ് തടസ്സപ്പെടുത്തിയെന്ന പരാതി ഇന്നുള്ളതല്ല, അവിടുത്തെ രാഷ്ട്രീയം അടക്കം പലതവണ ഓര്‍മ്മിപ്പിച്ചിട്ടും വകവെക്കാത്ത ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യമാണ് വില്ലേജ് ഭരിക്കുന്നത്. ചാത്തങ്കൈയ്ക്കടുത്തുള്ള ഒരു വിധവ തന്റെ കൈവശ- കാണം, കുഴിക്കാണം ഭൂമിക്ക് രേഖയുണ്ടാക്കാന്‍ പെടാപാടുപെടുന്നത് വര്‍ഷങ്ങളായി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരുള്ളപ്പോള്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ കൊടുത്ത അപേക്ഷ വരെ കളനാട് വില്ലേജ് പുല്ലു വില കല്‍പ്പിക്കുകയായിരുന്നു. ചിത്താരി പുഴക്ക് സമീപത്തുള്ള പുഴയോരങ്ങള്‍ക്ക് നികുതി ഒടുക്കാനും പെടാപാട് പെടേണ്ടി വരുന്നു. നികുതിദായകരെ പീഡിപ്പിച്ച്, കളിയാക്കി രസിക്കുന്നത് ഇവിടെ ചിലര്‍ക്ക് ഹോബിയാണ്.

കാഞ്ഞങ്ങാടില്‍ പിറവി കൊണ്ട റവന്യു മന്ത്രി സ്വന്തം ജില്ലയിലെ താന്തോന്നിത്തത്തിനു പരിഹാരം കാണുമെന്ന് നമുക്ക് പ്രത്യാശ വെച്ചു പുലര്‍ത്താം. വില്ലേജ് ഓഫീസ് മാത്രമല്ല, പഞ്ചായത്ത്, കൃഷിഭവനുകളെ അടക്കം ചൊല്‍പ്പടിക്കു നിര്‍ത്തേണ്ടതുണ്ട്. പറയാനും തിരിച്ചയക്കാനും നിരവധി സാങ്കേതിക കാര്യങ്ങള്‍ കാണാപാഠമാക്കി പഠിച്ച് വെച്ചിരിക്കുകയാണ് ഇവിടത്തെ ഉദ്യോഗസ്ഥര്‍. ചട്ടങ്ങളും നിയമങ്ങളും കാലാനുസൃതമായി ഭേദഗതി വേണം. അവ ജീവനക്കാര്‍ക്ക് രക്ഷപ്പെടാനുള്ളതിന് പകരം ജനോപകാരപ്രദമാകും വിധമായി പരിണമിക്കാന്‍ സര്‍ക്കാര്‍ ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടു വരേണ്ടിയിരിക്കുന്നു.

കൈവശഭൂമി വിഷയം രമ്യതയിലാവാതെ വിഷമിക്കുന്നവരുടെ ഒരു നിരതന്നെയുണ്ട് ജില്ലയില്‍. അതിര്‍ത്തി പ്രശ്‌നം, പട്ടയം, പോക്കു വരവ്, കെട്ടിട നികുതി, ഉടമസ്ഥാവകാശ രേഖ, പ്ലാന്‍ എസ്റ്റിമേറ്റ്, വിവിധ തരം ലൈസന്‍സുകള്‍ ഇങ്ങനെ ജനങ്ങളെ കുരുക്കാന്‍ പലവിധ അഴിയാ വലകളുണ്ട് വകുപ്പില്‍. കൃഷിഭവന്‍ കര്‍ഷകര്‍ക്ക് ഇത്തവണ വിത്ത് നല്‍കിയത് വിള കഴിഞ്ഞ് ഒരു മാസം പിന്നിട്ടാണ്. പലരും വിത്ത് വാങ്ങി കുത്തി ഉമിയാക്കി ഉണ്ടു. വളം കിട്ടാന്‍ ചിങ്ങം കഴിയുമെന്ന് ഇപ്പോള്‍ തന്നെ പറഞ്ഞ് കഴിഞ്ഞു. സര്‍ക്കാരിന്റെ വീഴ്ച്ചക്ക് പുറമെ ഉദ്യോഗസ്ഥരുടെ നിസഹകരണമാണ് ഇതിനൊക്കെ കാരണം.

ജനങ്ങളോട് നിരന്തരം ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥര്‍ ജനങ്ങളെ കാണുമ്പോള്‍ ശത്രുവിനെ പോലെ പെരുമാറുന്നു. കൈമടക്കു കൊടുക്കാന്‍ കഴിവില്ലാത്തവന്‍ പെട്ടതു തന്നെ. കഴിഞ്ഞ ആഴ്ച ഹൊസ്ദുര്‍ഗ് താലൂക്കില്‍ പെട്ട ഒരു ഗ്രാമ പഞ്ചായത്ത് ഓഫീസിലെ സ്രെകട്ടറി പെന്‍ഷന്‍ പറ്റി പിരിഞ്ഞു. ബോര്‍ഡും ജീവനക്കാരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. അതിന്റെ പടവും ആശംസയും മറ്റും ഫെയ്സ്ബുക്കില്‍ ചേര്‍ത്തു. സോഷ്യല്‍ മീഡിയ ഇത് ചര്‍ച്ചക്കെടുത്തു. ആ ഉദ്യോഗസ്ഥന്റെ തുണിയുരിഞ്ഞാണ് സ്വദേശമായ ആലപ്പുഴയിലേക്ക് പറഞ്ഞു വിട്ടത്. ഉദ്യോഗസ്ഥരും ജനവും തമ്മിലുള്ള ബന്ധം എങ്ങനെയാണ് മുന്നോട്ടു പോകുന്നതെന്നതിനുള്ള ഒരു ഉദാഹരണം മാത്രമായി ഈ യാത്രയയപ്പിനെ നോക്കിക്കാണാം.

മന്ത്രിയുടെ മിന്നല്‍ പരിശോധന: ഉദ്യോഗസ്ഥര്‍ക്കെതിരെ അനന്തര നടപടികള്‍ വൈകുന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha-Rajan, E.Chandrashekharan, Complaint, Village Office, No action, Report, Collector, Collectorate, Social media, Farmers.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia