city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി.ബി. അബ്ദുര്‍ റസാഖ് ബാക്കിവെച്ചു പോയത്

അനുസ്മരണം/  എ എസ്  മുഹമ്മദ്കുഞ്ഞി

(www.kasargodvartha.com 24.10.2018) ഈ ജീവിതമെന്നത് തീര്‍ത്തും അനിശ്ചിതമാണെന്നും ചെയ്യാനുള്ളത് വളരെ ധൃതിയില്‍ ചെയ്തു തീര്‍ക്കലാണുചിതമെന്നും, ഇഹലോകത്ത് അര്‍ഹതപ്പെട്ട സ്ഥാനമാനങ്ങളും -അത് വരുമ്പോള്‍ വരട്ടെ എന്ന ഉദാസീനത പാടില്ലെന്നും, യഥാസമയം തിരിച്ചറിഞ്ഞ വ്യക്തിത്വങ്ങളിലൊന്നാണ് നമുക്കിടയില്‍ നിന്നും കൊഴിഞ്ഞു പോയ പി.ബി. അബ്ദുര്‍ റസാഖ്. ലീഗുകാരനായിരുന്നെങ്കിലും പാര്‍ട്ടിയില്‍ സജീവമാവുകയും നേതൃ നിരയിലെത്തുകയും ചെയ്തത് ഏതാണ്ടൊരെ കാലത്താണ്. പിന്നീട് പഞ്ചായത്ത്, ജില്ല, നിയോജക മണ്ഡലം സാരഥി. മഹത്തായൊരു പാഠം രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പിന്‍ഗാമികള്‍ക്ക് ബാക്കി വെച്ചാണ് അദ്ദേഹം ഇഹലോക ജീവിതത്തിന് വിരാമമിട്ട് കടന്നു പോയത്.

വളരെ വൈകി രാഷ്ട്രീയ നേതൃനിരയില്‍ സജീവമായ വ്യക്തിയാണ് റസാഖ്. വരുമ്പോള്‍ രാഷ്ട്രീയത്തിന് കൂട്ടായി വേണ്ടതെല്ലാം ഒരുക്കിക്കൊണ്ടാണ് താനും വരവ്. അദ്ദേഹത്തിനു വേണ്ടി കസേര ഒരുക്കിക്കൊടുക്കാന്‍ ആരും വേണ്ടി വന്നില്ല. കസേരകള്‍ സ്വയം താനെ വന്നു. നേതൃ നിരയിലെത്തിയ ശേഷം പിന്നെ വിശ്രമമില്ലാത്ത പൊതുപ്രവര്‍ത്തനം. വിശ്രമം ആത്മാവ് ശരീരത്തില്‍ നിന്ന് വിട്ട് പോയതിന് ശേഷം മതിയെന്നാക്കിയോ എന്തോ. ഒരു നോക്ക് കാണാനെത്തിയ ആയിരക്കണക്കിനു വരുന്ന ജന സഞ്ചയത്തിനു മുന്നിലും. ഏറെ ഊര്‍ജ്ജസ്വലനായ നേതാവായിരുന്നു. റസാഖ്. എന്നും ആ ഊര്‍ജ്ജം ചുറ്റും നില്‍ക്കുന്നവരിലേക്ക് പ്രസരിച്ചിരുന്നു. ആരോഗ്യത്തോടെ കൈവന്ന ഒരു ഹ്രസ്വ കാലത്തിനിടയില്‍ ചെയ്തു തീര്‍ക്കേണ്ട. ബാധ്യതയെക്കുറിച്ച് ബോധമുള്ള നേതാവായിരുന്നു അദ്ദേഹം.

ഈ മനുഷ്യനെ കാണുന്നത് 1996ലെ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വേളയിലാണ്. അതിനു മുമ്പ് വല്ല ദൂരക്കാഴ്ചയും ഉണ്ടായിട്ടുണ്ടോന്ന് ഓര്‍ക്കുന്നില്ല. ആ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വേളയില്‍ കാസര്‍കോട് സര്‍ക്കാര്‍ കോളേജിന്റെ ഹാളിനകത്ത് ഒരാള്‍, ശുഭ്രവസ്ത്രധാരി, കീശയില്‍ നിന്ന് പുറത്തേക്ക് തൂങ്ങന്ന കീ ചെയിനിന്റെ അറ്റത്ത് സ്വര്‍ണ്ണ കോണി. ഊര്‍ജ്ജസ്വലയതയോടെ വോട്ടെണ്ണല്‍ കൗണ്ടറുകള്‍ക്കിടയിലൂടെ തലങ്ങും വിലങ്ങും വേഗതയില്‍ നീങ്ങുന്നു. വളരെ കര്‍ശനമായ നിയന്ത്രണമുള്ള ഹാളിനകത്ത് ഇയാളാരപ്പാ ഇത്ര വലിയ സ്വാതന്ത്ര്യത്തോടെ വിഹരിക്കാന്‍ എന്നാണ് എന്റെ മനസ് ആരാഞ്ഞിരുന്നത്. അതെ സമയം അങ്ങനൊരാള്‍ അവിടെ ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും തോന്നി. അപ്പോഴേക്കും, ഞാന്‍ മധൂര്‍ പഞ്ചായത്തംഗമായി ഏതാനും മാസങ്ങളെ പിന്നിട്ടിരുന്നുള്ളൂ. പഞ്ചായത്ത് പ്രതിനിധി ആണെങ്കിലും രാഷ്ട്രീയത്തില്‍ വല്യ താല്‍പര്യമില്ലാത്ത എനിക്ക് കൗണ്ടിങ് മുതല്‍ ഒരിടത്ത് നിന്നും മാറി നില്‍ക്കാന്‍ സഹചര്യം അനുവദിച്ചിരുന്നില്ല. മാത്രമല്ല രാഷ്ട്രീയത്തില്‍ എന്നെ സംബന്ധിച്ചിടത്തോളം അതൊരു പുനര്‍ജനിയുമായിന്നു. ഒരു നീണ്ട ഇടവേളക്ക് ശേഷം. അതിനു ശേഷം മണ്ഡലം വര്‍ക്കിങ് കമ്മിറ്റിയിലെത്തിയപ്പോള്‍ റസ്സാഖ് അവിടെ ജനറല്‍ സെക്രട്ടറിയും. അവിടെ വെച്ചാണ്  ആ ബന്ധം സുദൃഢമാകുന്നത്.

അതങ്ങനെ തുടര്‍ന്നു. തമ്മില്‍ കാണുന്നതിലേറെ ടെലിഫോണ്‍ സമ്പര്‍ക്കം. പഞ്ചായത്തംഗമായി പിരിയുന്ന വേളയില്‍ ഞാന്‍ പാര്‍ട്ടിയുടെ മധൂര്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു. പഞ്ചായത്ത് അംഗമാകാന്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ തുടക്കത്തില്‍വിസമ്മതം അറിയിച്ചു. അന്ന് ഞാന്‍ കാസര്‍കോട് സാഹിത്യവേദിയുടെ ജന. സെക്രട്ടറി കൂടിയായിരുന്നു. ഞാന്‍ തന്നെ മത്സരിക്കണമെന്ന് എന്റെ മഹല്ല് അടങ്ങിയ നാട്ടുകാരുടെ ഒന്നടങ്കം സമ്മര്‍ദ്ദവും. സ്വതന്ത്രനായോ ഏത് ചിഹ്നത്തിലോ മത്സരിക്കാം. പക്ഷെ സ്ഥാനാര്‍ത്ഥി ഞാന്‍ തന്നെയാവണം. ജയിക്കാനുള്ള വോട്ട് അവിടെ തന്നെയുണ്ട്. അങ്ങനെ മത്സരിക്കാന്‍ തയ്യാറായി, ഒടുവിലത് ചില കോണുകളിലെ സമ്മര്‍ദം നിമിത്തം കോണി ചിഹ്നത്തില്‍ തന്നെയുമായി. അല്ലെങ്കില്‍ അതിനെതിരായി മത്സരിക്കേണ്ടി വരും. അതും സ്വീകാര്യമായിരുന്നില്ല. അപ്പോഴും ഒരു കണ്ടീഷന്‍. ഞാന്‍ സ്ഥാനാര്‍ത്ഥിയാവാം. മത്സരിക്കാം. പക്ഷെ പാര്‍ട്ടി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമാകില്ല. പഞ്ചായത്തംഗമെന്ന നിലയില്‍ ഉത്തരവാദിത്വം നിറവേറ്റും. പാര്‍ട്ടിയുടെ ഒരു ഭാരവാഹിത്വവും എടുക്കില്ലെന്ന്. ചുരുക്കിപ്പറഞ്ഞാല്‍ ഒന്നും നടപ്പിലായില്ലെന്ന് പറയാം. രാഷ്ട്രീയം ചൂണ്ടയിട്ട് അകത്തേക്ക് അകത്തേക്ക് വലിക്കാന്‍ തുടങ്ങി. പഞ്ചായത്ത് മെമ്പര്‍ സ്ഥാനം തീര്‍ന്നു. രക്ഷപ്പെടാനൊരു മാര്‍ഗ്ഗവും കാണാതെ വന്നപ്പോള്‍, എന്തോ റദ്ദുച്ചായെ സമീപിക്കുന്നതാണ് ഉചിതമെന്ന്  തോന്നി. രാത്രി വീട്ടിലെത്തി  കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി. പാര്‍ട്ടിയില്‍ ഒരു സ്ഥാനം വാങ്ങിത്തരണമെന്നതിനല്ല, മറിച്ച് എന്നെ ഒന്ന് ഒഴിവായി ക്കിട്ടാന്‍. അത് അദ്ദേഹത്തിനെ മനസിലാകൂ എന്ന ഉത്തമ ബോധ്യമാവണം എന്നെക്കൊണ്ടങ്ങനെ ചെയ്യിച്ചത്. മധൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം വിളിച്ച് റദ്ദുച്ച വളരെ ഭംഗിയായി അത് നിര്‍വ്വഹിച്ചു. ബന്ധനം ഒഴിഞ്ഞ കിളിയെ പോലെ ഞാന്‍ അനന്ത വിഹായസ്സിലേക്ക് ഊളിയിട്ടു.

ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പി.ടി.എ. പ്രസിഡണ്ടായിരിക്കെ ജില്ലാ/സബ് ജില്ലാ കലോത്സവങ്ങള്‍ മൂന്ന് പ്രാവശ്യം വരികയുണ്ടായി ഒരു തവണ സബ് ജില്ലാ സ്‌പോര്‍ട്‌സും. ടീച്ചേഴ്‌സിന്റെ കൂടെ സംഭാവനക്ക് വീട്ടില്‍ ചെന്നത് ഓര്‍ക്കുന്നു. എന്തോ കാരണവശാല്‍ രശീതിയില്‍ സംഖ്യയെഴുതി കാശ് ഏയെസ്സിന്റെ കൈയില്‍ കൊടുക്കുമെന്ന് പറഞ്ഞു. കളക്ഷന്‍ എക്കൗണ്ട് പരിശോധിച്ചപ്പോള്‍, മറ്റൊരു ടീം റദ്ദുച്ചായോട് കാശ് വാങ്ങിയിരുന്നു. ആ കാശ് തരാന്‍ വേണ്ടി അദ്ദേഹം വിളിച്ചപ്പോള്‍ ഞാന്‍ സ്‌കൂളില്‍ വിളിച്ചു പറയുകയും, അപ്പോള്‍ പ്രധാനാദ്ധ്യാപിക അത് വാങ്ങരുത് അദ്ദേഹത്തിന്റെ പേരില്‍ ഇവിടെ വരവുണ്ടെന്നും പറഞ്ഞു. ഫോണില്‍ അത് പറഞ്ഞാല്‍ ശരിയാവില്ല. നേരിട്ട് പോയി ബോധ്യപ്പെടുത്താം എന്ന ഉദ്ദേശത്തോടെ ചെന്നതാണ്. മൂന്ന് മൂന്നര മണി സമയം. ഡോര്‍ ബെല്ലില്‍ വിരലമര്‍ത്തി. അകത്ത് നിന്ന് ആരോ വന്ന് പറഞ്ഞു: ഉറങ്ങുകയാണ്. ഇവിടെ പത്രം നോക്കിയിരിക്കാം. ഞാന്‍ പറഞ്ഞു. ഉണര്‍ത്തരുത്. കുറച്ച് കഴിഞ്ഞ് ഉണര്‍ന്നു വന്ന അദ്ദേഹം ഏയെസ്സ് വന്നിട്ട് നേരമായോ.? ചോദിച്ചു. ഇല്ല എന്ന് പറഞ്ഞെങ്കിലും അദ്ദേഹം ഡോര്‍ബെല്‍ ശബ്ദം കേട്ടിരിക്കാം. വിളിച്ചുണര്‍ത്താത്തതിന് ആ വ്യക്തിയോട് ദേഷ്യപ്പെടുകയാണ് ചെയ്തത്. ആതിഥ്യ മര്യാദയുടെ നിറകുടമായിരുന്നു റദ്ദുച്ച. അപ്പോള്‍ ആതിഥേയരയാ നമുക്ക് തന്നെ സ്വയം ഇല്ലാത്ത  മതിപ്പ് തോന്നിപ്പോകും.

റസാഖ് സാഹിബ് പ്രാര്‍ത്ഥിച്ചിരിക്കാം. സൃഷ്ടാവെ നീ എന്നെ ഒരു ജന പ്രതിനിധിയാക്കണെ. എനിക്ക് ചില കടമകള്‍ നിറവേറ്റാനുണ്ട്. എന്നിട്ട് എനിക്ക് സമൂഹത്തിന് ഒരു ജനപ്രതിനിധി എങ്ങനായിരിക്കണം. എന്ന് കാണിച്ചു കൊടുക്കാന്‍ അവസരം നല്‍കണമെന്നും. പടച്ചവന്‍ ആ പ്രാര്‍ത്ഥന കേട്ടു. അവസരം നല്‍കി. അദ്ദേഹത്തിനത് കാണിച്ചു കൊടുക്കാനും സാധ്യമായി. അതിനെ കുറിച്ച് ഇതില്‍ കൂടുതലെന്തെഴുതാന്‍.? ഇനിയദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയല്ലാതെ. സ്വര്‍ഗ്ഗത്തില്‍ മഹത്തായൊരിരിപ്പിടം..
പി.ബി. അബ്ദുര്‍ റസാഖ് ബാക്കിവെച്ചു പോയത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Article, P.B. Abdul Razak, MLA, A.S Mohammed Kunhi, Remembrance, Remembrance of P.B Abdul Razak
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia