Tribute | വേറിട്ട വഴിയിൽ സഞ്ചരിച്ച ശാഹുൽ ഹമീദ് കളനാട്
● ബഷീറാണ് കളനാടൻ എന്ന തൂലികാനാമം സ്വീകരിക്കാൻ കാരണമായത്
● ചന്ദ്രികയുടെ ഗൾഫ് പ്രതിനിധിയായി സേവനം ചെയ്തു.
● കളനാട് ജമാഅതിന്റെ മദ്രസ, സ്‌കൂൾ തുടങ്ങിയ സ്ഥാപനങ്ങളുടെ വളർച്ചയിൽ നിർണായക പങ്ക്.
മൗലവി റഹ്‌മാൻ
(KasargodVartha) വേറിട്ട വഴിയിൽ സഞ്ചരിച്ച ശാഹുൽ ഹമീദ് കളനാടിന്റെ വിയോഗം നാടിന് വലിയ നഷ്ടമാണ്. എല്ലാവരുമായും വളരെ നല്ല സൗഹൃദ ബന്ധം കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു. എനിക്കും അദ്ദേഹവുമായി വലിയൊരു അടുപ്പം കാത്തുസൂക്ഷിക്കാനുള്ള ഭാഗ്യം ഉണ്ടായി. പത്രപ്രവർത്തകൻ, എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ തുടങ്ങിയ നിലകളിലൊക്കെ തിളങ്ങി. തന്റെ എഴുത്തുകളിലൂടെ അദ്ദേഹം നാടിന്റെ ചരിത്രവും സംസ്കാരവും നമുക്ക് മുന്നിൽ വിരിച്ചു കാട്ടിയിരുന്നു.
ചന്ദ്രഗിരി കോട്ട, ബേക്കൽ കോട്ട, തൃക്കണ്ണാട് ആറാട്ട്, പാലക്കുന്ന് ഭരണി, ഉദുമ കണ്ണികുളങ്ങര ചന്ത എന്നിവയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു. കേവലം ഒരു കുറിപ്പ് മാത്രമല്ല, ആ ഓരോ ആഘോഷങ്ങളിലെയും ആത്മാവിനെ തൊട്ടുണർത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികൾ. അദ്ദേഹത്തിന്റെ എഴുത്തുകൾ വായനക്കാരുടെ ഹൃദയങ്ങളിൽ വേരോടിയിരുന്നു.
കളനാട് ജമാഅതിന്റെ മദ്രസ, സ്‌കൂൾ തുടങ്ങിയ സ്ഥാപനങ്ങളുടെ വളർച്ചയിൽ അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നു. വിദ്യാഭ്യാസത്തിന്റെയും സാമൂഹിക പ്രവർത്തനത്തിന്റെയും മേഖലകളിൽ അദ്ദേഹം നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. പുതിയ തലമുറയെ വളർത്തിയെടുക്കുന്നതിൽ അദ്ദേഹം കാട്ടിയ അർപ്പണബോധം പ്രശംസിക്കപ്പെടേണ്ടതാണ്. വർഷങ്ങൾക്ക് മുമ്പ് വിദ്യാർഥി നേതാവായിരുന്ന പരേതനായ അബ്ദുൽ റഹ്‌മാൻ കളനാടിനൊപ്പം പലതവണ നാടിൻ്റെ വിദ്യാഭ്യാസ പുരോഗതിയെകുറിച്ചും മറ്റും സംസാരിക്കുന്നതിന് ശാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ ഒത്തുകൂടിയത് ഇപ്പോൾ ഓർമ വരുന്നു.
വൈക്കം മുഹമ്മദ് ബഷീറുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം വളരെ പ്രശസ്തമായിരുന്നു. ബഷീറുമായുള്ള ഓർമ്മകൾ പലപ്പോഴും അദ്ദേഹം പങ്കുവെച്ചിരുന്നു. ബഷീറാണ് കളനാടൻ എന്ന തൂലികാനാമം സ്വീകരിക്കാൻ കാരണമായത്. വിവാഹ ശേഷം ഭാര്യയുമൊത്ത് ആദ്യത്തെ യാത്ര ബഷീറിൻ്റെ വീട്ടിലേക്കായിരുന്നു. ചന്ദ്രികയുടെ ഗൾഫ് പ്രതിനിധിയായും അദ്ദേഹം സേവനം ചെയ്തിരുന്നു. സി എച്ച് മുഹമ്മദ് കോയ ഉൾപ്പെടെയുള്ള പ്രമുഖർ ഗൾഫിൽ എത്തുമ്പോൾ അനുഗമിക്കാൻ ഒപ്പമുണ്ടാകുമായിരുന്നു.
പഴയകാല നേതാക്കളുടെ കൂടെയുള്ള ചിത്രങ്ങൾ ഈയിടെ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഒരുപാട് കഴിവുകൾ ഉള്ള വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ മിക്ക പ്രതിഭകളെയും പോലെ ജന്മനാട് അദ്ദേഹത്തെ എത്രമാത്രം മനസിലാക്കിയിട്ടുണ്ടെന്നത് ഇന്നും ഒരു ചോദ്യചിഹ്നമായി തുടരുന്നു. കുറച്ചുകൂടി പരന്ന എഴുത്തിന് മുതിർന്നിരുന്നുവെങ്കിൽ ഒരു പക്ഷെ കേരളത്തിൽ അറിയപ്പെടുന്ന എഴുത്തുകാരനായി മാറുമായിരുന്നു. എന്നാൽ അദ്ദേഹം തന്റെ ജന്മനാടിനോട് അടങ്ങാത്ത സ്നേഹം പുലർത്തുകയും തുളുനാടൻ മണ്ണിനെ കുറിച്ച് എഴുതുന്നതിൽ സന്തോഷം കണ്ടെത്തുകയുമായിരുന്നു.
നമ്മുടെ നാട്ടിൽ നിന്നും അന്യം നിന്നുപോകുന്ന പഴമയുടെ അടയാളങ്ങളെ കുറിച്ചും പരമ്പരാഗതമായ സാംസ്‌കാരിക മൂല്യങ്ങളെ കുറിച്ചുമുള്ള ഓർമ്മപ്പെടുത്തലായിരുന്നു ഹമീദ് കളനാടിന്റെ കുറിപ്പുകൾ. അദ്ദേഹത്തിന്റെ എഴുത്തുകൾ വായിക്കുമ്പോൾ നമുക്ക് നമ്മുടെ വേരുകളിലേക്ക് ഒരു തിരിച്ചുപോക്ക് നടത്തുന്ന അനുഭവമാണ് ലഭിക്കുന്നത്.
അപ്രിയ സത്യങ്ങൾ തുറന്നുപറയുന്നതിൽ അദ്ദേഹം ഒരിക്കലും മടിക്കാറില്ലായിരുന്നു. മുഖം നോക്കാതെ എന്തും ആർജവത്തോടെ പറയുന്നത് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. എല്ലായ്പോഴും തന്റെ നിലപാടുകളിൽ ഉറച്ചുനിന്നിരുന്നു. സത്യത്തെ അതിന്റെ പൂർണതയിൽ അവതരിപ്പിക്കുന്നതാണ് ശരിയെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ശാഹുൽ ഹമീദ് കളനാട് എന്ന പേര് ജനഹൃദയങ്ങളിൽ എന്നും ജീവിക്കുമെന്നതിൽ തർക്കമില്ല.
#ShahulHameedKalanad #MalayalamLiterature #Kerala #SocialActivist #Obituary #RIP #Writer #Author #TuluNadu #Culture #Heritage