Concern | ഞങ്ങളേയും ജീവിക്കാൻ അനുവദിക്കൂ, പ്ലീസ്! പുലിപ്പേടിയിലും മറ്റ് വന്യമൃഗങ്ങളുടെ ഭീഷണിയിലും ഒരു ജനത
● വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് എത്തുന്നത് ഭീതി പരത്തുന്നു.
● ജീവനും സ്വത്തിനും സംരക്ഷണം തേടി നാട്ടുകാർ.
● കൃഷി നശിക്കുന്നതുമൂലം കർഷകരുടെ വരുമാനം നിലച്ചു.
കുട്ടിയാനം മുഹമ്മദ് കുഞ്ഞി
(KasargodVartha) കാസർകോടിൻ്റെ വനമേഖലകളിൽ മാത്രമല്ല മുളിയാർ, കാറഡുക്ക, ബേഡടുക്ക, ദേലമ്പാടി തുടങ്ങിയ പഞ്ചായത്തിലെ നാട്ടിൻ പുറങ്ങളിൽ പോലും സമാധാനത്തോടെ കിടന്നുറങ്ങാനും, പുറത്തിറങ്ങി നടക്കാനും സാധിക്കാത്ത തരത്തിൽ രൂക്ഷമായിരിക്കയാണ് പുലി, വന്യമൃഗങ്ങളുടെ ശല്യം. എന്തെങ്കിലും ഒരു ശബ്ദം കേൽക്കുമ്പോഴേക്കും താനെ പേടിച്ചു വിറക്കാൻ തുടങ്ങും. എവിടെപ്പോയാലും നേരം ഇരുട്ടുന്നതിന്ന് മുമ്പേ വീട്ടിലെത്തി വാതിലടച്ചു കുറ്റിയിട്ട് സുരക്ഷ ഉറപ്പ് വരുത്തും. ഇല്ലങ്കിൽ പുലിയുടെ ഇരയായി മാറും എന്ന് ഉറപ്പാണ്. വയനാട്ടിൽ നിന്നും മറ്റു കോൾക്കുന്നതും കാണുന്നതും പുലി കടിച്ചുകീറിയതും, ആന ചവുട്ടി കൊന്നതുമായ വാർത്തകളാണല്ലോ?
അതിലേക്ക് ചെന്നെത്താൻ അതിവിദൂരമല്ലാത്ത സംഭവങ്ങൾ തന്നെയാണ് മുളിയാർ ഗ്രാമത്തിൽ നിന്ന് കേൾക്കുന്നതും. ഇരിയണ്ണിയിലെ വീട്ടമ്മയുടെ മുന്നിലേക്ക് പുലി ചാടി അത്ഭുതകരമായി രക്ഷപ്പെട്ടതും മറ്റൊരു വീട്ടിലെ വളർത്തു പട്ടിയെ പുലി കടിച്ചു തിന്നു, മേഞ്ഞുനടക്കുന്ന ആടിനെ പുലി കടിച്ചു തിന്നു എന്നൊക്കെയുള്ള പേടിപ്പെടുത്തുന്ന വാർത്തകളും, വീഡിയോകളുമാണ് സോഷ്യൽ മീഡിയകളിലൂടെ നിരന്തരം വന്നു കൊണ്ടിരിക്കുന്നത്. ഇതിനു പുറമെ കാട്ടാനകളും കാട്ടുപോത്തുകളും കാട്ടുപന്നികളും കുരങ്ങും മയിലുകളും പെരുമ്പാമ്പുകളും മറ്റു ശുദ്രജീവികളും വനാതിർത്തിയും കടന്ന് വിഹരിക്കുന്നത് വർഷങ്ങളേറെയായി.
കൃഷികൾ ചെയ്ത് ഉപജീവനം നടത്തിയിരുന്ന കർഷക കുടുംബങ്ങളുടെ വരുമാനങ്ങൾ മുടങ്ങി പട്ടിണിയും ദാരിദ്രവുമായി കഴിഞ്ഞു പോകുന്നതിനിടയിലാണ് പാമ്പുകടിച്ചു കിടക്കുന്നവൻ്റെ തലയിൽ ഇടിത്തീവീണു എന്നത് പോലെ പുലി ഇറങ്ങി നാട്ടിൽ ഭീതി സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെതിരെ വനം വകുപ്പ് അധികൃതർക്ക് വിവിധ രാഷ്ട്രീയ സംഘടനകൾ നിരന്തരം നിവേദനങ്ങൾ നൽകിയും, സമരങ്ങൾ സംഘടിപ്പിച്ചും ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ സർക്കാറിൻ്റെ ശ്രദ്ധയിൽ പെടുത്താറുണ്ടെങ്കിലും ആരുകേൾക്കാൻ?
കേന്ദ്ര റിസർവ് ഫോറസ്റ്റിനെ ഒരു പോറലും പറ്റാതെ സംരക്ഷിച്ചു നിർത്താൻ ഭീമമായ ഫണ്ട് വിനിയോഗിച്ചു കുറേയേറെ ജീവനക്കാരെ തീറ്റിപ്പോറ്റാൻ പണ്ടെങ്ങോ ആരോ പടച്ചുണ്ടാക്കിയ പരുക്കൻ നിയമങ്ങൾക്ക് അയവുവരുത്തേണ്ടതിന്നു പകരം നിയമങ്ങൾ ഒന്നുകൂടി മുറുക്കി ഭദ്രമാക്കിയിരിക്കയാണ് കേന്ദ്ര സർക്കാർ. അത് വനമേഖലകളിൽ വലിയ കുഴപ്പമില്ല, പക്ഷേ വനവും ജനവാസകേന്ദ്രങ്ങളും ഇടകലർന്നു കിടക്കുന്ന മുളിയാർ പോലുള്ള ഇടങ്ങളിൽ ജനങ്ങൾക്ക് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. ഇവിടെ വനഭൂമിയും സ്വകാര്യ സ്വത്തും പല സ്ഥലങ്ങളിലും തൊട്ടുമുമ്പിലും പിറകിലുമായി കെട്ടുപിണഞ്ഞാണ് കിടക്കുന്നത്.
അതുകൊണ്ട് തന്നെ പല വീടുകളിലേക്ക് റോഡോ, നടന്നുപോകാനുള്ള നടവഴികളോ ഇല്ല. ഇവിടങ്ങളിൽ താമസിക്കുന്നവർക്കാണ് പുലി, വന്യ ജീവി ശല്യം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്നതും.
മൃഗ സ്നേഹികളുടെ ചൊല്‍പ്പടിക്ക് നിൽക്കുന്ന സർക്കാരുകൾ ജനങ്ങളെ തീര അവഗണിക്കുന്നത് ശരിയായ രീതിയല്ല. അവരുടെ പ്രശ്നങ്ങൾ പഠിച്ചു പരിഹാരം കാണുക തന്നെ വേണം. ഇത് ഒരു മതേതര ജനാധിപത്യ രാജ്യമാണ്, അല്ലാതെ മൃഗാധിപത്യ രാജ്യമല്ലല്ലോ? ജനങ്ങൾ വിലയേറിയ വേട്ടുകൾ നൽകി ഭരണത്തിലേറ്റിയ സർക്കാർ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവരാണ്.
ജനങ്ങളുടെ പ്രയാസങ്ങൾക്കാണ് മുന്തിയ പരിഗണന നൽകേണ്ടത്. അല്ലാതെ ഉത്തരവാദിത്തത്തിൽ നിന്ന് മാറി നിൽക്കുകയല്ല വേണ്ടത്. നിയമം ഒരിക്കലും മാറ്റാൻ പറ്റാത്ത ഇരുമ്പുലക്കയല്ല, ജന നന്മക്കുള്ളതായിരിക്കണം. നിയമങ്ങളും ഇപ്പോഴുള്ള നാട്ടിലെ സാഹചര്യങ്ങളേ ശരിക്കും പഠിച്ച ശേഷം വിദഗ്ദ സംഘം ചർച്ച ചെയ്ത് ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. അതിനുള്ള സമയം അതിക്രമിച്ചിരിക്കക്കുകയാണ്. കംഗാരു ഓസ്‌ട്രേലിയയുടെ ദേശീയ മൃഗമെന്ന നിലയിൽ ഏറെ പവിത്രതയുള്ള ജീവിയാണ്. എന്നിരുന്നാലും അവ പെറ്റുപെരുകി ജനങ്ങൾക്കു ശല്യമാകാറുള്ള അവസരങ്ങളിലെല്ലാം സർക്കാർ അവയെ വെടിവെച്ചു കൊല്ലാറാണ് പതിവ്.
അത് പോലെ തന്നെയാണ് അമേരിക്ക, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലും ചെയ്യാറുള്ളത്.
ചെെന, കൊറിയ, ഇന്തോനേഷ്യ, മലേഷ്യ മുതലായ രാജ്യങ്ങളിൽ ജനങ്ങൾ നായാട്ട് നടത്തി കാട്ടുമൃഗങ്ങളെ പിടിച്ചു കൊന്ന് തിന്നുന്നത് മൂലവും ഇവിടങ്ങളിലൊന്നും നമ്മുടെ നാട്ടിലുള്ളത് പോലെ വന്യമൃഗശല്യങ്ങളുണ്ടാവാറില്ല എന്നതാണ് വസ്തുത. പണ്ട് നമ്മുടെ നാട്ടിലെ ഉത്സവകാലങ്ങളിലും, വയനാട്ടുകുലവൻ തുടങ്ങിയ തെയ്യം കെട്ട് നടക്കുന്ന അവസരങ്ങളിലും അല്ലാതെയും വേട്ടയാടുന്ന നായാട്ട് സംഘങ്ങൾ ധാരാളമുണ്ടായിരുന്നു.
പിന്നീട് നിയമങ്ങൾ ശക്തമായപ്പേഴും അഞ്ചാറു കൊല്ലം മുമ്പ് വരെ ആചാരത്തിൻ്റെ ഭാഗമെന്ന നിലയിൽ വനം വകുപ്പ് അധികൃതരുടെ മൗനാനുവാദത്തോടെ നായാട്ട് നടത്തുക പതിവായിരുന്നു. അത്തരത്തിലുള്ള പാരമ്പര്യവേട്ടകൾ മൃഗങ്ങൾ പെരുകുന്നതിനെ ഒരു പരിധി വരെ കുറച്ചു കൊണ്ടുവന്നു എന്നു മാത്രമല്ല, വെടിയൊച്ചയും ബഹളവും കാരണം മൃഗങ്ങൾ വനങ്ങളുടെ ഉള്ളിൽ നിന്നു പുറത്ത് വരാതെ കഴിഞ്ഞിരുന്നു. ഇപ്പോൾ കാലം മാറി കഥമാറി. പുലികളും ആനകളുമെല്ലാം നാടുകളിൽ കടന്നു വരാൻ തുടങ്ങിയിരിക്കയാണ്. ഇതിന് തടയിട്ടില്ലെങ്കിൽ ഈ പ്രദേശത്തുകാരുടെ ജീവനും സ്വത്തിനും ഭീക്ഷണിയാണ്.
വന്യ മൃഗശല്യങ്ങളിൽ നിന്ന് സംരക്ഷണം നൽകേണ്ടത് വനം വകുപ്പ് തന്നെയാണ്. ഈ ആവശ്യം ഉന്നയിച്ചു കൊണ്ടാണ് മുളിയാറിൻ്റെ പൊതുവേദിയായ മുളിയാർ പീപ്പിൾസ് ഫാറം പ്രവർത്തകർ ബോവിക്കാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസിലേക്ക് കഴിഞ്ഞ ദിവസം മാർച്ചും ധർണയും നടത്തിയത്. വൻ ജനാവലിയെ സാക്ഷി നിർത്തി കൊണ്ട് ധർണ സമരം ഉദ്ഘാടനം ചെയ്തത് പ്രമുഖ മനുഷ്യവകാശ പ്രവത്തകൻ ഡോ. ഡി സുരേന്ദ്രനാഥ് ആണ്. ജനങ്ങൾ ആഭിമുകീകരിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളും സർക്കാർ പരിഹാരം കണ്ടെത്തിയില്ലങ്കിൽ സമീപഭാവിയിൽ വന്നേക്കാവുന്ന ദുരന്തത്തെ കുറിച്ചുമെല്ലാം ഉദ്ഘാടന പ്രസംഗത്തിൽ ഡോ. സുരേന്ദ്രനാഥ് ഊന്നിപ്പറഞ്ഞു.
ജനങ്ങളുടെ ഈ ദുരിതത്തിന് ശാശ്വതമായ പരിഹാരം കാണേണ്ടത് അത്യന്താപേക്ഷിതമാണ്. വന്യമൃഗങ്ങളുടെ സംരക്ഷണവും മനുഷ്യന്റെ സുരക്ഷയും ഒരുപോലെ പ്രധാനമാണ്. അതിനാൽ, വനം വകുപ്പും സർക്കാരും ജനപ്രതിനിധികളും ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് പ്രായോഗികമായ നടപടികൾ സ്വീകരിക്കണം. കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റുകയും, വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങൾ കണ്ടെത്തുകയും ചെയ്യണം.
#WildAnimalAttack #Kasaragod #HumanWildlifeConflict #Kerala #India #Protest