Remembrance | ഗാനങ്ങളിലൂടെ ജീവിക്കുന്ന പി ജയചന്ദ്രൻ; ഓർമകൾക്ക് മരണമില്ല

● യേശുദാസിനൊപ്പം ശബ്ദമാധുര്യത്താൽ ശ്രദ്ധേയനായിരുന്നു
● കവികളുടെ വരികൾക്ക് ആത്മാവിഷ്കാരം നൽകുന്നതിൽ വിദഗ്ധനായിരുന്നു
● മൃദംഗവാദനത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്
ഹമീദ് കാവിൽ
(KasargodVartha) മലയാളത്തിന്റെ ഏകതയെ ഒറ്റ ചരടിൽ കോർത്ത ആത്മാവ് കൊണ്ട് ഹൃദയത്തിൽ മാസ്മരികമായി, അമൃതാനന്ദമായ അനുഭൂതിയായി ആത്മഭാഷ കൊണ്ട് ഗാനവസന്തം തീർത്ത അനശ്വര ഗായകൻ ജയചന്ദ്രനും യാത്രയായി. എത്ര എത്ര ഭാവഗാനങ്ങൾ മലയാളികകൾക്കായ് ബാക്കി വെച്ചാണ് ജയചന്ദ്രൻ വിടവാങ്ങിയത്. കളിത്തോഴൻ എന്ന സിനിമയിലെ 'മഞ്ഞലയിൽ മുങ്ങിത്തോർത്തി, മധുമാസ ചന്ദ്രിക വന്നു' എന്ന ഗാനം കേൾക്കാത്ത മലയാള ഗാനാസ്വാദകർ വിരളമാണ്.
ജയചന്ദ്രൻ എന്ന ഗായകന്റെ ശബ്ദം ശ്രോതാക്കളിൽ എത്തിയ തുടക്കമായിരുന്നു ഈ ഗാനം. കുഞ്ഞാലിമരക്കാർ എന്ന സിനിമക്ക് വേണ്ടി ആദ്യഗാനം റെക്കോർഡ് ചെയ്യപ്പെട്ടെങ്കിലും പുറത്തു വന്ന ഗാനം ഇതായിരുന്നു. അതിന് ശേഷം ഓരോ ഗാനവും ജയചന്ദ്രൻ എന്ന ഗായകന്റെ സ്വരമാധുരിയിൽ ലോകമലയാളികളുടെ പ്രണയത്തോടും ജീവിതത്തോടും ചേർന്ന് നിൽക്കുന്നതായിരുന്നു.
പതിനാറായിരത്തോളം ഗാനങ്ങൾ ഏറ്റവും ശ്രുതിമധുരമായി ആലപിച്ച് കൊണ്ട് ഇന്ത്യയിലെ വിവിധ ഭാഷകളിൽ ജയചന്ദ്രൻ കാലങ്ങൾക്ക് പോലും മായ്ക്കാൻ കഴിയാത്ത അനശ്വര ഗാനങ്ങളായി നിലനിൽക്കുന്നു. ഹൈസ്കൂളിൽ വിദ്യാർത്ഥിയായിരിക്കെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗo വായനയിലൂടെയും ലളിത ഗാനാലാപനത്തിലൂടെയും ജയചന്ദ്രൻ സമ്മാനങ്ങൾ വാങ്ങി തുടങ്ങി.
1958 സംസ്ഥാന യുവജനമേളയിൽ മൃദംഗവാദ്യത്തിലൂടെ ജയചന്ദ്രൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കവികൾ എഴുതി നൽകിയ പാട്ടുകൾ ആത്മാവിഷ്കാരത്തോടെ പാടാൻ പ്രത്യേക കഴിവായിരുന്നു ജയചന്ദ്രന്. ഗന്ധർവ ഗായകൻ യേശുദാസിനോട് കിടപിടിക്കുന്ന ശബ്ദ സൗകുമാര്യത്തിന് ഉടമയായ ജയചന്ദ്രന്റെ ഓരോ ഗാനവും സിനിമ ഗാന ശാഖയിൽ ഏറ്റവും മനോഹരമായി അടയാളപ്പെട്ട് കിടക്കുന്നത് അത് കൊണ്ടാണ്. ഓരോ ഗാനത്തിലെയും സാഹിത്യഭാവന, ഭാഷാശുദ്ധി, ഈണം, ഭാവം തുടങ്ങിയവയിലൊക്കെ ഭാവഗായകന് കാഴ്ചപ്പാടുണ്ടായിരുന്നു എന്നതായിരുന്നു പ്രത്യേകത.
പി ഭാസ്കരൻ മാഷും, വയലാരും, തുടങ്ങി നിരവധി പ്രഗത്ഭ കവിളുടെയും, അർജുനൻ മാസ്റ്റർ, വി ദക്ഷിണാമൂർത്തി, ജി ദേവരാജൻ മാസ്റ്റർ, കെ രാഘവൻ, എം.എസ്. ബാബുരാജ്, എം എസ് വിശ്വനാഥൻ, ഇളയ രാജ, എ.ആർ റഹ്മാൻ, എം ജയചന്ദ്രൻ തുടങ്ങിയ സംഗീത സംവിധായകരിലൂടെ, ഗാനങ്ങളിലൂടെ തന്റേതായ വഴി കണ്ടെത്തി ഈ അടുത്ത കാലത്ത് വരെ സിനിമ ഗാന ശാഖയിൽ നിറസാന്നിധ്യമായി വിരാജിക്കാൻ കഴിഞ്ഞു.
എണ്ണിയാലൊടുങ്ങാത്ത ഹിറ്റ് ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച ജയചന്ദ്രൻ തമിഴിലും കന്നഡയിലും തന്റെ പാട്ടുകൾ കൊണ്ട് ധന്യമാക്കി. ദേശീയ ചലച്ചിത്ര ഗാനപുരസ്കാരം, അഞ്ച് തവണ കേരള സംസ്ഥാന സിനിമ അവാർഡ്, ജെ.സി ഡാനിയേൽ അവാർഡ്, രണ്ട് പ്രാവശ്യം തമിഴ് നാട് സർക്കാർ സിനിമ അവാർഡ്, മറ്റ് നിരവധി ബഹുമതികൾ നേടി ജയചന്ദ്രൻ ശ്രദ്ധേയനായി.
2025 ജനുവരി ഒമ്പതിന് കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ ഭാവഗായകന് 80 വയസ്സായിരുന്നു. മലയാളത്തിന്റെ പ്രിയ ഗായകൻ തൃശൂരിലെ ചേന്ദമംഗലം പാലിയം കോവിലകത്തോട് ചേർന്നുള്ള പിതൃസ്മൃതിയിൽ നിത്യതയിൽ അലിഞ്ഞ് ചേർന്നു.
#PJayachandran #MalayalamMusic #PlaybackSinger #IndianMusic #Kerala #Obituary